TopTop
Begin typing your search above and press return to search.

ആന ചികിത്സയുടെ കാണാപ്പുറങ്ങള്‍

ആന ചികിത്സയുടെ കാണാപ്പുറങ്ങള്‍

അഥീന

(ഈ പരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഇവിടെ വായിക്കാം- ആ... ആന... ആശ്ചര്യം...! /
ആനയല്ലേ, ആര്‍ക്കും എന്തും ആകാം; നിയമം അതിന്റെ വഴിക്കു പോട്ടെ)

ആനയ്ക്ക് നല്‍കുന്ന ആഹാരത്തില്‍ മറ്റേത് ജീവിക്കും എന്ന പോലെ അന്നജം, മാംസ്യങ്ങള്‍, കൊഴുപ്പ്, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ നല്‍കേണ്ടതുണ്ട്. ഇപ്രകാരം പോഷകാഹാരം നല്‍കുകയും ശരിയാം വിധം ആനയെ പരിചരിക്കുകയും ചെയ്താല്‍ ആന ആരോഗ്യവാനായിരിക്കുകയും ശാരീരിക മാറ്റങ്ങള്‍ കൃത്യസമയത്ത് തന്നെ ഉണ്ടാവുകയും ചെയ്യും. കാട്ടിലെ ഭക്ഷണവും, വ്യായാമവും, ഒഴുകുന്ന പുഴ വെള്ളത്തില്‍ ദീര്‍ഘനേരമുള്ള കിടപ്പും കാട്ടാനകള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജവും ഉന്മേഷവും ചെറുതല്ല. എന്നാല്‍ നാട്ടിലെ ആനകളുടെ സ്ഥിതി നേരെ തിരിച്ചാണെന്ന് പറയേണ്ടതിലല്ലോ. പൈപ്പ് വെള്ളത്തിലെ കുളിയും കുടിയും, ദിവസം മുഴുവന്‍ ചങ്ങലപ്പൂട്ടിലെ നില്‍പ്പുമെല്ലാം ആനകള്‍ക്ക് അപരിഹാര്യമായ അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ആനയെ സംരക്ഷിക്കണമെന്ന നിര്‍ദ്ദേശങ്ങളെല്ലാം ഫയല്‍കൂമ്പാരങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതല്ലാതെ പുറം ലോകം കാണുന്നില്ല.

കേരളത്തിലെ നാട്ടാനകള്‍ അവയുടെ സ്വാഭാവിക ജീവിതരീതിയില്‍ നിന്നുള്ള മാറ്റം മൂലമുള്ള പ്രയാസം അനുഭവിക്കുമ്പോള്‍, കാട് ജനവാസ കേന്ദ്രമായി മാറുന്നതാണ് കാട്ടാനയ്ക്ക് ദോഷകരമായി ബാധിക്കുന്നത്. കാട്ടിലെ കൃഷിയിടങ്ങള്‍ ആന കൈയ്യേറി നശിപ്പിക്കുന്നതിനെതിരെ വെടിമരുന്നുള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങളാണ് പുതിയ സാഹചര്യങ്ങളില്‍ നമ്മള്‍ സ്വീകരിച്ചിരിക്കുന്നത്. വന്യജീവി വിഭാഗം സോളാര്‍ ഫെന്‍സിംഗും, വാരിക്കുഴികളും എല്ലാം ഒരുക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമായ മാര്‍ഗ്ഗങ്ങളാകുന്നില്ലെന്നതാണ് സത്യം. കാട്ടിനകത്ത് പട്രോളിംഗ് നടത്തുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചത്ത നിലയില്‍ കാണപ്പെടുന്ന ആനകളെ സംസ്‌കരിക്കുകയാണ് പതിവ്. പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച വെടിമരുന്നുകളും മറ്റും വായക്കുള്ളില്‍ വച്ച് പൊട്ടി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത വിധം വായ തകര്‍ന്നവയാണ് കഴിഞ്ഞ കാലങ്ങളില്‍ കാട്ടിനകത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആനകളില്‍ വലിയ ശതമാനവുമെന്നായിരുന്നു ഇത്ര നാളും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കാട്ടാനവേട്ടയുടെ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് തിരിച്ചറിയേണ്ടതാണ്.

3000 സ്‌ക്വയര്‍ കിലോമീറ്ററിലധികം വരുന്ന ഉള്‍ക്കാടുകളില്‍ പരിശോധന നടത്തുന്നതിന് ആവശ്യമായ ജീവനക്കാര്‍ വനം വകുപ്പിന് ഇല്ലെന്ന് ഏറെക്കാലമായി വകുപ്പ് പറയുന്നുണ്ട്. ഈ ഒറ്റക്കാരണം ചൂണ്ടിക്കാട്ടി ആനവേട്ടയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാനും വനം വകുപ്പിന് സാധിക്കും. കുറ്റം സര്‍ക്കാരിന്റെ തലയില്‍ ചാര്‍ത്തി കാട്ടുകള്ളന്മാര്‍ക്ക് കഞ്ഞിവച്ചവരെ രക്ഷിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.

പരിക്ക് പറ്റിയ ആനകളെ കാട്ടില്‍ നിന്നും കണ്ടെത്തുന്ന മുറയ്ക്ക് സര്‍ക്കാരിന്റെ ആനക്കോട്ടകളില്‍ എത്തിച്ച് പരിചരിക്കുമെന്ന് പറയാറുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാകാറില്ല. അതേസമയം അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയും തമിഴ്‌നാടും ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. തമിഴ്‌നാട്ടില്‍ ആനകള്‍ക്ക് ജയലളിത നല്‍കിയിരുന്ന പരിചരണം കരുണാനിധി മുഖ്യമന്ത്രിയായപ്പോള്‍ ഇല്ലാതായെങ്കിലും ഇന്ന് പൂര്‍വ്വാധികം ശക്തിയോടെ അത് പുനരാരംഭിച്ചു. ആനകള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ മദപ്പാട് കാലത്ത് പ്രത്യേക പരിചരണം ലഭ്യമാക്കി അവയ്ക്ക് ഇണ ചേരാനും, അക്രമ വാസന ഇല്ലാതാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഒരു കുട്ടിയാനയുടെ ഒടിഞ്ഞ കാല്‍ ഇവിടെ അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എത്തി ശസ്ത്രക്രിയയിലൂടെ സ്റ്റീല്‍ ഇട്ട് ഉറപ്പിച്ചിരുന്നു.എരണ്ടകട്ട്(ദഹനക്കേട്) എന്ന രോഗം കേരളത്തില്‍ മാത്രം ആനകള്‍ക്ക് കണ്ടുവരുന്ന രോഗമാണെന്ന് ഗുരുവായൂര്‍-കൊച്ചിന്‍ ദേവസ്വങ്ങളിലെ ആന വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഫൈബര്‍ അംശം കൂടുതലുള്ള പനമ്പട്ടയാണ് ഇതിന് കാരണമാകുന്നത്. പട്ടയുടെ ഭാഗമായ ഈര്‍ക്കില്‍ അന്നനാളത്തിലും, കുടലുകളിലും ഏല്‍പ്പിക്കുന്ന മുറിവുകള്‍ വലുതാണ്. സ്വതവേ കാര്യമായ ദഹനപ്രക്രിയ നടക്കാത്ത ആനയ്ക്ക് വയറിനകത്തേല്‍ക്കുന്ന മുറിവുകള്‍ കൂടുന്നത് ഭക്ഷണത്തോട് വിരക്തി ഉളവാക്കുന്നുണ്ട്. അലോപ്പതി മരുന്നുകള്‍ നല്‍കി രോഗം ഭേദമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വിജയിക്കുന്നത് വളരെ കുറച്ച് ആനകളില്‍ മാത്രമാണ്. പനമ്പട്ടയ്ക്ക് പകരം പുല്ല് നല്‍കിയാല്‍ ഇത് വലിയ അളവില്‍ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് സംസ്ഥാനത്തെ ആനയുടമകളൊന്നും തയ്യാറല്ല. ആനയ്ക്ക് പുല്ല് നല്‍കുന്നത് അഭിമാന പ്രശ്‌നമായാണ് പലരും കാണുന്നത്.

ക്ഷയരോഗമാണ് കേരളത്തില്‍ ആനകളില്‍ വന്‍തോതില്‍ കണ്ടുവരുന്ന മറ്റൊന്ന്. പാപ്പാന്മാരില്‍ നിന്നാണ് ഇത് കൂടുതലായി പകരുന്നത് എന്നാണ് പറയാറ്. ആനകളില്‍ നിന്നും ആനകളിലേക്കോ, ആനകളില്‍ നിന്നും മനുഷ്യരിലേക്കോ ഇത് പകരില്ലെന്ന് ആന വിദഗ്ദ്ധനായ ഡോക്ടര്‍ സുനില്‍കുമാര്‍ പറയുന്നു. ക്ഷയരോഗമുള്ള ആനകള്‍ക്ക് പാപ്പാന്മാര്‍ മനുഷ്യര്‍ കഴിക്കുന്ന മരുന്നുകള്‍ നല്‍കുന്നു. ആനയുടെ വലിപ്പത്തിന് അനുസരിച്ച് 10 ഗുളികകള്‍ വരെ ഭക്ഷണസാധനങ്ങള്‍ക്കൊപ്പം നല്‍കുകയാണ് ചെയ്യുന്നത്. അശാസ്ത്രീയമായ ഈ രീതി ആനയ്ക്ക് ശാരീരിക അസ്വസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നു. കെ ബി ഗണേഷ്‌കുമാര്‍ വനം മന്ത്രിയായിരുന്ന കാലത്ത് ആലപ്പുഴയില്‍ നിന്നും ഒരു ആനയെ വന്യജീവി വിഭാഗം പിടികൂടുകയുണ്ടായി. രേഖകളില്ലാത്ത ആനയെ പിന്നീട് കോട്ടൂരില്‍ പാര്‍പ്പിച്ചു. ഇവിടെ കുറച്ച് കാലം വളര്‍ന്ന ആന പെട്ടെന്നൊരു ദിവസം ചരിഞ്ഞു. ആനയ്ക്ക് ക്ഷയരോഗമായിരുന്നുവെന്ന് പിന്നീട് വനം വകുപ്പ് വ്യക്തമാക്കിയത്.

വളരെക്കാലം മുന്‍പ് തന്നെ അമേരിക്കയില്‍ ആനകളുമായി ബന്ധപ്പെട്ട പഠനശാഖകള്‍ ക്ഷയരോഗ വ്യാപനത്തെ കുറിച്ച് മറ്റ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലണ്ടന്‍, അമേരിക്ക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ ആനയെ മനുഷ്യന് നിശ്ചിത ദൂരത്ത് നിന്ന് മാത്രമേ കാണാനാകൂ. എന്നാല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇത് പ്രാവര്‍ത്തികമായില്ല. ലഭ്യമായ കണക്കുകള്‍ പ്രകാരം ദേവസ്വങ്ങളുടേതടക്കം 80 ല്‍ അധികം നാട്ടാനകള്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്.

ആനയ്ക്ക് ഏറ്റവും വേഗത്തില്‍ അണുബാധയേല്‍ക്കുക പാദങ്ങളിലൂടെയാണ്. ഒരേ സ്ഥലത്ത് തന്നെ കൂടുതല്‍ സമയം കെട്ടിയിടുന്ന ആനകള്‍ക്ക് നനഞ്ഞ തറകളില്‍ നിന്നുള്ള അണുബാധയും, വ്യായാമം കുറയുന്നത് മൂലം രക്തസംക്രമണം ശരിയാം വിധം നടക്കാത്തതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ആന പരിചരണ കേന്ദ്രങ്ങളില്‍ ദിവസം മൂന്നര മണിക്കൂറോളം ഒഴുകുന്ന വെള്ളത്തില്‍ ആനയ്ക്ക് കിടക്കാനും, കാലുകള്‍ കൃത്യമായി അണുവിമുക്തമാക്കാനും പാപ്പാന്മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. വെള്ളത്തില്‍ ശരീരം മുങ്ങിക്കിടക്കുമ്പോള്‍ ആനയുടെ ശരീരത്തിലെ രക്തസംക്രമണം വര്‍ദ്ധിക്കുകയും, കോശങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും ചെയ്യും.

വാതരോഗം പിടിപെടുന്ന ആനകള്‍ക്ക് നില്‍ക്കാന്‍ ശേഷി കുറയുകയും, ചെവിയാട്ടുന്നത് കുറയുകയും ചെയ്യും. വെള്ളം കുടിക്കാന്‍ മടിക്കുന്ന ഇവ ഭക്ഷണത്തോട് വിരക്തി കാണിക്കുകയും മലബന്ധം പോലുള്ള ഉദരരോഗങ്ങള്‍ പിടിപെടുകയും ചെയ്യും. ചട്ടം പരിശീലിപ്പിക്കുമ്പോള്‍ ആനകള്‍ക്ക് ഏല്‍ക്കുന്ന മുറിവുകളാണ് മറ്റൊന്ന്. നല്ലൊരു ശതമാനം പാപ്പാന്മാരും ആനകളെ മൃഗീയമായി മര്‍ദ്ദിക്കുന്നവരാണ്. ഇതിലൂടെ മുറിവുണ്ടായാല്‍ ഈ മുറിവുകളില്‍ തന്നെ വീണ്ടും വീണ്ടും മര്‍ദ്ദിച്ച് ആനയെ അനുസരിപ്പിക്കുകയാണ് പതിവ്. ഈ മുറിവുകളിലെ പഴുപ്പ് ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേക്ക് കടന്ന് ആനയുടെ ജീവനെ തന്നെ ബാധിക്കുന്നു.എന്നാല്‍ ഇവയ്‌ക്കൊന്നും ശാസ്ത്രീയമായ പരിചരണം ആനയ്ക്ക് ലഭിക്കുന്നില്ല. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒരോ ഡോക്ടര്‍മാരും, തൃശ്ശൂര്‍ ജില്ലയില്‍ ആറും, എറണാകുളത്ത് രണ്ടും, കൊല്ലത്ത് നാലും, തിരുവനന്തപുരത്ത് മൂന്നും ആന ഡോക്ടരമാരാണ് ഉള്ളത്. സംസ്ഥാനത്തെ ആനക്കണക്കനുസരിച്ച് ഒരു ജില്ലയില്‍ ശരാശരി 10 പേര്‍ വീതം 140 ഡോക്ടര്‍മാരെങ്കിലും ആവശ്യമാണ്.ദേശീയ വനം-വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന ആനയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പി ജി ഡിഗ്രി ആവശ്യമാണ്. രാജ്യത്ത് ഡറാഡൂണിലെ വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് ഈ കോഴ്‌സ് ഉള്ളത്. മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ടു വര്‍ഷത്തോളം കാട്ടില്‍ മുറിവേറ്റ വന്യജീവികളെ പരിചരിച്ച് വൈദഗ്ദ്ധ്യം തെളിയിച്ചാല്‍ മാത്രമേ പഠനം പൂര്‍ത്തിയാകൂ. ക്കാരണത്താല്‍ തന്നെ ഈ കോഴ്‌സ് പഠിക്കാന്‍ ആരും തയ്യാറാകാറില്ല.

ഇതോടൊപ്പം സംസ്ഥാനത്തെ വെറ്ററിനറി ശാസ്ത്ര ശാഖയില്‍ ആനയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ലെന്നതും പരിഗണിക്കണം. സംസ്ഥാന വന നിയമത്തില്‍ ഇളവുകളുണ്ടെങ്കിലും വെറ്ററിനറി സയന്‍സ് പഠന ശാഖയില്‍ ഡോക്ടര്‍മാര്‍ക്ക് വന്യജീവി സംരക്ഷണം സംബന്ധിച്ച് പരിശീലനം നല്‍കാത്തത് ഭാവിയില്‍ ആന പരിചരണത്തെ ബാധിക്കും. നായ, പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ പോലെ അനായാസമായി പരിചരിക്കാനോ, കൂടുതല്‍ വരുമാനം നേടാനോ ആനയിലൂടെ സാധിക്കില്ലെന്നത് ഈ രംഗത്ത് നിന്ന് ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നുണ്ട്. ഡറാഡൂണിലെ കാടുകളില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് തമിഴ്‌നാടിലെ വിവിധ ജില്ലകളില്‍ ആനകള്‍ക്ക് പരിചരണം നല്‍കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ താത്പര്യത്തെ തുടര്‍ന്ന് പ്രത്യേക സര്‍ക്കാര്‍ ഫെല്ലോഷിപ്പുകളോടെയാണ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്.

ആനയ്ക്ക് മദപ്പാട് ഉണ്ടാകുന്നത് ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്ന നവംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ്. ഈ സമയത്ത് മദപ്പാട് ഉണ്ടായാല്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം നഷ്ടമാവുകയും ആന ഉടമകള്‍ക്ക് ഭീമമായ സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുകയും ചെയ്യും. ഉത്സവത്തിന് ആനകളെ എത്തിക്കുന്ന ഇടനിലക്കാര്‍ പലപ്പോഴും ക്ഷേത്ര ഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ച് മദപ്പാടുള്ള ആനകളെ ഉത്സവത്തിന് എത്തിക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ ആയുര്‍വേദ വിധി പ്രകാരമുള്ള പരിചരണമാണ് ആനകള്‍ക്ക് നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ അലോപ്പതി യാണ് കൂടുതല്‍ ആനകള്‍ക്കും ഉപയോഗിക്കുന്നത്. ഇവ പക്ഷേ മദകാലം ദീര്‍ഘിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നത് പരസ്യമായ രഹസ്യമാണ്. ഹോര്‍മോണ്‍ കുത്തിവയ്പ്പ് പോലും നടക്കുന്നുണ്ട്. അമേരിക്ക ഉള്‍പ്പടെ വിദേശ രാജ്യങ്ങളില്‍ മദപ്പാട് കാലത്ത് ഒട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ആനകള്‍ക്ക് മാത്രമാണ് ഹോര്‍മോണ്‍ കുത്തിവയ്ക്കാറുള്ളതെങ്കിലും സംസ്ഥാനത്ത് ജി എന്‍ ആര്‍ എച്ച് വാക്‌സിനുകളടക്കം കൂടുതലായി നല്‍കുന്നു. ഇപ്പോള്‍ നടന്നുവരുന്ന കര്‍ക്കിടകത്തിലെ സുഖ ചികിത്സയില്‍ പോലും മദപ്പാട് ദീര്‍ഘിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രത്യേക മരുന്നുകളാണ് നല്‍കുന്നത്. ആനകളെ ക്ഷീണിപ്പിക്കുന്നതിന് അലോപ്പതി മരുന്നുകള്‍ പതിവായി നല്‍കുന്നു. 600 രൂപ മുതല്‍ 1500 രൂപ വരെ ശരാശരി ആനയ്ക്ക് മരുന്നിന് വേണ്ടി ഒരു ദിവസം ചിലവഴിക്കുന്നതായാണ് കണക്ക്.

(തുടരും)

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories