TopTop
Begin typing your search above and press return to search.

തിരഞ്ഞെടുപ്പ് കാലത്തെ വാചകമടി മാത്രം പോര; 'തുല്യ പ്രാതിനിധ്യ പ്രസ്ഥാന'വുമായി കേരളത്തിലെ ഒരു കൂട്ടം സ്ത്രീകള്‍

തിരഞ്ഞെടുപ്പ് കാലത്തെ വാചകമടി മാത്രം പോര;
നിയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; ഈ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിയമം പാസ്സാക്കാനുള്ള ശ്രമം തുടങ്ങിയിട്ടും ഏതാണ്ട് അത്ര തന്നെ കാലമായി. വനിതാ സംവരണ ബില്‍ സഭകളുടെ പരിഗണനയ്‌ക്കെത്തിയത് 2008ല്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2010 മാര്‍ച്ച് ഒമ്പതിന് രാജ്യസഭ ബില്‍ പാസ്സാക്കി. എന്നാല്‍ പിന്നീട് ബില്ലിന് അനക്കമുണ്ടായില്ല. ഒരു പതിറ്റാണ്ടായി ഫ്രീസറിലായ ബില്‍ ലോക്‌സഭയിലേക്ക് എത്തിയത് പോലുമില്ല. വനിതാ സംവരണം നടപ്പാക്കും- രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലെ വാഗ്ദാനമായി അതിപ്പോഴും ഒതുങ്ങുന്നു. ഇക്കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴും പ്രകടന പത്രികയിലെ വിലപ്പെട്ട വാഗ്ദാനമായിരുന്നു വനിതാ സംവരണം നടപ്പാക്കും എന്നത്. ഇത്തവണയും തിരഞ്ഞെടുപ്പ് പത്രികയില്‍ കട്ട്-പേസ്റ്റ് ചെയ്ത സംവരണം നടപ്പാക്കല്‍ വാഗ്ദാനം സുരക്ഷിതമാണ്. സ്ത്രീശാക്തീകരണവും വനിതാപ്രാതിനിധ്യവും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്ന രാഷ്ട്രീയനേതാക്കളും ഭരണകൂടങ്ങളും ബില്‍ പാസ്സാക്കുന്നതില്‍ മാത്രം ഇതേവരെ താത്പര്യമെടുത്തതുമില്ല. ഈ സാഹചര്യത്തിലാണ് 'തുല്യ പ്രാതിനിധ്യ പ്രസ്ഥാനം' രൂപം കൊള്ളാന്‍ പോവുന്നത്.

സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളിലേക്ക് കടന്ന് വരാന്‍ പറ്റാത്ത തരത്തില്‍ രാഷ്ട്രീയ മണ്ഡലത്തിലത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്‌ക്കെതിരെ ജനാധിപത്യ രീതിയിലുള്ള ഒരു ഏറ്റുമുട്ടലിനാണ് ഒരു കൂട്ടം സ്ത്രീകള്‍ തയ്യാറെടുക്കുന്നത്. തുല്യ പ്രാതിനിധ്യ പ്രസ്ഥാനം എന്ന പേരില്‍ ഇന്ന് ജനിക്കാന്‍ പോവുന്ന ആ കൂട്ടായ്മയുടെ ലക്ഷ്യം ഇത് മാത്രം; നിയമനിര്‍മ്മാണ സഭകളില്‍ തുല്യ നീതി, തുല്യ അവകാശം, തുല്യ പ്രാതിനിധ്യം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം വനിതാ സംവരണ ബില്ലിനെക്കുറിച്ച് വാചാലരാവുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് തുല്യ നീതി ആവശ്യപ്പെട്ട് സംവദിക്കാനായി ഒരു വേദികൂടിയാവും ഈ പുതിയ പ്രസ്ഥാനം എന്ന് ഭാരവാഹികള്‍ പറയുന്നു. നിയമനിര്‍മ്മാണ സഭകളായ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍കൃതരായ ദളിതര്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും അര്‍ഹമായ പ്രാതിനിധ്യത്തിനായി നിലകൊള്ളുന്ന സമ്മര്‍ദ്ദശക്തിയായി മാറുക എന്നതാണ് സ്ത്രീകളുടെ കൂട്ടായ്മയില്‍ രൂപമെടുക്കുന്ന പ്രസ്ഥാനം ലക്ഷ്യമിടുന്നത്.

കേരളത്തില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ സ്ഥാനാര്‍ഥികളായി ഉണ്ടാവുമെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടാവാത്തതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ സ്ത്രീകള്‍ തന്നെ പലവിധത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. സ്ത്രീശാക്തീകരണത്തിനായി ഏറെ വാദിക്കുകയും വനിതാ മതില്‍ അടക്കമുള്ള പരിപാടികള്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് നടപ്പാക്കുകയുമുണ്ടായെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നപ്പോള്‍ രണ്ട് വനിതകള്‍ മാത്രമായിരുന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സിപിഐയില്‍ നിന്ന് ആനിരാജ സ്ഥാനാര്‍ഥിയാവുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും അതുണ്ടായില്ല. യുഡിഎഫ് പട്ടികയിലും വനിതകള്‍ രണ്ട് പേര്‍ മാത്രം. ഈ സ്ഥിതി തുടരുന്നത് ജനാധിപത്യ സംവിധാനത്തിന് അനുചിതമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതെന്ന് കണ്‍വീനര്‍ കെ എം രമ പറയുന്നു.

'സ്ത്രീകളുടെ പ്രാതിനിധ്യമില്ലായ്മ എന്നത് പുതിയ ഒരു പ്രശ്‌നമല്ല. സ്ത്രീകള്‍ പല തവണ, പല വിധത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള ഒന്നാണ് നിയമനിര്‍മ്മാണ സഭകളിലെ തുല്യ പ്രാതിനിധ്യം. എന്നാല്‍ വനിതാ ബില്‍ പാസ്സാക്കാന്‍ പോലും ഒരു മുന്നണിക്കും പാര്‍ട്ടിക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം എല്ലാവരും വനിതാ സംവരണം കൊണ്ടുവരുമെന്ന് പറഞ്ഞ് പ്രകടന പത്രികയും ഇറക്കും. എല്ലാ സൂചികകളിലും മുന്നില്‍ നില്‍ക്കുന്ന, പ്രബുദ്ധ കേരളത്തിലെ അവസ്ഥയെന്താണ്? കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ ഒരു സ്ത്രീ മാത്രമാണുള്ളത്. അഞ്ച് ശതമാനം പ്രാതിനിധ്യം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിച്ചത്. നിയമസഭയില്‍ 140 പേരില്‍ എ്ട്ട് പേര്‍ മാത്രമാണ് സ്ത്രീകള്‍. രാജ്യസഭയില്‍ ഇല്ലേയില്ല. പാര്‍ലമെന്റിലെ ആകെ സ്ത്രീ പ്രാതിനിധ്യം 11.5 ശതമാനം മാത്രമാണ്. ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പ്രത്യേകിച്ചും എല്‍ഡിഎഫില്‍ നിന്ന്. വനിതാ മതില്‍ പോലുള്ള വലിയ പരിപാടികളൊക്കെ സംഘടിപ്പിച്ചിട്ട് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആകെ രണ്ട് സ്ത്രീ സ്ഥാനാര്‍ഥികള്‍ മാത്രം. ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അവരാണ് ട്രെന്‍ഡ് സെറ്റ് ചെയ്തത്. അപ്പോള്‍ ബാക്കിയുള്ളവരും അതേ കണക്കില്‍ തന്നെ വനിതകള്‍ക്ക് സീറ്റ് നല്‍കി കയ്യൊഴിഞ്ഞു. അവര്‍ അഞ്ച് സീറ്റെങ്കിലും സ്ത്രീകള്‍ക്ക് കൊടുത്ത് മാതൃക കാട്ടിയിരുന്നെങ്കില്‍ എന്തായാനേ. 33 ശതമാനം സംവരണം വന്നാല്‍ കൂടുതല്‍ ആളെ നിര്‍ത്തും എന്ന് ഔദാര്യം പോലെയാണ് പറയുന്നത്. നിയമം വന്നാല്‍ പിന്നെ അത് മാന്‍ഡേറ്ററിയാണ്. അതിന് പാര്‍ട്ടിക്കാരുടെ ഔദാര്യം വേണ്ടല്ലോ?


പാര്‍ട്ടിക്കുള്ളിലും ഡിസിഷന്‍ മേക്കിങ് സ്ഥാനത്ത് സ്ത്രീകളില്ല. നേതൃനിരയിലേക്ക് സ്ത്രീകള്‍ വരുന്നില്ല. അതിനുള്ള അവസരം പാര്‍ട്ടികള്‍ ഒരുക്കി നല്‍കുന്നില്ല. എല്ലാ പാര്‍ട്ടികളിലും ഇതേ അവസ്ഥയാണ്. അതില്‍ പാര്‍ട്ടികള്‍ക്കുള്ളിലെ സ്ത്രീകള്‍ക്ക് തന്നെ കടുത്ത വിയോജിപ്പും അമര്‍ഷവുമുണ്ട്. അവരാരും പുറത്ത് അത് പറയുന്നില്ല എന്ന് മാത്രം. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകള്‍ക്ക് വോയ്‌സ് ഉണ്ടാവുന്ന തരത്തിലേക്ക്, നേതൃനിരയിലേക്ക് വരുന്ന തരത്തിലേക്ക്, സ്ഥാനാര്‍ഥികളാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തണം. അതിനായാണ് പുതിയ പ്രസ്ഥാനം ഞങ്ങള്‍ ആരംഭിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിസിയാണ് അതിനനുസരിച്ച് മാറ്റേണ്ടത്. അതിനായി അവരുമായി ഡയലോഗിലൂടെ സമ്മര്‍ദ്ദം ചെലുത്തി ഇനി ഇങ്ങനെ മുന്നോട്ട് പോവാന്‍ കഴിയില്ല എന്ന് അറിയിക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും സ്ത്രീകള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ അവസ്ഥ മാറിയേ പറ്റൂ എന്ന് ഞങ്ങള്‍ അവരെ അറിയിക്കും. അല്ലെങ്കില്‍ സ്ത്രീകള്‍ അതിനായി കാത്ത് നില്‍ക്കില്ല എന്ന് പറയും. പൗരാവകാശ പ്രവര്‍ത്തകരും സ്ത്രീപ്രവര്‍ത്തകരും വനിതാ അവകാശ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഒന്നടങ്കം ആവശ്യമുന്നയിക്കുന്നുണ്ട്. ഇത് കൂടാതെ പാര്‍ട്ടികള്‍ക്കുള്ളിലെ സ്ത്രീകളും ഞങ്ങളോട് സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ അഭിപ്രായമുള്ളവരെ, എതിര്‍പ്പും വിമര്‍ശനങ്ങളും പ്രതിഷേധവുമുള്ളവരെ ഒന്നിച്ച് നിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം.'

ഇന്ന് വൈകിട്ട് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ ആദ്യ കണ്‍വന്‍ഷന്‍ നടക്കും. അന്വേഷി പ്രസിഡന്റ് കെ അജിതയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories