TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പ് ചൂടില്‍ കേരളത്തിന്റെ സ്വന്തം കളിയിക്കാവിള; തമിഴ്നാടിന്റെയും

തെരഞ്ഞെടുപ്പ് ചൂടില്‍ കേരളത്തിന്റെ സ്വന്തം കളിയിക്കാവിള; തമിഴ്നാടിന്റെയും

വി ഉണ്ണികൃഷ്ണന്‍

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിനു മുന്‍പില്‍ എത്തുമ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ്സൊരെണ്ണം പോവാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു. കളിയിക്കാവിളയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏകദേശം ആ ബസ്സില്‍ കയറിയപ്പോള്‍ത്തന്നെ മനസ്സിലായി. 31 രൂപയുടെ ടിക്കറ്റ് എടുത്ത് സീറ്റ് തരപ്പെടുത്തി. ഇരുന്നപ്പോള്‍ ആദ്യം കേട്ടത് 'അമ്മാ'വെപ്പറ്റിയായിരുന്നു.

പതിയെ തിരിഞ്ഞു നോക്കി; കപ്പടാ മീശയുള്ള രണ്ട് വയോധികര്‍ ചര്‍ച്ചയിലാണ്.

‘എന്നടാ പണ്‍ട്രത്. ഇന്ത വാട്ടിയാര്‍ക്ക് വോട്ടു പോടണമെണ്‍ട്രത് റൊമ്പ പെരിയ തൊല്ലൈ'-ഒന്നാമന്‍.

'എനക്ക് യോസിക്കവേണ്ടിയ ആവശ്യം ഇല്ലൈ. നാന്‍ ഇന്തവാട്ടിയും അമ്മാവുക്ക് താന്‍ പോടുവേ'-രണ്ടാമന്‍.

കേരളം-തമിഴ്നാട് ബോര്‍ഡറായകളിയിക്കാവിളയിലേക്കുള്ള യാത്രയ്ക്കിടയില്‍ അമരവിളയില്‍ മേല്‍പ്പറഞ്ഞ വയോധികരില്‍ ഒരാള്‍ ഇറങ്ങുന്നതുവരെ ചര്‍ച്ച തുടര്‍ന്നു.

സൂര്യന്‍ നല്ല ചൂടില്‍ മേലെ ഉണ്ടെങ്കിലും ഇലക്ഷന്‍ ചൂട് അത്രയ്ക്കങ്ങോട്ടു ബാധിച്ചിട്ടില്ല ഇവിടത്തുകാരെ. അല്ലെങ്കില്‍ അത്രത്തോളം പ്രാധാന്യമേ അവര്‍ തെരഞ്ഞെടുപ്പിനു നല്‍കുന്നുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ പുച്ഛം നിറഞ്ഞ ഒരു ചിരിയായിരിക്കും മറുപടി.

തമിഴ്നാട് ഏത്, കേരളമേത് എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ് ഇവിടെ. രണ്ടു വശങ്ങളിലും മലയാളത്തിലും തമിഴിലും ബോര്‍ഡുകള്‍ കാണാം. തമിഴും മലയാളവും അനായാസം കൈകാര്യം ചെയ്യുന്നവരാണ് കളിയിക്കാവിളയിലെ നല്ലൊരു ശതമാനം ജനങ്ങളും.തിരുവനന്തപുരം നഗരത്തില്‍ നിന്നും പോകുന്ന വഴി പാറശാല മുതല്‍ പടന്നാലുംമൂടുള്ള ഐഎംപി തിയേറ്റര്‍ വരെ കേരളം, അതിനപ്പുറത്തും റോഡിനു മറുവശവും തമിഴ്നാട്. ഒരു സംസ്ഥാനത്തു നിന്നും പത്തടി വച്ചാല്‍ അടുത്തത്. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള അയല്‍ക്കാരാണ് ഇവിടെയുള്ളത്. ജീവിതവുമായി അത്രത്തോളം കേരളം ഇഴുകിച്ചേര്‍ന്നിട്ടുള്ളതിനാല്‍ ഇവിടത്തെ ഓരോ സംഭവവികാസങ്ങളും അവര്‍ക്ക് വ്യക്തമായി അറിയാം. ബാറും സരിതയും സോളാരും ലാവ്ലിനും എല്ലാം. അതുപോലെതന്നെ ഇവിടത്തെ മലയാളികള്‍ തങ്ങളുടെ അയല്‍ക്കാരുടെ വിശേഷങ്ങളില്‍ അപ്-ടു-ഡേറ്റാണ്.

അമ്മ പോസ്റ്ററുകള്‍ പലയിടത്തും കാണാം. പാറശാല മുതല്‍ കളിയിക്കാവിള വരെ ഇടവിട്ടിടവിട്ട് സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍ കണ്ടു തുടങ്ങും. മറ്റു മണ്ഡലങ്ങളിലെപ്പോലെ മതിലുകള്‍ നിറഞ്ഞ് കവിയുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഇവിടെ കാണാന്‍ കഴിഞ്ഞില്ല. പാര്‍ട്ടികളുടെ ബൂത്ത്‌ ഓഫീസിന്റെ കാര്യത്തിലും അതേ അവസ്ഥയാണ് കണ്ടത്, പാറശാലയ്ക്കും കളിയിക്കാവിളവരെ ആകെ രണ്ടു ബൂത്ത്‌ ഓഫീസ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. എല്‍ഡിഎഫിന് വേണ്ടി സികെ ഹരീന്ദ്രനും യു.ഡി.എഫിനായി എ ടി ജോര്‍ജും ബിജെപി സ്ഥാനാര്‍ഥി കരമന ജയനുമാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ അതിര്‍ത്തി കടന്ന്‍ ഇങ്ങോട്ട് തമിഴ്നാട്ടില്‍ നിന്നും എഡിഎംകെ ചരടുവലികള്‍ക്കുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം എംജി റോഡിലുള്ള കെഎഫ്സിയ്ക്കു സമീപം രണ്ടിലകള്‍ തുന്നിയ കൊടി കുത്തിയ വാഹനങ്ങളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു ഇന്നലെ.

ഇവിടെയുള്ള മലയാളികളില്‍ ചെറിയ വിഭാഗം മാത്രമാണ് ഒരു പ്രത്യേക രാഷ്ടീയ പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍. വിശ്വസിക്കുന്ന സംഘടന അവരെ പലപ്പോഴും നിരാശരാക്കാറുമുണ്ട്. മലയാളി ആണെങ്കിലും ചിലര്‍ താമസിക്കുന്നത് തമിഴ്നാട്ടിലാണ്. സ്വന്തമായി വീടുള്ളവരും വാടകയ്ക്ക് താമസിക്കുന്നവരും അതിലുണ്ട്. സ്വന്തം നാട് തൊട്ടടുത്തുണ്ടെങ്കിലും അയല്‍ സംസ്ഥാനത്ത് താമസിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ടോ എന്ന് അവരോടു ചോദിച്ചാല്‍ ഉത്തരം ഇതാണ്.

'പൂര്‍വ്വികരുടെ കാലം മുതല്‍ തമിഴ്നാടുകാരായ മലയാളികളായാണ് ഞങ്ങള്‍ ജീവിക്കുന്നത്. എവിടെ ജീവിച്ചാലും ഞങ്ങള്‍ മലയാളികളാണ് എന്ന ബോധം ഉള്ളിലുണ്ട്. പക്ഷേ സ്വന്തമായി ഉള്ള ഇത്തിരി മണ്ണ് ഉപേക്ഷിച്ച് അങ്ങോട്ട്‌ വന്നാല്‍ കിടക്കാന്‍ സ്ഥലം പോലും കിട്ടുമെന്നു ഉറപ്പു തരാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് കഴിയുമോ? പലരും സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഇപ്പോഴും സമരം ചെയ്യുന്നതായി അറിയാം. അവരുടെ ഗതി തന്നെ വരണോ ഞങ്ങള്‍ക്കും. അതുകൊണ്ട് ഉള്ളതില്‍ ഞങ്ങള്‍ തൃപ്തരാണ്. കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല'- കുഴിത്തുറൈയില്‍ താമസിക്കുന്ന മലയാളി രാമചന്ദ്രന്‍റെയും ഭാര്യ രമണിയുടേതുമാണ് ഈ വാക്കുകള്‍.മലയാളത്താന്മാരും തമിഴരും ഇടകലര്‍ന്നു വസിക്കുന്ന കളിയിക്കാവിള അതിര്‍ത്തിയായതു കൊണ്ടുതന്നെ കേരളത്തിലെ പല പാര്‍ട്ടികളും ശ്രദ്ധിക്കാറുപോലുമില്ല എന്നാണ് ബസ് ഡിപ്പോയില്‍ നിന്നും 300 മീറ്റര്‍ ദൂരത്ത്‌ ലോട്ടറി, ബേക്കറി ഐറ്റംസ് വില്‍പ്പന നടത്തുന്ന ജലാല്‍ പറയുന്നത്.

'തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ കെട്ടഴിച്ചുവിട്ടതു പോലെ എല്ലാവരും ഞങ്ങളെത്തേടിയെത്തും. അല്ലെങ്കില്‍ ആരുമില്ല. തമിഴ്നാട്ടിലും ഇവിടെയും ഒരേസമയം ഇലക്ഷന്‍ നടക്കുന്നത് കൊണ്ട് ഇനി കുറച്ചുനാള്‍ ഉത്സവമായിരിക്കും. അമ്പലപ്പറമ്പില്‍ ഉത്സവം കഴിഞ്ഞ അവസ്ഥയാകും അത് കഴിയുമ്പോള്‍, ഒറ്റ മനുഷ്യന്‍ തിരിഞ്ഞു നോക്കില്ല. ഇപ്പോള്‍ വരുന്ന കക്ഷികളെയൊക്കെ പിന്നെ കാണാന്‍ പറ്റുക അടുത്ത തെരഞ്ഞെടുപ്പിനും. എന്നാലും വോട്ടു ചെയ്യാതിരിക്കില്ല'- ജലാല്‍ തെരഞ്ഞെടുപ്പിനെ കാണുന്നത് ഇങ്ങനെയാണ്. ഇതേ അഭിപ്രായം തന്നെയാണ് മിക്ക പ്രദേശവാസികള്‍ക്കും.

ജലാലിന്റെ ലോട്ടറി കം ബേക്കറി പോലെയുള്ള അനേകം ഷോപ്പുകള്‍ ഇവിടെയുണ്ട്. ഒരു കിലോമീറ്ററിനുള്ളില്‍ മിനിമം അഞ്ച് ലോട്ടറി വില്‍പ്പന കേന്ദ്രമെങ്കിലും നമുക്ക് കാണാന്‍ സാധിക്കും. കടയുടമകള്‍ ചിലര്‍ മലയാളികള്‍, ചിലര്‍ അതിര്‍ത്തിക്കപ്പുറം നിന്നുള്ളവര്‍.

ജലാലിന്റെ കട നില്‍ക്കുന്ന ഭാഗം കേരളത്തിലാണ്. അവിടുന്ന് റോഡിന്റെ മറുവശത്തെത്തിയാല്‍ തമിഴ്നാടും. തമിഴ്നാട്ടില്‍ നിന്നുമുള്ള ശെന്തില്‍ ലോട്ടറിക്കായി കേരളത്തിലെ ജലാലിന്റെ അടുക്കലെത്തി.

ശെന്തില്‍ താമസിക്കുന്നത് റോഡിനപ്പുറമുള്ള തമിഴ്നാട്ടിലാണ്, ജോലി ഇപ്പുറമുള്ള കേരളത്തിലും. വാട്ടര്‍ കാനുകള്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കക്ഷി.

തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സംസാരിക്കാന്‍ താത്പര്യമില്ല എന്നാണ് അയാള്‍ ആദ്യം പറഞ്ഞത്. കാരണം ചോദിച്ചപ്പോള്‍ ഇതായിരുന്നു മറുപടി.

'അതെല്ലാം കണ്‍ട്രാവി മാറ്റര്‍, അതെപ്പറ്റി പേസവേ കൂടാത്. എതുക്ക്‌ ടൈം വേസ്റ്റ് പണ്ണണം. കേരളാവിലെ അരസിയല്‍ റൊമ്പ ഡിര്‍ട്ടി. (ചിരിച്ചു കൊണ്ട്) കേരളാ ചാനല്‍ ഓപ്പണ്‍ സെഞ്ചാല്‍ സരിത മട്ടും താ ഇരുക്കും'- സെന്തില്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ തമിഴ്നാട് അത്ര മെച്ചമല്ല എന്നും സെന്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇലക്ഷന്‍ സമയമാവുമ്പോള്‍ കുപ്പിയും കാശുമായി നാട്ടില്‍ നിന്നും ആള്‍ക്കാര്‍ അതിര്‍ത്തി കടന്നെത്തും എന്ന് സെന്തില്‍ പറഞ്ഞു.കുടിവെള്ളമാണ് ഇവിടത്തുകാര്‍ ഉയര്‍ത്തുന്ന ആവശ്യം. വോട്ടു ചോദിച്ചു വരുന്നവരോട് ഉന്നയിക്കുന്ന മുഖ്യ ചോദ്യവും ഇത് തന്നെ.

ഒറ്റമരം ജംഗ്ഷന് കുറച്ചു പടിഞ്ഞാറായാണ് തൌഫീഖ് ജോലിക്കു നില്‍ക്കുന്ന കാശ്മീരി ഫ്രൂട്ട്സ് സ്റ്റാള്‍. ജോലിയ്ക്ക് തമിഴ്നാട്ടില്‍ വരുന്ന തൌഫീക്ക് ഊണ് കഴിക്കാന്‍ കേരളത്തില്‍ എത്തും. കേള്‍ക്കുമ്പോള്‍ ദൂരമുണ്ടെന്നു തോന്നുമെങ്കിലും കടയുടെ പിറകില്‍ കൂടി അപ്പുറം കടന്നാല്‍ കക്ഷിയുടെ വീടായി. കന്നി വോട്ടാണ് തൌഫീഖ് ഇത്തവണ ചെയ്യാന്‍ പോകുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാനില്ല എങ്കിലും, കുടിവെള്ള പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുന്നവര്‍ക്കായിരിക്കും തന്റെ വോട്ട് എന്ന് തൌഫീഖ് പറയുന്നു.

അമ്മയുടെ രാജ്യത്ത് മത്സരത്തിനുള്ള കളമൊരുങ്ങിയെങ്കിലും ഇപ്പുറത്ത് ചൂടു പിടിച്ചു വരുന്നതേയുള്ളൂ. എല്ലാ നാട്ടിലുമെന്നപോലെ നാലാളു കൂടുമ്പോള്‍ ചര്‍ച്ചാവിഷയമായി രാഷ്ട്രീയവും കടന്നു വരും. ജപമണി എന്ന 63-കാരന്‍ അത്തരമൊരു ചര്‍ച്ചയുടെ മോഡറേറ്റര്‍ ആവാറുണ്ട് പലപ്പോഴും. കാരണം വേറൊന്നുമല്ല. അദ്ദേഹത്തിന്റെ മാടക്കടയാണ് ചര്‍ച്ചാവേദി. സ്ഥലത്ത് വില്‍പ്പനയുള്ള 'ചില്ലറ മരുന്നും' കൂടിയാകുമ്പോള്‍ ചര്‍ച്ച കത്തിക്കയറും. ആവേശത്തിന് ടച്ചിംഗ്സും കടയില്‍ ആവോളമുള്ളതിനാല്‍ ആരും പകുതിയാക്കി എഴുനേല്‍ക്കാറുമില്ല. ഒന്നുകില്‍ അമ്മഭാഗം വാദിച്ചു ജയിക്കും, അല്ലെങ്കില്‍ കരുണാനിധി ഭാഗം. മോഡറേറ്റര്‍ ഹാഫ് മലയാളിയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ രണ്ടു സംസ്ഥാനത്തു നിന്നുള്ളവര്‍. കേരള രാഷ്ട്രീയത്തില്‍ നിരന്തരമുണ്ടാകുന്ന സംഭവവികാസങ്ങളും ചര്‍ച്ചയ്ക്കു വിഷയമാകും. ഇന്നലെ മുതല്‍ ബാര്‍ ആണ് ചര്‍ച്ച. ചര്‍ച്ചയിങ്ങനെ കാലാകാലങ്ങളായി നടക്കുന്നതിനാല്‍ കടയുടെ സമീപത്തുള്ള കനാല്‍ ഡിസ്പോസിബിള്‍ ഗ്ലാസ്സും മിക്സ് ചെയ്യാനുള്ള വെള്ളത്തിന്റെ കവറും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മോഹനന്‍, മൂര്‍ത്തി, തമ്പാന്‍, ജപമണി, അരുണ്‍കുമാര്‍ എന്നിവരായിരുന്നു. അമ്മ തന്നെ ജയിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭൂരിഭാഗവും. തമിഴും മലയാളവും കലര്‍ത്തിയ ഭാഷയില്‍ ജപമണി സംസാരിച്ചു.'പോടിയാ.. ഇവിടെ അമ്മ തന്നെ ജയിക്കും. അതിലെ കേള്‍വിയെ ഇല്ലൈ. ആനാല്‍ കേരളത്തില്‍ എന്താവും എന്ന് പറയാമ്പറ്റില്ല. ഇവിടെ പാര്‍ട്ടികള്‍ ഒക്കെ വന്നു തുടങ്ങുന്നതേ ഉള്ളൂ. പാറശാല ഭാഗത്ത് ബിജെപിക്കാര്‍ ഇന്ന് മുതല്‍ ഇറങ്ങി. അടുത്ത ദിവസം മുതല്‍ മറ്റുള്ളോരും വരും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ജയിച്ചത്‌. അത് ആളിനെ നോക്കി വോട്ടു ചെയ്തോണ്ടു മാത്രം. ഇപ്രാവശ്യം ആവര്‍ത്തിക്കാന്‍ ചാന്‍സില്ല. പാര്‍ട്ടി നോക്കി കുത്തുന്നവര്‍ ഇവിടെ കുറവാ’- ജപമണി ചര്‍ച്ചയ്ക്ക് വീണ്ടും വിഷയമെടുത്തിട്ടു.

അരുണ്‍ കുമാര്‍ പറഞ്ഞത് തമിഴ്നാട്ടിലെ ഇലക്ഷനെപ്പറ്റിയായിരുന്നു. ആര്‍ക്കു വോട്ടു ചെയ്യണം എന്നത് പള്ളിയാണ് തീരുമാനിക്കുക എന്ന് അരുണ്‍ സൂചിപ്പിച്ചു. ഇന്നയാളിനു വോട്ടു ചെയ്യണമെന്ന് വികാരി അനൌണ്സ് ചെയ്യും. വിശ്വാസികള്‍ അതുപോലെ ചെയ്യും. കൂടാതെ അമ്മയുടെ പാര്‍ട്ടി എല്ലാത്തവണയും സമ്മാനങ്ങളുമായി വീടുകളില്‍ എത്തുന്ന കാര്യവും അരുണ്‍ വ്യക്തമാക്കി. കഴിഞ്ഞ പ്രാവശ്യം ഫാനും മിക്സിയും ഗ്രൈന്‍ഡറും ആയിരുന്നു. അപ്പുറത്തെ കടയിലിരുന്നു കറങ്ങുന്ന ജയലളിതയുടെ ഫോട്ടോ പതിച്ച ഫാന്‍ ചൂണ്ടിക്കാട്ടി അരുണ്‍ ചിരിച്ചു.

ഇതുകൂടിയായപ്പോള്‍ ചര്‍ച്ച കാടു കയറി. കരുണാനിധിയുടെ കുടുംബവിശേഷവും ജയലളിതയുടെ സാരിയും ഒക്കെ വിഷയമായി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടത്തുകാര്‍ വോട്ടു ചെയ്യുന്നത് മുടക്കാറില്ല. ആക്രി സാധനങ്ങള്‍ പെറുക്കി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന മുത്തുവും തന്റെ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കണം എന്ന അഭിപ്രായമുള്ളയാളാണ്. മിനിട്ടുകള്‍ക്കകം മാറിമറിയുന്ന രാഷ്ട്രീയസാഹചര്യം കളിയിക്കാവിളക്കാരെ എങ്ങനെ ബാധിക്കും എന്ന് അടുത്ത മാസം കണ്ടറിയാം.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷണന്‍)


Next Story

Related Stories