UPDATES

വിശകലനം

ജയിക്കണമെങ്കില്‍ കുമ്മനത്തിന് ആദ്യം ഒ രാജഗോപാലിനെ തോല്‍പ്പിക്കണം

രണ്ട് കാര്യങ്ങളാല്‍ ചരിത്രം ബിജെപിക്ക് എതിരാണ്

ബാബ്റി മസ്ജീദാനന്തര കാലഘട്ടത്തിലും അതിനു മുന്‍പും കേരളത്തിലെ ബിജെപിയുടെ ‘പോസ്റ്റര്‍’ ബോയ് ആണ് ഒ രാജഗോപാല്‍. ബിജെപി എന്ന ഹിന്ദുത്വ പാര്‍ട്ടിയുടെ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല രാജഗോപാല്‍ പോസ്റ്റര്‍ ബോയ് ആകുന്നത്. മറിച്ച് ജനാധിപത്യത്തിന്റെ തുറസ്സും സൌമ്യതയും പ്രകാശിപ്പിച്ച്, ആധുനിക സ്റ്റേറ്റിന്റെതായ പുരോഗമന മൂല്യങ്ങള്‍ ചേര്‍ത്തുപിടിക്കുന്ന കേരള സമൂഹത്തില്‍ ബിജെപിക്ക് ഇടം ഉണ്ടാക്കി കൊടുത്ത ആള്‍ എന്ന നിലയിലാണ് അങ്ങനെ വ്യാഖ്യാനിക്കാന്‍ സാധിക്കുന്നത്. ബിജെപി എന്ന സങ്കുചിത വര്‍ഗ്ഗീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ല എന്ന മതേതര മലയാളിയുടെ ‘പിടിവാശി’ രാജഗോപാല്‍ എങ്ങനെയാണ് പൊളിച്ചടുക്കിയത് എന്നു 1991 മുതലുള്ള തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

ബിജെപി ലോകസഭയിലേക്ക് ഒരാളെയെങ്കിലും പറഞ്ഞയക്കും എന്ന് ഉറപ്പിച്ച് പറയുന്ന ഈ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ പ്രതിഭാസത്തെ വിശകലനം ചെയ്യാതെ കുമ്മനം രാജശേഖരന്റെ വിജയസാധ്യതകളെ അളക്കാന്‍ സാധിക്കില്ല. എന്നാല്‍ 1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് വന്നതിന്റെയും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരെ കടുത്ത മത്സരം കാഴ്ചവെച്ച് രണ്ടാമനായതിന്റെയും പൂര്‍വ്വചരിത്രം കുമ്മനം രാജശേഖരന് ഉണ്ട്. ഈ രണ്ട് തിരഞ്ഞെടുപ്പുകള്‍ മാത്രമാണ് കുമ്മനത്തിന്റെ തിരഞ്ഞെടുപ്പ് ഫ്ലാഷ് ബാക്ക് എന്നതാണ് ഒരു കുമ്മനം പ്രതിഭാസം തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സംഭവിക്കുമോ എന്ന ചോദ്യത്തെ പ്രസക്തമാക്കുന്നത്.

അതായത് ഒ രാജഗോപാലിന് വോട്ട് ചെയ്തു ബിജെപിക്ക് വോട്ട് ചെയ്യുന്നതില്‍ ‘അറപ്പ്’ മാറിയവരും കുമ്മനം ആയതുകൊണ്ട് മാത്രം ബിജെപിക്ക് വോട്ട് ചെയ്യുന്നവരും ഒരുമിച്ച് ചേര്‍ന്നാല്‍ അട്ടിമറി നടക്കുമോ? കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് അത്തരമൊരു സാധ്യതയിലേക്ക് കൂടിയാണ്.

ഒരുപാട് പഴയ ചരിത്രങ്ങളിലേക്ക് പോകാതെ 1991 മുതലുള്ള ലോക്സഭ തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കുകളാണ് പരിശോധിക്കുന്നത്. അതിനു കാരണം രാമജന്മ ഭൂമി തര്‍ക്കം ഒരു ഇലക്ഷന്‍ കാര്‍ഡായി ബിജെപി ഗംഭീരമായി പ്രയോഗിച്ച് തുടങ്ങിയത് 1991 മുതലാണ് എന്നതുതന്നെ. 1990ല്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി രഥ യാത്ര ആരംഭിച്ചു. അന്നത്തെ വിപി സിംഗ് ഗവണ്‍മെന്‍റ് രഥ യാത്രയെ ഉത്തര്‍പ്രദേശില്‍ വെച്ചു തടഞ്ഞു. അതിനെ തുടര്‍ന്ന് വി പി സിംഗ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുകയായിരുന്നു. അതോടൊപ്പം വിപി സിംഗ് ഗവണ്‍മെന്‍റ് ഒബിസിക്ക് 27 ശതമാനം സംവരണം നടപ്പിലാക്കിയ  മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ബിജെപി പ്രചരണത്തിന് ശക്തി കൂട്ടി. ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 120 അംഗങ്ങളെ പാര്‍ലമെന്റിലേക്ക് എത്തിച്ചു ലോക്സഭയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയാകാന്‍ കഴിഞ്ഞു.

ക്യൂരിയസ് കേസ് ഓഫ് ഒ രാജഗോപാല്‍ (1991-2014)

ഇതേ 1991ലാണ് ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച കോണ്‍ഗ്രസ്സിന്റെ എ ചാള്‍സിനും സി പി ഐയുടെ വിജയമ്മയ്ക്കും ഏറെ പിന്നില്‍ 80,566 വോട്ടാണ് രാജഗോപാല്‍ നേടിയത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 11.33 ശതമാനം. രണ്ട് വര്‍ഷം മുന്‍പത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 7.47 ശതമാനം വോട്ട് നേടിയിടത്താണ് ഈ 4 ശതമാനം വര്‍ദ്ധനവ് എന്നത് കാണാതിരുന്നുകൂടാ. ഈ വോട്ട് വളര്‍ച്ച രാജഗോപാല്‍ എഫക്റ്റ് എന്നതിലുപരിയായി ബിജെപിക്ക് കിട്ടിയ ഹിന്ദുത്വ വോട്ടായി വിലയിരുത്തുന്നതായിരിക്കും യാഥാര്‍ത്ഥ്യത്തോട് ഏറെ അടുത്തുനില്‍ക്കുക.

അതേസമയം 1996ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ രാമന്‍ പിള്ളയ്ക്ക് 74,904 വോട്ടാണ് കിട്ടിയത്. അതായത് 10.63 ശതമാനം.  മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ 0.7 ശതമാനം വോട്ട് കുറവ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ 161 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി എന്നതാണ് വൈരുദ്ധ്യം. തിരുവനന്തപുരം മണ്ഡലത്തിലെ രാജഗോപാല്‍ ഫാക്ടര്‍ തെളിഞ്ഞു തുടങ്ങിയ തിരഞ്ഞെടുപ്പായിരുന്നു 1996ലേത് എന്നു വേണമെങ്കില്‍ പറയാം.

രണ്ടു വര്‍ഷത്തിന് ശേഷം 1998ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കേരള വര്‍മ്മ രാജ 94,303 വോട്ടാണ് നേടിയത്. 1991 ല്‍ രാജഗോപാല്‍ നേടിയതിനേക്കാള്‍ 13,737 വോട്ട് കൂടുതല്‍. ആ തിരഞ്ഞെടുപ്പിലും 182 സീറ്റ് നേടി ബിജെപി തന്നെയായിരുന്നു പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും 1991 മുതല്‍ തുടങ്ങിയ കുതിപ്പ് ബിജെപി തുടരുമ്പോള്‍ കേരളത്തില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല എന്നു തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു 1998ലേത്. സ്വതവേ രാജ ഭക്തരായ തിരുവനന്തപുരത്തുകാരെ ഒരു രാജ കുടുംബാംഗം എന്ന നിലയില്‍ സ്വാധീനിച്ചു കിട്ടിയ വ്യക്തിപരമായ വോട്ടുകള്‍ അടക്കം 12.39 ശതമാനം വോട്ട് മാത്രമാണ് കേരള വര്‍മ്മ രാജായ്ക്ക് നേടാനായത്. രാജഗോപാലിന് കിട്ടിയതില്‍ നിന്നും വെറും 1.03 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രം.

എന്നാല്‍ 1999ലെ തിരഞ്ഞെടുപ്പില്‍ ചിത്രം വീണ്ടും മാറി. ഓ രാജഗോപാലിലൂടെ 63,918 വോട്ട് അധികം നേടി 20.93 എന്ന അത്ഭുതകരമായ ശതമാനത്തിലേക്ക് ബിജെപി വോട്ട് ഉയര്‍ന്നു. കിട്ടിയ വോട്ട് 158,221. ആ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ അടക്കമുള്ള മിതവാദി നേതാക്കളുടെ ലൈന്‍ സ്വീകരിച്ചു ജനാധിപത്യ പാര്‍ട്ടികളുമായി മുന്നണി ഉണ്ടാക്കിയാണ് ബിജെപി ദേശീയ തലത്തില്‍ മേല്‍ക്കൈ നേടിയത്. അങ്ങനെ എ ബി വാജ്പേയി പ്രധാനമന്ത്രിയാകുകയും ഓ രാജഗോപാല്‍ രാജ്യസഭയിലൂടെ കടന്നുവന്ന് കേന്ദ്രമന്ത്രിയാവുകയും ചെയ്തു.

കേന്ദ്ര മന്ത്രി മത്സരിക്കുന്നു എന്ന ഇംപാക്ടും സ്വതവേയുള്ള രാജഗോപാല്‍ സ്വാധീനവും എല്ലാം ഉപയോഗിച്ച്  2004 ല്‍ 2,28,052 വോട്ട് നേടി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിന്റെ തൊട്ടടുത്തെത്തി. വെറും 3402 വോട്ടിന്റെ വ്യത്യാസം മാത്രം. സി പി ഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ 54,603 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. 69,831 വോട്ടിന്റെ വര്‍ദ്ധനയാണ് അന്നുണ്ടായത്. ഒ രാജഗോപാല്‍ അല്ലെങ്കില്‍ ബിജെപി ഇടതു വലതു മുന്നണികള്‍ക്ക് ഭീഷണിയായി കഴിഞ്ഞു എന്നു തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു അത്.

എന്നാല്‍ പി കെ വാസുദേവന്‍ നായര്‍ അന്തരിച്ച ഒഴിവില്‍ നടന്ന 2005ലെ ഉപതിരഞ്ഞെടുപ്പില്‍ സി പി ഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ നേടിയത് അത്യുജ്വല വിജയം.3,90,324 വോട്ടാണ് പന്ന്യന്‍ നേടിയത്. അത് തിരുവനന്തപുരം മണ്ഡലത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു. കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞ കെ കരുണാകരന്റെ പിന്തുണ പന്ന്യനുണ്ടായിരുന്നെങ്കിലും ദുരന്തമായി മാറിയത് ബിജെപിയുടെ സി കെ പത്മനാഭനാണ്. ആകെ 36,690 വോട്ടാണ് സി കെ പി നേടിയത്. അതായത് 1,91,362 വോട്ടിന്റെ കുറവ്. കേരളത്തിലെ ബിജെപിക്ക് ശരിക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റായിരുന്നു ആ തിരഞ്ഞെടുപ്പ്. ആ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം മുറുകുകയാണ് എന്ന സൂചന 2005ലെ ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കി.

2009ലും ചിത്രം ഏറെ വ്യത്യസ്ഥമായിരുന്നില്ല. പികെ കൃഷ്ണദാസ് നാലാം സ്ഥാനക്കാരനായാണ് ഫീനിഷ് ചെയ്തത്. ബി എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ തിരുവനന്തപുരം എം പി എ നീല ലോഹിതദാസ് നാടാര്‍ 86,233 വോട്ട് നേടി. ആ വര്‍ഷവും ഒ രാജഗോപാല്‍ മത്സരിക്കാത്ത ബിജെപി നാണം കെട്ടു.

2014ലാണ് കേരള ബിജെപിയുടെ ചരിത്രത്തിലെ മിന്നുന്ന പ്രകടനം ഒ രാജഗോപാലിലൂടെ വീണ്ടും ബിജെപി കാഴ്ചവെച്ചത്. മോദി തരംഗം രാജ്യമാകെ ആഞ്ഞുവീശിയ തിരഞ്ഞെടുപ്പായിരുന്നു അത്. സുനന്ദ പുഷ്കര്‍ കേസ് ശശി തരൂരിന് വലിയ വെല്ലുവിളിയായി ഒരു വശത്ത് നില്‍ക്കുന്നു. സി പി ഐ താരതമ്യേന ദുര്‍ബലനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. ബെന്നറ്റ് എബ്രഹാമിനെയാണ് മത്സര രംഗത്ത് ഇറക്കിയത്. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഒ രാജഗോപാല്‍ വീണ്ടും പടക്കുതിരയായി. 282,336 വോട്ടാണ് തലസ്ഥാനത്തിന്റെ രാജേട്ടന്‍ നേടിയത്. ഒരു ബിജെപി നേതാവ് കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ വോട്ട്. തിരുവനന്തപുരം നഗര കേന്ദ്രീകൃതമായ 4 മണ്ഡലങ്ങളിലും ഭൂരിപക്ഷം നിലനിര്‍ത്തി ജയിക്കുമെന്ന പ്രതീക്ഷ നല്‍കിയ രാജഗോപാല്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലാണ് പിന്നിലോട്ട് പോയത്.

1991ല്‍ തുടങ്ങിയ ഒരു വ്യാഴവട്ട കാലംനീണ്ട തിരഞ്ഞെടുപ്പ് യുദ്ധത്തിലൂടെ 2,01,77 അധിക വോട്ടാണ് 2014 എത്തുമ്പോഴേക്കും രാജഗോപാല്‍ സ്വന്തമാക്കിയത്. ഈ അധിക വോട്ട് ബിജെപി വോട്ടാണോ അതോ രാജഗോപാല്‍ വോട്ടാണോ എന്നു തെളിയിക്കേണ്ട വലിയ വെല്ലുവിളിയാണ് 2019ല്‍ കുമ്മനം രാജശേഖരനുള്ളത്.

ചില വോട്ട് കണക്കുകള്‍ കൂടി

1991 മുതല്‍ 2014 വരെയുള്ള 8 തിരഞ്ഞെടുപ്പുകളില്‍ ഒ രാജഗോപാല്‍ മത്സരിച്ചത് 4 തിരഞ്ഞെടുപ്പുകളിലാണ്. മറ്റുള്ള ബിജെപി നേതാക്കള്‍ 4 തിരഞ്ഞെടുപ്പിലും. ആകെ ബിജെപിക്ക് കിട്ടിയ വോട്ട് 10,39,166 ആണ്. അതില്‍ രാജഗോപാലിന്റെ സംഭാവന മാത്രം 7,49,175 വരും. രാജഗോപാലിന്റെ ശരാശരി 1.87 ലക്ഷം ആകുമ്പോള്‍ മറ്റ് ബിജെപി നേതാക്കളുടേത് 1.29 ലക്ഷം മാത്രമാണ്. അതില്‍ രണ്ട് സംസ്ഥാന അദ്ധ്യക്ഷന്‍മാരും പെടും. ആ ശരാശരി എന്നത് ഇടതു വലതു മുന്നണികളുടെ വോട്ട് ശരാശരിയുടെ പകുതി മാത്രമേ ആകുന്നുള്ളൂ എന്നതാണ് ബിജെപിയെ തുറിച്ചു നോക്കുന്ന കണക്കിന്റെ യാഥാര്‍ഥ്യം.

കുമ്മനത്തിന് പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍

സ്വന്തം തിരഞ്ഞെടുപ്പ് ചരിത്രത്തിനെക്കാള്‍ കുമ്മനം രാജശേഖരന് ആത്മവിശ്വാസം പകരുന്ന കണക്കുകള്‍ താന്‍ സംസ്ഥാന അദ്ധ്യക്ഷനായിരിക്കുമ്പോള്‍ നടന്ന 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ച വോട്ടുകളാണ്. 2,68,555 വോട്ടുകളാണ് തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ 7 അസംബ്ലി സീറ്റുകളില്‍ ബിജെപി നേടിയത്. 2014ല്‍ രാജഗോപാല്‍ നേടിയ വോട്ടിനേക്കാള്‍ 13,751 വോട്ട് കുറവാണെങ്കിലും ബിജെപി ഈ വോട്ട് നേടിയത് വിവിധ സ്ഥാനാര്‍ത്ഥികളിലൂടെയാണ് എന്നതാണ് സവിശേഷത. നേമത്ത് ഒ രാജഗോപാല്‍ 8671 വോട്ടിന് ജയിച്ചപ്പോള്‍ കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും രണ്ടാം സ്ഥാനത്ത് വന്നു. 1991-2014 വരെ തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ ശരാശരി പോളിംഗ് 7.62 ലക്ഷം ആണെന്നത് കൂടി നോക്കുമ്പോള്‍ രാജഗോപാല്‍ പ്രതിഭാസത്തെ മറികടക്കാന്‍ കുമ്മനത്തിന് കഴിഞ്ഞേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ അത് ജയിക്കാന്‍ പ്രാപ്തമാണോ എന്നത് കുമ്മനത്തിന് പിടിക്കാന്‍ സാധിക്കുന്ന അധിക വോട്ടുകള്‍, ശബരിമലാനന്തര ബിജെപി സാധ്യതകള്‍, എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ദൌര്‍ബല്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

രണ്ട് കാര്യങ്ങളാല്‍ ചരിത്രം ബിജെപിക്ക് എതിരാണ്

1984ല്‍ തികച്ചും അപ്രതീക്ഷിതമായി കെ കരുണാകരന്‍ മത്സരിപ്പിച്ച എ ചാള്‍സ് തിരുവനന്തപുരത്ത് ഹാട്രിക് തികച്ചിട്ടുണ്ട്. ശശി തരൂരും അങ്ങനെ അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിയാണ്. മറ്റൊന്ന്, എപ്പോഴൊക്കെ സി‌പി‌ഐ തങ്ങളുടെ മികച്ച നേതാക്കളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയോ അന്നൊക്കെ കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവെക്കാനും വിജയിപ്പിക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. എം എന്‍ ഗോവിന്ദന്‍ നായര്‍, കെ വി സുരേന്ദ്ര നാഥ്, പി കെ വാസുദേവന്‍ നായര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് വിജയിച്ച സി പി ഐ നേതാക്കളാണ്. 1999ല്‍ കണിയാപുരം രാമചന്ദ്രന്‍ വി എസ് ശിവകുമാറിനോട് പരാജയപ്പെട്ടത് 14,000 വോട്ടുകള്‍ക്ക് മാത്രമാണ്.

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍