TopTop
Begin typing your search above and press return to search.

പാട്ടുപാടി വോട്ട് തേടിയ രമ്യയെ അതിന്റെ പേരില്‍ കടന്നാക്രമിക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍, തെറ്റിയത് അവര്‍ക്കായിരുന്നു

പാട്ടുപാടി വോട്ട് തേടിയ രമ്യയെ അതിന്റെ പേരില്‍ കടന്നാക്രമിക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍, തെറ്റിയത് അവര്‍ക്കായിരുന്നു

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആലത്തൂര്‍. ഇടതുകോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആലത്തൂരില്‍ സിറ്റിംഗ് എം പി പി കെ ബിജുവിന്റെ വിജയം സുനിശ്ചിതമെന്നു പറഞ്ഞിടത്തു നിന്നും മണ്ഡലത്തെ മത്സരച്ചൂടിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസ് എത്തിയതോടെയാണ്. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ആലുത്തൂര്‍ പിടിക്കാന്‍ രമ്യ എത്തിയത്. ആ വരവ് വിജയം കാണുമ്പോള്‍, അതിന്റെ ക്രെഡിറ്റിന് ഏക അവകാശി രമ്യ തന്നെയെന്ന് പറയേണ്ടി വരും.

പാലക്കാട് പോലെ, ഇടത് പക്ഷം വിജയം ഉറപ്പിച്ച് കാത്തിരുന്ന മണ്ഡലമാണ് ആലത്തൂരും. പി കെ ബിജുവിനെതിരേ പറയത്തക്ക എതിര്‍പ്പുകള്‍ ഇല്ലാതിരുന്നിട്ടും തോല്‍വി സംഭവിച്ചെങ്കില്‍ അത് എതിര്‍പക്ഷത്ത് രമ്യ ഹരിദാസ് ഉണ്ടാക്കിയ വ്യക്തിപ്രഭാവത്തിന്റെ തിരിച്ചടിയാണ്. അങ്ങനെയൊരു സാഹചര്യത്തിലേക്ക് രമ്യയെ ഉയര്‍ത്തിക്കൊണ്ടു പോയതില്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് ഖേദിക്കാം. മണ്ഡലത്തിലെ ശക്തമായ ഇടതുകോട്ടകളില്‍ പോലും രമ്യക്ക് വ്യക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു. തരൂര്‍, ചി റ്റൂര്‍ മണ്ഡലങ്ങള്‍ തങ്ങളെ കൈവിട്ടത് ഇടതിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്.

മികച്ച പാര്‍ലമെന്റേറിയമെന്ന പേരും വ്യക്തിപരമായ വിശേഷണങ്ങളും ഒപ്പം ഇടതു മണ്ഡലമെന്ന സാഹചര്യവും പി കെ ബിജുവിന് അനുകൂലഘടകമായി നിന്നപ്പോള്‍ അതിനെ മറികടക്കാന്‍ രമ്യക്കായത് തന്റെ ചെറുപ്പത്തിന്റെ ചുറുചുറുക്കും സാധാരണക്കാരിയെന്ന ലേബലുമായിരുന്നു. പാട്ടുപാടി വോട്ട് തേടിയ രമ്യയെ അതിന്റെ പേരില്‍ കടന്നാക്രമിക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍, തെറ്റിയത് അവര്‍ക്കായിരുന്നു. സോഷ്യല്‍ മീഡിയയും പത്രദൃശ്യമാധ്യമങ്ങളും രമ്യയെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ കേരളത്തില്‍ ട്രെന്‍ഡിംഗ് ആയി മാറി രമ്യ. ഇതൊന്നും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനഘടകമാകില്ലെന്നായിരുന്നു അപ്പോഴും ഇടതിന്റെ കണക്കുക്കൂട്ടല്‍. അതും അടപടലം തെറ്റി.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രമ്യക്കെതിരേ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുകയാണുണ്ടായത്. പാര്‍ലമെന്റില്‍ തിളങ്ങിയപ്പോഴും മണ്ഡലത്തില്‍ ബിജുവിന്റെ ഇടപെടലുകളില്‍ പ്രതിഷേധം ഉണ്ടായിരുന്നുവെന്നതും സിപിഎം മറക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്തു. എന്നാല്‍ താഴെത്തട്ടില്‍ ഇറങ്ങി നടന്ന് രമ്യയും യുഡിഎഫും നടത്തിയ പ്രചാരണങ്ങളിലൂടെ സിറ്റിംഗ് എംപിയുടെ വികസന പോരായ്മകളെക്കുറിച്ച് വോട്ടര്‍മാരെക്കൊണ്ട് ചിന്തിപ്പിക്കാന്‍ സാധിച്ചു. അവിടെയും സിപിഎം തോറ്റൂ.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തെക്കാള്‍ സാമുദായിക തലത്തില്‍ എല്‍ഡിഎഫിനെതിരേ ഉണ്ടായ വികാരവും രമ്യക്ക് സഹായമായി. എല്‍ഡിഎഫിന്റെ കൂടെ നിന്ന അടിസ്ഥാനജനതയുടെ വോട്ട് വലിയ തോതില്‍ ഇത്തവണ യുഡിഎഫിന് അനുകൂലമായി. ശബരിമല വിഷയത്തിലെ ഇഷ്ടക്കേടും പി കെ ബിജുവിന് തിരിച്ചടിയായി. രമ്യയത് നേട്ടമാക്കുകയും ചെയ്തു. മറ്റൊന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ്. രാഹുലിന്റെ വരവ് ഉണ്ടാക്കിയ തരംഗം ആലത്തൂരിലും സ്പഷ്ടമായി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണം കൂടിയുള്ള രമ്യക്ക് രാഹുല്‍ തരംഗത്തിന്റെ മുഴുവന്‍ ഗുണവും അനുഭവിക്കാനും കഴിഞ്ഞു.

സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ച അട്ടിമറി തന്നെ ആലത്തൂരില്‍ നടന്നിരിക്കുന്നു. എന്നാല്‍ അട്ടിമറി എന്ന വാക്കില്‍ രമ്യ ഹരിദാസിന്റെ വിജയത്തിന് തിളക്കം നഷ്ടപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായൊരു തോല്‍വിയെന്ന് സിപിഎം ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ആദ്യപേരുകാരിയായി രമ്യ ആലത്തൂരില്‍ എത്തിയപ്പോള്‍ തന്നെ വിജയം ഉറപ്പിച്ച കോണ്‍ഗ്രസിനും യുഡിഫിനും ഈ വിജയം പ്രതീക്ഷിച്ചതു തന്നെയാണ് ആകുന്നത്. കഴിഞ്ഞ തവണ 37312 വോട്ടുകള്‍(44.4 ശതമാനം വോട്ട്) നേടി വിജയിച്ച സ്ഥാനാര്‍ത്ഥിക്കാണ് ഇത്തവണ കനത്ത തോല്‍വി നേരിട്ടതെങ്കില്‍, അത് അപ്രതീക്ഷിതമായി കാണാനാവില്ല, ജനം തീരുമാനിച്ചുറപ്പിച്ച് നല്‍കിയ പരാജയം തന്നെയാണ്.

Read: ഇത് വെറുമൊരു തരംഗമല്ല, കൊടുങ്കാറ്റാണ്


Next Story

Related Stories