TopTop

മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇപ്പോള്‍ കെസി വേണുഗോപാല്‍ ഖേദിക്കുന്നുണ്ടാകുമോ?

മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇപ്പോള്‍ കെസി വേണുഗോപാല്‍ ഖേദിക്കുന്നുണ്ടാകുമോ?
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ അപ്രതീക്ഷിതമായ തിരിച്ചടിയുടെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. 2014നെ അപേക്ഷിച്ച് ആത്മവിശ്വാസത്തോടെയാണ് 2019ലെ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയവും സാമ്പത്തിക പരിഷ്‌കരണങ്ങളിലെ അബദ്ധങ്ങളും അഴിമതിയും വെളിച്ചത്തുകൊണ്ടു വരാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും അത് വോട്ടായി മാറുമെന്നുമുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചരണത്തിലെമ്പാടും നരേന്ദ്ര മോദിയ്ക്കും സര്‍ക്കാരിനും എതിരായി ജനകീയ വികാരം രൂപീകരിക്കുന്നതിനും സാധിച്ചുവെന്നും കോണ്‍ഗ്രസ് കരുതി. ആലപ്പുഴ എംപിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലാണ് പ്രചരണങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്തത്. ഇതിനായി അദ്ദേഹം ഇക്കുറി മത്സരിക്കുന്നില്ലെന്നും പ്രഖ്യാപിച്ചു.

രാജ്യവ്യാപകമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ മാത്രമാണ് അവര്‍ വന്‍ കുതിപ്പുനടത്തിയത്. കേരളത്തിലെ ഇരുപതില്‍ പത്തൊമ്പത് സീറ്റുകളും അതില്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസ് അധികമായി നേടിയെന്നുമുള്ള പ്രത്യേകയുമുണ്ട്. വേണുഗോപാല്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന ആലപ്പുഴയില്‍ ഇക്കുറിയും അദ്ദേഹം തന്നെ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വേണുഗോപാല്‍ മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇത് പരാജയഭീതി മൂലമാണെന്ന് അന്ന് തന്നെ ഇടതുപക്ഷം പ്രചരണം നടത്തുകയും ചെയ്തു. വേണുഗോപാല്‍ പിന്മാറിയതോടെയാണ് അവിടെ ഷാനിമോള്‍ ഒസ്മാന്‍ സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച ആലപ്പുഴ ഇക്കുറി അവര്‍ക്ക് കൈവിട്ടുപോയി. ആലപ്പുഴ മാത്രമാണ് യുഡിഎഫ് തോറ്റതെന്നതും ശ്രദ്ധേയമാണ്. ഒരുപക്ഷെ കെ സി വേണുഗോപാല്‍ മത്സരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. അങ്ങനെയെങ്കില്‍ കേരളം മൊത്തത്തില്‍ യുഡിഎഫ് തൂത്തുവാരിയെടുക്കുകയും ചെയ്‌തേനെ.

മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇപ്പോള്‍ കെ സി വേണുഗോപാല്‍ ഖേദിക്കുന്നുണ്ടാകും. കാരണം, ഒരു എംപി പോലുമല്ലാതെയാണ് അദ്ദേഹത്തിന് ഇനിയുള്ള ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കേണ്ടി വരുന്നത്. ഒരുപക്ഷെ കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ രാജ്യസഭയിലൂടെ കെ സി വേണുഗോപാല്‍ പാര്‍ലമെന്റിലെത്തുകയും രാഹുല്‍ ഗാന്ധി മന്ത്രി സഭയില്‍ ഏതെങ്കിലും സുപ്രധാന പദവി തന്നെ ലഭിക്കുകയും ചെയ്‌തേനെ. രാഹുല്‍ വയനാട്ടിലും അമേഠിയിലും വിജയിച്ചിരുന്നെങ്കിലും വേണുഗോപാലിന് പ്രതീക്ഷകളുണ്ടായിരുന്നു. രാഹുല്‍ തന്റെ പരമ്പരാഗത മണ്ഡലമായ അമേഠി നിലനിര്‍ത്തുമ്പോള്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് പാര്‍ലമെന്റില്‍ രാഹുലിന് കരുത്താകാന്‍ വേണുഗോപാലിന് സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ അമേഠിയില്‍ രാഹുല്‍ അപ്രതീക്ഷിതമായി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.

പാര്‍ലമെന്ററി സ്ഥാനമാനങ്ങളില്ലാതെയാണ് ഇനി കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരേണ്ടത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചെടുത്തപ്പോള്‍ കെ സിയുടെ തന്ത്രങ്ങളാണ് വിജയം കണ്ടത്. അതിനാല്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്ലാവരുടെയും ശ്രദ്ധ കെ സിയിലേക്കായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ ദേശീയതലത്തില്‍ അടപടലം പരാജയപ്പെട്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചെന്നാണ് അറിയുന്നത്. ഒരു രാഷ്ട്രീയ വനവാസത്തിന് അദ്ദേഹം തയ്യാറെടുക്കുകയാണെന്ന് വ്യക്തം. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ കെ സിയുടെ രാഷ്ട്രീയ ഭാവി എന്താകുമെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാത്രമായി അദ്ദേഹം ഒതുങ്ങുമോയെന്നാണ് അറിയേണ്ടത്.

Next Story

Related Stories