Top

കെ കരുണാകരനെ തോല്‍പ്പിച്ച തൃശൂര്‍ ഒന്നും വിട്ടു പറയുന്നില്ല ഇത്തവണ-മണ്ഡലങ്ങളിലൂടെ

കെ കരുണാകരനെ തോല്‍പ്പിച്ച തൃശൂര്‍ ഒന്നും വിട്ടു പറയുന്നില്ല ഇത്തവണ-മണ്ഡലങ്ങളിലൂടെ
കേരളപ്പിറവിക്കു ശേഷം നടന്ന മിക്ക തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കൊപ്പം നിന്ന ലോക്സഭാ മണ്ഡലമാണ് തൃശ്ശൂര്‍. കഴിഞ്ഞ പാര്‍ലമെന്റില്‍ സി.പി.ഐയുടെ രാജ്യത്തെ ഏക ലോക്സഭാ സീറ്റ്. ഇടത്-വലത് മുന്നണികള്‍ക്കൊപ്പം നിന്നപ്പോഴെല്ലാം സി.പി.ഐതന്നെയാണ് വിജയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആര്‍ക്കും ഒരുറപ്പും നല്‍കുന്നില്ല എന്നതാണ് തൃശ്ശൂരിനെ മറ്റു പല മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. അതത് കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടതു-വലതു മുന്നണികള്‍ മാറിമാറി പരീക്ഷിക്കുകയാണ് തൃശ്ശൂരിലെ വോട്ടര്‍മാര്‍.

1957-മുതല്‍ 1989-വരെ തുടര്‍ച്ചയായി സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചിരുന്നത്. എന്നാല്‍ 84-ല്‍ കഥമാറി. ഇടതുമുന്നണിയുടെ വി.വി. രാഘവനെ പരാചയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ കെ. എ ആന്‍റണി തൃശ്ശൂര്‍ മണ്ഡലത്തെ ആദ്യമായി കോണ്‍ഗ്രസിന്‍റെ വരുതിയിലാക്കി. തൊട്ടടുത്ത തവണയും ആന്‍റണിതന്നെ വിജയിച്ചു. 1991-ല്‍ പി. സി. ചാക്കോ കോണ്‍ഗ്രസിനായി മണ്ഡലം നിലനിര്‍ത്തി. തുടര്‍ച്ചയായി മൂന്നു തവണ കോണ്‍ഗ്രസ് വിജയിച്ചതോടെ മണ്ഡലത്തിന്‍റെ ചിത്രംതന്നെ മാറിയതായി വിലയിരുത്തപ്പെട്ടു.

എന്നാല്‍ 1991-ല്‍ രാജ്യം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് തൃശ്ശൂര്‍ മണ്ഡലം സാക്ഷിയായത്. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരനെ സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി. രാഘവന്‍ പരാജയപ്പെടുത്തി. കേവലം 1480 വോട്ടുകള്‍ക്കാണ് രാഘവന്‍ വിജയിച്ചതെങ്കിലും പരാജയപ്പെട്ടത് കെ. കരുണാകരനാണെന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ആ വിജയത്തിന്‍റെ മാറ്റുകൂടി. മുഖ്യമന്ത്രിയായും ആഭ്യന്തരമന്ത്രിയായും പ്രതിപക്ഷ നേതാവായുമൊക്കെ നിറഞ്ഞു നിന്നിരുന്ന കരുണാകരന് ആ തോല്‍വിയൊരു കനത്ത പ്രഹരമായിരുന്നു.

തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ മണ്ഡലം മാറി. പകരം ഇറങ്ങിയത് മകനായ കെ. മുരളീധരനായിരുന്നു. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നു. കെ. മുരളീധരനെതിരെ പല ആരോപണങ്ങളും എതിര്‍പാര്‍ട്ടിക്കാര്‍ ഉന്നയിച്ചു. അതോടെ മുരളീധരനും ദയനീയമായി പരാചയപ്പെട്ടു. 1999-ല്‍ അച്ഛനേയും മകനേയും മാറ്റി കോണ്‍ഗ്രസ് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു. എ. സി. ജോസിനെ രംഗത്തിറക്കി. ആ പരീക്ഷണം വിജയം കാണുകയും ചെയ്തു. വി.വി. രാഘവനെ 11632 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി. പക്ഷെ, 2004-ല്‍ തൃശ്ശൂര്‍ ഇടത്തേക്കുതന്നെ ചാഞ്ഞു. സിറ്റിംഗ് എം.പിയായ എ. സി. ജോസിനുപകരം സി.പി.ഐ നേതാവ് സി.കെ. ചന്ദ്രപ്പനെ ജനം പാര്‍ലമെന്‍റിലേക്കയച്ചു. 2009-ല്‍ വീണ്ടും വലതുപക്ഷത്തേക്ക്. പി.സി. ചാക്കോ കോണ്‍ഗ്രസിനായി മണ്ഡലം തിരിച്ചുപിടിച്ചു. നിലവിലെ എം.പി സി.എന്‍ ജയദേവനായിരുന്നു അന്ന് ചാക്കോയുടെ പ്രധാന എതിരാളി.

2014-ലെ പൊതു തിരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും ചാക്കോക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും പല വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. അതോടെ മണ്ഡലം മാറെണമെന്ന ആവശ്യവുമായി അദ്ദേഹംതന്നെ ഹൈക്കമാന്‍ഡിനെ സമീപിച്ചു. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ നേതാക്കള്‍ ഓടി നടന്നു. അപ്പോഴേക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.എന്‍ ജയദേവന്‍ മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുറപ്പിക്കാന്‍ തുടങ്ങിയിരുന്നു. ചാക്കോയുടെ പിടിവാശിക്കു വഴങ്ങിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ചാലക്കുടിയിലേക്കുമാറ്റി, ചാലക്കുടിയിലെ സിറ്റിംഗ് എം.പിയായിരുന്ന കെ.പി ധനപാലനെ തൃശ്ശൂരിലേക്കും.

സി.എന്‍ ജയദേവന്‍ 38227 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷം നേടിയാണ് അന്ന് വിജയിച്ചത്. ചാക്കോ ചാലക്കുടിയിലേക്ക് മാറിയതോടെ അതുവരേ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായിരുന്ന ആ മണ്ഡലവും കൈവിട്ടു. ചാക്കോയെ ഇന്നസെന്‍റാണ് തറപറ്റിച്ചത്. ഒരുലക്ഷത്തിലധികം വോട്ടുകള്‍ നേടി ബിജെപിയും, നാല്‍പ്പതിനായിരം വോട്ടുകളോടെ ആം ആദ്മി പാര്‍ട്ടിയും തൃശ്ശൂര്‍ മണ്ഡലത്തില്‍ നിറഞ്ഞുനിന്നു. രാജ്യത്തുതന്നെ സി.പി.ഐയുടെ മാനം കാത്ത എം.പിയെന്ന ചരിത്ര നിയോഗമായിരുന്നു സി.എന്‍ ജയദേവനെ കാത്തിരുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയാണ് 2014-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളില്‍ കനത്ത തോല്‍വിക്ക് കാരണമായതെന്ന് കോണ്‍ഗ്രസ്സുകാര്‍ കണക്കുകൂട്ടി. എന്നാല്‍, ആ കണക്കുകൂട്ടലുകളും തെറ്റി. 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. അതില്‍ കാല്‍ നൂറ്റാണ്ട് കാലത്തോളം യു.ഡി.എഫിനൊപ്പം നിന്ന തൃശ്ശൂര്‍ നിയമസഭാ മണ്ഡലവും ഉണ്ടായിരുന്നു. മണലൂരും ചാലക്കുടിയിലുമെല്ലാം കൈവിട്ടതോടെ ഗത്യന്തരമില്ലാത്ത നിലയിലാണ് കോണ്‍ഗ്രസ്.

പഴയ തൃശ്ശൂര്‍ മണ്ഡലമല്ല ഇപ്പോഴുള്ളത്. പണ്ട് മുകുന്ദപുരം മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന ഇരിങ്ങാലക്കുട ഇന്ന് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. അതാണ്‌ എല്‍.ഡി.എഫി-ന് മണ്ഡലത്തില്‍ ചെറുതെങ്കിലും നിര്‍ണ്ണായകമായ മുന്‍‌തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്കകത്ത് പല ഉപഗ്രൂപ്പുകളുള്ള പ്രതിഭാസം ഏറ്റവും കൂടുതല്‍ കാണുന്നത് തൃശ്ശൂര്‍ ജില്ലയിലാണ്. സി.എന്‍ ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണനും സുധീരനും പ്രതാപനുമെല്ലാം പാര്‍ട്ടി തകര്‍ന്നാലും ഗ്രൂപ്പുകള്‍ തകരാതെ നിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന ആളുകളാണ്. അതിനെല്ലാം പുറമേ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ നിലപാടുകളും കോണ്‍ഗ്രസിന്‍റെ പ്രധാന പരിഗണനാ വിഷയമാണ്. കോണ്‍ഗ്രസ് ജില്ലയില്‍ തകര്‍ന്നടിയാന്‍ ഇക്കാരണങ്ങള്‍തന്നെ ധാരാളം.

തൃശ്ശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, മണലൂർ, ഗുരുവായൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇപ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. ഏഴിടത്തും കൂടി 1,22,624 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്. അതാണ് ഇടതു സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ ധൈര്യം. അതിനെ മറികടക്കുകയെന്ന വലിയ കടമ്പയാണ് യു.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥി ടി. എന്‍. പ്രതാപന്‍റെ മുന്നിലുള്ളത്. നിലവില്‍ കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം അമ്പേ പരാജയപ്പെട്ട നിലയിലാണ്. അതുകൊണ്ട് തൊലിപ്പുറത്തെ ചികിത്സകൊണ്ടൊന്നും മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കില്ല.

ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം വളരെ പ്രബലമായി നില്‍ക്കുന്ന ജില്ലയാണ് തൃശ്ശൂര്‍. ഹിന്ദു വോട്ടുകള്‍ എങ്ങിനെ കേന്ദ്രീകരിക്കപ്പെടുന്നു എന്നത് ഇരുമുന്നണികളുടേയും ജയപരാജയങ്ങളെ സ്വാധീനിക്കും. ശബരിമല വിഷയവും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരട്ടിയോളം വോട്ട് വര്‍ധിപ്പിച്ചതും കണക്കിലെടുത്താല്‍ ആ മുന്നണിയുടെ വോട്ടുവിഹിതം ഈ തിരഞ്ഞെടുപ്പിലും ഉയരാനാണ് സാധ്യത. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ത്ഥിയായി വരുന്നതെങ്കില്‍ മത്സരം ഒന്നുകൂടി കടുക്കും.

ഒരു മുന്നണിക്കും സുരക്ഷിത മണ്ഡലമെന്ന് അവകാശപ്പെടാനാവാത്ത നിലയിലാണ് തൃശ്ശൂരിന്‍റെ സമകാലിക രാഷ്ട്രീയ അന്തരീക്ഷം. വികസനമാണ് മുദ്രാവാക്യമെന്ന് ഇടതുമുന്നണി പറയുമ്പോള്‍ നടപ്പായത് കേന്ദ്ര പദ്ധതികള്‍ മാത്രമാണെന്ന് ബി.ജെ.പി തിരിച്ചടിക്കുന്നു. ഒന്നും നടന്നില്ല എന്നതിന്‍റെ തെളിവാണ് സിറ്റിംഗ് എം.പിയെ മാറ്റിയതെന്ന് പറഞ്ഞ്  യു.ഡി.എഫും കളംനിറയാന്‍ ശ്രമിക്കുന്നു. എല്ലാറ്റിനോടും കിടപിടിക്കാന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഇടതു-വലതു മുന്നണികള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തീപാറുന്ന മത്സരമാണ് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തെ കാത്തിരിക്കുന്നത്.

മണ്ഡലങ്ങളിലൂടെ


1.
 
ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്


2. സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം3. കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര4. പ്രളയാനന്തര മുറിവും കര്‍ഷകന്റെ കണ്ണീരുമാണ് ഇന്ന് വയനാട്5. 
ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് 


6. പച്ചക്കമ്പ് കുത്തിവച്ചാല്‍ പോലും ജയിക്കുമെന്ന് ലീഗുകാര്‍ ഊറ്റം കൊള്ളുന്ന മലപ്പുറം, ഇത്തവണ ചരിത്രം തിരുത്തുമോ?


7. മികച്ച പ്രതിച്ഛായയുള്ള എം പി, കാലുവാരലിന്റെ കയ്ക്കുന്ന ചരിത്രം, വി എസിനോട് ഏറ്റുമുട്ടിയതിന്റെ കരുത്ത്; പാലക്കാട്ടെ ത്രികോണ മത്സരം ഇങ്ങനെ


8. കഴിഞ്ഞ തവണത്തെ പോലെ അപ്രിയ വോട്ടുകള്‍ നോട്ടയ്ക്ക് പോകുമോ? അതോ രമ്യയ്ക്കോ? ആലത്തൂരില്‍ പികെ ബിജുവിന്റെ സാധ്യതകള്‍

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ


Next Story

Related Stories