TopTop

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന വയനാട്ടിലെ പ്രശ്‌നം രാത്രി യാത്ര മാത്രമാകുന്നതെങ്ങനെയാണ്?

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന വയനാട്ടിലെ പ്രശ്‌നം രാത്രി യാത്ര മാത്രമാകുന്നതെങ്ങനെയാണ്?
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് വയനാട്ടിലേക്ക് ചുരം കയറിയെത്തുന്ന ചാനല്‍ ലേഖകര്‍ ഏതാണ്ട് എല്ലാവരും തുടര്‍ച്ചയായി കണ്ടെത്തിക്കൊണ്ടിരിക്കുന്നത് അവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം ബന്ദിപ്പൂര്‍ വനത്തിലൂടെ കര്‍ണ്ണാടകയിലേയ്ക്കുള്ള രാത്രി യാത്രയില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ആണെന്നാണ്. വാസ്തവത്തില്‍ ഇതവരുടെ പുതിയ കണ്ടെത്തല്‍ അല്ല. നിക്ഷിപ്ത താത്പര്യക്കാര്‍ നിരോധനം നടപ്പില്‍ വന്നത് മുതല്‍ ആവര്‍ത്തിക്കുന്ന കാര്യം അവര്‍ തങ്ങളുടേതായ ഭാഷയില്‍ പറയുന്നു എന്ന് മാത്രം. രസകരമായ വസ്തുത ഈ വിഷയത്തില്‍ ചാനല്‍ ലേഖകരും നിക്ഷിപ്ത താത്പര്യക്കാരും മാത്രമല്ല പങ്കാളികള്‍ എന്നുള്ളതാണ്.

വയനാട്ടില്‍ പ്രചാരണത്തിന് വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രാഹുലിനോട് ആവശ്യപ്പെട്ടത് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കാനാണ്. തുഷാര്‍ വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ പിന്‍ബലമായ ബി ജെ പിയും ഇത് തന്നെ ആവര്‍ത്തിക്കുന്നു. രാഹുലിന്റെ പാര്‍ട്ടിക്കും അവരുടെ പിന്‍ബലമായ അവശിഷ്ട കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിനും വേറെ അഭിപ്രായം ഇല്ല. കാടും പുഴയും ആനയും കടുവയും ഗാഡ്ഗിലും കര്‍ഷകരുടെ ശത്രുക്കള്‍ ആണെന്ന പ്രചാരണത്തിന് വയനാട്ടില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന കൊടും ചൂടിനും കടുത്ത കാര്‍ഷിക പ്രതിസന്ധിക്കും ഇടയിലും മാറ്റം ഒന്നുമില്ല. കടുവകള്‍ നീതി പാലിക്കുക എന്ന് പറഞ്ഞുള്ള പഴയ പ്രതിഷേധ റാലിയുടെ ആധുനിക ആവര്‍ത്തനങ്ങള്‍ ആണ് ഗതാഗത നിയന്ത്രണം നീക്കണം എന്ന ആവശ്യത്തിന് പിന്നിലും പതുങ്ങിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും ഈ വിഷയത്തില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോകാന്‍ വയ്യാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. നിരോധനം നീക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കാണിക്കുന്ന എതിര്‍പ്പ് ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് ഇടപെടേണ്ടി വരും. പിണറായി വിജയന്‍ മുന്നോട്ടു വച്ചിരിക്കുന്ന 458 കോടി രൂപയുടെ എലിവേറ്റഡ് ഹൈവേ നടപ്പാക്കുന്നതില്‍ രമേശ് ചെന്നിത്തലയ്ക്കും ശ്രീധരന്‍ പിള്ളയ്ക്കും താത്പര്യം ഉള്ള സ്ഥിതിക്ക് അത് നടപ്പാക്കുന്നതിലും രാഹുല്‍ മുന്‍കൈ എടുക്കേണ്ടി വരും.

ചുരുക്കത്തില്‍ വയനാട്ടുകാരുടെ ഏക അടിയന്തര ആവശ്യം രാത്രിയില്‍ മൈസൂരിനും ബാംഗ്‌ളൂരിനും യാത്ര ചെയ്യല്‍ ആണെന്ന ഒരു പൊതുബോധ്യം കൊണ്ടുവരുന്നതില്‍ ഇപ്പോള്‍ തന്നെ നിക്ഷിപ്ത താത്പര്യക്കാര്‍ വിജയിച്ചിരിക്കുന്നു.

വാര്‍ത്തകള്‍ അനുസരിച്ച് സര്‍ഫാസി നിയമപ്രകാരം വയനാട്ടില്‍ കുടിയിറക്കു ഭീഷണി നേരിടുന്നത് 8370 പേരാണ്. ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നു. ആ അവസ്ഥയില്‍ കര്‍ഷക ആത്മഹത്യകളും കൂടി വരുന്നു. കാര്‍ഷികവൃത്തിയിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന അനവധി പേരുടെ വായ്പ തിരിച്ചടവുകള്‍ ഇപ്പോള്‍ മുടങ്ങി കിടക്കുകയാണ്. ബാങ്കുകള്‍ കര്‍ഷകരെ ഭയപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷികള്‍ തകര്‍ത്തു. ഉത്പാദനം കുറഞ്ഞു. വിലയിലും വിളവിലും വലിയ അനിശ്ചിതത്വം. ഇതൊന്നും ചാനലുകളെ സംബന്ധിച്ചിടത്തോളം വലിയ വിഷയങ്ങള്‍ അല്ല.

രണ്ടായിരത്തി ഒമ്പതുമുതല്‍ നിലനില്‍ക്കുന്നതാണ് ബന്ദിപ്പൂര്‍ കാട്ടിലെ ഗതാഗത നിയന്ത്രണം. പലരും ചിന്തിക്കുമ്പോലെ അത് ഗതാഗത നിരോധനമല്ല. നിയന്ത്രണമുള്ള രാത്രി ഒന്‍പത് മണിക്കും. രാവിലെ ആറിനുമിടയില്‍ കേരളാ -കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ അര ഡസന്‍ ബസുകള്‍ അത്യാവശ്യക്കാര്‍ക്കു വേണ്ടി ഇതേ റൂട്ടില്‍ ഓടുന്നുണ്ട്. ഈ റൂട്ടില്‍ പ്രധാനമായും പോകുന്ന കര്‍ണ്ണാടകത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടേതായ സമയക്രമത്തിലാണ് പോകുന്നത്. ആര്‍ക്കും ഇതുവരെ പരീക്ഷ മുടങ്ങിയതായി അറിവില്ല. ടൂറിസത്തെ നിരോധനം ബാധിച്ചെന്നാണ് പറയുന്നത്. കാടിന്റെയും മൃഗങ്ങളുടെയും ചെലവിലാകരുത് ടൂറിസം. കാടും മൃഗങ്ങളും സ്മരക്ഷിക്കപ്പെടുന്നതാണ് ടൂറിസം. ഇതേ നിയന്ത്രണം ബന്ദിപ്പൂര്‍, മുതുമല, ഗൂഡലൂര്‍, ഊട്ടി ഭാഗങ്ങളില്‍ പോകുന്ന ടൂറിസ്റ്റുകള്‍ക്ക് മുണ്ട്. നിരോധനം കാരണം യാത്ര വേണ്ടെന്നു വച്ച ആരെ കുറിച്ചും അറിവില്ല. വയനാട് കാണേണ്ടവര്‍ വരാറുണ്ട്. കാണാറുമുണ്ട്.

വായനാട്ടുകാര്‍ നിയന്ത്രണം കാരണം ചികിത്സ നേടുന്നതില്‍ ബുദ്ധിമുട്ടുന്നു എന്നാണ് ചാനലുകാര്‍ പറയുന്നത്. വായനാട്ടുകാര്‍ ചികിത്സയ്ക്ക് മൈസൂറിലോ ബാംഗ്ലൂരിലോ പോകുന്നത് വളരെ കുറവാണ്. പോകുന്നത് കോഴിക്കോടോ കൊച്ചിയിലോ ആണ്. വയനാട്ടിലെയ്ക്കുള്ള പഴം, പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ നീക്കത്തെ നിരോധനം ബാധിക്കുന്നു എന്നാണ് വേറെ ഒരു വാദം. മൈസൂറിലെ പഴം-പച്ചക്കറി മൊത്ത വിതരണ കേന്ദ്രങ്ങള്‍ അഞ്ചു മണിക്ക് അടയ്ക്കും. അടയ്ക്കുന്ന സമയത്തു പുറപ്പെടുന്ന വണ്ടിയ്ക്ക് പോലും ഒന്‍പതു മണിക്ക് മുന്‍പ് മുത്തങ്ങ അതിര്‍ത്തി കടന്നു പോരാനാകും. പിന്നെ എവിടെയാണ് നിരോധനം ജനങ്ങളെ ബാധിക്കുന്നത്. ദീര്‍ഘ ദൂര വാഹനങ്ങള്‍ കൃത്യമായ സമയക്രമം പാലിച്ചു നിരോധനത്തോട് പൊരുത്തപ്പെട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇങ്ങനെ പരാതിയില്ല.

നിക്ഷിപ്ത താത്പര്യക്കാര്‍ക്കും അവരുടെ പിണിയാളുകള്‍ക്കുമാണ് പ്രശ്നം. നിയന്ത്രണം കൊണ്ട് നേട്ടമുള്ളത് ബന്ദിപ്പൂര്‍-വയനാട് വനങ്ങള്‍ക്കാണ്. മൃഗങ്ങള്‍ അവിടെ സുരക്ഷിതരാണ്.

Next Story

Related Stories