TopTop
Begin typing your search above and press return to search.

കോഴ തന്നെ കോഴിക്കോടിന്റെ വിധി നിര്‍ണ്ണയിക്കും

കോഴ തന്നെ കോഴിക്കോടിന്റെ വിധി നിര്‍ണ്ണയിക്കും

എം.​കെ. രാ​ഘ​വ​ൻ എം.​പി​ അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടു എന്ന ആരോപണമാണ് കോഴിക്കോട് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. എല്ലാ കാലത്തും ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ള കോഴിക്കോട്ടെ വോട്ടര്‍മാര്‍ ഇത്തവണ പതിവ് തെറ്റിക്കുകയാണ്. ഇടതു വലതു മുന്നണികള്‍ നടത്തുന്ന എല്ലാ രാഷ്ട്രീയ പൊതുയോഗങ്ങിലും ‘കോഴ’യാണ് ചര്‍ച്ച. ജനകീയനായ എം.പി എന്ന രാഘവന്‍റെ പ്രതിച്ഛായ വലിച്ചു കീറാന്‍ ജനകീയനായ എം.എല്‍.എ-യായ പ്രദീപ്‌ കുമാറിനും സംഘത്തിനും ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് വി​വാ​ദം വ​ളര്‍ന്നു കഴിഞ്ഞു. അതിനിടെയാണ് രാഘവനെതിരെ മു​ൻ കോ​ഴി​ക്കോ​ട് ക​ല​ക്ട​ർ എ​ൻ. പ്രശാന്ത് സമര്‍പ്പിച്ച റി​പ്പോ​ർ​ട്ട് തെഹൽക മുൻ എഡിറ്റർ മാത്യു സാമുവൽ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. കോ​ഴി​ക്കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം ത​വ​ണ മ​ത്സ​രി​ക്കു​ന്ന രാ​ഘ​വ​നെ ന്യാ​യീ​ക​രി​ക്കാ​ൻ യു.ഡി.എഫ് സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തുണ്ടെങ്കിലും നിലവില്‍ രാഷ്ട്രീയമായ മേല്‍ക്കൈ ഇടതിനാണ്.

“കോഴ വാങ്ങാന്‍ ഒരു മടിയുമില്ലാത്ത ആളാണ്‌ എം. കെ രാഘവന്‍. ടെണ്ടര്‍ വിളിക്കാതെ കൊടുക്കാവുന്ന എല്ലാ പ്രവൃത്തികളിലും അദ്ദേഹം ഭീമമായ കോഴ വാങ്ങുന്നുവെന്ന ആരോപണം ഇടതുപക്ഷം നേരത്തെതന്നെ ഉന്നയിക്കുന്ന കാര്യമാണ്” എന്ന് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറായ മാസിന്‍ റഹ്മാന്‍ പറയുന്നു. “സിം​ഗ​പ്പു​ർ കേ​ന്ദ്ര​മാ​യ ബി​സി​ന​സ് ഗ്രൂ​പ്പി​ന് കോ​ഴി​ക്കോ​ട്ടു ഹോ​ട്ട​ൽ തു​ട​ങ്ങാ​ൻ 15 ഏ​ക്ക​ർ ഭൂ​മി ആ​വ​ശ്യ​മു​ണ്ടെ​ന്നു പറഞ്ഞു തന്നെ സമീപിച്ച ആളുകളോട് അദ്ദേഹം കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് അനുഭാവികള്‍പോലും അദ്ദേഹത്തിനെതിരെ തിരിയുന്ന അവസ്ഥയാണ് നിലവിലുള്ളത്”.

എന്നാല്‍ ടി​വി 9 ഭാരത് വര്‍ഷചാനല്‍ റിപ്പോട്ടേഴ്സിനെ ​കൊ​ണ്ടു​വ​ന്ന​ത് സി.​പി.​എം ആ​ണെ​ന്നാ​ണ് രാ​ഘ​വന്‍റെ വാ​ദം. “സി.​പി.​എ​മ്മു​​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ചാ​ന​ലാ​ണ് സ്​​റ്റി​ങ്​ ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യതെന്നും, സി.​പി.​എം ബന്ധം തെളിയിക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ വെല്ലുവിളിച്ചതാണ്. എന്നാല്‍ അതിനിതുവരെ മറുപടിപറയാന്‍ രാഘവനോ യു.ഡി.എഫിനോ സാധിച്ചിട്ടില്ല”. ഇത്തവണ പഴുതടച്ച പ്രചരണമാണ് നടത്തുന്നതെന്നും, പ്രദീപ്‌ കുമാറിന്‍റെ പ്രതിച്ഛായക്കും, ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള വിശ്വാസത്തിനും പകരം നില്‍ക്കാന്‍ രാഘവന് സാധിക്കില്ലെന്നും ഈ തെരെഞ്ഞെടുപ്പ് വിധി വരുന്നതോടെ എല്ലാവര്‍ക്കും മനസ്സിലാകുമെന്നും മാസിന്‍ പറയുന്നു.

അതേസമയം, എല്ലാ ആരോപണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി വീടു വീടാന്തരം കയറിയിറങ്ങി ഓരോ വോട്ടും ഉറപ്പിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. “കോഴിക്കോട് നഗരത്തില്‍ എവിടെയെങ്കിലും 15 എക്കര്‍ ഭൂമി ലഭ്യമാണോ?, ഇനി ഉണ്ടെങ്കില്‍തന്നെ, 20 കോടി രൂപയ്ക്ക് അത് അത്രയും ഭൂമി ലഭിക്കുമോ” എന്നാണ് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി.ടി നിഹാല്‍ ചോദിക്കുന്നത്. “കോഴിക്കോട് ഒരു സെന്‍റിന് ഒരു കോടിക്കു മുകളിലാണ് വിലയെന്ന് നന്നായി അറിയുന്നവരാണ് ഇവിടുത്തെ വോട്ടര്‍മാര്‍. അതുകൊണ്ട്തന്നെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണിതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ അത്ര പ്രയാസമൊന്നുമില്ല. മുന്‍ കലക്ടര്‍ എന്‍. പ്രശാന്ത് രാഘവനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുകയായിരുന്നു. അത് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ പിണറായി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത്”.

രാഹുല്‍ഗാന്ധി മത്സരിക്കാന്‍ വരുന്നതിന്‍റെ ഒരു ആവേശവും മണ്ഡലത്തില്‍ കാണാനില്ല. പ്രധാനമന്ത്രി വന്നുപോയിട്ടുപോലും പ്രചാരണത്തില്‍ സാന്നിദ്ധ്യമറിയിക്കാന്‍ ബി.ജെ.പി പാടുപെടുകയാണ്. പ്രശാന്ത് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചതും, അ​ഗ്രീ​ൻ​കോ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ൽ രാ​ഘ​വ​നെ​തി​രാ​യ ജ​പ്തി ന​ട​പ​ടി​ക​ൾ സ്​​റ്റേ ചെ​യ്തതും സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്‍റെ തെളിവാണെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. അതിനു വ്യക്തമായ മറുപടി നല്‍കുന്നതില്‍ ഇടതുമുന്നണി പരാജയപ്പെടുന്നുമുണ്ട്.

മുന്നണി-പൊതുരാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കപ്പുറം സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവത്തിന് കൂടുതല്‍ വോട്ടു ലഭിക്കുന്ന നഗര പ്രദേശങ്ങളിലെ പ്രതിഭാസം ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന മണ്ഡലമാണ് കോഴിക്കോട്. ഇവിടെ ജനകീയരായ രണ്ടു സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍തന്നെ മത്സരം തീപാറുമെന്ന് ഉറപ്പായിരുന്നു. ഇടതുപക്ഷത്തിന്‍റെയും വലതുപക്ഷത്തിന്‍റെയും സംഘപരിവാറിന്‍റെയും സോഷ്യലിസ്റ്റുകളുടെയും മതന്യൂനപക്ഷ സംഘടനകളുടെയുമെല്ലാം ശക്തമായ സ്വാധീനമുള്ള മണ്ഡലമായതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായ വലിയൊരു ഘടകമാണ്. അവിടെയാണ് എം.കെ. രാഘവനും യു.ഡി.എഫിനും തിരിച്ചടി നേരിടുന്നതും, പ്രദീപ്‌കുമാറിനും ഇടതുപക്ഷത്തിനും നേട്ടമാകുന്നതും.


Next Story

Related Stories