TopTop
Begin typing your search above and press return to search.

ഇഎംഎസ്സിന്റെ കത്തും കാല്‍പ്പനിക കമ്യൂണിസവും

ഇഎംഎസ്സിന്റെ കത്തും കാല്‍പ്പനിക കമ്യൂണിസവും

കമ്യൂണിസവും ദാരിദ്ര്യവുമായി സാധ്യമായ ഒരേയൊരു ബന്ധം ദരിദ്രസമൂഹങ്ങള്‍ അനുഭവിക്കുന്ന നൈതികവും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് കാരണം ആത്യന്തികമായി സമ്പത്തിന്റെ തുല്യതയില്ലാത്ത വിതരണമാണെന്ന് കണ്ടുകൊണ്ട് അതിന് ദരിദ്രപക്ഷത്ത് നിന്നുകൊണ്ട് പരിഹാരം തേടുന്ന ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലാണ്. അല്ലാതെ അത് ഒരു നിലയ്ക്കും ദാരിദ്ര്യത്തെ ആദര്‍ശവല്‍ക്കരിക്കുന്നില്ല എന്നത് ഒരു കമ്യൂണിസ്റ്റ് ബാലപാഠമാണ്. എന്നാല്‍ പല മത, മതേതര അര്‍ദ്ധാധികാര പ്രത്യയശാസ്ത്രങ്ങളും കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും പ്രായോഗികലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ആദര്‍ശവല്‍ക്കരിച്ച് പോന്നിട്ടുണ്ട് താനും. ഇതില്‍ ചിലവയ്ക്ക് സവിശേഷമായ ചരിത്രസാഹചര്യങ്ങളില്‍ ചില വ്യക്തികളിലൂടെ, മിത്തുകളിലൂടെ സവിശേഷപ്രസക്തി ആര്‍ജ്ജിച്ചിട്ടുമുണ്ട്. ബുദ്ധനും ക്രിസ്തുവും മുതല്‍ ഗാന്ധി വരെയുള്ളവര്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഞാന്‍ പറഞ്ഞുവരുന്നത് ഇവരാരെങ്കിലും ദാരിദ്ര്യം മഹത്തരമാണെന്നും എല്ലാവരും ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിയണമെന്നും പറഞ്ഞു എന്നല്ല. മറിച്ച് വ്യത്യസ്ത കാരണങ്ങളാല്‍ നീതി നിഷേധത്തിന്റെ, ദുരിതങ്ങളുടെ ആത്മീയ സാധൂകരണ യുക്തികളായി വ്യാഖ്യാനിക്കപ്പെട്ടു എന്നതാണ്. മോഹത്തില്‍ നിന്നുള്ള മുക്തി ആത്യന്തികലക്ഷ്യമായി കണ്ടതെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ബുദ്ധന്റെ നിര്‍വാണദര്‍ശനം നീതി എന്ന, തുല്യത എന്ന എല്ലാ ഭൗതികാവശ്യങ്ങളെയും മോഹങ്ങളാക്കി റദ്ദ് ചെയ്യുന്നു. ദുരിതങ്ങള്‍ കണ്ട് കൊട്ടാര സ്വാസ്ഥ്യം വിട്ടിറങ്ങിയ കുമാരനാണ് ബുദ്ധനായി തീരുന്നത് എന്ന മിത്ത് നിലനില്‍ക്കെയാണ് ഈ വ്യാഖ്യാനം എന്ന് ഓര്‍ക്കണം. ക്രിസ്തുവും മനുഷ്യന്റെ ദു:ഖങ്ങളാല്‍, അവര്‍ അനുഭവിക്കുന്ന അനീതികളാല്‍ ചലിപ്പിക്കപ്പെട്ട ഒരു ആര്‍ദ്രമാനസമായിരുന്നു എന്ന് വ്യാഖ്യാനമുണ്ട്. എന്നാല്‍ ഇന്ന് പ്രബലം കുരിശിലേറ്റപ്പെട്ട ക്രിസ്തു കടന്നുപോയ പീഢാനുഭവങ്ങളാണ്. ദൈവസാക്ഷാത്കാരം അതിനോടുള്ള, അതായത് പീഢയും ദുരിതവുമായുള്ള തന്മയീഭാവമാകുന്നു. അതായത് പീഢാനുഭവങ്ങള്‍ പ്രതിഷേധിക്കുവാന്‍, ചെറുക്കുവാന്‍ ഉള്ളവ അല്ലാതായിത്തീരുന്നു. അത് തന്നെയാണ് ഗാന്ധിയന്‍ ദര്‍ശനവും. അത് അസമത്വത്തെ 'മരത്തിലെ ഇലകളുടെ' വലിപ്പച്ചെറുപ്പം പോലെ സ്വാഭാവികവും പ്രാകൃതികവുമായി കാണുന്നു. അതിനെതിരായ സമരം പ്രപഞ്ചസൃഷ്ടിക്ക് എതിരായും.

ഈ പറഞ്ഞതിനര്‍ത്ഥം ഇവര്‍ അപ്രസക്തര്‍ എന്നോ, അബദ്ധങ്ങള്‍ പ്രചരിപ്പിച്ചവര്‍ എന്നോ അല്ല. മറിച്ച് കാലം നിരന്തര ധൈഷണിക പരിണാമങ്ങളിലൂടെ സദാ ചലനാത്മകമായി തുടരുന്നു എന്നും അവിടെ ആരും ആരെയും നിഷേധിക്കുന്നില്ല, തുടരുകയാണ് ചെയ്യുന്നത് എന്നുമാണ്. പക്ഷേ ഇത് നടക്കുന്നത് കേവലമായ ശിഷ്യപ്പെടലിലൂടെയല്ല, നിരന്തരമായ നിഷേധങ്ങളിലൂടെ, കൂടുതല്‍ കൂടുതല്‍ വസ്തുനിഷ്ഠമാകുന്ന ചോദ്യം ചെയ്യലുകളിലൂടെ ആണെന്ന് മാത്രം. ഈ ചരിത്രത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടതും പുനര്‍ നിര്‍ണ്ണയിക്കപ്പെട്ടതുമായ ഒന്നാണ് മിത്തുകളുടെ ചരിത്രവും. എങ്കിലും ചോദ്യം ചെയ്യപ്പെടുന്ന മിത്തുകള്‍ക്കൊപ്പം പുതിയ വര്‍ത്തമാന മിത്തുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുകയും ചെയ്യും. അത്തരം ഒന്നിനെ ഇനി പരിചയപ്പെടുത്തട്ടെ.

ഇ എം എസ്സിന്റെ കത്ത്

'പ്രിയ സാഹിബിന്,

കത്തുമായി വരുന്ന കുട്ടി എന്റെ മകള്‍ മാലതിയാണ്. അവള്‍ക്ക് രണ്ട് വോയില്‍ സാരി കൊടുക്കുക. അല്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തിലെ ശമ്പളത്തില്‍ നിന്ന് കടം തീര്‍ത്ത് കൊള്ളാം.

എന്ന്

ഇഎംഎസ് നമ്പൂതിരിപ്പാട്'

ഇഎംഎസ് എഴുതിയത് എന്ന് പറയപ്പെടുന്ന ഇത്തരം ഒരു കത്ത് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഒന്നല്ല. അത് അധികാര ദുര്‍വിനിയോഗം നടത്തി സ്വത്ത് സമ്പാദിക്കാത്ത, ആദര്‍ശധീരനും സത്യസന്ധനും അതുകൊണ്ട് സ്വാഭാവികമായും ദരിദ്രനുമായ ഒരു ഭരണാധികാരി എന്ന പ്രോട്ടൊടൈപ്പിന് നിദാനമായി സൈബര്‍ മീഡിയയില്‍ കഴിഞ്ഞ കുറെ കാലമായി കമ്യൂണിസ്റ്റ് അനുഭാവികള്‍ പ്രചരിപ്പിക്കുന്ന ഒന്നാണ്. ഇതിന്റെ ആധികാരികത അദ്ദേഹത്തിന്റെ ബന്ധുക്കളാല്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതായാണ് അറിവ്. എന്നിട്ടും അത് തുടരുന്നു എന്നതില്‍ വിചിത്രമായി ഒന്നുമില്ലേ?

കത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നിരിക്കിലും അതിനെ പ്രചരിപ്പിക്കുന്നവര്‍ അതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാര്യം വസ്തുതാപരമായി നിലനില്‍ക്കുന്നത് തന്നെയാണ്. അതായത് അദ്ദേഹം കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്നു എന്നതില്‍ സംശയമില്ല. അതിന് വസ്തുനിഷ്ഠമായ വേറേ നിരവധി തെളിവുകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെയുണ്ട്. പറഞ്ഞുവരുന്നത് ഇത്തരം ഒരു കല്പിത കത്തില്‍ നിന്ന് വായിച്ചെടുക്കേണ്ട അതികാല്പനികമായ ഒരു ഉള്ളടക്കമല്ല ഇഎംഎസ് എന്ന ചരിത്രപുരുഷന്റേത് എന്ന് മാത്രം.

സേവനത്തിന് വേതനം വേണ്ടാത്തവര്‍
ഇനി ഈ കത്തിനെ അദ്ദേഹത്തിന്റെ വ്യക്തിഗത നന്മയുടെയും നൈര്‍മ്മല്യത്തിന്റെയും ഒക്കെ തെളിവായി എടുക്കുകയാണെങ്കില്‍ അതില്‍ ചില പ്രശ്‌നങ്ങളുമുണ്ട്. ഒന്ന്, എല്ലാ തൊഴിലാളികള്‍ക്കും കുടുംബം പുലര്‍ത്താന്‍ തക്ക വേതനം ലഭിക്കണം എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതുനയം. എട്ട് മണിക്കൂര്‍ പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ പിന്നെ എന്നെ നാളെ നോക്കിയാല്‍ മതി എന്ന ഒരു സാധാരണ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ന്യായമായ വാദം സാധ്യമായ ഒരു തസ്തികയല്ല 'മുഖ്യമന്ത്രി'പദം എന്നിരിക്കേ അതില്‍ ഇരിക്കുന്ന വ്യക്തിക്ക് തന്റെ കുടുംബം മുമ്പോട്ട് കൊണ്ടുപോകാന്‍ തക്ക വേതനം പോലും ലഭിക്കുന്നില്ലെങ്കില്‍ അത് വ്യവസ്ഥയുടെ, ഭരണത്തിന്റെ തന്നെ പരാജയമാണ്, വിജയമല്ല സൂചിപ്പിക്കുന്നത്.

ഇവിടെ ഒരു എതിര്‍വാദം ഉയരാം. അത് സേവനം തൊഴിലല്ല എന്നതാണ്. കേള്‍ക്കുമ്പോള്‍ മഹത്തരം എന്ന് തോന്നുന്ന ഈ വാദം പറയാതെ പറയുന്നത് അന്നന്ന് പണിയെടുത്ത് കിട്ടുന്ന വേതനം ഇല്ലെങ്കിലും കുടുംബം പുലരുന്ന അവസ്ഥയുള്ളവര്‍ മാത്രം ജനസേവനത്തിന് വന്നാല്‍ മതി എന്നാണ്; അതായത് ജന്മനാ ധനികരായുള്ളവര്‍, ഭൂപ്രഭുക്കന്മാര്‍. അല്ലാത്ത ഒരു മനുഷ്യനും ഈ പണി പറ്റില്ല, കാരണം ഒരു രാജ്യത്തിന്റെ ഭരണം എന്നത് ഭരിക്കപ്പെടുന്നവര്‍ക്ക് വേണ്ടി അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചെയ്യുന്ന സേവനം ആണെങ്കില്‍ കൂടി അത് കഴിഞ്ഞ് മറ്റൊരു തൊഴില്‍ ചെയ്ത് കുടുംബം നോക്കാന്‍ പോന്നത്ര സമയം എന്ന ആനുകൂല്യം നല്‍കുന്ന ഒന്നല്ല. ഒരു പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന സേവനം പോലും അങ്ങനെയല്ല. അപ്പോള്‍ മന്ത്രി, മുഖ്യമന്ത്രിതല തിരക്കുകളെക്കുറിച്ച് പറയുകയും വേണ്ട.

ആ സേവനം ഏറ്റെടുക്കുന്നത് വഴി വന്നുചേരുന്ന ഉത്തരവാദിത്തം വൃത്തിയായി ചെയ്യാന്‍ സന്നദ്ധനായ വ്യക്തിക്കും അയാളുടെ കുടുംബത്തിനും അതിജീവനത്തിന് ആവശ്യമായ വരുമാനം വേണ്ടേ? പൊതുജന സേവനത്തിനിറങ്ങുന്നവര്‍ക്ക് കുടുംബം പോലുള്ള പ്രാരാബ്ധങ്ങള്‍ പാടില്ല എന്ന വാദം ഇനിയും ആരും ഉന്നയിക്കുമെന്ന് തോന്നുന്നില്ല.

പ്രതിരാജ സങ്കല്‍പ്പം
ഇതൊക്കെ ശരി. എങ്കിലും ഇക്കാലത്ത് നമുക്ക് ഭരണാധികാരിയോട് ഒരു ബഹുമാനമൊക്കെ തോന്നണമെങ്കില്‍ അയാള്‍ ദരിദ്രനായിരിക്കണം, പോട്ടെ, ലളിതജീവിതം നയിക്കുന്നവനെങ്കിലും ആയിരിക്കണം. ചുറ്റും ഒരു മുട്ടുമില്ലാത്തവണ്ണം ലഭ്യമായ ദരിദ്രരോട് ഒരു ബഹുമാനവുമില്ലാത്ത ഒരു ജനതയുടെ ആഗ്രഹമാണെന്ന് ഓര്‍ക്കണം. ദരിദ്രരായ ഭരണാധികാരികള്‍ മഹാത്മാക്കളും ദരിദ്രരായ മനുഷ്യര്‍ വെറും 'ദരിദ്രവാസികളും' ആകുന്ന ഈ പ്രതിഭാസം എങ്ങനെ ഉണ്ടാകുന്നു?

പ്രജകള്‍ നിത്യപട്ടിണിക്കാരായിരിക്കുമ്പോഴും ആഢംബരപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഭരണാധികാരികള്‍ എന്നത് ജനാധിപത്യ പൂര്‍വ്വ കാലം മുതല്‍ക്കേ നാം കണ്ടുവരുന്ന ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഇതിനോടുള്ള ധാര്‍മ്മിക രോഷം നമ്മില്‍ അന്തര്‍ലീനവുമായിരിക്കാം. പക്ഷെ അതുകൊണ്ട് രാജാവും ദരിദ്രനാണെങ്കില്‍ പ്രജകളുടെ ദാരിദ്ര്യം താനേ ലഘൂകരിക്കപ്പെട്ടുകൊള്ളും എന്ന് സാമാന്യവത്ക്കരിക്കാനാവില്ല. തമ്പുരാനും അത്താഴം കഴിച്ചിട്ടില്ല എന്ന കൊട്ടാരം വര്‍ത്തമാനം ഭക്ഷിച്ചാല്‍ നമ്മുടെ വയറ്റിലെ കാളല്‍ കെടില്ലല്ലോ. അപ്പൊ വേണ്ടത് ദാരിദ്ര്യത്തിന്റെ ആദര്‍ശവല്‍ക്കരണമല്ല, അതിന്റെ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രായോഗിക വഴികളാണ്.

ആ വഴി വെട്ടുക എന്നതാണ് ഒരു ഭരണാധികാരിയുടെ ചുമതല. അത് സ്വയം പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആളുകളാല്‍ പ്രയോഗതലത്തില്‍ സാധ്യമാക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന് ചരിത്രം പറയുന്നു. പെറുക്കി തിന്ന് ജീവിക്കുന്ന അവസ്ഥയില്‍ നിന്ന് ഉത്പാദനം, ഉത്പാദനത്തില്‍ നിന്ന് സര്‍പ്‌ളസ്, അതില്‍ നിന്ന് സംസ്‌കാരം. കൊസാംബിയെ പോലൊരാള്‍ അതിനെ മിച്ചം വന്ന ചോറെന്ന് വിശേഷിപ്പിച്ചത് കേവലം രൂപക നിര്‍മ്മിതിയിലുള്ള ഭ്രമം കൊണ്ടല്ല എന്ന് ചുരുക്കം.

ഒരു രാജ്യത്തിന്റെ ആകമാനം സിംഗിള്‍ ഓണറായി, ലഭ്യമായതില്‍ ഏറ്റവും ആഡംബരപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന രാജാവിന്റെ നേര്‍വിപരീതമായി ഉടുക്കാന്‍ വസ്ത്രമോ, കിടക്കാന്‍ കൂരയോ ഇല്ലാതെ ഭിക്ഷയാചിച്ച് ജീവിക്കുന്ന പ്രതിരാജാവ് എന്ന ഒരു കല്പനാ സൃഷ്ടിയൊക്കെ സാധ്യമാണ്, ചിലപ്പോള്‍ ഉജ്ജ്വലവുമായിരിക്കും, പക്ഷേ അയാള്‍ക്ക് നന്നായി ഭരിക്കാന്‍ പറ്റും എന്നത് കവിത ചൊല്ലി വിമാനം പറത്തുമ്പോലെ ഒരു കാല്പനിക രൂപകമാവുകയേ ഉള്ളു.

മഹത്തായ ദാരിദ്ര്യങ്ങള്‍
ഇഎംഎസ്സിലേക്ക് മടങ്ങിവന്നാല്‍ ഇവിടെ അദ്ദേഹത്തിന്റെ വ്യക്തിഗതദാരിദ്ര്യം ആദര്‍ശവല്‍ക്കരിക്കപ്പെടുന്നത് മേല്‍പ്പറഞ്ഞ 'പ്രതിരാജ' സങ്കല്‍പ്പത്തിന്റെ യുക്തി വച്ചാണ്. ഇനി അതല്ല, മനുഷ്യര്‍ കടം മേടിക്കുന്നത് ദാരിദ്ര്യം കൊണ്ടല്ലല്ലോ എന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പറ്റുപടി വച്ച് വാദിക്കുകയാണെങ്കില്‍ അവിടെയും പ്രശ്‌നമുണ്ട്. വരുമാനം അതിന്റെ കാലികമായ വര്‍ദ്ധന ഉള്‍പ്പെടെ പ്രവചനീയമാംവിധം സ്ഥിരമാണെന്നിരിക്കെ അപ്രതീക്ഷിത ചിലവുകളെ മുന്‍കൂട്ടി കണ്ട് അതിനും കുടുംബ ബജറ്റില്‍ വരവുവച്ച് മുമ്പോട്ട് പോകാന്‍ ഉള്ള ബുദ്ധിമുട്ടിനെ സാധാരണ മനുഷ്യര്‍ നേരിടുന്ന ഒരു വഴിയാണ് പറ്റുപടി. അതാവുമ്പോള്‍ ശമ്പളം കിട്ടുമ്പോള്‍ പറ്റ് തീര്‍ത്താല്‍ അടുത്ത ഒരു മാസത്തേക്ക് നിത്യജീവിതം വഴി മുട്ടില്ല. ബാക്കി തുക ഒരു സുരക്ഷിതത്വത്തിനായി കയ്യില്‍ വയ്ക്കുകയും ആവാം.

പക്ഷേ ഈ പരിപാടി രാഷ്ട്രീയ നിര്‍ണ്ണയാവകാശമുള്ള ഉയര്‍ന്ന അധികാരസ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ചേര്‍ന്ന ഒരു അതിജീവന പദ്ധതിയല്ല. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നാണല്ലോ. പറ്റുപടി ഒരു ഉപഭോക്താവിന്റെ അവകാശമല്ല, അത് വ്യാപാരി നല്‍കുന്ന ഒരു ആനുകൂല്യമാണ്. അത് ഒരിക്കല്‍ നമ്മള്‍ പറ്റിയാല്‍ പിന്നെ അവന്‍ ചോദിക്കുന്ന ആനുകൂല്യം നമ്മള്‍ തിരിച്ചും നല്‍കേണ്ടിവരും; പ്രത്യേകിച്ച് അവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഭരണകര്‍ത്താക്കളാണെങ്കില്‍. ഒരു സംസ്ഥാനത്തിന്റെ അതിജീവനത്തിന് അവശ്യമായ വരവുചിലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം മുന്‍കൂര്‍ കണക്കുകൂട്ടി അതിന് വഴി കണ്ടെത്തി അതിനെ നയിക്കേണ്ട ഒരു ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍ക്ക് സ്വന്തം കുടുംബത്തിന്റെ പ്രതിമാസ ബഡ്ജറ്റ് കൃത്യമായി കൈകാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് ആദര്‍ശമാണോ? പരാജയമാണോ?

ഈ പറഞ്ഞതിനര്‍ത്ഥം സംസ്ഥാനങ്ങളോ, രാജ്യങ്ങള്‍ തന്നെയോ കടം എടുക്കാന്‍ പാടില്ല എന്നോ, കടം എടുക്കാറില്ലെന്നോ അല്ല. പക്ഷേ അത് സംസ്ഥാനത്തിന് ഒരാവശ്യം വന്നപ്പോള്‍ മുഖ്യമന്ത്രി പുള്ളീടെ ചങ്ങായീടെ കയ്യീന്ന് കുറെ പൈസ കടം വാങ്ങി അഡ്ജസ്റ്റ് ചെയ്തു എന്ന ലൈനില്‍ ആവരുത് എന്ന്. ആയാല്‍ അത് ആ ഭരണാധികാരിയെ വ്യവസ്ഥാ ബാഹ്യമായ ഒരു ഏജന്‍സിക്ക് വശംവദനാക്കി തീര്‍ക്കുകയാണ്. അത്തരം പഴുതുകള്‍ തന്റെ മഹത്തായ ദാരിദ്ര്യം നിലനിര്‍ത്താനായി ഒരു ഭരണാധികാരി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്ത ദുര്‍വ്യയങ്ങളിലേക്കുള്ള ഒരു ചവിട്ടുപടി ആയിരിക്കും.ഗാന്ധിജിയുടെ ദാരിദ്ര്യം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ചിലവാക്കേണ്ടിവന്ന തുകയെക്കുറിച്ച് സരോജിനി നായിഡു ഉന്നയിച്ച പ്രശസ്തമായ ചോദ്യം ഈ നിലയ്ക്കല്ലെങ്കിലും രാഷ്ട്രമീമാംസയില്‍ കടന്നുകൂടുന്ന കേവലമായ കാല്പനിക ആദര്‍ശവല്‍ക്കരണങ്ങളുടെ കാര്യത്തില്‍ പ്രസക്തം തന്നെയാണ്.

താങ്ങാനാവാത്ത കാല്‍പ്പനിക മിത്തുകള്‍
ഒരു സംസ്ഥാനം ഭരിക്കുന്ന ഭരണാധികാരിക്ക് സ്വന്തം കുടുംബത്തിന്റെ നിത്യവൃത്തി ചിലവ് നോക്കാന്‍ പര്യാപ്തമായ വരുമാനം ഇല്ലെങ്കില്‍ അത് ഒരു നേട്ടമല്ല, അടിയന്തിരമായി തിരുത്തേണ്ട ഒരു കോട്ടമാണ്. ഇതിനെ ദാരിദ്ര്യം അതില്‍ തന്നെ ഒരു മൂല്യമാണെന്ന് വാദിക്കുന്ന ഗാന്ധീയന്‍ ദര്‍ശനങ്ങളുടെ കുളിരില്‍ കമ്യൂണിസ്‌റ്റെന്ന് അവകാശപ്പെടുന്നവരെങ്കിലും വായിക്കരുത്. ഇത്തരം അതികാല്പനിക മിത്തുകള്‍ ഒരു പ്രായോഗിക ജനാധിപത്യത്തിന് താങ്ങാന്‍ പറ്റുന്ന വ്യയങ്ങളല്ല. കമ്യൂണിസം ദാരിദ്ര്യത്തെ ആദര്‍ശവല്‍ക്കരിക്കുന്നില്ല, മറിച്ച് അതിന്റെ കാരണങ്ങളും, നൈതികവും സാംസ്‌കാരികവുമായ അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളും എന്തെന്ന് പഠിക്കാനും അതിലൂടെ അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമാണ് ശ്രമിച്ചിട്ടുള്ളത്. അതെങ്കിലും പ്രത്യയശാസ്ത്രത്തെ കാല്പനികവല്‍ക്കരിച്ച് കയ്യടിയോ കല്ലറയോ നേടുന്നവര്‍ മനസിലാക്കണം.

സ്വന്തമായി ഒരു മൊബൈല്‍ ഇല്ലാത്ത, തീവണ്ടി കയറി നിയമസഭാ സമ്മേളനത്തിന് വരുന്ന, ചെരുപ്പിടാത്ത, മകള്‍ക്ക്‌ സാരി വാങ്ങിയിട്ട് കടയില്‍ പറ്റ് പറയുന്ന ഭരണാധികാരികള്‍ എന്ന കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റിനെയും ആം ആദ്മിയെയും ഒക്കെ അയുക്തികമായി കലര്‍ത്തി ഉണ്ടാക്കുന്ന വിചിത്രവും പ്രയോഗതലത്തില്‍ നിര്‍വ്വീര്യവുമായ രാഷ്ട്രീയ അവക്ഷിപ്തം അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ നമ്മുടെ ജനാധിപത്യത്തില്‍ ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന വൃണങ്ങള്‍ക്ക് മേല്‍ പുരട്ടാന്‍ പറ്റുന്ന ഒരു ഔഷധ തൈലമല്ല എന്നെങ്കിലും നമ്മള്‍ ആദ്യം മനസിലാക്കണം.

പിന്നെ പ്രായോഗികവും യുക്തിബദ്ധവുമായ ഒരു സംവാദ തലത്തില്‍ പരിഹാര അന്വേഷണങ്ങള്‍ തുടങ്ങി വയ്ക്കണം. അതികാല്‍പ്പനികത, കാല്‍പ്പനിക കവിതയില്‍ പോലും ഒരു ഭാവുകത്വഗുണമായിരുന്നില്ല, പിന്നെയല്ലേ രാഷ്ട്രീയത്തില്‍!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories