അഴിമുഖം പ്രതിനിധി
പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹേശ്വേത ദേവി അന്തരിച്ചു. 90 വയസായിരുന്നു. ജ്ഞാനപീഠം പുരസ്കാരം, മാഗ്സസെ അവാര്‍ഡ്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയ്ക്ക് അര്‍ഹയായിട്ടുണ്ട്.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ബെല്ലെ വ്യു ക്ലിനിക്കില്‍ രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. ഈ മാസം 23 ന് അവര്‍ക്ക് ഹൃദയാഘാതം വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഹാശ്വേത ദേവിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും അവരെ കരള്‍രോഗം ബാധിക്കുകയും ചെയ്തിരുന്നു.
ആരേണ്യര്‍ അധികാര്‍, ഹജര്‍ ചൗരാഷിര്‍ മാ, ബ്രെസ്റ്റ് സ്റ്റോറീസ്, ടിന് കോറിര്‍ സദ്ദ് എന്നിവയുള്‍പ്പെടെ നിരവധി കൃതികള്‍ ഇന്ത്യന്‍ സാഹിത്യമണ്ഡലത്തിന് സംഭാവന നല്കിയ എഴുത്തുകാരിയാണ് മഹാശ്വേത ദേവി.
സാഹിത്യപ്രവര്ത്തനത്തിനൊപ്പം ആദിവാസി/ ദളിത് ജീവിതങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയും സമരമുഖങ്ങളിലും ഇന്ത്യയിലൊട്ടാകെ സഞ്ചരിച്ച സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു മഹാശ്വേത ദേവി.
മഹാശ്വേത ദേവിയുടെ നിര്യാണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. വ്യക്തിപരമായും ബംഗാളിനും സംഭവിച്ച വലിയ നഷ്ടമാണ് മഹാശ്വേത ദേവിയുടെ മരണമെന്നും നാടിന് അതിന്റെ മഹതിയായ അമ്മയെയാണ് നഷ്ടമായിരിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.