UPDATES

മണ്ഡലങ്ങളിലൂടെ

പി ജയരാജനെ മുന്നില്‍ നിര്‍ത്തിയുള്ള സിപിഎം പരീക്ഷണം വിജയിക്കുമോ? വടകരയില്‍ മുന്‍തൂക്കം ആര്‍ക്ക്?

ആർ എം പിക്കു മണ്ഡലത്തിൽ വലിയ ശക്തിയൊന്നും അല്ലെന്നും എൽ ഡി എഫിലേക്ക് മടങ്ങി വന്ന വീരേന്ദ്ര കുമാറിന്റെ എൽ ജെ ഡി യുടെ സഹായത്തോടുകൂടി ആർ എം പി വോട്ടിന്റെ സ്വാധീനത്തെ മറികടക്കാൻ കഴിയുമെന്നുമാണ് എൽ ഡി എഫ് വാദം

കെ എ ആന്റണി

കെ എ ആന്റണി

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നിൽ കൃത്യമായ ഒരു രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നു. സി പി എം കൊലപാതകിയുടെ പാർട്ടിയാണെന്ന സംഘ പരിവാറിന്റെയും യു ഡി എഫിന്റെയും പ്രചാരണത്തിന്റെ മുനയൊടിക്കുക. അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടായ ജയരാജനെ മുന്നിൽ നിര്‍ത്തി യു ഡി എഫും സംഘപരിവാറും പ്രചരിപ്പിക്കുന്നതുപോലെ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ഏകപക്ഷീയമല്ലെന്ന് സ്ഥാപിക്കുക. വടകരയിലെ ജയരാജന്റെ സ്ഥാനാർത്ഥിത്വം അയൽ മണ്ഡലങ്ങളായ കോഴിക്കോട്ടും കണ്ണൂരിലും ഒക്കെ തങ്ങൾക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നും സി പി എം കണക്കുകൂട്ടിയിരുന്നു.

യു ഡി എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് വടകരയിൽ തുടക്കത്തിൽ തന്നെ ജയരാജന് വലിയ മുന്നേറ്റം നടത്താൻ സഹായകമായി. 2009ൽ സി പി എമ്മിൽ നിന്നും 56000 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുകോട്ടയെന്നറിയപ്പെട്ടിരുന്ന വടകര മണ്ഡലം പിടിച്ചെടുക്കുകയും 2014 ൽ വെറും മൂവായിരത്തിൽ പരം വോട്ടിന്റെ വ്യത്യാസത്തിൽ ആണെങ്കിൽ പോലും മണ്ഡലം നിലനിർത്തുകയും ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്മാറ്റം കൂടിയായപ്പോൾ ഇടത് ക്യാംപിൽ ആവേശം അതിന്റെ പാരമ്യത്തിലെത്തി. വടകരയിൽ ജയരാജനെ തളക്കാൻ പോന്ന ഒരു സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അന്വേഷണം ഒടുവിൽ എത്തിച്ചേർന്നത് വട്ടിയൂർക്കാവ് എം എൽ എ  കെ മുരളീധരനിലാണ്.

ലീഡർ കെ കരുണാകരന്റെ പുത്രൻ എന്ന നിലയിലും പഴയ  കോഴിക്കോട് എം പി, മുൻ കെ പി സി സി പ്രസിഡന്റ് എന്നീ നിലകളിലൊക്കെ വാടകരക്കാർക്കും സുപരിചിതനാണ് മുരളീധരൻ. ആ നിലക്ക് മുരളീധരന്റെ വരവ് യു ഡി എഫ് ക്യാമ്പിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. പ്രചാരണ രംഗത്ത് എതിരാളി ഏറെ മുന്നേറിക്കഴിഞ്ഞെങ്കിലും എല്ലാം ഓടിപ്പിടിക്കാവുന്നതേയുള്ളുവെന്ന ആത്‌മവിശ്വാസത്തിലാണ് മുരളിയും അദ്ദേഹത്തിന്റെ ക്യാംപയിൻ മാനേജർമാരും. മറുപക്ഷത്താവട്ടെ മുരളീധരനല്ല, ഏതു കൊലകൊമ്പൻ ആണെങ്കിൽ പോലും വീഴ്ത്തും എന്ന ചങ്കുറപ്പും. പ്രചാരണം ഏതാണ്ട് അതിന്റെ പാരമ്യത്തിലേക്കു അടുക്കുമ്പോൾ നിലവിൽ ജയരാജന് തന്നെയാണ് മുൻ‌തൂക്കം. ചിട്ടയായ പ്രവർത്തനവും സ്ഥാനാർഥിക്കു മണ്ഡലത്തിലെ മുസ്ലിം വോട്ടർമാർക്കിടയിൽ നിന്നുപോലും ലഭിക്കുന്ന സ്വീകാര്യതയും മണ്ഡലത്തിൽ എൽ ഡി എഫിനും സി പി എമ്മിനും ഉള്ള മേൽക്കൈയ്യും തന്നെ പ്രധാന കാരണങ്ങൾ. കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്ന എൽ ഡി എഫ് സ്‌ക്വാഡുകൾ പ്രചാരണം ആരംഭിച്ച നാൾ മുതൽ സജീവമാണ് എന്നതും ശ്രദ്ധേയം.

ബി ജെ പി മോശമല്ലാത്ത വളർച്ച അവകാശപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് വടകര. അതുകൊണ്ടു തന്നെ 2014ലെ തിരെഞ്ഞെടുപ്പിൽ 76,313 വോട്ട് നേടിയ വി കെ സജീവനെ തന്നെ എൻ ഡി എ ഇത്തവണയും മത്സരിപ്പിക്കുന്നു. കഴിഞ്ഞ തവണ 17,000ൽ പരം വോട്ടു നേടിയ ആർ എം പിയും ആറായിരത്തിൽ പരം വോട്ടു ലഭിച്ച ആം ആദ്മി പാർട്ടിയും ഇത്തവണ മത്സര രംഗത്തില്ലെന്നതും ശ്രദ്ധേയം. അതേസമയം കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ 15000ല്‍ ഏറെ വോട്ടു പിടിച്ച എസ് ഡി പി ഐ ഇക്കുറിയും മത്സര രംഗത്തുണ്ട്. മുസ്തഫ കൊമ്മേരിയാണ് എസ് ഡി പി ഐ സ്ഥാനാർഥി. ആർ എം പി അവരുടെ പിന്തുണ യു ഡി എഫിന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആം ആദ്മി പാർട്ടിയുടെ പിന്തുണ ആർക്കെന്നു വ്യക്തമല്ല.

കണ്ണൂർ ജില്ലയിൽപ്പെട്ട തലശ്ശേരിയും കൂത്തുപറമ്പും കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ചേരുന്ന വടകര ലോക്സഭ മണ്ഡലത്തിൽ കുറ്റിയാടി ഒഴികെ ബാക്കി ആറിടത്തും എൽ ഡി എഫ് എം എൽ എ മാരാണുള്ളത്. കമ്മ്യൂണിസ്റ്റുകൾക്കും സോഷ്യലിസ്റ്റുകൾക്കും നല്ല വേരോട്ടമുള്ള വടകരയുടെ ഉള്ളിന്റെ ഉള്ള് ചുവന്നതാണെങ്കിലും നാല് തവണ കോൺഗ്രസ് ഇവിടെ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. 1971 ലും 77ലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ കെ പി ഉണ്ണികൃഷ്ണനും 2009ലും 2014ലും മുല്ലപ്പള്ളി രാമചന്ദ്രനും ആണ് വടകര മണ്ഡലത്തിന്റെ ജാതകം തിരുത്തി എഴുതിയവർ.

ആർ എം പിക്കു മണ്ഡലത്തിൽ വലിയ ശക്തിയൊന്നും അല്ലെന്നും എൽ ഡി എഫിലേക്ക് മടങ്ങി വന്ന വീരേന്ദ്ര കുമാറിന്റെ എൽ ജെ ഡി യുടെ സഹായത്തോടുകൂടി ആർ എം പി വോട്ടിന്റെ സ്വാധീനത്തെ മറികടക്കാൻ കഴിയുമെന്നുമാണ് എൽ ഡി എഫ് വാദം. എന്നാൽ ആർ എം പി അങ്ങനെ എളുപ്പത്തിൽ എഴുതി തള്ളാനാവുന്ന ഒരു ഘടകമല്ല. ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ ആർ എം പി നേതാവ് കെ കെ രമ 20504 വോട്ട് നേടിയിരുന്നുവെന്നത് വിസ്മരിച്ചുകൂടാ. അതേസമയം രമയെ പൊതുസ്വതന്ത്രയാക്കി മത്സരിപ്പിക്കാമെന്ന് മോഹിപ്പിച്ചു അവസാന നിമിഷത്തിൽ യു ഡി എഫ് നിലപാട് മാറ്റിയതിൽ ആർ എം പി അണികളിൽ ചിലർക്കെങ്കിലും അമർഷമുണ്ട്.

പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇനി അറിയേണ്ടത് പി ജയരാജന് നിലവിലുള്ള മേൽക്കൈ നിലനിര്‍ത്താൻ കഴിയുമോ എന്നത് തന്നെയാണ്. മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചന ജയരാജന് അതിനു കഴിയുമെന്ന് തന്നെയാണ്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍