TopTop
Begin typing your search above and press return to search.

എലീ വീസല്‍; നാസി വംശഹത്യയുടെ ഓര്‍മ്മസൂക്ഷിപ്പുകാരന്‍ വിടവാങ്ങി

എലീ വീസല്‍; നാസി വംശഹത്യയുടെ ഓര്‍മ്മസൂക്ഷിപ്പുകാരന്‍ വിടവാങ്ങി

എമിലി ലാന്‍ജര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നാസി കൂട്ടക്കൊലയുടെ ഓര്‍മ സൂക്ഷിപ്പുകാരനും നോബല്‍ പുരസ്‌കാര ജേതാവും, തന്റെ ധാര്‍മിക അധികാരം ഉപയോഗിച്ച് ലോകമെമ്പാടുമുള്ള അതിക്രമങ്ങളിലേക്കു ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും സാധിച്ച, എലീ വീസല്‍ (87) വിടവാങ്ങി.

നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ താന്‍ ദൃക്‌സാക്ഷിയായ ക്രൂരതകളുടെ വിവരണവുമായി വീസല്‍ എഴുതിയ 'നൈറ്റ്' ലോകത്തിനുമുന്നില്‍ അക്കാലത്തിന്റെ നേര്‍ചിത്രമായിരുന്നു. വീസലിന്റെ പിതാവ് ക്യാംപില്‍ മരിച്ചു. അമ്മയും ഇളയ സഹോദരിയും വിഷവാതകപ്രയോഗത്തിന് ഇരകളായി.

ബോസ്‌നിയ, ഇറാഖ് എന്നിങ്ങനെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വീസല്‍ പലതവണ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കപ്പെട്ടു. നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി അദ്ദേഹത്തെ മനുഷ്യരാശിക്കു ലഭിച്ച ദൂതന്‍ എന്നു വിശേഷിപ്പിച്ചു.

എന്നാല്‍ 1945ല്‍ ശരീരം ശോഷിച്ച് മരണത്തോടടുത്ത അവസ്ഥയില്‍ ബുച്ചന്‍വാള്‍ഡ് കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍നിന്ന് വീസല്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹം ലോകജനതയെ ഇത്രയധികം സ്വാധീനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. നാസി പീഡനങ്ങളെ അതിജീവിച്ചവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ അതേപ്പറ്റി പരസ്യമായി സംസാരിക്കാന്‍ തയ്യാറായുള്ളൂ. സംസാരിച്ചവര്‍ പോലും അവഗണിക്കപ്പെട്ടു. വാഷിങ്ടണില്‍ നാസി കൂട്ടക്കൊല മ്യൂസിയവും സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റും' വരുന്നതിന് ദശകങ്ങള്‍ക്കു മുന്‍പ് വീസല്‍ പൊതുസമൂഹത്തില്‍ കൂട്ടക്കൊലയെപ്പറ്റിയുള്ള അവബോധമുണ്ടാക്കി.

'ഇത് എന്റെ കഥയാണ്; ഞാന്‍ അവിടെയുണ്ടായിരുന്നു എന്ന ആധികാരികതയോടെ സംസാരിക്കാന്‍ കഴിയുന്ന ഒരാളുടെ അഭാവമാണ് എലീ വീസല്‍ മരിക്കുമ്പോള്‍ ഉണ്ടാകുന്നത്,' നാസി കൂട്ടക്കൊലയെപ്പറ്റിയുള്ള ഗവേഷക ദെബോറ ലിപ്സ്റ്റാഡ് പറയുന്നു. 'അദ്ദേഹത്തിന്റെ ശബ്ദം മറ്റാരുടേതില്‍നിന്നും ഉയര്‍ന്നുമുഴങ്ങുന്നതായിരുന്നു.''പല തരത്തിലും നമ്മുടെ കാലത്തെ മഹത്തായ ധാര്‍മിക ശബ്ദമായിരുന്നു എലീ വീസല്‍. ലോകത്തിന്റെ മനഃസാക്ഷിയും,' വീസലിനെ പ്രിയ സുഹൃത്ത് എന്നു വിശേഷിപ്പിച്ച് പ്രസിഡന്റ് ബാരക് ഒബാമ പറഞ്ഞു.

'കൗമാരത്തില്‍ തടവില്‍ കഴിഞ്ഞ ബുച്ചന്‍വാള്‍ഡിലെ കമ്പിവേലികള്‍ക്കും ഗാര്‍ഡ് ടവറുകള്‍ക്കുമിടയിലൂടെ ഒരുമിച്ചു നടക്കുമ്പോള്‍ എലീ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഒരിക്കലും മറക്കില്ല - സന്മനസുള്ള എല്ലാവര്‍ക്കും ഓര്‍മകള്‍ ഒരു വിശുദ്ധ ദൗത്യമായി മാറുന്നു.' ഒബാമ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തെപ്പറ്റി പത്തുവര്‍ഷത്തോളം മൗനം പാലിച്ച വീസല്‍ തന്റെ ഇരുപതുകളിലാണ് ' നൈറ്റി'ന്റെ ആദ്യപ്രതി തയ്യാറാക്കുന്നത്. കൂട്ടക്കൊല കാലത്തെ പുസ്തകങ്ങളില്‍ വീസലിന്റെ പുസ്തകത്തെക്കാള്‍ മുന്നിലുള്ളത് ആന്‍ ഫ്രാങ്കിന്റെ ഡയറി മാത്രമാണ്.

ആന്‍ ഫ്രാങ്കിനെക്കാള്‍ ഒന്‍പതു മാസം മാത്രം പ്രായക്കൂടുതലുള്ള വീസലിന്റെ അനുഭവക്കുറിപ്പുകള്‍ ഒരിക്കലും ' ചെറുപ്പക്കാരന്റെ ' വിവരണമായി അറിയപ്പെട്ടില്ല. ആനും കുടുംബവും അറസ്റ്റിലാകുന്നതിനു ദിവസങ്ങള്‍ മുന്‍പ് ഡയറി അവസാനിക്കുന്നു. എന്നാല്‍ വീസലിന്റെ വിവരണം ആദ്യത്തെ 30 പേജുകളില്‍ത്തന്നെ വായനക്കാരെ ഓഷ്വിറ്റ്‌സ് ക്യാംപിലെത്തിക്കുന്നു.

ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന പുസ്തകമാണെങ്കിലും കൂട്ടക്കൊലയുടെ എല്ലാ മുഖ്യബിംബങ്ങളും നൈറ്റിലുണ്ട്. യഹൂദന്മാര്‍ക്കായി ഉണ്ടാക്കിയിരുന്ന അവിശ്വസനീയമാംവിധം വൃത്തികെട്ടതും തിങ്ങിനിറഞ്ഞതുമായ ചേരിപ്രദേശങ്ങള്‍, 'ക്യാറ്റില്‍ കാറു'കള്‍, ബാരക്കുകള്‍, പുകപ്പുരകള്‍. കഴുത്തില്‍ കുരുക്കുമായി നില്‍ക്കുന്ന ദൈവത്തിന്റെ ചിത്രവും ഇതിലുണ്ട്. കൂട്ടക്കൊല കാലത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര സംവാദങ്ങളിലെ പ്രശസ്തമായ ചിത്രമാണിത്.

'ദൈവത്തെപ്രതി, എവിടെയാണ് ദൈവം?' ഓഷ്വിറ്റ്‌സില്‍ ഒരു ആണ്‍കുട്ടിയെ തൂക്കിലേറ്റുന്നതിനു സാക്ഷ്യം വഹിക്കുമ്പോള്‍ തൊട്ടടുത്തുനിന്നയാള്‍ ചോദിക്കുന്നത് വീസല്‍ കേട്ടു. 'എന്റെ ഉള്ളില്‍നിന്ന് ഒരു ശബ്ദം ഉത്തരം പറയുന്നതു ഞാന്‍ കേട്ടു,' വീസല്‍ എഴുതി: ' ഇവിടെ എന്റെ മുന്നില്‍ കഴുമരത്തില്‍ തൂങ്ങുന്നു.'

ജേണലിസ്റ്റായി ജോലി ചെയ്യുമ്പോള്‍ കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് എഴുത്തുകാരന്‍ ഫ്രാന്‍സ്വെ മൗറിയാക്കിന്റെ പ്രേരണയില്‍ 1950കളിലാണ് വീസല്‍ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി ഫ്രാന്‍സില്‍ പ്രസിദ്ധീകരണത്തിനു കൊടുത്തത്. 1958ല്‍ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും പുസ്തകം വലിയ വിജയമായില്ല.

അമേരിക്കയിലും സമാന പ്രതികരണമായിരുന്നു. പുസ്തകം തിരസ്‌കരിച്ചുകൊണ്ട് സ്‌ക്രിബ്‌നേഴ്‌സ് വീസലിനയച്ച കത്തില്‍ 'കൃതി ഭയാനകവും ഹൃദയസ്പര്‍ശിയു'മാണെങ്കിലും അമേരിക്കന്‍ വിപണിയെപ്പറ്റിയുള്ള സന്ദേഹങ്ങള്‍ നിമിത്തം പ്രസിദ്ധീകരിക്കാനാകില്ലെന്നായിരുന്നു അറിയിപ്പ്. 1960ല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ വിമര്‍ശകരുടെ പ്രശംസ നേടിയെങ്കിലും വായനക്കാരില്‍ അറിയപ്പെട്ടില്ല.

കാലാന്തരേണ കൂടുതല്‍ യുദ്ധപീഡിതര്‍ അനുഭവങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങി. ന്യൂയോര്‍ക്ക് സിറ്റിയിലെ 92ാം സ്ട്രീറ്റ് വൈയില്‍ പ്രഭാഷണ പരമ്പര തുടങ്ങിയ വീസലായിരുന്നു അവരില്‍ പ്രാമുഖ്യം നേടിയത്.വീസലിന്റെ പ്രഭാഷണങ്ങളില്‍ ജനം കൂട്ടമായെത്തി. ഒന്നില്‍നിന്നു മറ്റൊന്നിലേക്കു നീങ്ങുന്ന കഥ പറച്ചിലിലൂടെ ജീവിത കാലം മുഴുവന്‍ അദ്ദേഹം പ്രശസ്ത പ്രഭാഷകനായി തുടര്‍ന്നു. രണ്ടു ഭാഗങ്ങളുള്ള അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളുടെ പേര് ഇങ്ങനെയായിരുന്നു - ഓള്‍ റിവേഴ്‌സ് റണ്‍ ടു ദ് സീ, ആന്‍ഡ് ദ് സീ ഈസ് നെവര്‍ ഫുള്‍.

1978ല്‍ ജിമ്മി കാര്‍ട്ടര്‍ നാസി കൂട്ടക്കൊലയെപ്പറ്റിയുള്ള പ്രസിഡന്റ്‌സ് കമ്മിഷന്‍ ചെയര്‍മാനായി വീസലിനെ നിയമിച്ചു. ഈ കമ്മിഷനാണ് വാഷിങ്ടണിലെ 'യുഎസ് ഹോളോകോസ്റ്റ് മെമോറിയല്‍ മ്യൂസിയം' നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടത്.

1985ല്‍ വീസല്‍ പ്രസിഡന്റ് റോണാള്‍ഡ് റീഗന്റെ ജര്‍മനി സന്ദര്‍ശനത്തെ പരസ്യമായി എതിര്‍ത്തു. പടിഞ്ഞാറന്‍ ജര്‍മനിയില്‍ എസ്. എസ്. എന്നറിയപ്പെട്ട നാസിപ്പടയിലെ അനവധി പേരുടെ ശവകുടീരങ്ങള്‍ അടങ്ങുന്ന ബിറ്റ്ബര്‍ഗ് മിലിട്ടറി സെമിത്തേരി സന്ദര്‍ശനവും റീഗന്റെ പരിപാടികളിലുണ്ട് എന്നതായിരുന്നു എതിര്‍പ്പിനു കാരണം.

പ്രസിഡന്റില്‍നിന്നു കോണ്‍ഗ്രഷനല്‍ സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ വീസല്‍ ഇങ്ങനെ പറഞ്ഞു: 'പ്രസിഡന്റ്, ആ സ്ഥലം നിങ്ങളുടേതല്ല. നിങ്ങളുടെ സ്ഥലം എസ് എസിന്റെ ഇരകളുടേതാണ്.'

വിവാദങ്ങള്‍ക്കിടെ ഏതാനും ആഴ്ചകള്‍ക്കുശേഷം റീഗന്‍ ബിറ്റ്ബര്‍ഗ് സന്ദര്‍ശിച്ചു.

ഭരണാധികാരികളോട് എന്നും ധീരമായ പ്രതികരണമായിരുന്നു വീസലിന്റേത്. 1986ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വാര്‍ത്തയോട് വീസല്‍ പ്രതികരിച്ചത് ഇങ്ങെനയാണ്: ' യുദ്ധത്തിന് എന്നെ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെന്തിനെങ്കിലും എന്നെ മാറ്റാന്‍ കഴിയുമോ?'

1993ല്‍ ഹോളോകോസ്റ്റ് മ്യൂസിയ സമര്‍പ്പണച്ചടങ്ങില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനോട് വീസല്‍ ഇങ്ങനെ പറഞ്ഞു: 'എനിക്കു നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. കഴിഞ്ഞ ശിശിരത്തില്‍ ഞാന്‍ മുന്‍ യൂഗോസ്ലാവ്യ സന്ദര്‍ശിച്ചു. അവിടെ കണ്ട കാഴ്ചകള്‍ എന്റെ ഉറക്കം കെടുത്തുന്നു. ആ രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ നാം എന്തെങ്കിലും ചെയ്യണം.'

വീസലിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ക്ലിന്റന്‍ പിന്നീട് വാര്‍ത്താ ലേഖകരോടു പറഞ്ഞു. നാറ്റോയുടെ നേതൃത്വത്തില്‍ ബാള്‍ക്കനുകളില്‍ രണ്ട് ബോംബിങ്ങുകള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കി. ആദ്യം 1995ല്‍ ബോസ്‌നിയന്‍ സെര്‍ബുകള്‍ക്കെതിരെയും നാലുവര്‍ഷത്തിനുശേഷം കൊസൊവോയിലെ വംശഹത്യയ്‌ക്കെതിരെയും.

1994ല്‍ റുവാന്‍ഡയില്‍ നടന്ന നരഹത്യയെച്ചൊല്ലി വീസല്‍ ക്ലിന്റന്‍ ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി.' നാം എന്തുകൊണ്ടാണ് കൊസോവോയില്‍ ഇടപെടുകയും റുവാന്‍ഡയില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നത്?' 1999ല്‍ വീസല്‍ ക്ലിന്റനോടു ചോദിച്ചു.

നോബല്‍ പുരസ്‌കാര സമ്മാന പ്രഭാഷണത്തില്‍ ജൂതന്മാരുടെ കാര്യങ്ങള്‍ തനിക്ക് എപ്പോഴും ഏറ്റവും പ്രധാനമാണെന്നു പറഞ്ഞ വീസല്‍ താന്‍ 'ദുരന്തസ്മരണ പേറുന്ന തലമുറയില്‍പ്പെട്ട'യാളാണെന്നു കരുതി. എന്നാല്‍ മറ്റുപ്രശ്‌നങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു.

വര്‍ണവിവേചനത്തെ ജൂതവിരോധവുമായി താരതമ്യം ചെയ്ത വീസല്‍ പോളണ്ടിലെ സോളിഡാരിറ്റിയെ അനുകൂലിച്ചു. സോവിയറ്റ് ജൂതന്മാര്‍, കംബോഡിയക്കാര്‍, കുര്‍ദുകള്‍ എന്നിവര്‍ക്കെല്ലാം വേണ്ടി സംസാരിച്ചു. 2003ല്‍ അമേരിക്കയുടെ ഇറാക്ക് ആക്രമണത്തെ പിന്താങ്ങിയ വീസല്‍ ഇസ്രയേല്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ കാണുന്നില്ലെന്ന ആരോപണവിധേയനായി.

ജീവിതത്തില്‍ എന്തെങ്കിലും ഖേദമുണ്ടോ എന്ന ഓപ്ര വിന്‍ഫ്രിയുടെ ചോദ്യത്തിന് പലസ്തീന്‍കാര്‍ക്കു വേണ്ടി കൂടുതല്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു എന്നായിരുന്നു വീസലിന്റെ മറുപടി.

നാസി കൂട്ടക്കൊലയെപ്പറ്റി മറക്കണമെങ്കില്‍ അതിന് ഇരകളായവരെ രണ്ടാമതും കൊല്ലേണ്ടിവരുമെന്നായിരുന്നു കൂട്ടക്കൊല സമാനതകളില്ലാത്ത ചരിത്രസംഭവമാണെന്നു പറഞ്ഞിരുന്ന വീസലിന്റെ നിലപാട്.ആധുനിക റൊമാനിയയിലെ സിഗെറ്റില്‍ 1928 സെപ്റ്റംബര്‍ 30നാണ് എലീസര്‍ വീസല്‍ ജനിച്ചത്. പലചരക്കുകടക്കാരനായ ഷ്‌ലോമോയുടെയും ഭാര്യ സാറയുടെയും ഏക മകനായിരുന്ന വീസല്‍ മതകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരുന്നു.

പതിനഞ്ചാം വയസില്‍ ഓഷ്വിറ്റ്‌സിലെ 17ാം ബ്ലോക്കിലെത്തിയ വീസലിന്റെ ഇടതുകയ്യില്‍ എ 7713 എന്ന നമ്പര്‍ മുദ്രകുത്തപ്പെട്ടു. 18 വയസാകുമ്പോഴേക്ക് ക്യാംപിലെ ജീവിതം തന്നെ വൃദ്ധനാക്കിയിരുന്നു എന്ന് പിന്നീട് വീസല്‍ അനുസ്മരിച്ചു.

1945ല്‍ എസ് എസ് യൂണിറ്റുകള്‍ ഓഷ്വിറ്റ്‌സ് ഒഴിപ്പിച്ചു. വീസലും പിതാവും ജര്‍മനിയിലെ വെയ്മറിനടുത്തുള്ള ബുച്ചന്‍വാള്‍ഡിലേക്കു മാറ്റപ്പെട്ടു. ജനുവരിയില്‍ പിതാവ് മരിച്ചു. ഏപ്രിലില്‍ യുഎസ് സേന വീസലിനെ മോചിപ്പിച്ചു.

അനാഥര്‍ക്കുള്ള ട്രെയിനില്‍ കയറി ഫ്രാന്‍സിലെത്തിയ വീസലിന് തന്റെ രണ്ടു സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം അറിയില്ലായിരുന്നു. പത്രത്തില്‍ വീസലിന്റെ ചിത്രം കണ്ട് സഹോദരിമാരില്‍ ഒരാളാണ് വീസലിനെ തിരിച്ചറിഞ്ഞത്.

ഫ്രഞ്ച് പഠിച്ച് സാര്‍ത്രെയും കാമുവും ആവാഹിച്ച വീസല്‍ ഒരു ഇസ്രയേലി പത്രത്തില്‍ വിദേശകാര്യ ലേഖകനായി. 1956ല്‍ അമേരിക്കയിലേക്കു കുടിയേറിയ വീസല്‍ ജൂവിഷ് ഡെയ്‌ലി ഫോര്‍വേഡിന്റെ ലേഖകനായി. ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്ന വീസല്‍ പിന്നീട് അദ്ധ്യാപനത്തിലേക്കും പുസ്തകമെഴുത്തിലേക്കും തിരിഞ്ഞു. 30 വര്‍ഷം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ അദ്ധ്യാപകനായിരുന്ന വീസല്‍ 1982ല്‍ യേല്‍ സര്‍വകലാശാലയില്‍ അതിഥി അദ്ധ്യാപകനായി. 65 സീറ്റുകളുള്ള ക്ലാസിനുവേണ്ടി വന്നത് 350 വിദ്യാര്‍ത്ഥികളാണ്.

നോവലുകളും നാടകങ്ങളും പ്രബന്ധങ്ങളും ഓര്‍മക്കുറിപ്പുകളും ഉള്‍പ്പെടെ 40 കൃതികള്‍ വീസലിന്റേതായുണ്ട്.

നാസി പീഡനങ്ങളെ അതിജീവിച്ച മാരിയോണ്‍ എസ്റ്റര്‍ റോസാണ് വീസലിന്റെ ഭാര്യ. മകന്‍ ഷ്‌ലോമോ എലീഷ വീസല്‍.


Next Story

Related Stories