TopTop

കുമ്മനം രാജശേഖരന്‍; കേരളത്തിലെ ഹിന്ദുത്വ പരീക്ഷണശാല

കുമ്മനം രാജശേഖരന്‍; കേരളത്തിലെ ഹിന്ദുത്വ പരീക്ഷണശാല
മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ചാണ് കുമ്മനം രാജശേഖരന്‍ ഇക്കുറി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ എത്തുന്നത്. ഗവര്‍ണര്‍മാര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് പുതുമയല്ലെങ്കിലും പാര്‍ട്ടിയുടെ ജയമെന്ന ഒറ്റ ലക്ഷ്യമാണ് കുമ്മനത്തെ ഒരു സംസ്ഥാനത്തെ പ്രഥമ പദവി രാജിവച്ച് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ പ്രേരിപ്പിച്ചത്. ബിജെപി ഉറപ്പ് കരുതുന്ന അഞ്ച് മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് കുമ്മനത്തെ പോലെ ഒരു കരുത്തന്‍ തന്നെ വേണമെന്ന ആര്‍എസ്എസിന്റെ ആവിശ്യം അംഗീകരിക്കപ്പെടുക കൂടിയായിരുന്നു ഇവിടെ. അതിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ചില കണക്കുകളും ബലം പകരുന്നുണ്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഒ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2,82,336 വോട്ടുകളാണ് രാജഗോപാല്‍ നേടിയത്. ഒന്നാമതെത്തിയ ശശി തരൂരിനേക്കാള്‍ പതിനയ്യായിരത്തിലേറെ വോട്ട് മാത്രം കുറവ്. അതും വോട്ടെണ്ണല്‍ 85 ശതമാനം എത്തിനില്‍ക്കുമ്പോള്‍ പോലും മുന്നില്‍ നിന്നിട്ടാണ് രാജഗോപാല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ച രാജഗോപാല്‍ ബിജെപിക്ക് വേണ്ടി കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതും ടി എന്‍ സീമയെ പോലെ സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവിനെ പിന്നിലാക്കി. കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ 51,322 വോട്ടുകള്‍ നേടിയപ്പോള്‍ കുമ്മനം 43,700 വോട്ടുകളും സീമ 40,441 വോട്ടുകളുമാണ് നേടിയത്. ഈ കണക്കുകളോടൊപ്പം ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കുണ്ടായെന്ന് വിശ്വസിക്കുന്ന മേല്‍ക്കൈയുമാണ് തിരുവനന്തപുരത്തെ ബിജെപിയുടെ പ്രതീക്ഷകള്‍. ഈയൊരു കാരണം തന്നെയാണ് ഗവര്‍ണര്‍ പദവി രാജിവയ്പ്പിച്ച് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും കാരണം. 1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് കുമ്മനം മിസോറാം ഗവര്‍ണറായി പോകുന്നത്. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കുമ്മനം ബിജെപി സംസ്ഥാന പ്രസിഡന്റായത്. കോട്ടയം പട്ടണത്തില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള കുമ്മനം ആണ് സ്വദേശം. നിലയ്ക്കല്‍ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നിവയിലൂടെയാണ് കുമ്മനം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ നേടിയത്. 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി മാറിയത്. ബാലസദനങ്ങളുടെ മേല്‍നോട്ടത്തിലൂടെയും വിശ്വഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും നേതൃത്വം എന്നിവയിലൂടെയും ശ്രദ്ധേയനായി.

1983 മാര്‍ച്ച് 24ന് നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്തായി ഒരു കുരിശ് കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിലയ്ക്കല്‍ പ്രക്ഷോഭം ഉണ്ടായത്. 18 മലകള്‍ ചേര്‍ന്ന അയ്യപ്പന്റെ പൂങ്കാവനമായാണ് ഈ പ്രദേശം ഹിന്ദുക്കള്‍ കണക്കാക്കിയത്. തോമാശ്ലീഹ 57 എഡിയില്‍ സ്ഥാപിച്ച കുരിശ് കണ്ടെത്തിയെന്ന് അവകാശപ്പെട്ട സ്ഥലത്ത് പള്ളി നിര്‍മ്മിക്കണമെന്ന അവകാശവാദം ഉയര്‍ന്നപ്പോള്‍ ഹിന്ദു സമുദായം രംഗത്തെത്തി. കുമ്മനമായിരുന്നു അവരുടെ നേതൃസ്ഥാനത്തുണ്ടായിരുന്നത്. കുരിശ് കാണപ്പെട്ടുവെന്ന് പറഞ്ഞ സ്ഥലത്ത് ഒരു ഷെഡ് നിര്‍മ്മിച്ച് പള്ളി പണിയാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ആറ് മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവില്‍ പള്ളി മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായതോടെ കുമ്മനം ശ്രദ്ധേയനാകുകയും ചെയ്തു.

2002ല്‍ കോഴിക്കോട് മാറാട് കടപ്പുറത്ത് മത്സ്യബന്ധന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം ഹിന്ദു-മുസ്ലിം കലാപമായി തീരുകയും അത് ഒന്നാം മാറാട് കലാപം എന്ന് അറിയപ്പെടുകയും ചെയ്തു. കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 2003ല്‍ ഇവിടെ വീണ്ടുമുണ്ടായ കലാപത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി നടത്തിയ സമരങ്ങളുടെയും നേതൃത്വം കുമ്മനത്തിനായിരുന്നു. പാലിയം വിളമ്പരം ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലും പിന്നീട് മുഖ്യപങ്ക് വഹിച്ചു.

കോട്ടയം ബസേലിയസ് കോളേജിലും സിഎംഎസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുമ്മനം 1974ല്‍ കോട്ടയത്ത് ദീപിക പത്രത്തിന്റെ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീടുള്ള രണ്ട് വര്‍ഷക്കാലം രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരള ഭൂഷണം എന്നീ പത്രങ്ങളിലും ജോലി ചെയ്ത ശേഷമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ)യില്‍ ജോലിയില്‍ പ്രവേശിച്ചത്. 1979ലാണ് വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറിയായത്. ©

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories