TopTop
Begin typing your search above and press return to search.

രാഷ്ട്രീയ കുടിപ്പകയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, സിബിഐ പ്രതിപ്പട്ടികയില്‍; വടകര പിടിക്കാന്‍ സിപിഎം പി. ജയരാജനെ ഇറക്കുമ്പോള്‍

രാഷ്ട്രീയ കുടിപ്പകയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, സിബിഐ പ്രതിപ്പട്ടികയില്‍; വടകര പിടിക്കാന്‍ സിപിഎം പി. ജയരാജനെ ഇറക്കുമ്പോള്‍
കണ്ണൂർ സിപിഎമ്മിലെ മൂന്ന് ജയരാജന്മാരിൽ ഒരാൾ എന്നതിനപ്പുറം വിശേഷണങ്ങൾ ഏറെയുണ്ട് ഒരു കാലത്ത് ഇടതിന്റെ ഉറച്ച കോട്ടയെന്നറിയപ്പെട്ടിരുന്ന വടകര ലോക്സഭ മണ്ഡലം കോൺഗ്രസിൽ നിന്നും തിരിച്ചുപിടിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള പി ജയരാജന്. നീണ്ട എട്ടു വർഷക്കാലം കണ്ണൂരിൽ സിപിഎമ്മിന്റെ അമരക്കാരൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, ദേശാഭിമാനി മുൻ ജനറൽ മാനേജർ, സിഐടിയു മുൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ച അദ്ദേഹമിപ്പോൾ ജില്ലയിൽ നല്ല നിലയിൽ പ്രവർത്തനം നടത്തുന്ന ഐആർപിസി (ഇനീഷിയേറ്റിവ്‌ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ) എന്ന ജനകീയ സാന്ത്വന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനും നടത്തിപ്പുകാരനുമാണ്. കടത്തനാടൻ അങ്കത്തിനായി സിപിഎം നിയോഗിച്ചിട്ടുള്ള പി ജയരാജൻ മന്ത്രി ഇ.പി ജയരാജനെപ്പോലെ തന്നെ ജില്ലയിലെ രാഷ്ട്രീയ കുടിപ്പകയുടെ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി കൂടിയാണ്.

1999 ആഗസ്ത് 25-ലെ തിരുവോണനാളിലാണ് ഒരു സംഘം ബിജെപി - ആർഎസ്എസ് പ്രവർത്തകർ കിഴക്കേ കതിരൂരിലെ ജയരാജന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ വെട്ടിനുറുക്കി മൃതപ്രായനാക്കിയത്. അന്നത്തെ ആ ആക്രമണത്തിൽ ഒരു തള്ള വിരൽ അറ്റുപോയ ജയരാജന്റെ ഒരു കൈക്ക് ഇപ്പോഴും പൂർണ സ്വാധീനമില്ല. ജയരാജൻ നേതൃത്വം നൽകുന്ന ഐആർപിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവേ നടൻ സലിം കുമാർ ജയരാജനെ വിശേഷിപ്പിച്ചത്, 'സത്യസന്ധനായ, അഴിമതിയുടെ കറ പുരളാത്ത നേതാവ് ' എന്നാണ്. താൻ ഒരു കോൺഗ്രസ്സുകാരനാണെന്നും അതുകൊണ്ടു തന്നെ പി ജയരാജന്റെ രാഷ്ട്രീയ നിലപാടിനോട് തനിക്കു യോജിപ്പില്ലെന്നും പറഞ്ഞതിനുശേഷമായിരുന്നു ജയരാജന് സലിംകുമാർ വക ഗുഡ് സർട്ടിഫിക്കറ്റ്.

നിലവിൽ വടകര ലോക്സഭ മണ്ഡലത്തിൽപ്പെട്ട പാട്യം കിഴക്കേ കതിരൂരിലെ പരേതനായ കാരായി കുഞ്ഞിരാമന്റെയും പാറായി ദേവിയുടെയും മകനായി 1953-ൽ ജനിച്ച പി ജയരാജൻ പാർട്ടിയുടെ താഴെത്തട്ടിൽ ദീര്‍ഘകാലം പ്രവർത്തിച്ചു പടിപടിയായാണ് ജില്ലാ, സംസ്ഥാന നേതൃനിരയിലേക്ക് എത്തിയത്. കൂത്തുപറമ്പ്, പാനൂർ മേഖലയിൽ ബിജെപി - ആർഎസ്എസ്സിനെ പ്രതിരോധിക്കുന്നതിൽ എന്നും മുൻനിരയിലുണ്ടായിരുന്നു എന്നത് തന്നെയാണ് ജയരാജനെ മുഖ്യ ശത്രുവായി കാണാൻ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതും.

മൂന്നു തവണ (2001 , 2005, 2006 വർഷങ്ങളിൽ) കൂത്തുപറമ്പിൽ നിന്നും കേരള നിയമസഭയിലെത്തിയ ജയരാജന് വടകരയിലേത് പാർലമെന്റിലേക്കുള്ള കന്നി അങ്കമാണ്‌. 2001- ൽ കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജയരാജന്റെ തിരഞ്ഞെടുപ്പ് 2004- ൽ റദ്ദ് ചെയ്യപ്പെട്ടതിനെ തുടർന്ന് 2005 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച ജയരാജൻ അത്തവണ നേടിയ 45,865 വോട്ടിന്റെ ഭൂരിപക്ഷം കേരള നിയസഭയുടെ ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡ് ആണ്. യമുനയാണ് ഭാര്യ. ജെയിൻ പി രാജ്, ആഷിഷ് പി രാജ് എന്നിവർ മക്കളും അഞ്ജലി മരുമകളുമാണ്. ജയരാജന്റെ ഏക സഹോദരി പി സതീദേവിയിൽ നിന്നും 2009-ൽ മുല്ലപ്പള്ളി രാമചന്ദ്രൻ പിടിച്ചെടുത്ത വടകര മണ്ഡലം തിരിച്ചു പിടിക്കാനാണ് ജയരാജൻ തന്നെ രംഗത്തിറങ്ങുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ കടത്തനാടൻ അങ്കത്തിനുണ്ട്.

കമ്മ്യൂണിസ്റ്റുകൾക്കും സോഷ്യലിസ്റ്റുകൾക്കും നല്ല വളക്കൂറുള്ള മണ്ണാണ് വടകര മണ്ഡലത്തിന്റേത്. 1952-ൽ ആരംഭിക്കുന്ന വടകര ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാവും. മുല്ലപ്പള്ളിയുടെ കഴിഞ്ഞ രണ്ടു തവണത്തെ (2009 , 20014) വിജയവും കോൺഗ്രസ് ടിക്കറ്റിൽ കെ പി ഉണ്ണികൃഷ്ണൻ 1971-ലും 77-ലും നേടിയ വിജയങ്ങളും ഒഴിച്ച് നിറുത്തിയാൽ കോൺഗ്രസിന് ഈ മണ്ഡലത്തിൽ കാര്യമായി ഒന്നും തന്നെ അവകാശപ്പെടാനില്ല. ആദ്യ രണ്ടു വിജയങ്ങൾ ഒഴിച്ച് കെ.പി ഉണ്ണികൃഷ്ണൻ വടകര മണ്ണിൽ നേടിയ തുടർ വിജയങ്ങളൊക്കെ ഇടതിന്റെ പിന്‍ബലത്തിലായിരുന്നു. കേരളത്തിൽ ലോക്സഭ -നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടന്ന 1991-ൽ കുപ്രിസിദ്ധമായ കോ- ലീ - ബി പരീക്ഷണത്തിന് വേദിയയായ മൂന്ന് മണ്ഡലങ്ങളിലെ ഏക ലോക്സഭ മണ്ഡലവും വടകര തന്നെയായിരുന്നു. ഒടുവിൽ 1996-ൽ ഉണ്ണികൃഷ്ണൻ വീണ്ടും കോൺഗ്രസ് ടിക്കറ്റിൽ വടകരയിൽ മത്സരിച്ചപ്പോൾ വർധിത വീര്യത്തോടെയായിരുന്നു സിപിഎം ഒ. ഭരതനെ ഇറക്കി ഉണ്ണികൃഷ്ണനെ കെട്ടുകെട്ടിച്ചത്. തുടർന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ (1998, 99, 2004 വര്‍ഷങ്ങളിൽ) തുടർച്ചയായി സിപിഎമ്മിന്റെ രണ്ടു വനിതകളെ പാർലമെന്റിലേക്ക് അയച്ച ചരിത്രവും വടകരയ്ക്കുണ്ട് . 1998- ലും 99-ലും പ്രൊഫ. എ.കെ പ്രേമജത്തെയും 2004 ൽ പി സതീദേവിയെയും. ആർഎംപി രൂപീകരണത്തിന് ശേഷം നടന്ന 2009-ലെ തിരഞ്ഞെടുപ്പിലും പിന്നീട് ടി.പി ചന്ദ്രശേഖരന്റെ വധത്തിനു ശേഷം 2014 ൽ നടന്നതിരഞ്ഞെടുപ്പിലും വിജയിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നുവെങ്കിലും 2014-ൽ തലശ്ശേരിയും കൂത്തുപറമ്പും ഒഴികെയുള്ള മറ്റു അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ലഭിച്ചിട്ടും സിപിഎമ്മിലെ ഷംസീറിനെതിരെ അദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം വെറും 3036 വോട്ടിന്റെതു മാത്രമായിരുന്നു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പ് ചിത്രം നൽകുന്ന സൂചന വടകര ലോക്സഭ മണ്ഡലത്തിൽ എൽഡിഎഫ് വീണ്ടും ആധിപത്യം നേടുന്നു എന്നതാണ്. കുറ്റ്യാടി ഒഴികെയുള്ള ആറു മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിനൊപ്പമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജയരാജന്റെ വടകരയിലെ സ്ഥാനാർത്ഥിത്വം ഇതിനകം തന്നെ ഏറെ ചർച്ചയായിക്കഴിഞ്ഞു. അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ സിബിഐ പ്രതിപ്പട്ടികയിൽ പെടുത്തിയിട്ടുള്ള പി ജയരാജനെ സിപിഎം മത്സരിപ്പിക്കുന്നതിലുള്ള എതിർപ്പാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നതെങ്കിൽ സിപിഎം റിബലും ആർഎംപിയുടെ സ്ഥാപക നേതാവുമായിരുന്ന ടി.പി ചന്ദ്രശേഖരന്റെ വധമാണ് വടകരയിൽ ആർഎംപിയും കോൺഗ്രസ്സും ജയരാജനെതിരെ പ്രധാന ആയുധമാക്കുന്നത്. ചന്ദ്രശേഖരൻ വധക്കേസിൽ ജയരാജൻ പ്രതിചേർക്കപ്പെട്ടിരുന്നില്ലെങ്കിലും ആ കൊലപാതകത്തിൽ ചന്ദ്രശേഖരന്റെ പാർട്ടിയായ ആർഎംപിയും അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമയും ഒക്കെ ജയരാജനെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്നുണ്ട്.

രണ്ടു കൊലപാതക കേസ്സുകളിൽ സിബിഐ പ്രതിപ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെങ്കിലും കേസ്സുകളിൽ ജയരാജന്റെ പങ്കു തെളിയിക്കുകയോ കോടതി ശിക്ഷിക്കുകയോ ചെയ്യാത്തിടത്തോളം കാലം ജയരാജന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കൊന്നുമില്ല. ഇക്കാര്യം ജയരാജനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർക്കും അറിയായ്കയല്ല. വടകര പോലുള്ള സിപിഎം മേധാവിത്വമുള്ള ഒരു മണ്ഡലത്തിൽ ജന സ്വാധീനമുള്ള, പാർട്ടി സംവിധാനത്തെ കൃത്യമായും ചലിപ്പിക്കാൻ കഴിയുന്ന പി ജയരാജന്റെ സ്ഥാനാർത്ഥിത്വം തീർച്ചയായും എതിരാളികളുടെ ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കെപിസിസി പ്രസിഡന്റും സിറ്റിംഗ് എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കുറി മത്സരിക്കാൻ ഇല്ലെന്നു തീർത്തു പറഞ്ഞ സ്ഥിതിക്ക് കെ.കെ രമയെ പൊതു സ്വതന്ത്രയായി രംഗത്തിറക്കി ജയരാജനെ നേരിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഏതായാലും ഒന്നുകില്‍ ആര്‍എംപി, അല്ലെങ്കില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി- ഇതില്‍ ഒരാളായിരിക്കും ജയരാജനെതിരെ വടകരയില്‍ കൊമ്പു കോര്‍ക്കുക.

Next Story

Related Stories