TopTop
Begin typing your search above and press return to search.

ചരിത്രത്തെ കടത്തിവെട്ടിയ ധര്‍മ്മപുരാണം

ചരിത്രത്തെ കടത്തിവെട്ടിയ ധര്‍മ്മപുരാണം

അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികമാണ് ജൂണ്‍ 25. ദുഃഖകരമായ സംഭവങ്ങളും സുഖകരമല്ലാത്ത ഓര്‍മ്മകളും ദുരന്തങ്ങളും എല്ലാം കൂടിക്കുഴഞ്ഞ നാളുകള്‍, ഞെട്ടിപ്പിക്കുന്ന ഓര്‍മ്മചിത്രങ്ങളുടെ ആല്‍ബം. ഈ ഇരുണ്ട നാളുകളില്‍ ഒ വി വിജയന്‍ എന്ന പ്രതിഭാശാലിയായ നോവലിസ്റ്റ് എഴുതിയ 'ധര്‍മ്മപുരാണം' വമ്പിച്ച വിവാദങ്ങള്‍ സൃഷ്ടിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള കൃതി എന്ന വിശേഷണം ധര്‍മ്മപുരാണത്തിനു മേല്‍ വന്നുവീണു. ഈ കൃതി ചങ്കുറപ്പോടെ പ്രസിദ്ധീകരിക്കാന്‍ തയ്യാറായതാകട്ടെ, എഴുപതുകളില്‍ കത്തിജ്വലിച്ചു നിന്ന 'മലയാളനാട്' വാരികയും!

മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ആധുനികതയ്ക്ക് വളരാനും വികസിക്കാനും ഇടവും തടവും നല്‍കിയ മലയാളനാട് ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. അന്തരിച്ച എസ് കെ നായരുടെ ഈ പ്രസിദ്ധീകരണത്തില്‍ ഒരു സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കാനും വാരികയുടെ അവസാന നാളുകളില്‍ അതിന്റെ പൂര്‍ണ്ണചുമതല ഏറ്റെടുക്കാനും ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. ഈയൊരു പശ്ചാത്തലത്തിലാണ് 'ധര്‍മ്മപുരാണ'ത്തിന്റെ പ്രസിദ്ധീകരണ ചരിത്രത്തെക്കുറിച്ചും ആ കൃതിയുടെ പ്രത്യേകതയെക്കുറിച്ചും ഇവിടെ ചില കാര്യങ്ങള്‍ പറയാന്‍ തയ്യാറാവുന്നത്.

മലയാളനാടിന്റെ ഉടമയും ചീഫ് എഡിറ്ററുമായ എസ് കെ നായരുമായി ആദ്യന്തം അടുപ്പം പുലര്‍ത്തിയ വ്യക്തിയായിരുന്നു ഒ വി വിജയന്‍. അദ്ദേഹത്തിന്റെ കുറേ കഥകള്‍ മലയാളനാടില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 'ഇന്ദ്രപ്രസ്ഥം' എന്ന ഒരു പംക്തിയും വിജയന്‍ കൈകാര്യം ചെയ്തു.ഇന്ത്യയിലെ അടിയന്തിരാവസ്ഥയ്ക്ക് മുന്നേ എഴുതിയതാണ് 'ധര്‍മ്മപുരാണം' എന്ന് വിജയന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ നോവലിന്റെ നാലാമദ്ധ്യായത്തിന് 'അടിയന്തരാവസ്ഥ' എന്നാണ് പേരുകൊടുത്തത്. അടിയന്തരാവസ്ഥയ്ക്ക് മുന്നേ ധര്‍മ്മപുരാണം എഴുതി പൂര്‍ത്തിയാക്കി വിജയന്‍ എസ് കെ നായരെ ഏല്‍പ്പിച്ചിരുന്നു. എസ് കെ ആവട്ടെ അത് അടിയന്തരാവസ്ഥാ കാലത്തുതന്നെ പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെട്ടു. അന്ന് 'മലയാളനാടില്‍' കൊടുത്ത പരസ്യം ഇതാണ്:

''ഒ വി വിജയന്‍ ധര്‍മ്മപുരാണം എഴുതാന്‍ കാണിച്ച ധൈര്യം, ഇത് പ്രസിദ്ധപ്പെടുത്തുന്നതിലൂടെ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു."

1975 ജൂലൈ 20 മുതല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ജൂണ്‍ 27-ന് ഒ വി വിജയന്‍ ഡല്‍ഹിയില്‍ നിന്ന് കത്തയച്ചത്.

കത്ത് ഇങ്ങനെ:
'പ്രിയപ്പെട്ട എസ് കെ, ചരിത്രം നമ്മെ കടത്തിവെട്ടിയല്ലോ. ധര്‍മ്മപുരാണത്തിന്റെ പ്രസിദ്ധീകരണം നീട്ടിവയ്ക്കുകയല്ലാതെ വേറെ വഴിയുണ്ടോ? ഞാന്‍ മുപ്പതാം തീയതി മദിരാശിക്ക് പുറപ്പെടുന്നു. മറുപടി അയയ്ക്കുക.'

എസ് കെ നായര്‍ വിജയന്റെ കത്തിനെ മാനിച്ചു. ധര്‍മ്മപുരാണത്തിന്റെ പ്രസിദ്ധീകരണം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി 'മലയാള നാടി'ല്‍ അറിയിപ്പും കൊടുത്തു. പിന്നീട് 1977 മാര്‍ച്ച് 21 ന് അടിയന്തിരാവസ്ഥ പിന്‍വലിച്ചശേഷമാണ് 'ധര്‍മ്മപുരാണം' മലയാളനാടില്‍ പ്രസിദ്ധീകരിക്കുന്നത്.

അടിയന്തരാവസ്ഥ പിന്‍വലിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒ വി വിജയന്‍ എസ് കെ നായര്‍ക്ക് വീണ്ടും എഴുതി:

'ഈ കഥ എഴുതിയ കാലത്ത് എനിക്ക് അരിശവും വാശിയുമുണ്ടായിരുന്നു. അരിശത്തോടെ ഇത് പ്രസിദ്ധീകരിക്കുവാന്‍ എനിക്കും താങ്കള്‍ക്കും അളവറ്റ ഉത്സാഹമായിരുന്നു. ഇന്നോ? ദുഃഖം, വ്യര്‍ത്ഥത മാത്രം. അടിയന്തിരാവസ്ഥയ്ക്ക് മുന്‍പ് നമ്മളിത് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ താങ്കളും ഞാനും കക്കയം പൊലീസ് ക്യാമ്പിലോ അതുപോലെ മറ്റെവിടെയെങ്കിലുമോ അവസാനിച്ചിരിക്കുമെന്നത് വേറെ കാര്യം... അധമവും മലീമസവുമായ ഈ കഥയെപ്പോലെ വീണ്ടുമൊന്ന് എഴുതാന്‍ ഈശ്വരന്‍ എന്നെ വിധിക്കാതിരിക്കട്ടെ..'''

ധര്‍മ്മപുരാണത്തിന്റെ രാഷ്ട്രീയം
''സ്ഥലരാശിയുടെ ഇരുള്‍പരപ്പുകളിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങള്‍ ഉദിച്ചു. അവ ധര്‍മ്മപുരിയുടെ ആകാശങ്ങളിലേക്ക് പ്രയാണം തുടങ്ങി, അവയുടെ ജ്വലിക്കുന്ന രഥ്യയിലുടനീളം വരുംവരായ്കകള്‍ കുറിച്ചുകൊണ്ട്. ദേവസ്പര്‍ശത്തിന്റെ രാത്രിയൊന്നില്‍ അവയുടെ വെളിച്ചം ഭൂമിയില്‍ വീഴുകയും മന്വന്തരങ്ങള്‍ക്ക് ശേഷം തിരിച്ചുവരാനായി അവ ചുറ്റി അകലുകയും ചെയ്തു.....''

ധര്‍മ്മപുരാണത്തിന്റെ ഒന്നാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. ചരിത്രത്തിന്റെയും മനുഷ്യാവസ്ഥയുടെയും ഞെട്ടിപ്പിക്കുന്ന സംയോഗമാണ് ധര്‍മ്മപുരാണം. ഇവിടെ രാഷ്ട്രീയത്തോട് പ്രതികരിച്ച വിജയന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യാവസ്ഥയോട് പ്രതികരിക്കുകയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയവും മനഃശാസ്ത്രവും മറ്റനേകം അടരുകളുമുള്ള ഒരു കൃതിയായി ധര്‍മ്മപുരാണം നിലനില്‍ക്കുന്നു. ഭരണകൂടത്തിന്റെയും പ്രാകൃതമായ രാഷ്ട്രീയ നേതൃത്വത്തിന്റെയും ജീര്‍ണ്ണതയാണ് വിജയന്‍ ദര്‍ശിക്കുന്നത്. ക്രോധം ഇരമ്പുന്ന മനസില്‍ ഖേദവും പരിഹാസവും ഒക്കെ വന്നുനിറയുമ്പോള്‍ ചരിത്രത്തിന്റെ വൃത്തികെട്ട അവസ്ഥകളെ അശ്ലീലം കൊണ്ട് നേരിടുകയാണ് വിജയന്‍. അഴുകുന്ന അധികാരം വിജയന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

ദേശീയ പതാകകൊണ്ട് കോണകമുടുക്കുന്ന പ്രജാപതി, ചെങ്കൊടികൊണ്ട് ലിംഗം മൂടുന്ന മഹാമാന്ത്രികന്‍, വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്ന താടിക്കാരനായ ചെറുപ്പക്കാരന്‍, ഗോവായി അമ്മാവന്‍, കര്‍ക്കടക വിപ്ലവം, അധ്യാത്മിക കക്ഷി, രാഷ്ട്രത്തിന്റെ പ്രതിസന്ധി, എന്നിങ്ങനെയുള്ള കോമാളിരൂപങ്ങള്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യന്‍ അവസ്ഥയുടെ പുറവും മറുപുറവുമാണിത്. ധര്‍മ്മപുരിയിലെ പ്രജാപതി മന്ത്രിമാരുടെ ഭാര്യമാരുമായി പരസ്യലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു. വെപ്പാട്ടികളുടെ ഭര്‍ത്താക്കന്‍മാരെ ആക്ഷേപിക്കുന്നു. അധികാരവും പരപീഢനവും മനുഷ്യജീവതത്തില്‍ സൃഷ്ടിക്കുന്ന അരാജകാവസ്ഥ വിജയന്‍ വരച്ചുകാട്ടുന്നു.


എസ് കെ നായര്‍

ചരിത്രത്തിലുണ്ടായിട്ടുള്ള കൂട്ടക്കൊലകളുടെയും യുദ്ധത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് മൃതശീരരത്തോടുള്ള ഭരണാധികാരികളുടെ ആഭിമുഖ്യമാണ് (Necrophilia). നെക്രോഫീലിയ എന്നത് ശവശരീരത്തോടുള്ള കാമം നിറഞ്ഞ ആഭിമുഖ്യമാണ്. ധര്‍മ്മപുരാണങ്ങളില്‍ ഉന്തുവണ്ടിക്കാരന്‍ ശവത്തെ ഭോഗിക്കുന്നത് ഭയം ജനിപ്പിക്കുന്ന വര്‍ണ്ണനയിലൂടെ വിജയന്‍ നേരിടുന്നു.

രാഷ്ട്രീയത്തിലെ അഴുക്കുകള്‍ എങ്ങും ഒഴുകിപ്പരക്കുന്നത് നാം കാണുന്നു. പ്രജാപതിയുടെ വെപ്പാട്ടിയായിത്തീര്‍ന്ന പ്രിയംവദയുടെ മുമ്പില്‍ രാജ്യരക്ഷാമന്ത്രി ഹയവദത്തന്‍ ആത്മപീഡനസുഖത്തില്‍ മുഴുകുന്നു. പ്രിയംവദയാകട്ടെ ഉടയാടകള്‍ വലിച്ചെറിഞ്ഞ് അയാളുടെ മുമ്പില്‍ നില്‍ക്കുന്നു. ആ നഗ്നത ദര്‍ശിച്ച് രാജ്യരക്ഷാമന്ത്രി അവളുടെ മുമ്പില്‍ മുട്ടുകുത്തിയിരിക്കുന്നു. എന്നിട്ട് കാലില്‍ പിടിച്ച് അവളുടെ പെരുവിരല്‍ ഉറുഞ്ചിക്കുടിക്കുവാന്‍ തുടങ്ങുന്നു... അധികാരത്തിന്റെ നാണംകെട്ട ഈ അഴുക്കുകളെ അടിച്ചെറ്റി വെളുപ്പിക്കാന്‍ വിജയനിലെ കലാകാരന്‍ വെമ്പല്‍കൊള്ളുന്നു. അപ്പോഴും ചരിത്രത്തിന്റെ ആന്തരിക പ്രത്യക്ഷമായി 'ധര്‍മ്മപുരാണം' അനേക തലങ്ങളുള്ള കലാസൃഷ്ടി - കാലസൃഷ്ടിയായി പരിണമിക്കുന്നത് സൂക്ഷ്മവായനയിലൂടെ നമുക്ക് കണ്ടെടുക്കാനാവും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories