Top

ഹിന്ദു ഭീകരവാദി പരാമര്‍ശം: കമല്‍ഹാസനെതിരെ മധുരയില്‍ ചെരിപ്പേറ്

ഹിന്ദു ഭീകരവാദി പരാമര്‍ശം: കമല്‍ഹാസനെതിരെ മധുരയില്‍ ചെരിപ്പേറ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു എന്നും അത് മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ആയിരുന്നുവെന്നും പറഞ്ഞ നടന്‍ കമല്‍ഹാസന് നേരെ ചെരിപ്പേറ്. മധുര ജില്ലയിലെ തിരുപ്പാരന്‍കുണ്‍ട്രം നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോളാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവായ കമല്‍ഹാസന് നേരെ ചെരിപ്പേറുണ്ടായത്. അതേമയം ചെരിപ്പ് കമല്‍ഹാസന്റെ ദേഹത്ത് കൊള്ളാതെ ആള്‍ക്കൂട്ടത്തിനിടയില്‍ വീണു. ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പ് അരുവാകുറിച്ചിയിലെ പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ഇതൊരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടല്ല ഞാന്‍ ഇക്കാര്യം പറയുന്നത്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാണ് എന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കമല്‍ഹാസന്‍ തീ കൊണ്ട് കളിക്കുകയാണ് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന്‍ അഭിപ്രായപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് കമല്‍ നടത്തുന്നത് എന്ന് തമിളിസൈ ആരോപിച്ചിരുന്നു.

അതേസമയം ഹിന്ദു സമുദായത്തെ താന്‍ അപമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. നാഥുറാം ഗോഡ്‌സെയെ ആണ് താന്‍ ലക്ഷ്യം വച്ചത് എന്നും ഹിന്ദു മതത്തെ അല്ല എന്നും കമല്‍ഹാസന്‍ പറയുന്നു.

കമല്‍ ഹാസന്റെ നാക്ക് പിഴുതെടുക്കണമെന്നാണ് എഐഎഡിഎംകെ നേതാവും മന്ത്രിയുമായ രാജേന്ദ്ര ബാലാജി പറഞ്ഞത്. തമിഴ്‌നാട് പൊലീസ് മതസ്പര്‍ധയുണ്ടാക്കി എന്ന് ആരോപിച്ച് കമല്‍ഹാസനെതിരെ കേസെടുത്തിരുന്നു. 22 നിയമസഭ മണ്ഡലങ്ങളിലാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. ഇതില്‍ 18 മണ്ഡലങ്ങളിലും ലോക്‌സഭ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 18ന് വോട്ടെടുപ്പ് നടന്നിരുന്നു. അരുവാക്കുറിച്ചിയും തിരുപ്പാരന്‍കുണ്‍ട്രവും അടക്കമുള്ള നാല് സീറ്റുകളിലാണ് മേയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കാസറഗോഡ് മണ്ഡലത്തിലെ നാല് മണ്ഡലങ്ങളില്‍ റീപോളിംഗ്? തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ പ്രഖ്യാപനം ഉടന്‍

Next Story

Related Stories