TopTop
Begin typing your search above and press return to search.

ബിജെപിയുടെ വിഭാഗീയ അജണ്ടയുടെ കുതിപ്പ്; തകര്‍ന്നടിയുന്ന കോണ്‍ഗ്രസ്

ബിജെപിയുടെ വിഭാഗീയ അജണ്ടയുടെ കുതിപ്പ്; തകര്‍ന്നടിയുന്ന കോണ്‍ഗ്രസ്

അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ വിജയം നരേന്ദ്ര മോദിക്ക് വലിയ ഉത്തേജനമാണ് നല്‍കുന്നത്. തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തെയാണ് ബി ജെ പി തകര്‍ത്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും ജനസംഖ്യയുള്ള ഇവിടെ ആദ്യമായി അധികാരത്തിലെത്താന്‍ പഴയ തന്ത്രങ്ങള്‍ തന്നെയാണ് ബി ജെ പി സ്വീകരിച്ചതും. 2015 ഫെബ്രുവരിയിലെ ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും ഒക്ടോബറില്‍ ബിഹാറിലേറ്റ വലിയ തിരിച്ചടിക്കും ശേഷം ഈ വിജയത്തെ തങ്ങളുടെ ഭൂരിപക്ഷകേന്ദ്രീകൃത, വിഭാഗീയ ഹിന്ദുത്വ അജണ്ടയ്ക്ക് ലഭിച്ച സ്വീകാര്യതയായാണ് അവര്‍ വ്യാഖ്യാനിക്കുക. ആറിലൊന്ന് ഇന്ത്യക്കാര്‍ താമസിക്കുന്ന ഉത്തര്‍പ്രദേശില്‍ 2017 ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും ഇതേ അജണ്ടയായിരിക്കും ആവര്‍ത്തിക്കുക എന്നും കരുതാം. ബി ജെ പിക്ക് പ്രത്യേകമായ സന്തോഷം നല്‍കുന്ന ഒരു കാര്യം, കോണ്‍ഗ്രസിന്റെ ജനസ്വാധീനം കുത്തനെ ഇടിയുന്നു എന്നതാണ്. അസമിലും കേരളത്തിലും കോണ്‍ഗ്രസിന്റെ മോശം പ്രകടനം പ്രതീക്ഷിച്ചിരുന്നതുമാണ്. എങ്കിലും രണ്ടു സംസ്ഥാനങ്ങളിലും അടുത്തൊന്നും നല്ലത് പ്രതീക്ഷിക്കാനാകാത്തവണ്ണം തകര്‍ന്നിരിക്കുന്നു ഇന്ത്യയിലെ വന്ദ്യവയോധിക കക്ഷി. ബംഗാളില്‍ സഖ്യം കൊണ്ട് ഇടതുപക്ഷത്തെക്കാള്‍ നേട്ടമുണ്ടാക്കി എന്നത് നിസാരമായൊരു ആശ്വാസം മാത്രമാണ്.

മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിത്തറയില്‍ ഒരു വിള്ളലും ഉണ്ടാക്കാന്‍ ആയില്ലെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് കടുത്ത ആശങ്കയുണ്ടാക്കേണ്ടതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച പ്രകടനം കാഴ്ച്ചവെച്ച കേരളത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ബംഗാളിലെ കഥ. 34 കൊല്ലത്തെ ഇടമുറിയാത്ത ഭരണത്തിനുശേഷം തങ്ങളുടെ ചുവപ്പുകോട്ട തൃണമൂല്‍ കോണ്‍ഗ്രസിന് അടിയറവെച്ച സി പി ഐ എമ്മിന് -കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)- ആ നഷ്ടപ്പെട്ട ജനകീയാടിത്തറ വീണ്ടെടുക്കാന്‍ ഇനിയുമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആകെ നിരാശരായിരുന്ന അവരുടെ പ്രവര്‍ത്തകര്‍ കൂടുതല്‍ മടുപ്പിലേക്കാണ് വീഴുന്നത്. ബംഗാളിലേതുപോലെ തമിഴ്നാട്ടിലും ഭരണവിരുദ്ധ വികാരത്തെ തഞ്ഞുനിര്‍ത്തിക്കൊണ്ട് ജയലളിതയുടെ നേതൃത്വത്തിലുള്ള AIADMK സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തി. തങ്ങള്‍ക്കുമേലുള്ള അഴിമതിയുടെ പാപക്കറ മുഖ്യ എതിരാളിയായ ഡിഎംകെക്ക് ഇനിയും കഴുകിക്കളയാന്‍ ആയിട്ടില്ല എന്നതുകൂടിയാണ് ഇത് കാണിക്കുന്നത്. തമിഴ്നാട്ടില്‍ വിജയകാന്തിന്റെ DMDK-യും അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ AIUDF-ഉം നേരിട്ട പരാജയം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മത്സരം പ്രബലരായ രണ്ടു കക്ഷികളോ മുന്നണികളോ തമ്മിലാകുന്നു എന്നതിന്റെ സൂചനയാണ്. ഈ തെരഞ്ഞെടുപ്പില്‍ നിന്നും വ്യക്തമാകുന്ന മറ്റൊരു വസ്തുത ബി ജെ പിക്കും ഹിന്ദുത്വ വലതുപക്ഷ ശക്തികള്‍ക്കുമെതിരെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മുന്നണിയെ നയിക്കാനുള്ള കോണ്‍ഗ്രസിന്റെ ദൌര്‍ബല്യമാണ്.

അസമില്‍ 1970-കളിലും 1980-കളിലും ഇപ്പോള്‍ ബി ജെ പിയുടെ ചെറിയ സഖ്യകക്ഷിയായ അസം ഗണ പരിഷദ്- അന്നത്തെ അഖില അസം വിദ്യാര്‍ത്ഥി സംഘടന- ഉയര്‍ത്തിയിരുന്ന മറുനാട്ടുകാര്‍ക്കെതിരായ മുദ്രാവാക്യത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബി ജെ പി വിജയിച്ചു എന്നു കാണാം. ബോഡോ ജനകീയ മുന്നണിയുമായുള്ള സഖ്യവും വിജയത്തിനു സംഭാവന നല്കി. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കുശേഷം തരുണ്‍ ഗൊഗോയിയുടെ പ്രഭാവം കുറഞ്ഞു എന്നത് വാസ്തവമാണ്. AIUDF-മായി സഖ്യമുണ്ടാക്കാതിരുന്നതും മുന്‍ വിശ്വസ്തന്‍ ഹിമാന്ത ബിശ്വ ശര്‍മ വിട്ടുപോയതും കോണ്‍ഗ്രസിനു ദോഷമാവുകയും ചെയ്തു. ഗോഗോയിക്കെതിരെ ആദ്യം തന്നെ സര്‍ബാനന്ദ സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ഡല്‍ഹിയില്‍ കിരണ്‍ ബേദിയെ അവസാന മണിക്കൂറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നതില്‍ നിന്നും ബിഹാറില്‍ നീതീഷിനെതിരെ സ്വയം എതിരാളിയായി പ്രഖ്യാപിച്ച മോദിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതില്‍ നിന്നും ബി ജെ പി പാഠം പഠിച്ചു എന്നാണ് കാണിക്കുന്നത്.

കേരളത്തില്‍, വിവിധ അഴിമതിവിവാദങ്ങളില്‍ കുരുങ്ങിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള പിന്തുണ എത്രത്തോളം നഷ്ടപ്പെട്ടു എന്നത് വ്യക്തമല്ലാതിരുന്ന പലര്‍ക്കും സി പി ഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന്റെ വലിപ്പം അത്ഭുതമുണ്ടാക്കി. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സി പി ഐ എം സഖ്യം കേരളത്തില്‍ ചലനമേ ഉണ്ടാക്കിയില്ല. പക്ഷേ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്ന അവസ്ഥയിലാണ്. 1970-കളുടെ ആദ്യകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകളുടെ ഓര്‍മ്മകളുള്ള ഇടത് അണികളുടെ പഴയ തലമുറക്ക് അവസരവാദപരമായ ഈ കൂട്ടുകെട്ടു ദഹിക്കില്ല. ബുദ്ധദേബ് ഭട്ടാചാര്യയും ബിമന്‍ ബോസും അടക്കമുള്ള സി പി ഐ എം നേതൃത്വം ഭൂതകാല ഭാരങ്ങളില്ലാത്ത പുതുനേതൃത്വത്തിന് വഴിമാറിക്കൊടുക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒരു പ്രധാന ഉത്തരവാദിത്തം കൂടിയാണ്. മമത 'ദീദി' തന്റെ അനുയായികളുടെ പിന്തുണ ഉറപ്പാക്കുക മാത്രമല്ല, പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിലെ മുസ്ലീം ജനസാമാന്യത്തിന്റെ, ഒരു ഘട്ടത്തില്‍ ഭരണത്തിന്നുവരെ ഭീഷണിയായ ശാരദ, നാരദ പോലുള്ള അഴിമതിവിവാദങ്ങളില്‍ നിന്നും അകലം പാലിക്കുകയും ചെയ്തിരിക്കുന്നു. നിതീഷ് കുമാറിന്റെ (ഉത്തര്‍പ്രദേശ് സര്‍ക്കാരും) പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുക പോലുള്ള പരിപാടികള്‍ അനുകരിച്ച മമത മറ്റൊരു ബദലില്ല എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു.

'അമ്മ' ജയലളിതയ്ക്ക് അടുത്ത അഞ്ചു വര്‍ഷം താരതമ്യേന എളുപ്പമാകും. കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന് ഇനിയും കാത്തിരിക്കണം. സൌജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് ചില ഭാഗങ്ങളില്‍ നിന്നും വിമര്‍ശങ്ങള്‍ ഉണ്ടാക്കിയെങ്കിലും അത്തരം സൌജന്യങ്ങള്‍ വോട്ടായി മാറുന്നു, പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ എന്നാണ് തമിഴ്നാട് ഫലം കാണിക്കുന്നത്.

പശ്ചിമ ബംഗാളില്‍ ബി ജെ പി നേടിയ വോട്ടുകള്‍ തൃണമൂലിനെ സഹായിച്ചെങ്കില്‍ കേരളത്തിലത് ഐക്യമുന്നണിക്ക് ദോഷമായാണ് ഭവിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളെ വെച്ചുനോക്കിയാല്‍ (2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയല്ല) ഈ നാലു സംസ്ഥാനങ്ങളിലും ബി ജെ പി നില നന്നായി മെച്ചപ്പെടുത്തി. പുതുച്ചേരിയിലെ ചില്ലറ ആശ്വാസജയം ഉണ്ടെങ്കിലും ദേശീയതലത്തില്‍ അടുത്തൊന്നും നില മെച്ചപ്പെടുത്താവുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസ് എന്നതാണ് വാസ്തവം. ബി ജെ പിക്കെതിരെ രാഷ്ട്രീയ കക്ഷികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം പ്രാദേശിക കക്ഷികളും മുന്നണികളും അടങ്ങുന്ന കോണ്‍ഗ്രസ് ഇതര കക്ഷികള്‍ക്കായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്തായാലും കുറച്ചു കാലത്തെക്കെങ്കിലും പ്രധാനമന്ത്രി മോദിക്ക് ഒന്ന്‍ ആശ്വസിക്കാനുള്ള വകയുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories