TopTop
Begin typing your search above and press return to search.

കൃഷി മറന്ന് വികസനമില്ല; മൂവാറ്റുപുഴയുടെ 'പയ്യന്‍' എംഎല്‍എയ്ക്ക് പറയാനുള്ളത്

കൃഷി മറന്ന് വികസനമില്ല; മൂവാറ്റുപുഴയുടെ പയ്യന്‍ എംഎല്‍എയ്ക്ക് പറയാനുള്ളത്

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

ഇതില്‍ ആദ്യം വരുന്നത് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ജോസഫ് വാഴക്കനെതിരെ മികച്ചവിജയം നേടിയാണ് എല്‍ദോ നിയമസഭയിലെത്തുന്നത്. സിപിഐ യുടെ പ്രതിനിധിയായി ജനവിധി തേടിയ എല്‍ദോ കടുത്ത ജീവിതപ്രതിസന്ധികള്‍ തരണം ചെയ്താണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്നത്. ഒറ്റമുറി വീടും കൂലിപ്പണിക്കാരനായ പിതാവുമൊക്കെ എല്‍ദോ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു തന്നെ വാര്‍ത്തയിലെ താരമാക്കിയിരുന്നു. ഇപ്പോള്‍ ജനാഭിലാഷത്തോടെ നിയമസഭ സമാജികനായി എത്തുന്ന എല്‍ദോ എബ്രഹാം മൂവാറ്റുപുഴ മണ്ഡലത്തില്‍ താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു എസ് വിജയന്‍: ആമുഖമില്ലാതെ ചോദിക്കട്ടെ ഏതൊക്കെ പദ്ധതികളാണ് മണ്ഡലത്തില്‍ മുന്‍ഗണന നല്കി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

എല്‍ദോ എബ്രഹാം; പരിസ്ഥിതിയ്ക്കും കൃഷിയ്ക്കും പ്രാധാന്യം നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മൂവാറ്റുപുഴ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യം നടപ്പിലാക്കാന്‍ ആഗ്രഹമുള്ള ഒരുപാട് പദ്ധതികളുണ്ട്. കുടിവെള്ള പദ്ധതികള്‍ക്കാണ് പ്രഥമ പരിഗണന. പേരിനു പുഴ കൂടെയുണ്ടെങ്കിലും അതിന്റെ ഏറ്റവും കടുത്ത ജലദൌര്‍ലഭ്യ കാലഘട്ടത്തിലൂടെയാണ് മൂവാറ്റുപുഴ പ്രദേശം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ വേനല്‍ കടുക്കും മുന്‍പ് തന്നെ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. അടിയന്തിരമായി പരിഹരിക്കേണ്ടത് കുടിവെള്ളത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ്. പഴയ പദ്ധതികള്‍ ഒരുപാടുണ്ടായിരുന്നു, എന്നാല്‍ അവയെല്ലാം തന്നെ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനു സാധിച്ചിട്ടില്ല. പ്രായോഗികമായ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പൈപ്പ് ലൈനുകള്‍ ഇല്ലാത്ത ഒരുപാട് പ്രദേശങ്ങള്‍ ഉണ്ട്. പൈപ്പ് ലൈന്‍ ഇട്ടിട്ടും വെള്ളമില്ലാത്ത പ്രദേശങ്ങളുമുണ്ട്. സമതലങ്ങളിലും, കുന്നിന്‍പ്രദേശങ്ങളിലും ഒരുപോലെ ജലക്ഷാമം അനുഭവപ്പെടുന്നു. അതിനാല്‍ ആദ്യ പരിഗണന ജലക്ഷാമം പരിഹരിക്കുന്നതിന് തന്നെയാകും.

വി: കൃഷിയെ മുന്‍നിര്‍ത്തിയുള്ള വികസനം എന്നു പറയുമ്പോള്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കൃഷി നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മൂവാറ്റുപുഴ. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് അധികം പരിഗണനയൊന്നു ലഭിച്ചിട്ടില്ല. അവരെ സംരക്ഷിക്കുന്ന തരത്തില്‍ എന്ത് പദ്ധതികളാണ് നിയുക്ത എംഎല്‍എ മുന്നോട്ടുവെക്കുന്നത്?

എ: പൈനാപ്പിള്‍ കൃഷി ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശങ്ങളാണ് മൂവാറ്റുപുഴയും, പ്രത്യേകിച്ച് വാഴക്കുളവും. ഇടക്കാലത്തായി പൈനാപ്പിള്‍ കര്‍ഷകര്‍ വളരെ ദുരിതത്തിലാണ്. പൈനാപ്പിള്‍ കൃഷി പ്രോത്സാഹിപ്പിക്കാനും, പൈനാപ്പിള്‍ കര്‍ഷകരെ സംരക്ഷിക്കാനും 2006ലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് വാഴക്കുളത്ത് സ്ഥിതി ചെയ്യുന്ന നടുക്കര അഗ്രോപ്രോസസിംഗ് കമ്പനി(NAPC). പ്രധാനമായും പൈനാപ്പിളില്‍ നിന്നും ഉണ്ടാക്കുന്ന ജൈവ് എന്ന പാനിയം ഉത്പാദിപ്പിച്ചു പുറം നടുകളിലേക്കൊക്കെ ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. മൂവാറ്റുപുഴയിലെ ഏകദേശം രണ്ടായിരത്തോളം വരുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ഓഹരി കൊണ്ട് പടുത്തുയര്‍ത്തിയ സ്ഥാപനം ആണ് ഇത്. 2010-2011 സാമ്പത്തിക വര്‍ഷംവരെ പ്രതിവര്‍ഷം ശരാശരി ഒന്നേകാല്‍ കോടിവരെ ലാഭം നേടിയിരുന്ന സ്ഥാപനമായിരുന്നു. പൂര്‍ണമായും കര്‍ഷകരുടെ ഉടമസ്ഥതയില്‍ തന്നെ ഉണ്ടായിരുന്ന സ്ഥാപനം. എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ ഈ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം സ്ഥാപനം വലിയ രീതിയിലുള്ള സാമ്പത്തിക തിരിമറികള്‍ക്ക് വിധേയമാകുകയും കടക്കെണിയില്‍ പെടുകയും ചെയ്തു. ഏതാണ്ട് നൂറ്റിനാല്‍പ്പതോളം വരുന്ന തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളവും, മറ്റാനുകൂല്യങ്ങളും നല്‍കുന്നില്ല. അവര്‍ക്ക് യുണിഫോം നല്‍കുന്നില്ല. കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തിയല്ല സ്ഥാപനത്തിലെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് എന്‍എപിസിയെ സംരക്ഷിക്കാന്‍ ഉള്ള നടപടികള്‍ ഗവണ്‍മെന്‍റുമായി കൂടിയാലോചിച്ച് സ്വീകരിക്കും.വി: മറ്റെന്തെല്ലാം പദ്ധതികളാണ് മനസിലുള്ളത്?

എ: അര്‍ഹതപ്പെട്ടവര്‍ക്ക് പാര്‍പ്പിട സൗകര്യം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. വീടില്ലാത്തവരെയും അടിസ്ഥാന സൗകര്യങ്ങളില്ലാത്തവരെയും കണ്ടെത്താന്‍ സ്വന്തം നിലയ്ക്ക് കണക്കെടുപ്പ് നടത്തുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഇതിനോടകം തന്നെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ഈ പ്രദേശത്ത് പട്ടയം ലഭിക്കാത്ത കുറെയധികം കുടുംബങ്ങള്‍ ഉണ്ട്. അവരെ സഹായിക്കണം. ജില്ലയുടെ ഭരണ സിരാകേന്ദ്രം കാക്കനാട്. മൂവാറ്റുപുഴയില്‍ നിന്നും കാക്കനാട്ടേക്കുള്ള നാലുവരിപ്പാത സംബന്ധിച്ചു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആലോചന തുടങ്ങിയിരുന്നു. ഭരണം മാറിയപ്പോള്‍ അതും എങ്ങും എത്താതെ പോയി. ആ പദ്ധതി വീണ്ടും തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കും.

മറ്റൊന്ന് അങ്കമാലി-ശബരി പദ്ധതി പൂര്‍ത്തീകരണമാണ്. പദ്ധതിക്ക് വേണ്ടി സ്ഥലം കൊടുത്ത ഒരുപാട് പേരുണ്ട്. അവര്‍ക്കൊന്നും നഷ്ടപരിഹാരം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിലുള്ള അനിശ്ചിതത്വങ്ങള്‍ എല്ലാം മാറ്റി എടുക്കേണ്ടതുണ്ട്. അതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജോയിസ് ജോര്‍ജ് എംപി ഈ പദ്ധതിയ്ക്ക് വേണ്ടി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴക്കാരുടെ സ്വപ്ന പദ്ധതിയാണ് ഇതെന്നു പറയാം. സര്‍ക്കാരിനോട് ഇതിനെ പറ്റി നിരന്തരം ആവശ്യപ്പെടാന്‍ ആണ് എന്റെ തീരുമാനം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉചിത തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുവാനും തയ്യായാറാണ്.വി: മൂവാറ്റുപുഴ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊച്ചിയുമായി ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശം കൂടിയാണ് മൂവാറ്റുപുഴ. നഗരവത്കരണം കാര്യമായി നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൃഷിക്കും പരിസ്ഥിതിയ്ക്കും മുന്‍ഗണന നല്‍കി കൊണ്ടുള്ള വികസന പ്രവര്‍ത്തങ്ങളില്‍ എത്രമാത്രം വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുവാന്‍ സാധിക്കും?

എ: നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം മൂവാറ്റുപുഴ മുന്നോട്ടു പോയത്. അതിന്റെ ദൂഷ്യഫലങ്ങള്‍ ഇവിടെ ജനത അനുഭവിക്കുന്നുമുണ്ട്. കണക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ മൂവാറ്റുപുഴയില്‍ നെല്‍വയലുകള്‍ ഒന്നും നികത്തിയിട്ടില്ല എന്നാകും കാണുക. യാഥാര്‍ത്ഥ്യം അതല്ല; മൂവാറ്റുപുഴയിലെ നെല്‍വയലുകള്‍ എല്ലാം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയില്‍ കൃഷി ഭവനുകളില്‍ പോയി എത്ര നെല്‍വയലുകള്‍ ഉണ്ട് എന്ന് അന്വേഷിച്ചാല്‍ കൃത്യമായൊരു മറുപടി നല്‍കാന്‍ അവര്‍ക്കാകില്ല. സത്യം പറഞ്ഞാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഇവിടെ കൃഷിഭവനുകള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന് തന്നെ സംശയമാണ്. ഭരണകൂടവും, ഉദ്യോഗസ്ഥരും ഒക്കെ തന്നെയാണ് ഈ പ്രവര്‍ത്തികള്‍ക്കെല്ലാം കൂട്ട് നിന്നത്. പോലിസ് ഉള്‍പ്പെടെ ഭൂമാഫിയക്ക് കൂട്ട് നില്‍ക്കുകയായിരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടവര്‍ തന്നെ പ്രകൃതിയെ നശിപ്പിക്കാന്‍ നേതൃത്വം നല്‍കി എന്ന സത്യാവസ്ഥ പറയാതിരിക്കാന്‍ കഴിയില്ല. മൂവാറ്റുപുഴയിലെ കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും പ്രധാന ഉപജീവന മാര്‍ഗം കൃഷി തന്നെയാണ്. ആ തനത് കൃഷി രീതികള്‍ ഇനിയും സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്.

പുതിയ ഗവണ്‍മെന്റ് കൃഷിക്ക് തന്നെയാണ് ആദ്യ പരിഗണന നല്‍കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ വികസനം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിലല്ല. പ്രകൃതിയോടിഴുകിയുള്ള വികസനമാണ് നമുക്ക് വേണ്ടത്. തീര്‍ച്ചയായും ഞാന്‍ വിശ്വസിക്കുന്നത് കേരളത്തിലെ സുസ്ഥിര വികസനം കൃഷിയിലൂടെ മാത്രമേ സാധ്യമാകു എന്നാണ്. ഉത്പാദന മേഖലയില്‍ പണം ചെലവഴിച്ചത് കൊണ്ട് മാത്രമേ കാര്യമുള്ളൂ. പശ്ചാത്തല മേഖലയില്‍ പണം ചെലവഴിച്ചത് കൊണ്ട് പ്രയോജനം ലഭിക്കുവാന്‍ പോകുന്നില്ല. റോഡും കാര്യങ്ങളും ഒക്കെ വേണം, എന്നാല്‍ കൃഷിയെ നശിപ്പിച്ചു കൊണ്ട്, പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നമുക്ക് വേണ്ട.

വി: ആരോഗ്യ മേഖലയില്‍ ഇപ്പോഴത്തെ അവസ്ഥ?

എ: മൂവാറ്റുപുഴ ആരോഗ്യ മേഖലയില്‍ വളരെ പിന്നിലാണ്. എല്ലാ സൗകര്യങ്ങളുമുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി ഇവിടില്ല. ആകെയുള്ള ജനറല്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ വളരെ കുറവാണ്. എല്ലാ സൗകര്യങ്ങളും കൂടിയുള്ള ഒരു ആശുപത്രി ജനങ്ങള്‍ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്. അതും പരിഹരിക്കേണ്ട പ്രശ്‌നം തന്നെ. ക്യാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍ തുടങ്ങി ഗുരുതര രോഗമുള്ളവര്‍ക്ക് വേണ്ടി എം എല്‍എ യുടെ വക ഒരു സഹായ നിധി രൂപികരിക്കാന്‍ ആലോചിക്കുന്നുണ്ട്.

വി: കൃഷിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നതിന്റെ ആവകശ്യതയെപ്പറ്റി സംസാരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം മുന്‍ നിര്‍ത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കും?

എ: നിര്‍ജീവമായിരുന്ന പോലിസ് സംവിധാനം കാര്യക്ഷമമാക്കുക എന്നത് തന്നെയാണ് അതിലൊരു പോംവഴി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാര്യം വീണ്ടും എടുത്തു പറയേണ്ടതില്ലല്ലോ. പോലിസ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് സഹായിക്കേണ്ടതുണ്ട്. എല്ലാവരും കൂടി ശ്രമിച്ചാല്‍ നടക്കാത്ത കാര്യങ്ങള്‍ ഒന്നുമില്ലല്ലോ. നമുക്ക് നോക്കാം ശരിയാകുമോ എന്ന്!

(അഴിമുഖം ട്രെയ്‌നി റിപ്പോര്‍ട്ടര്‍ ആണ് വിഷ്ണു)


Next Story

Related Stories