1951ല്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും ഒരുപോലെ തുണച്ച മണ്ഡലമാണ് തൃശൂര്‍. ഇതുവരെ നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ പത്തെണ്ണത്തില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച സിപിഐയും ആറെണ്ണത്തില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച കോണ്‍ഗ്രസുമാണ് ഇവിടെ ജയിച്ചത്. എന്നാല്‍ ഇക്കുറി ബിജെപിയും അതിശക്തമായി തന്നെ പ്രചരണത്തിനുണ്ട്. അവര്‍ തങ്ങളുടെ ഉറപ്പുള്ള അഞ്ച് മണ്ഡലങ്ങളിലൊന്നായാണ് തൃശൂരിനെ കാണുന്നത്. അതിനാല്‍ തന്നെ സെലിബ്രിറ്റി കാന്‍ഡിഡേറ്റ് ആയ ചലച്ചിത്രതാരം സുരേഷ് ഗോപിയെയാണ് അവര്‍ കളത്തിലിറക്കിയിരിക്കുന്നത്. 'മോദി പതിനഞ്ച് ലക്ഷം രൂപ വീതം എല്ലാവരുടെയും അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ?' എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തോടെയാണ് തൃശൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസിന്റെ പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ നടത്തിയ തിരുവാതിര കളിയും ചര്‍ച്ചയായി.
സ്ഥാനാര്‍ത്ഥികളില്‍ ആദ്യം പ്രചരണം തുടങ്ങിയത് ജനയുഗം എഡിറ്റര്‍ കൂടിയായ രാജാജിയാണ്. തിരുവാതിര കളി ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ ശാന്തമായും എന്നാല്‍ മണ്ഡലത്തിലെമ്പാടും ഓളം സൃഷ്ടിച്ചുമാണ് രാജാജിയുടെ പ്രചരണം തുടരുന്നത്. തൃശൂരുകാരനായ രാജാജി മണ്ഡലത്തിലെമ്പാടും പരിചയക്കാരും സര്വസമ്മതിയുമുള്ള വ്യക്തിയാണ്. പ്രചരണത്തില്‍ അദ്ദേഹം ബഹുദൂരം മുന്നേറിയതിന് ശേഷമാണ് മറ്റ് രണ്ട് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും പ്രചരണം ആരംഭിച്ചതും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രാതപന്‍ തന്റേതായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളെ ഇളക്കി മറിക്കുകയാണ്. ഇത് മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും നല്കുന്ന തലവേദന ചെറുതല്ല. പെട്ടെന്ന് ജനങ്ങളിലേക്ക് അലിഞ്ഞു ചേരുന്നതാണ് പ്രതാപന്റെ ശൈലി. ജിഎസ്ടി, വിലക്കയറ്റം, കാര്‍ഷിക തകര്‍ച്ച എന്നിവയെല്ലാം ചര്‍ച്ചയാകുമ്പോള്‍ തന്റേതായ ഒരു ഉപമയും വിശദീകരണവും നല്‍കുന്നതാണ് പ്രതാപന്റെ ശൈലി. പുരുഷ വോട്ടര്‍മാരുടെ തലമുടിയിഴകളിലൂടെ കൈയോടിച്ചും നെറ്റിയില്‍ മൃദുവായി ഇടിച്ച് സൗഹൃദം പങ്കുവച്ചുമാണ് പ്രതാപന്റെ വോട്ട് തേടല്‍. സുരേഷ് ഗോപിയാകട്ടെ ഓരോ വീടുകളിലും അംഗമെന്ന പ്രതീതി സൃഷ്ടിച്ചാണ് വോട്ട് തേടുന്നത്. ഉച്ചയ്ക്ക് ചെന്ന് കയറുന്ന വീടുകളില്‍ നിന്നും ഊണ് കഴിച്ചും മറ്റുമുള്ള ഈ പ്രചരണം ഏറെ പരിഹസിക്കപ്പെടുകയും ചെയ്തു. ഇതിനിടയില്‍ വായില്‍ മീന്‍ മുള്ള് കുടുങ്ങി സുരേഷ് ഗോപി ചികിത്സ തേടിയെന്ന വാര്‍ത്തയും പ്രചരിച്ചു. വാര്‍ത്തയുടെ വസ്തുത ഉറപ്പിച്ചിട്ടില്ലെങ്കിലും മോദി പതിനഞ്ച് ലക്ഷം അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഈ സംഭവം എതിരാളികള്‍ ആഘോഷിച്ചത്. ശബരിമല സമരം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗിക്കുമെന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ആദ്യ വ്യക്തി സുരേഷ് ഗോപിയായിരുന്നു.
സിപിഐയുടെ സിറ്റിംഗ് മണ്ഡലമായ തൃശൂരില്‍ സിഎന്‍ ജയദേവനാണ് നിലവിലെ എംപി. 2014ലെ തെരഞ്ഞെടുപ്പില്‍ 3,89,209 വോട്ടാണ് ജയദേവന് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ കെ പി ധനപാലന് 3,50,982 വോട്ടുകളും മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ കെ പി ശ്രീഷന്‍ 1,20,681 വോട്ടും നേടി. ജയദേവന് 38,227 വോട്ടിന്റെ ഭൂരിപക്ഷം. 2009ല്‍ പി സി ചാക്കോയായിരുന്നു ഇവിടെ വിജയിച്ചത്. മണ്ഡലത്തില്‍ കാണാത്ത എംപിയെന്ന ചീത്തപ്പേര് ഉയര്‍ന്നതോടെ 2014ല്‍ ചാക്കോ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് വാശിപിടിക്കുകയും തൃശൂരില്‍ ചാലക്കുടി എംപി ധനപാലന് മത്സരിക്കുകയുമായിരുന്നു. ഫലമോ രണ്ട് പേരും തോറ്റു. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തൃശൂരിലുള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, ഗുരുവായൂര്‍, നാട്ടിക, പുതുക്കാട് എന്നീ എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫാണ് വിജയിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ എല്‍ ഡിഎഫിനാണ് പ്രതീക്ഷ. ശബരിമല വിഷയം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലും കൂടുതലുണ്ടാകും. സുരേഷ് ഗോപിയെ പോലെ ഒരു സ്റ്റാര്‍ സ്ഥാനാര്‍ത്ഥി കൂടിയായതിനാല്‍ പ്രത്യേകിച്ചും. സുരേഷ് ഗോപിയുടെ വരവ് എല്‍ ഡി എഫിനെക്കാള്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കുക യു ഡി എഫിനായിരിക്കും എന്നാണ് പൊതു വിലയിരുത്തല്‍.