Top

തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയം, എന്നാല്‍ പുല്‍വാമയില്‍ വോട്ട് ചെയ്തത് രണ്ട് ശതമാനം പേര്‍!

തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയം, എന്നാല്‍ പുല്‍വാമയില്‍ വോട്ട് ചെയ്തത് രണ്ട് ശതമാനം പേര്‍!
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരിയില്‍ നടന്ന ഭീകരാക്രമണം രാജ്യത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവമാണ്. സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ബിജെപിയും പറയുന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പുല്‍വാമ എന്ന തെക്കന്‍ കശ്മീരിലെ പ്രദേശം ചര്‍ച്ചയായിരുന്നു. എന്നാല്‍ പുല്‍വാമയിലെ സാധാരണക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ഒരു ഗൗരവമുള്ള വിഷയമായി തോന്നിയില്ല. കഴിഞ്ഞ ദിവസമായിരുന്നു അവിടെ വോട്ടെടുപ്പ്. പുല്‍വാമയില്‍ വോട്ട് രേഖപ്പെടുത്തിയത് 2.14 ശതമാനമാണ് ഇവിടുത്തെ വോട്ടിംങ് ശതമാനം. ഷോപിയാന്‍ ജില്ലയില്‍ 2.88 ശതമാനം. കശ്മീരില്‍ വോട്ടെടുപ്പില്‍
ചില പോളിംങ് ബൂത്തുകളില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായി. പല ബുത്തുകളിലും ഏജന്റുമാരുണ്ടായിരുന്നില്ല. ഇങ്ങനെ തങ്ങളുടെ നാടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യന്തെമ്പാടും നടക്കുമ്പോഴും തെരഞ്ഞെടുപ്പിനോട് മുഖം തിരിച്ചിരിക്കുകയായിരുന്നു നാട്ടുകാര്‍.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനത്തിലേക്ക് സ്‌ഫോടക വസ്തുക്കളുമായി ഇടിച്ചു കയറിയ ചാവേര്‍ ദര്‍ അഹ്മദ് ധിരിന്റെ ഗന്ധിബാഗ് ഗ്രാമത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 'ഞങ്ങളാരും വോട്ടു ചെയ്യാറില്ല, അതേസമയം വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ തടയാറില്ല' ദറിന്റെ പിതാവ് ഗുലാം ഹസ്സന്‍ പറഞ്ഞു. വോട്ടു ചെയ്തതതുകൊണ്ട് കശ്മീരിലെ ഭ്രാന്തിന് അറുതി ഉണ്ടാകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

കനത്ത സുരക്ഷയ്ക്കിടയിലും സംഭവിക്കാവുന്ന തീവ്രവാദി ആക്രണ ഭീഷണിയ്ക്കിടയിലാണ് ഇവിടുത്തെ പോളിംങ് ഓഫീസര്‍മാര്‍ ജോലി ചെയ്യേണ്ടത്. സര്‍ക്കാര്‍ വണ്ടികളില്‍ ഇവരെ പൊളിംങ് സ്റ്റേഷനിലെത്തിക്കും. 'എന്നാല്‍ വോട്ടിംങ് മെഷിനുകള്‍ കൈമാറിയ ശേഷം വീട്ടില്‍ സ്വന്തം നിലയ്ക്ക് പോകണം. റോഡിലാണെങ്കില്‍ വാഹനങ്ങളും ഉണ്ടാകില്ല.' അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിതെന്നാണ് പൊളിംങ് ഓഫീസറായ ബാഷിര്‍ അഹമ്മദ് പറഞ്ഞു. വൈകിട്ടോടെ സുരക്ഷാ സൈന്യം പലയിടത്തുനിന്ന് പിന്‍വാങ്ങുന്നതോടെ ആക്രമികള്‍ രംഗം കൈയടക്കുകയാണ് പതിവെന്നും ഇവര്‍ പറയുന്നു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയമായി അത് മാറിയിരുന്നു. 40 സൈനികരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന ബാലക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ദേശ സുരക്ഷ മുഖ്യവിഷയമാക്കിയുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പുല്‍വാമയും ബാല്‍ക്കോട്ടും നിറഞ്ഞുനിന്നു. സൈനികര്‍ക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തു.

രണ്ട് വര്‍ഷം മുമ്പ ശ്രീനഗര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് ശതമാനമായിരുന്നു പൊളിംങ്. 2014 ലെ തെരഞ്ഞെടുപ്പില്‍ 31.18 ശതമാനമായിരുന്നു കശ്മീരിലെ പൊളിംങ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അത് 56.49 ആയി ഉയര്‍ന്നു. 1989ന് ശേഷം രണ്ട് തവണ മാത്രമാണ് കശ്മീരില്‍ പൊളിംങ് ശതമാനം 50 ശതമാനത്തില്‍ കവിഞ്ഞത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഏത് സമയത്തും കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. പിഡിപിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിന് ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.

Next Story

Related Stories