TopTop

റോഡ് ഷോയ്ക്ക് ശേഷം പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ പരാമര്‍ശിച്ച് മോദിയുടെ വരാണസി പ്രസംഗം; കമ്മീഷന്റെ വിലക്കിന് പുല്ലുവില

റോഡ് ഷോയ്ക്ക് ശേഷം പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ പരാമര്‍ശിച്ച് മോദിയുടെ വരാണസി പ്രസംഗം; കമ്മീഷന്റെ വിലക്കിന് പുല്ലുവില
സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിർദേശം നിലനിൽ‌ക്കെ വീണ്ടും സമാന പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ തന്റെ മണ്ഡലമായ വരാണസിയിൽ സംഘടിപ്പിച്ച റോഡ് ഷോയിലായിരുന്നു മോദി പുൽവാമ, ഉറി ആക്രമങ്ങളെ പ്രസംഗത്തിൽ പരാമർശിച്ചത്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ബോംബാക്രമണത്തെയും മോദി ഇന്നലെ പരാമർശിച്ചു. രാജ്യം എത്ര വികസിച്ചാലും സുരക്ഷ ഇല്ലെങ്കില്‍ ഒരു പ്രയോജനവുമില്ല എന്നായിരുന്നു ശ്രീലങ്കന്‍ പരാമര്‍ശം. വരാണസി മണ്ഡലത്തിൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് മോദി ഇന്നലെ റോഡ് ഷോ സംഘടിപ്പിച്ചത്.

"പുൽവാമ സംഭവത്തിൽ നമ്മുടെ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. എന്നാൽ അതിന് ശേഷം മേഖലയിൽ 42 തീവ്രവാദികളെ നമ്മൾ ഇല്ലാതാക്കി. ഇതാണ് നമ്മുടെ പ്രവർത്തന രീതി. പുൽവാമ, ഉറി എന്നീ അക്രമണങ്ങൾ അല്ലാതെ രാജ്യത്ത് മറ്റ് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടില്ല. കാരണം തനിക്ക് ഒറ്റ ലക്ഷ്യമേയുള്ളു അത് രാജ്യം ഒന്നാമത് എത്തണം എന്നതാണ്, ഇന്ത്യ ഒന്നാമതെത്തണം എന്ന് മാത്രമാണ്." വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പുൽവാമ അക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബലാക്കോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ക്യാംപ് ആക്രമിച്ചതിനെ കുറിച്ചും മോദി പ്രസംഗത്തില്‍ വാചാലനായി. ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ലോക രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെന്നായിരുന്നു മോദിയുടെ പരാമർശം. വാരണാസിയിലെ ദശാശ്വമേഥ് ഘട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ ആയിരുന്നു മോദിയുടെ പ്രസംഗം.

നേരത്തെ പ്രധാനമന്ത്രിയുടെ ചുവടു പിടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ 'മോദി സൈന്യ' പരാമര്‍ശവുമായി രംഗത്ത് വന്നിരുന്നു.

വരാണസിയില്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മെഗാ റാലിയും റോഡ് ഷോയും സംഘടിപ്പിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് മുന്നില്‍ നിന്നാണ് മെഗാ റാലി ആരഭിച്ചത്. യൂണിവേഴ്‌സിറ്റിയുടെ മുന്നിലുള്ള സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പൂമാല ചാര്‍ത്തിയ ശേഷമായിരുന്നു റോഡ് ഷോയുടെ തുടക്കം.

ബിഹാറിലെ ദര്‍ഭംഗയിലും ബാന്‍ദയിലും പൊതുയോഗങ്ങളില്‍ പ്രസംഗിച്ച ശേഷമാണ് മോദി വരാണസിയിലെത്തിയത്. ‘മോദി’ മുദ്രാവാക്യങ്ങളും ടീ ഷര്‍ട്ടുകളുമായി ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റാലിക്കെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയി ദശാശ്വമേഥ് ഘട്ടിൽ റാലി സമാപിച്ചു. അതേസമയം, വരാണസിയിൽ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മോദിക്കെതിരെ കോണ്‍ഗ്രസ് മത്സരിപ്പിക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയായ അജയ് റായിയെ തന്നെ ആണ് ഇത്തവണയും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.


Next Story

Related Stories