TopTop
Begin typing your search above and press return to search.

യുപിയില്‍ ബിജെപിയെ വിജയിപ്പിച്ച നാല് പദ്ധതികള്‍

യുപിയില്‍ ബിജെപിയെ വിജയിപ്പിച്ച നാല് പദ്ധതികള്‍
സമൂഹത്തെ വിഭാഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള ബഹളമയമായ പ്രചാരണങ്ങള്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ശ്രദ്ധേയമായ തിരിച്ചുവരവിന് സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ബിജെപിക്ക് മാത്രം നടപ്പിലാക്കാന്‍ കഴിയുന്ന അത്തരം തന്ത്രങ്ങള്‍ക്കപ്പുറം, കേന്ദ്ര സര്‍ക്കാരിന്റെ ചില നയസമീപനങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവര്‍ ശ്രമിച്ചിട്ടുണ്ട് എന്ന് വേണം കണക്കാക്കാന്‍. വര്‍ഗ്ഗീയ പ്രചാരണത്തോടൊപ്പം അത്തരം ചില നയസമീപനങ്ങള്‍ വളരെ ഫലപ്രദമായി പ്രചരിപ്പിച്ചതും ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്.

നോട്ട് നിരോധനത്തെ കുറിച്ചുള്ള ഫലപ്രദമായ പ്രചാരണം
ഭീകരവാദം, കള്ളനോട്ടുകള്‍, അഴിമതി എന്നിവയ്‌ക്കെതിരായ ഫലപ്രദമായ നടപടിയാണ് നോട്ട് നിരോധനം എന്ന് ബിജെപി പ്രചരിപ്പിച്ചു. അതോടൊപ്പം ബാങ്കിംഗ് സമ്പ്രദായത്തിന് പുറത്താണെന്ന് അവര്‍ വിചാരിക്കുന്ന മുസ്ലീം സമുദായത്തിന് പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു ആ തീരുമാനമെന്ന് ഗൂഢമായി പ്രചരിപ്പിക്കാനും സംഘപരിവാറിന് സാധിച്ചു. ദിവസ വരുമാനക്കാരെയും ദിവസക്കൂലിക്കാരെയുമാണ് നോട്ട് നിരോധനം ഏറ്റവും മോശമായി ബാധിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശിലെ 80 ശതമാനം മുസ്ലീങ്ങളും ദിവസക്കൂലിക്കാരാണ്. മുസ്ലീങ്ങള്‍ നടത്തുന്ന വാണീജ്യ സ്ഥാപനങ്ങളായ അറവുശാലകള്‍ക്കും തുകല്‍ നിര്‍മ്മാതാക്കള്‍ക്കുമെതിരെ പ്രചാരണം നടത്താനും ബിജെപി മടിച്ചില്ല. ഇത്തരം വിഷയങ്ങളില്‍ ബിജെപിയെ ഒറ്റപ്പെടുത്താന്‍ മറ്റ് കക്ഷികള്‍ക്ക് സാധിച്ചില്ല. നോട്ട് നിരോധനത്തിന്റെയും അഴിമതിയുടെയും പേരില്‍ പഞ്ചാബില്‍ ബിജെപി സഖ്യത്തിനെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചപ്പോള്‍, നടപ്പാക്കല്‍ നയങ്ങളിലെ വീഴ്ചകളുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ എസ്പിക്കോ ബിഎസ്പിക്കോ സാധിച്ചില്ല. എന്നാല്‍ നോട്ട് നിരോധനത്തിനപ്പുറം, ഒരു പക്ഷെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെ മറ്റ് പല സാമ്പത്തിക നയങ്ങളും മോദി ഏറ്റെടുത്തിരുന്നു.

1. പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജന
രാജ്യത്തെമ്പാടുമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന എന്ന സാമൂഹിക ക്ഷേമ പദ്ധതിക്ക് കഴിഞ്ഞ മേയ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പദ്ധതിയുടെ ഉത്ഘാടനത്തിന് ബിജെപി തിരഞ്ഞെടുത്ത സ്ഥലം കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബല്ലിയ ആയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു സംസ്ഥാനത്തിലെ സ്ത്രീകളെ സ്വാധീനിക്കാന്‍ മോദി നടത്തിയ തന്ത്രപരമായ തീരുമാനമായിരുന്നു അത്.

ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പാചകരീതികള്‍ ഒഴിവാക്കാനും കുറച്ചുകൂടി കാര്യക്ഷമവും വൃത്തിയുമുള്ള പാചകവാതകം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയായിരുന്നു അത്. ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ മാത്രമല്ല അവരുമായി തന്നെ കൂടുതല്‍ ബന്ധപ്പെടാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നു എന്ന ധാരണ ഉയര്‍ത്താന്‍ സാധിച്ചു. ഈ പദ്ധതിക്ക് വേണ്ടി 8,000 കോടി രൂപയാണ് മാറ്റിവെച്ചത്.

2. ചിലവുകുറഞ്ഞ പാര്‍പ്പിടം

സ്വപ്‌നതുല്യം എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു ഭവനനിര്‍മ്മാണ പദ്ധതിക്ക് കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന എന്ന പദ്ധതി ഗ്രാമീണ ജനകോടികളെ ഉദ്ദേശിച്ചുള്ളതായിരുന്നു. പദ്ധതിയുടെ ഉത്ഘാടനത്തിനായി പ്രധാനമന്ത്രി ഒരിക്കല്‍ കൂടി ഉത്തര്‍പ്രദേശില്‍ എത്തി എന്നതാണ് ഏറ്റവും കൗതുകമുള്ള വസ്തുത. പദ്ധതിയുടെ ദേശീയതല ഉത്ഘാടനം നടന്നത് ആഗ്രയില്‍ വച്ചായിരുന്നു. 2022 ഓടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നാല് കോടി ജനങ്ങള്‍ക്ക് താങ്ങാവുന്ന ചിലവില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ വേണ്ടിയിട്ടാണ് ഇത്തരം ജനകീയ പദ്ധതികള്‍ പ്രധാനമന്ത്രി ആവിഷ്‌കരിച്ചത്.
പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധ്യതയുള്ളവരുടെ ഒരു പട്ടിക അവതരിപ്പിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പദ്ധതിയുമായി സഹകരിക്കുന്നില്ല എന്ന കടുത്ത ആരോപണം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനെതിരെ ഉന്നയിക്കാനും പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ നരേന്ദ്ര മോദി മറന്നില്ല. 'ഉത്തര്‍പ്രദേശില്‍ ഒന്നരക്കോടി ജനങ്ങള്‍ക്ക് വീടില്ല. വീടില്ലാത്തവരുടെ പട്ടിക തരാന്‍ യുപി സര്‍ക്കാരിനോട് ഞങ്ങളുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമായില്ല,' എന്ന് യുപിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ പ്രധാനമന്ത്രി പറഞ്ഞു.3. ജന്‍ധന്‍ അക്കൗണ്ടുകള്‍
രാജ്യത്തെ ഏറ്റവും പരമോന്നതമായ പദവിയില്‍ എത്തി അധികം താമസിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ ഏറ്റവും വലിയ ഉള്‍ക്കൊള്ളിക്കല്‍ നയത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. സാമ്പത്തിക സേവനങ്ങള്‍ക്ക് ജനകോടികളെ പ്രാപ്യരാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിന്റെ ദേശീയ കര്‍മ്മപരിപാടിയായി മാറിയ പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്ന പരിപാടി മോദി ആവിഷ്‌കരിച്ചു. ജനങ്ങള്‍ക്ക് താങ്ങാവുന്ന രീതിയില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍, പണമടവ്, വായ്പ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയവ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്ത് ബാങ്കിംഗ് സംവിധാനത്തിന് വെളിയില്‍ നില്‍ക്കുവരില്‍ 15 ശതമാനത്തിലേറെപ്പേരെ ഔദ്യോഗിക ബാങ്കിംഗ് സേവനമേഖലയില്‍ എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ദരിദ്രജനങ്ങളുടെ നേതാവാണ് താന്‍ എന്ന പ്രതിച്ഛായ ഊട്ടിയുറപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ നരേന്ദ്ര മോദിക്ക് സാധിച്ചു. ബാങ്കിംഗ് ശൃംഖലയിലേക്ക് ജനകോടികളെ ഉള്‍ക്കൊള്ളിക്കുക മാത്രമായിരുന്നില്ല ജന്‍ധന്‍ അക്കൗണ്ടുകള്‍ കൊണ്ട് ഉദ്ദേശിച്ചത്. മറിച്ച്, മറ്റ് പല പദ്ധതികളുടെയും ഗുണഭോക്താക്കളാവാനും പദ്ധതി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു.

4. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജന
കര്‍ഷകര്‍ക്കും ഗ്രാമീണ കുടുംബങ്ങള്‍ക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രാമീണ ജ്യോതി യോജന എന്ന പദ്ധതിക്ക് തുടക്കമിട്ടത്. 2015 ജൂലൈ 25നാണ് പ്രധാനമന്ത്രി പദ്ധതി രാഷ്ട്രത്തിനായി സമര്‍പ്പിച്ചത്. ഗ്രാമീണ മേഖലയില്‍ ഏറെക്കാലമായി പ്രതീക്ഷിക്കപ്പെട്ടിരുന്ന പരിഷ്‌കരണങ്ങള്‍ക്ക് പദ്ധതി ഉപോല്‍ബലകമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നും 2018 ഓടെ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വൈദ്യുതി പ്രാപ്യമാവുമെന്നും 2015-ലെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തില്‍ മോദി പ്രഖ്യാപിച്ചിരുന്നു.

വൈദ്യുതി നല്‍കുന്ന കാര്യത്തില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കാനാണ് അഖിലേഷ് യാദവ് ശ്രമിക്കുന്നതെന്ന് ഇതേ നയം ഉയര്‍ത്തിക്കൊണ്ട് മോദി വാദിച്ചിരുന്നു. 'ഉത്തര്‍പ്രദേശില്‍ എല്ലാവരും വിവേചനത്തിന് ഇരയാവുന്നു എന്ന പൊതുവികാരമാണുള്ളത്. സ്വന്തം അവകാശങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നു എന്ന തോന്നല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കുമുണ്ട്. തങ്ങളുടെ ഓഹരി മറ്റ് പിന്നോക്ക വിഭാഗങ്ങളിലേക്ക് പോകുന്നു എന്ന് ദളിതര്‍ പരാതി പറയുമ്പോള്‍, അത്തരം വിഭാഗക്കാര്‍ മുസ്ലീങ്ങള്‍ക്കും യാദവര്‍ക്കും എതിരെ വിരല്‍ ചൂണ്ടുന്നു. പക്ഷെ യാദവര്‍ പറയുന്നത് ചില കുടുംബക്കാര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് എന്നാണ്,' എന്ന് ഒരു റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞിരുന്നു.

'ഖബറിസ്ഥാന് വേണ്ടി ഒരു ഗ്രാമത്തില്‍ സ്ഥലം ലഭിക്കുന്നുണ്ടെങ്കില്‍ ചിതയൊരുക്കാനുള്ള സ്ഥലവും അവിടെ ലഭ്യമാവണം. ഈദിന് മുടങ്ങാതെ വൈദ്യുതി ലഭ്യമാവുന്നുണ്ടെങ്കില്‍ അത് ഹോളിക്കും ലഭ്യമാവണം,' എന്ന പ്രധാനമന്ത്രിയുടെ പ്രഘോഷണങ്ങള്‍ ഭൂരിപക്ഷ ജനത അംഗീകരിച്ചു എന്നാണ് യുപി നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.


Next Story

Related Stories