TopTop

പികെ ശശിയുടെ ഇടപെടല്‍ തിരിച്ചടിയായോ? തള്ളിക്കളയാതെ എംബി രാജേഷ്

പികെ ശശിയുടെ ഇടപെടല്‍ തിരിച്ചടിയായോ? തള്ളിക്കളയാതെ എംബി രാജേഷ്
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നില്‍ സംസ്ഥാനത്താകെയുള്ള യുഡിഎഫ് തരംഗത്തിന് പുറമെ, സിപിഎം ജില്ലാ നേതൃത്വത്തിലെ വിഭാഗീയ പോരും ഘടകമായിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നു. ബിജെപി വോട്ടുകള്‍ വ്യാപകമായി യുഡിഎഫിന് പോയി എന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് പറയുന്നു. അതേസമയം ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയുടെ ഇടപെടലുകള്‍ തിരിച്ചടിക്ക് കാരണമായോ എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് എംബി രാജേഷിന്റെ മറുപടി ശ്രദ്ധേയമാണ്. ചിരിച്ചുകൊണ്ട് രാജേഷ് പറഞ്ഞത് പ്രാഥമികമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇപ്പോള്‍ ഇത് പറയുന്നത്. അതെല്ലാം പിന്നീടുള്ള കാര്യങ്ങളാണല്ലോ എന്നാണ്. പികെ ശശി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന സൂചന തന്നെയാണ് രാജേഷ് നല്‍കുന്നത്.

കേന്ദ്രത്തില്‍ ബിജെപി വരുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി സംസ്ഥാനത്താകെയുണ്ടായ ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനൊപ്പം ശബരിമല വിഷയവും മറ്റ് മണ്ഡലങ്ങളിലെ പോലെ ഇടതുപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട് എന്ന വിലയിരുത്തല്‍ ശക്തമാണ്. ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോയി എന്നത് പരിശോധിക്കപ്പെടണം എന്ന് രാജേഷ് പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതേസമയം ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിഭാഗീയത കത്തി നിന്ന സമയത്ത്, ലീഡ് നിലയില്‍ ഏറെ നേരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിക്ക് പിന്നില്‍ നിന്ന ശേഷമാണ് അവസാനം 1820 വോട്ടിന് രാജേഷ് ജയിച്ചത്. അന്ന് വിഎസ് പക്ഷ നേതാക്കളായിരുന്ന എന്‍എന്‍ കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരെ എംബി രാജേഷ് രാജേഷ് ജില്ല, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. 2008ല്‍ സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടാവുകയും, പാര്‍ട്ടി വിട്ട ഷൊര്‍ണൂരിലെ നേതാവ് എംആര്‍ മുരളി ജനകീയ വികസനസമിതി സ്ഥാനാര്‍ത്ഥിയായി 2009ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുകയും 11,290 വോട്ട് പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുരളി പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തി.

2014ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്ര കുമാറിനെ 10,5,300 വോട്ടിന് തോല്‍പ്പിച്ച് രാജേഷ് വന്‍ വിജയം നേടിയിരുന്നു. ജില്ലയിലെ വിഭാഗീയത ഏതാണ്ട് തണുത്ത സമയത്താണ് പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ലൈംഗികാതിക്രമ പരാതി നല്‍കിയത്. ഈ പരാതി സിപിഎം കേന്ദ്ര നേതൃത്വത്തിന് കൈമാറിയത് രാജേഷ് ആണ് എന്ന് എതിരാളികള്‍ ആരോപിച്ചു. കേരളത്തില്‍ എല്‍ഡിഎഫ് ജയിക്കും എന്ന് ഇതുവരെ പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ച മണ്ഡലമാണ് പാലക്കാട്. സംസ്ഥാനത്താകെയുള്ള യുഡിഎഫ് തരംഗം പാലക്കാട് എല്‍ഡിഎഫിന്റെ പരാജയത്തില്‍ ഇത്തവണ പ്രധാന ഘടകമായിട്ടുണ്ടാകുമെങ്കിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിഭാഗീയത മൂര്‍ച്ഛിക്കാനാണ് രാജേഷിന്റെ പരാജയം ഇടയാക്കുക.

മലമ്പുഴ ഒഴിച്ചുള്ള സിപിഎം കോട്ടകളിലെല്ലാം രാജേഷ് പിന്നോട്ട് പോയി എന്നതാണ് വസ്തുത. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട് തുടങ്ങിയ സിപിഎം ശക്തികേന്ദ്രങ്ങളിലെല്ലാം ഒരു ഘട്ടത്തില്‍ യുഡിഎഫ് മുന്നേറി. ഷൊര്‍ണൂരില്‍ 11,000ത്തില്‍ പരം വോട്ടിന്റെ ലീഡും ഒറ്റപ്പാലത്ത് 6000പരം ലീഡും നേടി ഈ മണ്ഡലങ്ങളില്‍ രാജേഷ് തിരിച്ചുവന്നെങ്കിലും കോങ്ങാട് 400ല്‍ താഴെ വോട്ടിന്റെ ചെറിയ ലീഡ് മാത്രമാണ് നേടിയത്. പട്ടാമ്പിയില്‍ 17,000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് ശ്രീകണ്ഠന് ലഭിച്ചത്. പട്ടാമ്പിയില്‍ 2001 മുതല്‍ 2011 വരെ സിപി മുഹമ്മദ് ജയിച്ചതൊഴിച്ചാല്‍ അതും ഇടതുകോട്ടയാണ്. അതേസമയം ജില്ലയില്‍ മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ മണ്ണാര്‍ക്കാട് 30,000ല്‍ പരം വോട്ടിനാണ് ശ്രീകണ്ഠന്‍ ലീഡ് ചെയ്തത്. മണ്ണാര്‍ക്കാടും പാലക്കാടും മാത്രമാണ് യുഡിഎഫിന് വലിയ കരുത്തുള്ള നിയമസഭ മണ്ഡലങ്ങള്‍.

വിഭാഗീയത കത്തി നിന്ന കാലത്ത് ജില്ലയില്‍ സിപിഎമ്മിലെ പിണറായി പക്ഷ നേതാക്കളില്‍ പ്രമുഖനായിരുന്നു ശശി. എന്നാല്‍ ഔദ്യോഗിക പക്ഷം എന്ന് അറിയപ്പെടുന്ന പിണറായി പക്ഷത്തിനുള്ളില്‍ തന്നെ പിന്നീട് വലിയ ഭിന്നതകളുണ്ടായി. ഇതിന്റെ ഭാഗമായാണ് പികെ ശശിയും എംബി രാജേഷും എതിര്‍ചേരികളിലായത്. ഷൊര്‍ണൂരില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ജില്ലാ കമ്മിറ്റി അംഗം പികെ സുധാകരന് സീറ്റ് നല്‍കാതെ മണ്ണാര്‍ക്കാട് നിന്നുള്ള നേതാവായ പികെ ശശിക്കാണ് നല്‍കിയത്. ഇതടക്കമുള്ള കാര്യങ്ങളില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് ആയിരുന്ന പികെ ശശിയോടുള്ള വലിയ അതൃപ്തി പിണറായി വിഭാഗത്തിന് അകത്ത് തന്നെ ഉണ്ടായിരുന്നു. ജില്ലയിലെ വിഎസ് പക്ഷം ഏതാണ്ട് ഇല്ലാതാവുകയും ചെയ്തു. മുന്‍ ജില്ല സെക്രട്ടറി എം ചന്ദ്രന്‍ മാത്രമാണ് പിണറായി പക്ഷത്തേയ്ക്ക് മാറാതെ നിന്ന നേതാവ്‌. ജില്ലാകമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും അംഗമായിരുന്ന പികെ സുധാകരനെ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ജില്ല നേതൃത്വത്തിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു പികെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിത നേതാവിന്റെ പരാതി.

വലിയ പരാജയത്തിലേയ്ക്കാണ് തിര്‍ത്തും അപ്രതീക്ഷിതമായി എംബി രാജേഷ് എത്തിയിരിക്കുന്നത്. എംപിയുടെ നാട്ടിലേക്കുള്ള റോഡ് വികസനമടക്കമുള്ള പ്രശ്‌നങ്ങളില്‍ എംഎല്‍എ വിമുഖത കാണിക്കുന്നതായി മലയാള മനോരമ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇത് പികെ ശശി നിഷേധിച്ചിരുന്നു. ഇപ്പോള്‍ പികെ ശശിക്കെതിരായ ആരോപണം രാജേഷ് തള്ളിക്കളയാത്ത സാഹചര്യത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാവാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

Next Story

Related Stories