UPDATES

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥി പ്രസംഗിക്കരുത്; കെ. കരുണാകരന്‍ ആര്‍ക്കാണ് ഈ ഉപദേശം നല്‍കിയത്?

77ലെ തെരഞ്ഞെടുപ്പില്‍ തന്നെ അത്തരം നിര്‍ദ്ദേശം മറ്റേതെങ്കിലും സ്ഥാനാര്‍ഥികള്‍ക് നല്‍കിയിരുന്നുവോയെന്നും വ്യക്തമല്ല. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പായതിനാല്‍ വളരെ കരുതലോടെയായിരുന്നു കോണ്‍ഗ്രസിന്റെ കാല്‍വെയ്പുകള്‍

‘തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥി പ്രസംഗിക്കരുത്.’ ഇങ്ങനെ ഏതെങ്കിലും കാലത്ത് ആരെങ്കിലും സ്ഥാനാര്‍ഥിയെ ഉപദേശിച്ചിരിക്കുമോ? ഉപദേശിക്കും. അതാണ് സാക്ഷാല്‍ ലീഡര്‍ കെ. കരുണാകരന്‍. അദ്ദേഹത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ച സ്ഥാനാര്‍ഥിയാകട്ടെ ലോനപ്പന്‍ നമ്പാടനും.

കാലം 1977. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ പ്രചാരണത്തിന്റെ നടുവില്‍ നിന്ന ലോനപ്പന്‍ നമ്പാടനോട് അടിയന്തരമായി തൃശൂര്‍ രാമനിലയത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. അവിടെ ഒന്നാം നമ്പര്‍ മുറിയില്‍ കെ. കരുണാകരന്‍ പരിവാരസമേതനായി ഇരിക്കുന്നു. പൊടുന്നവെ അനുയായികളോട് പുറത്തുപോകാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടു. മുറിയില്‍ കരുണാകരനും ലോനപ്പന്‍ നമ്പാടനും മാത്രം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ചായി ചര്‍ച്ച.

അപ്പോള്‍ കരുണാകരന്റെ ശബ്ദം കുറച്ചുകൂടി ഗൗരവത്തിലായി. അദ്ദേഹം പറഞ്ഞു:
“തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥി പ്രസംഗിക്കരുത്. വോട്ടര്‍മാരുടെ മുന്നില്‍ കൈകൂപ്പുകയും ചിരിക്കുകയും മാത്രമേ ചെയ്യാവൂ. പ്രസംഗങ്ങളൊക്കെ മറ്റുള്ളവര്‍ നടത്തും. സ്ഥാനാര്‍ഥിയുടെ പ്രസംഗത്തിനിടയില്‍ എന്തെങ്കിലും തെറ്റുകടന്നുകൂടിയാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കും. തെറ്റ് തിരുത്താനുള്ള സമയം സ്ഥാനാര്‍ഥിക്കു ലഭിക്കുകയും ഇല്ല.”

പിന്നെ ആ തെരഞ്ഞെടുപ്പില്‍ ഒരിയ്ക്കലും ലോനപ്പന്‍ നമ്പാടന്‍ എന്ന സ്ഥാനാര്‍ഥി പ്രസംഗിച്ചില്ല. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അദ്ദേഹം കൈകൂപ്പുകയും ചിരിക്കുകയും മാത്രം ചെയ്തു. സരസമായി പ്രസംഗിക്കുന്ന ലോനപ്പന്‍ നമ്പാടന്‍ പ്രസംഗിച്ച് അപകടത്തില്‍ പെടേണ്ടെന്ന് കരുതിയാവണം കെ. കരുണാകരന്‍ ഇത്തരമൊരു നിര്‍ദ്ദേശം അന്ന് നല്‍കിയത്. അല്ലെങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ തിരിഞ്ഞുകടിക്കുമോയെന്ന ആശങ്ക ലീഡറോട് പങ്കുവെച്ചിട്ടുമുണ്ടാകാം. കുറച്ച് എരിവും പുളിയും ഒക്കെയിട്ട് പ്രസംഗിക്കുന്ന ശീലം നമ്പാടന്‍ മാഷിനുണ്ട്. ആള്‍ക്കൂട്ടം ആര്‍ത്തുവിളിയ്ക്കുമ്പോള്‍ നിലവിട്ട് പോയേക്കാമെന്ന് നേതാക്കള്‍ ഭയന്നിട്ടുണ്ടാകണം.

എന്തായാലും കേരളത്തിലെ മറ്റേതെങ്കിലും സ്ഥാനാര്‍ഥിയ്ക്ക് അത്തരത്തിലൊരു നിര്‍ദ്ദേശം അതിനു മുന്‍പോ അതിനുശേഷമോ നല്‍കിയതായി കേട്ടിട്ടില്ല. 77ലെ തെരഞ്ഞെടുപ്പില്‍ തന്നെ അത്തരം നിര്‍ദ്ദേശം മറ്റേതെങ്കിലും സ്ഥാനാര്‍ഥികള്‍ക് നല്‍കിയിരുന്നുവോയെന്നും വ്യക്തമല്ല. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പായതിനാല്‍ വളരെ കരുതലോടെയായിരുന്നു കോണ്‍ഗ്രസിന്റെ കാല്‍വെയ്പുകള്‍.

എന്തായാലും ലീഡറുടെ വാക്കുകള്‍ ശിരസാ വഹിച്ച ലോനപ്പന്‍ നമ്പാടന് 1965ല്‍ ഇതേ മണ്ഡലത്തില്‍ നേരിടേണ്ടിവന്ന പരാജയം നിയമസഭയിലേക്കുള്ള രണ്ടാം തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. അദ്ദേഹം തൊട്ടടുത്ത എതിരാളി ബിഎല്‍ഡി സ്ഥാനാര്‍ഥി ടി.പി. സീതാരാമനെ പരാജയപ്പെടുത്തി. സിപിഐയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായിട്ടാണ് അന്ന് കേരള കോണ്‍ഗ്രസുകാരനായിരുന്ന ലോനപ്പന്‍ നമ്പാടന്‍ മത്സരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കേരള കോണ്‍ഗ്രസ് വിട്ട് സിപിഎം പാളയത്തില്‍ എത്തുകയും തനിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ലീഡറുടെ മകള്‍ പത്മജയെ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തുവെന്നതും ചരിത്രം.

Read More: സത്യന്റെയും നസീറിന്റെയും ആദ്യ സിനിമയ്ക്ക് പിന്നില്‍ കേരളത്തിലെ ഒരതികായനുണ്ട്, ഒരു തെരഞ്ഞെടുപ്പും

1977ല്‍ കന്നിക്കാരനായി നിയമസഭയിലെത്തിയ ലോനപ്പന്‍ നമ്പാടന് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നു. ഭയപ്പാടുകളും. സഭയുടെ ചിട്ടവട്ടങ്ങളൊന്നും പരിചയമില്ല. വിപുലമായ അറിവുമില്ല. എസ്എസ്എല്‍സിയും ടിടിസിയുമാണ് വിദ്യാഭ്യാസ യോഗ്യത. സാധാരണ സ്‌കൂള്‍ മാഷായിരുന്നു. അതുവിട്ടാണ് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത്. അന്നത്തെ കേരള കോണ്‍ഗ്രസിന്റെ 20 നിയമസഭാ സാമാജികരില്‍ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞയാളും നമ്പാടന്‍ മാഷ് തന്നെ. ആകെ വെമ്പി നിന്ന നമ്പാടനെ ആശ്വസിപ്പിച്ചത് കെ. എം. മാണിയായിരുന്നു.

അദ്ദേഹം പറഞ്ഞു: “നമ്പാടന്‍ ഭയപ്പെടേണ്ടതില്ല. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. എല്ലാ ദിവസവും മുടങ്ങാതെ കൃത്യ സമയത്ത് സഭയില്‍ വരണം. സഭ പിരിയുന്നതുവരെ സഭാ നടപടികളില്‍ ശ്രദ്ധിയ്ക്കുക, ഇത്രയും ചെയ്താല്‍ പിന്നീട് കാര്യങ്ങള്‍ സ്വയം പഠിച്ചുകൊള്ളും. അങ്ങനെ നല്ല പാര്‍ലമെന്റേറിയനാകാന്‍ കഴിയും. മികച്ച എംഎല്‍എയാകണമെങ്കില്‍ മുടങ്ങാതെ ദിവസവും നിയമസഭയില്‍ പോകണം. മികച്ച വക്കീലാകണമെങ്കില്‍ മുടങ്ങാതെ കോടതിയിലും പോകണം.”

എന്തായാലും മികച്ച അധ്യാപകനായിരുന്ന ലോനപ്പന്‍ നമ്പാടന്‍ മികച്ച വിദ്യാര്‍ഥിയുടെ മനോഭാവത്തോടെ ആ പറഞ്ഞതൊക്കെ അച്ചട്ടം അനുസരിച്ചു. അദ്ദേഹം മികച്ച സാമാജികനായി. സഹജമായ ഫലിത ബോധം കൂടി സമഞ്ജസം ചേര്‍ന്നതോടെ നമ്പാടന്‍ മാഷ് സഭയിലെ ജീവത്തായി സാന്നിധ്യവുമായി.

Read More: ഭൂരിപക്ഷം കണ്ട് നമ്പാടന്‍ മാഷ് പകച്ചു, എന്താ ‘മെഷീന് വല്ല തകരാറും പറ്റിയോ!

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍