TopTop

നരേന്ദ്ര മോദിയില്‍ നിന്ന് സുരേഷ്‌ ഗോപി പഠിച്ച പാഠങ്ങള്‍

നരേന്ദ്ര മോദിയില്‍ നിന്ന് സുരേഷ്‌ ഗോപി പഠിച്ച പാഠങ്ങള്‍
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും പാലിച്ചുപോരുന്നതാണ് പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പ് പ്രക്രിയയെ സാര്‍ത്ഥകമാക്കാന്‍ ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ജനാധിപത്യ പക്രിയയില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുകയും ചെയ്യുന്നു. ആവേശത്തിനിടയില്‍ നടത്തുന്ന ചട്ട ലംഘനങ്ങള്‍ക്ക് മേല്‍ സ്വതന്ത്രമായി നിലപാട് സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരവും ഉണ്ട്. ഇങ്ങനെയായിരുന്നു ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പക്രിയ വികസിച്ചുവന്നത്. ചില വ്യക്തികള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായതോടെ ചട്ടങ്ങള്‍ കണിശമായി പാലിച്ചുപോകണമെന്നത് നിര്‍ബന്ധമാക്കി. ഇത് ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസമില്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്തു
.
എന്നാല്‍ 17 -ാം ലോക്‌സഭ തെരഞ്ഞടുപ്പ് പ്രക്രിയ തുടങ്ങിയതു മുതല്‍ ഈ രീതികള്‍ മറികടക്കാനാണ് ബിജെപി ശ്രമിച്ചത് എന്ന ആരോപണം ശക്തമാണ്. ചട്ടലംഘനത്തിന് മാതൃക കാട്ടി അണികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോത്സാഹനം നല്‍കുകയാണെന്നും ഇപ്പോള്‍  ബിജെപിയുടെ സ്ഥാനാര്‍ത്ഥികളും പ്രാദേശിക നേതാക്കളും അത് ഏറ്റെടുത്തിരിക്കുന്നുവെന്നും ഒക്കെ ഇതിനൊപ്പം ആരോപണങ്ങളുണ്ട്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നടത്തിയ പ്രസ്തവനകളും ജില്ലാ കലക്ടര്‍ക്കെതിരെ ബിജെപി നേതാക്കളും  പ്രവര്‍ത്തകരും നടത്തുന്ന ആക്രമണങ്ങളുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതത്തെ കൂട്ടുപിടിക്കരുതെന്ന ചട്ടം ശബരിമലയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നതല്ല, അത് നേരത്തെ തന്നെ നിലവില്‍ ഉള്ളതാണ്. ശബരിമല കേരളത്തില്‍ സജീവ ചര്‍ച്ചയായതുകൊണ്ട് അതു പറഞ്ഞുള്ള വോട്ടുപിടുത്തം പാടില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്.

എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി പിറ്റേ ദിവസം തന്നെ ഈ ചട്ടം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലംഘിച്ചു. അദ്ദേഹം അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തി. അദ്ദേഹം നടത്തിയത് ചട്ട ലംഘനമാണെന്നും വിശദീകരണം നല്‍കണമെന്നും  ജില്ലാ കലക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് കലക്ടര്‍ അനുപമയ്‌ക്കെതിരെ വ്യാപകമായ ആരോപണങ്ങളുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തിയത്.

ജില്ലാ കലക്ടറുടെ നോട്ടീസ് കിട്ടിയതിന് ശേഷമുള്ള സുരേഷ് ഗോപിയുടെ പ്രതികരണത്തിന് ഒരു സിനിമാ താരത്തിന്റെ എല്ലാ സവിശേഷതകളുമുണ്ടായിരുന്നു. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്ത 'ജനാധിപത്യ'ത്തെ കുറിച്ച് അദ്ദേഹം വികാരഭരിതനായി സംസാരിച്ചു. തൃശൂര്‍ ജില്ലാ കലക്ടറുടെ മതസ്വത്വം വെളിപ്പെടുത്തി സംഘപരിവാര്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ വിഭാഗീയത സമര്‍ത്ഥമായി ഒളിച്ചുകടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെല്ലുവിളിയായി പിന്നീട്. ചട്ടലംഘനത്തെ പരസ്യമായി തന്നെ ന്യായീകരിക്കപ്പെട്ടു.

ഇത് എന്തെങ്കിലും വൈകാരികമായ പ്രതികരണമായിരുന്നില്ല എന്നു ശ്രദ്ധിച്ചാല്‍ മനസിലാക്കാം. നരേന്ദ്ര മോദി മുതല്‍ തുടങ്ങിയ ഒരു പക്രിയ കേരളത്തില്‍ എത്തിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ അഭിസംബോധന ചെയ്തുകൊണ്ട് മോദി നടത്തിയ മിഷന്‍ ശക്തി പ്രഖ്യാപനമായിരുന്നു ചട്ടലംഘനമായി പ്രതിപക്ഷം ആദ്യം ചൂണ്ടിക്കാട്ടിയത്. ഈ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് മോദിയുടെ ഓഫീസ് തങ്ങളില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നടത്തിയ ചട്ടലംഘനം അക്കമിട്ടു നിരത്തി പരാതി നല്‍കിയിട്ടും ദൂരദര്‍ശനും ആകാശവാണിയും ഇത് സംപ്രേഷണം ചെയ്തതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്നു മാത്രം പരിശോധന നടത്തിയ കമ്മീഷന്‍ എത്തിയ തീര്‍പ്പ്‌ ചട്ടലംഘനം ഇല്ല എന്നായിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസമായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് യോഗത്തില്‍ മതത്തെ ഉപയോഗിച്ചത്. ഹിന്ദുക്കള്‍ ഉളള പ്രദേശത്തുനിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടി എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളടക്കം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും നാളിതുവരെയായി കമ്മീഷന്റെ ഭാഗത്തുനിന്നും ചോദ്യങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല. മതത്തെ ഇത്രയും പരസ്യമായി തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഉപയോഗിച്ചിട്ടുണ്ടാവില്ല. അദ്ദേഹം ഈ പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ചു. സ്വാമി അസീമാനന്ദ അടക്കം സംഝോത എക്സ്പ്രസ് സ്ഫോടനത്തിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ ആയിരുന്നു ഇത്.

മോദി പശ്ചിമ ബംഗാളില്‍ നടത്തിയ 'മേം ഭി ചൌക്കിദാര്‍' എന്ന തെരഞ്ഞെടുപ്പ് റാലി 84 മിനിട്ടും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതും ചട്ടലംഘനം തന്നെ ആണെന്ന് പരാതികള്‍ ഉയര്‍ന്നെങ്കിലും 'വാര്‍ത്താമൂല്യം' പരിഗണിച്ചാണ് ലൈവ് ആയി പ്രക്ഷേപണം എന്നായിരുന്നു ദൂരദര്‍ശന്‍ നല്‍കിയ മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായതായി അറിവില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് മോദിയുടെ ഫോട്ടോ തന്നെ ലോഗോ ആക്കി അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് റാലികളും ബിജെപിയുടെ പരിപാടികളും മാത്രം പ്രക്ഷേപണം ചെയ്യുന്ന നമോ ടിവി പ്രവര്‍ത്തിക്കുന്നത് യാതൊരു അനുമതിയും ഇല്ലാതെയാണ്. എല്ലാ പ്രമുഖ ബിടിഎച്ച് പ്ലാറ്റ്ഫോമുകളിലും സംപ്രേഷണം ചെയ്യുന്ന ഇത് ഉപഭോക്താക്കളുടെ അനുമതി പോലുമില്ലാതെ അവരെ ഇതിന്റെ സൌജന്യവരിക്കാരാക്കുകയും ചെയ്തു. നഗന്മായ പെരുമാറ്റ ചട്ട ലംഘനം എന്ന് പകല്‍ പോലെ വ്യക്തമായിട്ടും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇപ്പോഴും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നത് കമ്മീഷന്‍ നീട്ടിവയ്ക്കുകയാണ്.

മോദിയുടെ ജീവിതം ചിത്രീകരിക്കുന്ന 'പിഎം നരേന്ദ്ര മോദി' എന്ന ബോളിവുഡ് സിനിമ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങുന്ന ഏപ്രില്‍ ഒന്നിന് തന്നെ പുറത്തിറക്കും എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബിജെപി ഒഴിച്ചുള്ള ഒരുവിധപ്പെട്ട മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കമ്മീഷന്‍ ഇപ്പോഴും തീരുമാനത്തില്‍ എത്തിയിട്ടില്ല. സിനിമ റിലീസ് ചെയ്യുന്നത് നോക്കുന്നത് തങ്ങളുടെ ജോലി അല്ലെന്നും ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് ആണ് തീരുമാനം എടുക്കേണ്ടത് എന്നുമായിരുന്നു കമ്മീഷന്റെ അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചത്. തങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മോദിയായി വേഷമിടുന്ന വിവേക് ഒബ്രോയിയും നിര്‍മാതാക്കളും പറഞ്ഞത്. എന്നാല്‍ ഗുജറാത്തിലേക്കുള്ള തങ്ങളുടെ താരപ്രചാരകരില്‍ ബിജെപി നിയോഗിച്ചിരിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ആളാണ് വിവേക് ഒബ്റോയി.

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംങും ഭരണഘടന പദവിയിലിരുന്നുകൊണ്ട് നരേന്ദ്ര മോദിക്ക് വേണ്ടി വോട്ടു തേടി ചട്ടം ലംഘിച്ചു. ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. പക്ഷെ കല്യാണ്‍ സിംങ് ഇപ്പോഴും പദവിയില്‍ തുടരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ മോദി സേനയാക്കി മാറ്റികൊണ്ടാണ് തെരഞ്ഞെടുപ്പ് പക്രിയയുടെ സ്വാഭാവികമായ രീതികളെ അട്ടിമറിക്കാന്‍ ശ്രമിച്ചത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ ഇന്ത്യാ വിഭജനത്തിന് ഉത്തരവാദിയാക്കിയും ആ പാര്‍ട്ടിയെ 'വൈറസ്' എന്നു വിളിച്ച് വര്‍ഗീയ ചുവയുള്ള പ്രസംഗവും അദ്ദേഹം നടത്തി. ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു കമ്മീഷന്റെ മുന്നറിയിപ്പ്. ആദിത്യനാഥ് പക്ഷെ ഈ മുന്നറിയിപ്പിന് കാര്യമായ പരിഗണനയൊന്നും നല്‍കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രസംഗങ്ങള്‍ തെളിയിക്കുന്നു.

അടിസ്ഥാന വരുമാന പദ്ധതിയെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാന നിര്‍ദ്ദേശത്തെ വിമര്‍ശിച്ചത് നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് കുമാറായിരുന്നു. കോണ്‍ഗ്രസിന്റെ വാഗ്ദാനം സാമ്പത്തികമായി നിലനില്‍ക്കുന്നതല്ലെന്നും നടപ്പിലാക്കാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ നടത്തിയത് ചട്ടലംഘനം കമ്മീഷന്‍ അസംതൃപ്തി രേഖപ്പടുത്തി. അദ്ദേഹം ഇപ്പോഴും ആ പദവിയില്‍ തുടരുകയും ചെയ്യുന്നു.

കേരളത്തില്‍ സുരേഷ് ഗോപിയില്‍ എത്തി നില്‍ക്കുന്ന ചട്ടലംഘനം ബോധപൂര്‍വം സൃഷ്ടിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്നാണ് പ്രധാനമന്ത്രി മുതല്‍ നടത്തുന്ന പ്രസംഗങ്ങള്‍ തെളിയിക്കുന്നത് എന്നാണ് വിമര്‍ശനങ്ങള്‍. ആര്‍ബിഐ, സിബിഐ, സുപ്രീം കോടതി തുടങ്ങി ഭരണഘടന സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ വ്യാപകമായി ലംഘിക്കുന്നതിനെയും കാണാന്‍  എന്നുള്ള സൂചനകളും ഇതിലുണ്ട്.

Next Story

Related Stories