TopTop
Begin typing your search above and press return to search.

പ്രകടന പത്രികകള്‍ എന്ന ശുദ്ധതട്ടിപ്പ്

പ്രകടന പത്രികകള്‍ എന്ന ശുദ്ധതട്ടിപ്പ്

കെ എ ആന്റണി

എല്‍ഡിഎഫും യുഡിഎഫും പ്രകടന പത്രിക പുറത്തിറക്കി കഴിഞ്ഞു. ഇരുപത്രികയിലും സത്യത്തില്‍ പുതുതായി ഒന്നുമില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അത്ര തന്നെ. പഴയ പ്രകടന പത്രികകള്‍ അലകും പിടിയും അല്‍പമൊന്നു മാറ്റി വീണ്ടും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കൊയ്ത്തുകാലത്ത് മൂര്‍ച്ച വരുത്തിയെടുത്ത അരിവാള്‍ പോലെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊയ്ത്തുല്‍സവമാണല്ലോ. പതിവു പോലെ തന്നെ ഒരിക്കലും നടക്കാന്‍ ഇടയില്ലാത്ത മോഹന വാഗ്ദാനങ്ങള്‍ ഒട്ടേറെയുണ്ട് രണ്ടു പത്രികകളിലും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ പ്രകടന പത്രിക വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്‍ സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുക വഴി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലെ അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

അധികം വൈകാതെ തന്നെ സുരേഷിനെ കേന്ദ്രമന്ത്രിയാക്കുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇതോടെ കേന്ദ്ര മന്ത്രി രാജീവ് പ്രസാദ് റൂഡിയുടെ മലപ്പുറം പ്രസംഗം ചെറിയ തോതിലെങ്കിലും യാഥാര്‍ത്ഥ്യമാകും. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന വിപണന തന്ത്രം തന്നെയാണ് താന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ വെയ്ക്കുന്നതെന്നാണ് റൂഡി മലപ്പുറത്ത് പറഞ്ഞത്. 'ഒരു എംഎല്‍എയെ തരൂ, ഒരു കേന്ദ്ര മന്ത്രിയെ തരാം. ഒന്നിലേറെ എംഎല്‍എമാരെ തന്നാല്‍ ഒന്നിലേറെ കേന്ദ്രമന്ത്രിമാര്‍. കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ കേന്ദ്ര മന്ത്രി സഭയിലെ എല്ലാ പ്രധാന വകുപ്പുകളും കേരളത്തിന്' ഇങ്ങനെ പോയി റൂഡിയുടെ വാഗ്ദാന പെരുമഴ. എന്തായാലും തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നില്‍ക്കേണ്ടി വന്നില്ല. ഒരു പടി മുമ്പേ എറിഞ്ഞ മോദിയും ഷായും കേരളത്തിന് മന്ത്രിയെ തന്നില്ലെങ്കിലും ഒരു രാജ്യസഭ എംപിയെ തന്നിരിക്കുന്നു.

പ്രകടന പത്രികകളിലേക്ക് തിരികെ വരുമ്പോള്‍ ഏറെ ശ്രദ്ധേയമാകുന്ന രണ്ട് കാര്യങ്ങള്‍ മദ്യ നയവും ആദിവാസികളും ദളിതരുമടക്കമുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന വാഗ്ദാനവുമാണ്. ഇടതു വലതു മുന്നണികളുടെ മദ്യ നയത്തിലുള്ള പ്രകടമായ ഏക മാറ്റം ഇടതു മുന്നണി മദ്യ വര്‍ജ്ജനത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ വലതു മുന്നണി സമ്പൂര്‍ണ മദ്യ നിരോധനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നതാണ്. ഇടതന്‍മാര്‍ മുന്നോട്ടു വയ്ക്കുന്ന ബോധവല്‍ക്കരണം വലതന്‍മാരും ഏറ്റുപിടിച്ചിട്ടുണ്ട്.

ബാറുകള്‍ അടച്ചു പൂട്ടിയെന്ന് ഊറ്റം കൊള്ളുന്ന വലതു സര്‍ക്കാര്‍ അടുത്തിടെ ആറ് പഞ്ചനക്ഷത്ര ബാറുകള്‍ക്കു കൂടി അനുമതി നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ മദ്യനയത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുണ്ട്. പഞ്ചനക്ഷത്ര ബാറുകളായി മാറാന്‍ അപേക്ഷ നല്‍കി കാത്തുനില്‍ക്കുന്നവ അറുപതിലേറെ വരുമെന്നാണ് കണക്ക്. മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ നല്‍കിയിട്ടുള്ള ഇവ കൂടി തുറക്കുന്നതോടെ കേരളത്തിലെ പഞ്ചനക്ഷത്ര ബാറുകളുടെ എണ്ണം നൂറു കവിയും.

പഞ്ചനക്ഷത്രമൊഴികെയുള്ള മുഴുവന്‍ ബാറുകളും അടച്ചു പൂട്ടിയെങ്കിലും തൊഴിലാളി സംരക്ഷണത്തിന്റെ പേര് പറഞ്ഞ് അടച്ചു പൂട്ടിയവയ്‌ക്കെല്ലാം ബീര്‍, വൈന്‍ ലൈസന്‍സ് നല്‍കി തുറന്നു വച്ചിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ തൊഴില്‍ ചെയ്യുന്ന മുന്‍ ജീവനക്കാരാകട്ടെ വിരലില്‍ എണ്ണാവുന്നരാണ്. ഇതില്‍ തന്നെ ചില ബാറുകളില്‍ ജോലി ചെയ്യുന്നവര്‍ ഭൂരിഭാഗവും ദിവസ വേതനക്കാരായ അന്യസംസ്ഥാന തൊഴിലാളികളാണ്. ഇത്തരം ചില ബീര്‍, വൈന്‍ പാര്‍ലറുകളില്‍ വില്‍ക്കുന്നത് വീര്യം കൂടിയ ബീര്‍ ആണെന്ന് മാത്രമല്ല ചിലയിടങ്ങളില്‍ ബിവറേജസ് വില്‍പന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന വിദേശ മദ്യം പോക്കറ്റിലോ സഞ്ചിയിലോ കൊണ്ടുവന്ന് രഹസ്യമായി ബിയറില്‍ ഒഴിച്ച് കഴിക്കുന്നവരും ധാരാളം.മദ്യ നിരോധനത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന യുഡിഎഫ് സര്‍ക്കാരാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യ രാജാവ് വിജയ് മല്ല്യയുടെ യുബി ഗ്രൂപ്പിന് 20 ഏക്കര്‍ നല്‍കിയത് എന്നതും ഏറെ കൗതുകകരം തന്നെ.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ കേരളത്തിലെ മദ്യ നയം എന്താണെന്ന് അവര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. ബാറുകള്‍ അടച്ചു പൂട്ടിയതിന് തൊട്ടുപിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ചില ബിവറേജസ് വില്‍പന കേന്ദ്രങ്ങള്‍ അടിച്ചു പൊളിച്ചിരുന്നു. ഇവിടെ നിന്നും മദ്യവും പണവും പ്രതിഷേധക്കാര്‍ കവര്‍ന്നു കൊണ്ടു പോയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാറുകാരുടെ പണം വാങ്ങി നടത്തുന്ന സമരം എന്ന ആക്ഷേപം ഉയര്‍ന്നതോടെ ആ പ്രതിഷേധ നാടകത്തിന് തിരശീല വീഴുകയായിരുന്നു. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും അറിയേണ്ടതുണ്ട്. എന്തായാലും എന്‍ഡിഎയുടെ കേരളത്തിലെ മദ്യനയത്തിനായും പ്രകടന പത്രികയ്ക്കായും നമുക്ക് കാത്തിരിക്കാം.

ഭൂമിയുടെ കാര്യത്തില്‍ യുഡിഎഫ് പഴയ തരിശുരഹിത കേരളം പദ്ധതി എന്ന തട്ടിപ്പില്‍ പിടിച്ചു കൂടുമ്പോള്‍ ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നത് രണ്ടേക്കര്‍ ഭൂമി വീതമാണ്. സത്യത്തില്‍ ഇവരൊക്കെ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്. റവന്യൂ ഭൂമി വിറ്റ് കാശാക്കുന്ന യുഡിഎഫും ആദിവാസി ഭൂ സമരങ്ങളില്‍ പലപ്പോഴും കണ്ണടച്ചു നിന്ന എല്‍ഡിഎഫും ഇത്രകാലവും മാറിമാറി ഭരിച്ചിട്ടും എത്ര ആദിവാസികള്‍ക്കും ദളിതര്‍ക്കും ഭൂമി ലഭിച്ചുവെന്ന് പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഈ വിഷയത്തില്‍ ഇരുകൂട്ടരും നടത്തുന്ന കള്ളക്കളി.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories