TopTop
Begin typing your search above and press return to search.

രാഷ്ട്രീയപാര്‍ട്ടികളോടാണ്: തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കാമോ?

രാഷ്ട്രീയപാര്‍ട്ടികളോടാണ്: തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കാമോ?

ജ്യോതിഷ് മണാശ്ശേരി

ബഹുമാന്യരേ,

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയല്ലോ. ഇക്കുറി വോട്ട് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നവര്‍ക്കാണ്! അവരില്ലെങ്കില്‍ 'നോട്ട'യ്ക്കും.

പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അഴിഞ്ഞാട്ടം അതിന്റെ ഉന്നതിയിലെത്തിയതിന്റെ സ്വാദ് (വേനല്‍ ചൂട്) നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കുറി കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

പരിസ്ഥിതി ദിനം വരുമ്പോള്‍ കാട്ടിക്കൂട്ടുന്ന ഉദ്‌ഘോഷവും തൈനടല്‍ പരിപാടികളുമെല്ലാം ദീര്‍ഘകാലത്തേക്ക് പരിപാലിച്ച് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്വന്തം അനുഭവത്തിലൂടെ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും പരിസ്ഥിതി ദിനത്തിലും രാഷ്ട്രീയ സാമാജികര്‍ക്ക് പ്രസംഗിക്കേണ്ടി വരുമെന്നുറപ്പ്. ചുരുക്കിപ്പറഞ്ഞാല്‍ കുന്നും മലയും ഇടിച്ച് നിരത്താനും വയല്‍ നികത്താനും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് മൂടാനുമൊക്കെ ഭാഗികമായെങ്കിലും കൂട്ട് നിന്നതിന്റെ സ്വാദ് നേരിട്ടനുഭവിച്ചറിയാനുള്ള ഭാഗ്യം ചിലര്‍ക്കെങ്കിലും കൈവന്നിരിക്കുന്നൂ എന്ന്.

ചെന്നൈയിലും ഉത്തരാഖണ്ഡിലും വികൃതിയൊരുക്കിയ പ്രകൃതി കേരളത്തിലും വാണിംഗ് സിഗ്‌നല്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു. പാലക്കാട് ഇതിനോടകം തന്നെ സൂര്യാഘാതം മൂലം ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു.

വേദികള്‍ മാറി മാറി പ്രസംഗിക്കുന്നതിനപ്പുറം, പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവരും വിദ്യാസമ്പന്നരും സിദ്ധാന്തങ്ങളെ പ്രയോഗവല്‍ക്കരിക്കാന്‍ കഴിവുള്ളവരുമൊക്കെ വിജയിക്കട്ടെ. ഒപ്പം, ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഒരു നല്ല കാര്യം ചെയ്ത് കൊണ്ട് വിജയിച്ച് കയറാമോ അഥവാ തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കാമോ എന്ന് ചോദിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

നാനാത്വത്തില്‍ ഏകത്വം പുലരുന്ന ഈ നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പെടെ മാതൃകാപരമാക്കാനായാല്‍ അത് ചരിത്രപരമായ ഒരു ചുവടുവെയ്പ്പും ഭാവി കേരളത്തിന് വളരെയധികം പ്രതീക്ഷ നല്‍കുന്ന ഒരു കാര്യവുമായിരിക്കും. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ചട്ടം വിപുലീകരിച്ച സമയത്താണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വന്യജീവികള്‍ വരെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരകളാവുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഭരണകൂടങ്ങള്‍ ഒരു വശത്ത് അതിശക്തമായ ഇത്തരം നിയമങ്ങള്‍ പാസാക്കുമ്പോള്‍ മറുവശത്ത് നഗ്‌നമായ നിയമലംഘനങ്ങള്‍ നടത്തുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. ഉദാഹരണത്തിന് 'പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍' എന്നെഴുതിയ ഫ്‌ളക്‌സ് ബാനറുകള്‍ വരെ പുറത്തിറങ്ങുന്ന ഒരു വര്‍ത്തമാന കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. തെറ്റായ ഈ രീതി അനുവര്‍ത്തിക്കുന്ന പ്രവണത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇന്ന് പ്രകടമാണ്.തെരഞ്ഞെടുപ്പ് കാലം സൃഷ്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പുന:ചംക്രമണം (റീ-സൈക്കിള്‍) ചെയ്യാന്‍ സാധിക്കാത്ത ക്ലോറിനേറ്റഡ് ഫളക്‌സിന്റെ അമിത ഉപയോഗം. ഇവ കത്തിക്കുന്നത് വഴി പുറത്ത് വരുന്ന ഡയോക്‌സിന്‍, ഫ്യൂറാന്‍ എന്നീ കാന്‍സര്‍ജന്യ വിഷ വാതകങ്ങള്‍ ജീവന്റെ നിലനില്‍പിന് ഭീഷണിയും മാരകരോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു. വലിയൊരു വ്യാവസായിക നഗരമല്ലാതിരുന്നിട്ടു പോലും കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാന്‍സറിനു കാരണം അശാസ്ത്രീയമായ മാലിന്യ പരിപാലനം കൊണ്ട് കൂടിയാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജന്മന ആരും കാന്‍സര്‍ ബാധിതനായി ജനിക്കാത്ത കേരളം ഇന്ന് കാന്‍സറിന്റെ തലസ്ഥാനമാണ്! വന്ധ്യത, ത്വക് രോഗങ്ങള്‍, അലര്‍ജി, ശ്വാസം മുട്ട്, ജന്മനാലുള്ള തകരാറുകള്‍ തുടങ്ങിയ രോഗങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടവ തന്നെ.

നിലവില്‍ പ്രചാരത്തിലുള്ള പി.വി.സി ഫ്‌ളക്‌സുകള്‍ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ 40 ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപനിലയില്‍ ഡീ ഹൈഡ്രോക്ലോറിനേഷന് വിധേയമായി വിഷവാതകങ്ങള്‍ പുറത്ത് വിടുകയും അത് ശ്വസിക്കുന്നത് മൂലം പല തരം ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഉല്‍പ്പാദന, ഉപഭോഗ, പുന:ചംക്രമണ സമയങ്ങളില്‍ ഇത്രയധികം മലിനീകരവും അപകടകരവുമായ മറ്റൊരു പ്ലാസ്റ്റിക്ക് ഇല്ല. പി.വി.സി. പ്ലാസ്റ്റിക്കുകളിലെ താലേറ്റ് എന്ന പദാര്‍ത്ഥം കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളിലെ കളിപ്പാട്ടങ്ങളില്‍ ഭാഗികമായോ പൂര്‍ണമായോ പി.വി.സി. നിരോധിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബാക്കിയാവുന്ന പ്ലാസ്റ്റിക്കും ഫ്‌ളെക്‌സ് ബോര്‍ഡും കൊടിതോരണങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പ്ലാസ്റ്റിക് അമിതമായി ഉപയോഗിക്കുകയും കത്തിക്കുകയും ചെയ്യുന്നതു മൂലം മേല്‍പ്പറഞ്ഞ തരത്തിലുള്ള പലതരം മാരക രോഗങ്ങളാണ് ഇന്ന് മലയാളിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ വികസന മുന്നേറ്റങ്ങള്‍ ലോക പ്രസിദ്ധമാണ്. ഈ നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സ്ഥാനം വളരെ വലുതും വിപുലവുമാണ്.

ഈയിടെയായി, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ വളരെ സജീവമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരുന്നുണ്ട്. ഇത് അഭിമാനകരമാണ്.

സി.പി.ഐ.എമ്മിന് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ നടക്കുന്ന ഉറവിട മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും ജൈവ പച്ചക്കറി കൃഷി വ്യാപനവും അവരുടെ മുഖ്യ അജണ്ടകളിലൊന്നാണ്. ഇത് അവരുടെ ജനകീയത വീണ്ടെടുക്കാനും കേരളീയ പൊതുസമൂഹത്തില്‍ നന്മയുടെയും പ്രകാശത്തിന്റെയും പുതിയൊരു കൂട്ടായ്മ രൂപപ്പെടുത്താനും ഉപകരിക്കും എന്ന് നിസ്സംശയം പറയാം.

ബി.ജെ.പിക്കാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ താല്‍പര്യപൂര്‍വ്വം നേതൃത്വം നല്‍കുന്ന, കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയുണ്ട്. ധാരാളം മുന്നേറ്റങ്ങള്‍ ആ വഴിക്ക് നടന്ന് വരുന്നുണ്ട്. ഗ്രാമപ്രദേശത്ത് കേന്ദ്രീകരിച്ചിരുന്ന പദ്ധതിയെ നഗരതലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അവര്‍ക്കായി. മലയാളിയായ ഡോ. പി.ബി സലിം ഐ.എ.എസിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ നാദിയ ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഒ.ഡി.എഫ്. (open defecation free) ജില്ലയായി പ്രഖ്യാപിച്ചത് ഇക്കാലത്തിനിടയിലാണ്. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷിക ദിനമായ 2019 ഒക്ടോബര്‍ രണ്ടോടു കൂടി ഇന്ത്യയെ 'ക്ലീന്‍' ആക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.മുസ്ലീം ലീഗിനും പരിസ്ഥിതി സബ് കമ്മിറ്റിയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം നിളാതീരത്ത് അവര്‍ സംഘടിപ്പിച്ച പരിസ്ഥിതി സിമ്പോസിയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഭൂരിപക്ഷത്തിന് വിജയിച്ച, പരിസ്ഥിതി സബ് കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായ മുസ്ലീം ലീഗ് ജില്ലാ നേതാവ് സലീം കുരുവമ്പലം ഫളെക്‌സെന്ന പ്രചാരണായുധം ഉപയോഗിക്കാതെയാണ് ഈ നേട്ടം കൊയ്തത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും സാധിക്കാവുന്നതേയുള്ളൂ എന്നും പ്രവര്‍ത്തനം വിലയിരുത്തിയാണ് ജനം വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതെന്നും അതിന് സ്ഥാനാര്‍ത്ഥികള്‍ മുന്‍കൈ എടുക്കണമെന്നും സലീം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും മല്‍സരിച്ച ഷീബ, ഫ്‌ളക്‌സ് രഹിത പ്രചാരണം നടത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആലപ്പുഴയിലും കണ്ണൂരും മലപ്പുറത്തുമൊക്കെ ഡസണ്‍ കണക്കിന് പഞ്ചായത്തംഗങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവ്വിധം ജയിച്ചു കയറിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനും പ്രാദേശിക സര്‍ക്കാരുകള്‍ക്കും മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് ശ്രദ്ധേയമായ ഒരു പടി മുന്നേറ്റങ്ങള്‍ ഇക്കഴിഞ്ഞ കാലത്തിനിടയില്‍ ഉണ്ടാക്കിയെടുക്കാനായിട്ടുണ്ട്. ഹരിത എംഎല്‍മാരുടെ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയം തന്നെ.

കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, കണ്ണൂരിലെ ഹരിത പഞ്ചായത്ത് ഇലക്ഷന്‍ കാമ്പയിന്‍, ദേശീയ ഗെയിംസ്, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം, കേരളത്തില്‍ ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ പരിപാടികള്‍ കേരളം ഇതിനോടകം തന്നെ പൊതുസമൂഹം ചര്‍ച്ച ചെയ്ത, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നേതൃത്വം നല്‍കിയ ചില മാതൃകാ ഉദാഹരണങ്ങളാണ്.

കണ്ണൂരില്‍ പരിസ്ഥിതി സൗഹൃദപരമായി കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്റെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു.

ഇവിടങ്ങളില്‍ നിന്നെല്ലാം പ്ലാസ്റ്റിക്കിനെയും ഫ്‌ളക്‌സ്, ഡിസ്‌പോസിബിള്‍ ഐറ്റംസ് തുടങ്ങിയ സാധങ്ങളെയെല്ലാം ഒരു പരിധിക്കപ്പുറത്തേക്ക് പുറത്ത് നിര്‍ത്താനായത് മാതൃകാപരമെന്ന് കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളം വിലയിരുത്തിയതാണ്. മേല്‍ പരിപാടികള്‍ക്ക് പൊതുസമൂഹവും മാധ്യമങ്ങളും നല്‍കിയ പിന്തുണയും അഭിനന്ദനങ്ങളും വളരെ വലുതായിരുന്നു.

ഇത്രയൊക്കെ ശക്തമായ രീതിയില്‍ വിപുലപ്പെട്ടു വരുന്ന പരിസ്ഥിതി സൗഹൃദ രീതികള്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അനുവര്‍ത്തിക്കാനാവുമോ എന്നതാണ് ചോദ്യം. കേരളത്തിലെ പത്ര, ദൃശ്യ, മാധ്യമങ്ങള്‍ ഇത്തരം ചര്‍ച്ചകള്‍ ഈ സമയത്ത് ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒന്നൂളിയിട്ടാല്‍ മാത്രം ചര്‍ച്ചക്ക് കളമൊരുക്കാവുന്ന ധാരാളം പോസിറ്റീവ് പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാവുന്നതാണ്. ചാനലുകളിലെ വാര്‍ത്താ അവതാരകരുടെ കണ്ണ് ഈ മേഖലയിലേക്ക് കൂടി തുറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഭാവി കേരളത്തിന് ഒരു പോലെ പ്രയോജനം ചെയ്യുന്ന ഒരു കാര്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ പ്രകാരം പുരോഗമിക്കുമ്പോള്‍, കേരളീയ പൊതു സമൂഹം ഇക്കുറി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഒരു പരിസ്ഥിതി സൗഹൃദമായ തെരഞ്ഞെടുപ്പ് തന്നെയാണ്. മേല്‍ രീതികള്‍ പിന്തുടര്‍ന്ന് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍, പ്ലാസ്റ്റിക്/ ഫ്‌ളക്‌സ് രഹിത പ്രചാരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായാല്‍ അത് മാതൃകാപരവും ചരിത്രത്തില്‍ ഇടം നേടുന്ന ഒരു രാഷ്ട്രീയ ദൗത്യമായി മാറുകയും ചെയ്യും. ഫ്‌ളക്‌സിനു പകരം അതേ രൂപഭാവങ്ങള്‍ നിലനിര്‍ത്തുന്ന തുണി, പേപ്പര്‍, ഇക്കോ സൈന്‍, പുല്‍പ്പായ, പനമ്പ്, തെങ്ങോല തുടങ്ങിയ പ്രകൃതിസൗഹൃദമായ ധാരാളം വസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പരിപാടികളിലും ഏറ്റവുമധികം പണം ചിലവഴിക്കുന്നത് പ്രചാരണത്തിനാണ്. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ഈയിനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചിലവാക്കുന്നത്. ആ മേഖലയില്‍ ചിലവാക്കുന്ന കാശ് കറങ്ങിത്തിരിഞ്ഞ് പാര്‍ട്ടികള്‍ക്ക് തന്നെ തിരിച്ചു കിട്ടുന്ന രീതിയിലേക്ക് ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കിയാല്‍ അത് വളരെ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കാര്യങ്ങളെ ഇപ്രകാരം സമീപിക്കാനായാല്‍ അത് രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക ശാക്തീകരണത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാവും. ഇന്ന് ആ മേഖലയിലെ കാശ് മുഴുവന്‍ എത്തിച്ചേരുന്നത് സ്വകാര്യ ഫളക്‌സ് മുതലാളിമാരിലേക്കാണെങ്കില്‍ അതുകൊണ്ടുള്ള ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്നത് പൊതുസമൂഹമാണ്.

പ്രാദേശിക കലാകാരന്‍മാരെ കൂട്ടുപിടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുവായി ജില്ലാതല പ്രചാരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചാല്‍ അത് കുറേയധികം ആളുകള്‍ക്ക് ജീവിതോപാധിയായി മാറുകയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായകരമാവുകയും ചെയ്യും. കൂടാതെ ഇത് പ്രാദേശിക സാമ്പത്തികാസൂത്രണണത്തിന് ഒരു പുതുവഴി സൃഷ്ടിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികളുടെ ഇടപെടലിലൂടെ പ്രചാരണ സാമഗ്രികള്‍ പരിസ്ഥിതി സൗഹൃദമാണോ എന്ന് പരിശോധിക്കാനുള്ള നിയമ വ്യവസ്ഥകള്‍ കൊണ്ടുവരുന്നതും നല്ലതാണ്.

സാമൂഹ്യ പ്രതിബദ്ധതയുള്ള മുന്നേറ്റങ്ങളെ എന്നും കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ച ചരിത്രമേ കേരളത്തിന് പറയാനുള്ളൂ. അതുകൊണ്ട് തന്നെ മേല്‍ പരിപാടികള്‍ക്ക് ലഭിച്ച ജനകീയത നിലനിര്‍ത്താനും, കേരളത്തില്‍ നടന്ന് വരുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോവുന്നതിനും മാതൃക കാണിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വലിയൊരവസരമാണ് ഈ തെരഞ്ഞെടുപ്പ്.

പുനരുപയോഗിക്കാനോ പുന:ചംക്രമണത്തിന് വിധേയമാക്കാനോ പറ്റുന്ന മേല്‍പ്പറഞ്ഞ സാധന സാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിന് നേതൃത്വം നല്‍കാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുമെന്നാണ് കരുതുന്നത്.

വാചക കസര്‍ത്തുകള്‍ക്കപ്പുറത്ത് വ്യക്തികളെയും പ്രവര്‍ത്തനങ്ങളെയും നോക്കി മാര്‍ക്കിടുന്നവര്‍ ഇന്ന് ഒരുപാടുണ്ട് കേരളത്തില്‍. ഒരു പാര്‍ട്ടിയുടെ കവല പ്രസംഗം കേള്‍ക്കുന്നതിനു പകരം, ചാനലുകളിലെ വാര്‍ത്താ വിശകലനങ്ങളും വിനോദവും ഒരുമിച്ച് ആസ്വദിക്കുന്ന തരത്തിലേക്ക് വര്‍ത്തമാനകാല മലയാളി ചേക്കേറിയിരിക്കുന്നു. മലയാളികളുടെ ഈ പുതിയ ശീലങ്ങളിലേക്ക് ഊളിയിടണമെങ്കിലും, വാട്ട്‌സ് ആപ്പിന്റെയും ഫേസ് ബുക്കിന്റെയും ലോകത്ത് അഭിരമിക്കുന്ന യുവതീ യുവാക്കളുടെ വോട്ട് പെട്ടിയിലാവണമെങ്കിലും പഴയ കുപ്പിയിലെ വീഞ്ഞും പരമ്പരാഗത ശൈലിയും മാത്രം മതിയാവില്ല എന്നതും ഉറപ്പാണ്.

ധീരവും കാലഘട്ടത്തിനാവശ്യവുമായ ഇത്തരം തീരുമാനങ്ങളിലൂടെ മാത്രമേ ഇനിയങ്ങോട്ടുള്ള കാലം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാവൂ. പാരീസ് ഉടമ്പടിയിലടക്കം പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതല്ലേ? കാലത്തിനുസരിച്ച് യുക്തമായ തീരുമാനങ്ങളെടുക്കുന്നവരോട് പൊതുസമൂഹം വോട്ടിലൂടെ അവരുടെ പ്രതികരണമറിയിക്കും. ഒരു പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പെന്ന പേരില്‍ കൂടി, ഈ വരുന്ന തെരഞ്ഞെടുപ്പ് മാറട്ടെയെന്ന് ആശിക്കുകയാണ്.

മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷക്കാരായ പ്ലാസ്റ്റിക്കിനെയും ഫ്‌ളക്‌സിനെയും ഡിസ്‌പോസിബിള്‍ സാമഗ്രികളെയും വര്‍ജ്ജിക്കുന്ന ഒരു തെരഞ്ഞെടുപ്പ് സംസ്‌കാരം തുടങ്ങിവെക്കാനും, നടന്നുവരുന്നതും നടക്കാനിരിക്കുന്നതുമായ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാനും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരുമെന്ന് തന്നെയാണ് പ്രതീക്ഷ.ഇത്തരത്തിലൊരു മാതൃകാപരവും പ്രചോദനമേകുന്നതുമായ ഒരു പ്രവര്‍ത്തനം നടത്തിയതിന് ശേഷം അധികാരത്തിലേറുന്നതിലും വലിയ അന്തസ്സുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനം വേറെയുണ്ടോ?

ആരെയായിരിക്കും ജനം നാളെ നല്ല മനുഷ്യര്‍ എന്ന് വിളിക്കുന്നത്? നാടിനും മനുഷ്യനും ഒരുപോലെ ദോഷക്കാരായ വസ്തുക്കള്‍ ഉപയോഗിച്ച് അധികാരത്തിലെത്തുന്നവരേയോ? അതോ, ദോഷക്കാരെ ഒഴിവാക്കി മാതൃകാപരമായി ജയിച്ച് അധികാരത്തിലെത്തുന്നവരേയോ? രണ്ടായാലും കാത്തിരുന്ന് കാണാം.

വാല്‍ക്കഷണം: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും... നാട്ടുകാരുടെ കാശ് പിരിച്ച് നാടിന് ദോഷമുണ്ടാക്കി, ഒപ്പം രോഗം സമ്മാനിച്ച്, ഫ്‌ളക്‌സ് മുതലാളിയെ രാജാവാക്കി മുന്നേറുന്ന സാമ്പ്രദായികവും തെറ്റായതുമായ ഈ ഫ്‌ളക്‌സ് രീതി പിന്തുടരണമോയെന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും അണികളെ ബോധ്യപ്പെടുത്താനുമൊക്കെ ഇക്കുറി ധാരാളം സമയമുണ്ട്. പക്ഷേ, അതിനുള്ള ഇച്ഛാശക്തി കാണിക്കണമെന്നു മാത്രം...

(ലേഖകന്‍ ശുചിത്വ മിഷന്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസറാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories