TopTop
Begin typing your search above and press return to search.

ജിഷയുടെ കൊലപാതകം ആയുധമാക്കിയല്ല ഞാന്‍ വിജയിച്ചത്: എല്‍ദോസ് കുന്നപ്പിള്ളി സംസാരിക്കുന്നു

ജിഷയുടെ കൊലപാതകം ആയുധമാക്കിയല്ല ഞാന്‍ വിജയിച്ചത്: എല്‍ദോസ് കുന്നപ്പിള്ളി സംസാരിക്കുന്നു

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ സാജുപോളിനെ പരാജയപ്പെടുത്തി നിയമസഭയിലെ കന്നിയങ്കത്തില്‍ തന്നെ വിജയം നേടിയ എല്‍ദോസ് കുന്നപ്പിള്ളിയാണ് ഇത്തവണ കൂടെയുള്ളത്. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡനന്റ് എന്ന നിലയില്‍ ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയ യുവ കോണ്‍ഗ്രസ് നേതാവാണ് എല്‍ദോസ് കുന്നപ്പിള്ളി. ഇത്തവണ നിയമസഭയിലേക്ക് മത്സരത്തില്‍ അദ്ദേഹത്തിന് ആദ്യാവസരം കൊടുക്കുമ്പോള്‍ പാര്‍ട്ടി ലക്ഷ്യമിട്ടതും എല്‍ദോസിന്റെ ജനപിന്തുണ തന്നെയായിരുന്നു. പതിനഞ്ചു വര്‍ഷമായി എല്‍ഡിഎഫ് കൈയടിക്കിവച്ചിരുന്ന മണ്ഡലം പിടിച്ചെടുക്കാന്‍ തന്റെ മേലുള്ള ഉത്തരവാദിത്വം എല്‍ദോസ് പൂര്‍ത്തീകരിച്ചതും ജനങ്ങള്‍ക്കിടയില്‍ ഉള്ളൊരാള്‍ എന്ന തന്റെ ഇമേജ് ഉപയോഗപ്പെടുത്തിയാണ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം സംരക്ഷിച്ചുകൊണ്ട് നാടിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായിട്ടായിരിക്കും തന്റെ പുതിയ ഉത്തരവാദിത്വം നിറവേറ്റുന്നതെന്ന് എല്‍ദോസ് പറയുന്നു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു: പതിനഞ്ചു കൊല്ലം ഇടതിനൊപ്പം നിന്ന പെരുമ്പാവൂര്‍ പിടിച്ചാണ് നിയമസഭയിലേക്കുള്ള കന്നിവരവ്...

എല്‍ദോസ്: പതിനഞ്ചു കൊല്ലം ഇടതായിരുന്നു എങ്കില്‍ അതിനു മുന്‍പത്തെ ഇരുപതു കൊല്ലം വലതായിരുന്നു. അത് ഞങ്ങള്‍ തിരികെ പിടിച്ചു, അത്രമാത്രം. പിന്നെ ജയിപ്പിച്ചത് വലതു രാഷ്ട്രീയം മാത്രമല്ല ജനങ്ങളാണ്, അസംതൃപ്തരായ ജനങ്ങള്‍.

വി: അസംതൃപതരായ ജനങ്ങള്‍ എന്ന് പറഞ്ഞു. അവരുടെ അസംതൃപ്തി മാറ്റാന്‍ കയ്യിലുള്ള പോംവഴികള്‍ എന്തൊക്കെയാണ്?

എ: ഒരുപാട് വികസന പദ്ധതികള്‍ മനസ്സിലുണ്ട്. പെരുമ്പാവൂര്‍ ജനത വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, പെരുമ്പാവൂര്‍ ബൈപാസ്. മറ്റൊന്ന് പെരുമ്പാവൂരിനെയും അങ്കമാലിയും ബന്ധിപ്പിക്കുന്ന കാലടിയില്‍ ഒരു സമാന്തര പാലം. ഇതിനു രണ്ടിനുമായിരിക്കും പ്രാഥമിക പരിഗണന. അതിനോടൊപ്പം തന്നെ മറ്റു വിവിധങ്ങളായ കാര്യങ്ങളും മനസിലുണ്ട്. വീടില്ലാത്തവര്‍ക്ക് വീട്, കുടിവെള്ള പദ്ധതികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക എന്നത്. അതുപോലെ തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരുപാടുള്ള മേഖലയാണ് പെരുമ്പാവൂര്‍. അവരുടെ രജിസ്‌ട്രേഷന്‍, പുനരധിവാസം തുടങ്ങിയവയും പരിഗണനയിലുണ്ട്.

വി: തൊണ്ണൂറുകള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തിലുള്ള പതിനഞ്ചോളം ദളിത് മരണങ്ങളാണ് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും നടന്നത്. ഇതുവരെ അതിനൊന്നും ഒരു തുമ്പും ഉണ്ടായിട്ടില്ല. സമഗ്രമായ അന്വേഷണം ഇനി പ്രതീക്ഷിക്കാമോ?

എ: ദളിത് വിഭാഗത്തിനു വലിയ സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്. എത്ര കോടി ചെലവാക്കി എന്ന് പറഞ്ഞാലും അവരുടെ സംരക്ഷണം ഉറപ്പായിട്ടില്ല. അവര്‍ക്ക് ഒരുപാട് ദുരിതങ്ങളുണ്ട്. നമ്മള്‍ കൊടുക്കുന്ന സഹായങ്ങള്‍ എല്ലാം കടലില്‍ കായം കലക്കുന്നത് പോലെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളെ വിദേശത്ത് അയച്ചു പഠിപ്പിക്കുന്ന ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ഒരാള്‍ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് അതിനു വേണ്ടി ചെലവാക്കിയത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് അവരുടെ ആവശ്യങ്ങള്‍ മുഴുവന്‍ നടത്തിക്കൊടുത്താലേ അവര്‍ രക്ഷപ്പെടുകയുള്ളൂ. അമ്പതു ലക്ഷം കൊടുക്കേണ്ടിടത്ത് അന്‍പതിനായിരം കൊടുത്തിട്ടു കാര്യമില്ല. ഇനി ചെയ്യേണ്ടത് പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ്. ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളും ആവശ്യങ്ങളും ഇനിയെങ്കിലും മുഖവിലയ്‌ക്കെടുക്കണം. സര്‍ക്കാര്‍ ഈ വിഷയങ്ങളെ സജീവമായി പഠിക്കണം.വി: കേരള മന:സാക്ഷിയെ ഞെട്ടിച്ച ജിഷ കൊലപാതകം നടന്നത് താങ്കളുടെ മണ്ഡലത്തിലാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്തൊക്കെ നടപടികള്‍ പുതിയ എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടാകും?

എ: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് പുരുഷന്മാരാണ്. നമുക്കറിയാം എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷ ഒരുക്കേണ്ട ചുമതല സര്‍ക്കാരിനാണ്. എന്നിരുന്നാല്‍ പോലും നടക്കുന്ന അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജനങ്ങളാണ് ജാഗ്രത പുലര്‍ത്തേണ്ടത്. സ്ത്രീകള്‍ ജാഗരൂകരായി മുന്നോട്ടുപോകേണ്ടതാണ്.

ഇത്തരം കാര്യങ്ങളില്‍ വേണ്ട വിധത്തിലുള്ള ജാഗ്രത പുലര്‍ത്തണം. സ്ത്രീകള്‍ക്ക് അപകടം സംഭവിച്ചാല്‍ മൊബൈല്‍ ഫോണ്‍ വഴി സന്ദേശം വേണ്ടപ്പെട്ടവര്‍ക്കും പോലീസിനും എത്തിക്കുന്ന നവീന സംവിധാങ്ങള്‍ വികസിപ്പിച്ചെടുക്കണം. പോലീസ് സംരക്ഷണം മിനിട്ടുകള്‍ക്കകം ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. ഒരു വീട്ടില്‍ അപകടം പറ്റിയാല്‍ പോലീസ് സ്‌റ്റേറഷനില്‍ അലാറം അടിക്കുന്ന രീതിയില്‍ സംവിധാനം ഉണ്ടാകണം.

വി: സാജുപോളിന് എതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ ഫലമായാണ് കേരളത്തില്‍ യുഡിഎഫ് വിരുദ്ധ തരംഗം ഉണ്ടായിട്ടും പെരുമ്പാവൂര്‍ യുഡിഎഫ് പോക്കറ്റില്‍ ആയതെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കുമോ?

എ: ഒരിക്കലുമല്ല,ഞങ്ങള്‍ അദ്ദേഹത്തിന് എതിരെ വലിയ ആരോപണങ്ങള്‍ ഒന്നും ഉയര്‍ത്തിയില്ല. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യക്തിഹത്യ നടത്തുന്ന സ്വഭാവം യുഡിഎഫിന് പണ്ടേ ഇല്ല. അവിടെ വികസനമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പെരുമ്പാവൂര്‍ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് വികസനപരമായി വളരെ പിന്നോട്ട് പോയി. അതാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. അല്ലാതെ ഒരു കൊലപാതകമോ അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളോ അല്ല.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)Next Story

Related Stories