Top

കരിയും പുകയും പുരണ്ട് ജനകീയ വണ്ടിയില്‍ ഒരു മന്ത്രി; ഇത് ചരിത്രം

കരിയും പുകയും പുരണ്ട് ജനകീയ വണ്ടിയില്‍ ഒരു മന്ത്രി; ഇത് ചരിത്രം
കരിവണ്ടിയില്‍ കരിയും പുകയും കൊണ്ട് യാത്ര ചെയ്ത ഒരു മന്ത്രി. ആള്‍ക്കൂട്ടത്തിലൊരുവനായി, അവര്‍ക്കൊപ്പം... ജനങ്ങളുടെ യഥാര്‍ഥ സചിവനായി. ഇക്കാലത്തിത് കേള്‍ക്കുമ്പോള്‍ കുറച്ച് കൗതുകം തോന്നിയേക്കാം. മന്ത്രി വാഹനം കയറ്റിവിടാന്‍ ജനങ്ങളെ റോഡില്‍ നിന്നും ആട്ടിയോടിക്കുന്ന പോലീസ് വണ്ടികളാണ് നമ്മുടെ കാഴ്ചയില്‍ നിറയെ. എല്ലാ ദിവസവും, എല്ലാ മണിക്കൂറിലും നാം അത് കാണുന്നു.

പഴയ നേതാക്കളുടെ എളിമയും വിനയവും അറിവുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസ്സില്‍ യാത്ര ചെയ്യുന്ന നേതാക്കള്‍ പുതിയ കാര്യമാവില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സി. അച്യുതമേനോന്‍ ഒരു ഇരുമ്പു പെട്ടിയുമായി തമ്പാനൂരിലെത്തി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറിയാണ് തൃശൂര്‍ക്ക് മടങ്ങിയതെന്ന് വായിച്ചതോര്‍ക്കുന്നു. കരിവണ്ടിയില്‍ കരിയും പുകയും ശ്വസിച്ച് സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്ത മന്ത്രി പക്ഷെ അച്യുതമേനോനും മുന്‍ തലമുറക്കാരന്‍. സാക്ഷാല്‍ സഹോദരന്‍ അയ്യപ്പന്‍. പറവൂര്‍ ടി.കെ. നാരായണ പിള്ളയുടെ നേതൃത്വത്തിലുള്ള തിരു കൊച്ചി മന്ത്രിസഭാംഗമായിരിക്കെയാണ് സംഭവം.

കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രാതസ്മരണീയന്‍. ജാതിരഹിതവും വര്‍ഗ്ഗരഹിതവുമായ പുതിയ സമൂഹത്തെ സൃഷ്ടിക്കാനായി ചെറായിയില്‍ 1917 മേയ് 29-ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി ചരിത്രം സൃഷ്ടിച്ച വ്യക്തി. നാരായണ ഗുരുവിന്റെ പാഠത്തിന് ''ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'' എന്ന പാഠഭേദം സൃഷ്ടിച്ച, സഹോദര പ്രസ്ഥാനത്തിനു വിത്തുപാകിയ മഹാനുഭാവന്‍.

1928ല്‍ കൊച്ചിയിലെ രണ്ടാം ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ മുതല്‍ അംഗമായ അദ്ദേഹം 1940ല്‍ അതിന്റെ ഡെപ്യൂട്ടി പ്രസിഡന്റുമായി. കൊച്ചി രാജ്യത്തെ പ്രജാമണ്ഡലത്തിലും, ഇക്കണ്ടവാര്യര്‍ മന്ത്രിസഭയിലും, പിന്നീട് തിരുകൊച്ചി സംയോജനത്തിന്റെ പശ്ചാത്തലത്തില്‍ ടി.കെ. നാരായണ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിലും അംഗമായി. പറവൂര്‍ ടി.കെ. നാരായണ പിള്ളയുടെ മന്ത്രിസഭയില്‍ അധകൃതോദ്ധാരണം, പഞ്ചായത്ത്, രജിസ്‌ട്രേഷന്‍ തുടങ്ങിയ ഏഴോളം വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു.

അക്കാലത്താണ് മന്ത്രിയുടെ ജനങ്ങള്‍ക്കൊപ്പമുള്ള കരിവണ്ടി യാത്ര. ഒരു ദിവസം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സ്റ്റേറ്റ് കാറില്‍ സഹോദരന്‍ യാത്ര തിരിച്ചു. വൈക്കത്തിനടുത്തെത്തിയപ്പോള്‍ കാര്‍ നിശ്ചലമായി. പെട്ടന്ന് ഭേദമാക്കി യാത്ര തുടരാന്‍ കഴിയുന്ന രോഗമല്ല വണ്ടിക്കെന്ന് വന്നുനോക്കിയ വര്‍ക്‌ഷോപ്പുകാര്‍ പറഞ്ഞു. ഇപ്പോഴത്തെ പോലെയല്ല, മന്ത്രിമാര്‍ ജനങ്ങളെ ഭയപ്പെട്ട് തുടങ്ങിയിരുന്നില്ല അന്ന്. വലിയ എസ്‌കോര്‍ട്ടും അനുചര വൃന്ദമൊന്നുമില്ല മന്ത്രിമാരുടെ യാത്രയ്ക്ക്.

കാറും ഡ്രൈവറേയും അവിടെ ഉപേക്ഷിച്ച് സഹോദരന്‍ മന്ത്രി ആ വഴിക്കുവന്ന ലോക്കല്‍ ബസ്സില്‍ കയറി. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. നേരെ വൈക്കം ബസ് സ്റ്റാന്റിലേക്ക്. കരിഗ്യാസ് കൊണ്ട് ഓടുന്ന ബസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. ബസ്സില്‍ കയറിയാല്‍ ചായത്തൊട്ടിലില്‍ വീണതിനു സമം.

വൈക്കം സ്റ്റാന്റില്‍ എറണാകുളത്തേക്കുള്ള ബസ്സും നോക്കി യാത്രക്കാരില്‍ ഒരാളായി 'കരിപുരണ്ട' മന്ത്രി സഹോദരനും നിന്നു. ആള്‍ക്കൂട്ടം ആ കറുത്ത കണ്ണടക്കാരനെ തിരിച്ചറിഞ്ഞതും ഇല്ല. ഇക്കാലത്തെപ്പോലെ അടിക്കടി വണ്ടിയൊന്നും അന്നില്ല. ബസ്സ് വന്നപ്പോള്‍ അകത്തും പുറത്തും ഒരുപോലെ യാത്രക്കാരുടെ തിരക്ക്. സഹോദരന്‍ തിരക്കുകൂട്ടാനൊന്നും പോയില്ല. എല്ലാവരും കയറി തീരുന്നതുവരെ ക്ഷമയോടെ കാത്ത് നിന്നു. അവസാനക്കാരനായി അകത്ത് കടന്നു. കാല് നിലത്തുകുത്താനിടമില്ല. ഒരു വിധം കമ്പിയില്‍ തൂങ്ങികിടന്നു. ഏങ്ങിയും വലിഞ്ഞും പോയ ആ പൊതുഗതാഗത വണ്ടിയില്‍ മേലാകെ കരിയും പൊടിയും പുതച്ച് അദ്ദേഹം യാത്രക്കാരിലൊരുവനായി.

ആളെ ഇറക്കിയും കയറ്റിയും വണ്ടി കുറെയേറെ ദൂരം പോയി. അപ്പോള്‍ അടുത്ത് നിന്നയൊരാള്‍ക്ക് സംശയം. സഹോദരനാണോ ഇത്? കരിയും പുകയും പിടിച്ച വസ്ത്രവുമായി... എന്തായാലും മന്ത്രിയാകില്ല. ഒരു യാത്രക്കാരനില്‍ നിന്നും മറ്റൊരാളിലേക്ക് എന്ന വണ്ണം വണ്ടിയില്‍ പെട്ടന്ന് കുശുകുശുപ്പ് പടര്‍ന്നു. വിവരം കണ്ടക്ടറുടേയും ഡ്രൈവറുടേയും ചെവിയിലെത്തി. അവര്‍ വണ്ടി ഒതുക്കി, സ്ഥിരീകരണം നടത്തി. മുന്‍ സീറ്റില്‍ ഒരിടം കണ്ടെത്തി അദ്ദേഹത്തെ ഇരുത്തിയപ്പോള്‍ ബസ് പാതി ദൂരത്തിലേറെ പിന്നിട്ടിട്ടുണ്ടാകണം.

അപ്പോള്‍ ഒരു യാത്രക്കാരന്‍ വിനയപൂര്‍വം സഹോദരനോട് ചോദിച്ചു: 'അങ്ങെന്തിനാണ് ഇതിനകത്ത് യാത്ര ചെയ്യാന്‍ ഒരുങ്ങിയത്?''

അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ''നിങ്ങളെന്തിനാണിങ്ങനെ യാത്ര ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് ഞാനും തിരിച്ചു ചോദിക്കുന്നു. മനുഷ്യര്‍ക്ക് ഓരോരോ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ളതാണ് ബസ്. എനിക്കുമാത്രമായി ഇക്കാര്യത്തില്‍ ഒരു പ്രത്യേകതയും ഇല്ലല്ലോ?''

ഇത്രമേല്‍ ലളിതമായിരുന്നു സഹോദരന്‍ എന്ന മന്ത്രിയുടെ ജീവിതം. സഹോദരത്വം എല്ലാ അര്‍ഥത്തിലും പുലര്‍ത്തിയ സചിവന്‍.

Read More: തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു തമിഴ് സംസാരിക്കുന്നവര്‍ക്കായി ഒരു കോണ്‍ഗ്രസ് പാര്‍ട്ടി

1948 ഡിസംബറില്‍ സഹോദരന്‍ അയ്യപ്പന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭരണകാര്യങ്ങളില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ കൊണ്ടുവന്നു. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയെന്നതായിരുന്നു പ്രധാന പരിപാടി. പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണിട്ടുകൊണ്ടുള്ള ചെലവുചുരുക്കല്‍ അധാര്‍മ്മികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുങ്ങിയ ശമ്പളക്കാരെ പിരിച്ചുവിടുന്നതിനേക്കാള്‍ നല്ലത് ഉയര്‍ന്ന തസ്തികകള്‍ നിര്‍ത്തുന്നതാണെന്ന് അദ്ദേഹത്തിന് തോന്നി. മന്ത്രിമാരെ തന്നെ കുറയ്ക്കാമെന്ന നിലപാടെടുത്ത സഹോദരന്‍ സ്വയം രാജിവെച്ചു.

ഇന്നത്തെ പോലെ അല്ല. അന്ന് ഒട്ടാകെ ഒന്‍പത് മന്ത്രിമാരാണ് ഉള്ളത്. മുഖ്യമന്ത്രി രാജി സ്വീകരിക്കാന്‍ വിമുഖത കാട്ടി. അപ്പോള്‍ സഹോദരന്‍ വീണ്ടും നിലപാട് കര്‍ശനമാക്കി. തന്റെ ആരോഗ്യം മോശമായി വരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു പറ്റാത്ത തരത്തിലേക്ക് എത്തുന്നതിനു മുന്‍പെ സ്ഥാനം ഒഴിയുകയാണ് ഉചിതമെന്ന് വ്യക്തമാക്കി സഹോദരന്‍ മാതൃകകാട്ടി.

ഇക്കാലത്ത് 'ബഹുമാന്യ' സ്ഥാനങ്ങളിലിരിക്കുന്നവരെ രണ്ടും മൂന്നും ആളുകള്‍ താങ്ങിപ്പിടിച്ചു കൊണ്ടുപോകുന്ന കാഴ്ച നമ്മള്‍ കാണുന്നു. മരിച്ചാലും മന്ത്രി സ്ഥാനം വിടാത്തവരെ കണ്ട് ശീലിച്ച പുത്തന്‍ തലമുറ ഒന്നോര്‍ക്കണം, ഇവിടെ ഇങ്ങനേയും ചിലര്‍ ജീവിച്ചിരുന്നു. ആ പഴയ തലമുറയെ കണ്ടും അവരുടെ കഥകള്‍ കേട്ടും ആവേശം മൂത്ത് രാഷ്ട്രീയത്തിലെത്തിയ പലരും ഇപ്പോഴും കസേരയെ കെട്ടിപ്പിടിച്ചിരുന്ന് ഉറങ്ങുന്നുണ്ട്. ഒന്ന് സൂക്ഷിച്ച് നോക്കൂ.

Read More: എസ്എന്‍ഡിപി യോഗം ഓര്‍ക്കാനാഗ്രഹിക്കാത്ത ചരിത്രം; എന്തിന് സര്‍ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെ പിന്തുണച്ചു?

Next Story

Related Stories