TopTop
Begin typing your search above and press return to search.

ഒരു ഹര്‍ത്താല്‍ ദിനത്തിലെ മാവോയിസ്റ്റ് ചിന്തകള്‍

ഒരു ഹര്‍ത്താല്‍ ദിനത്തിലെ മാവോയിസ്റ്റ് ചിന്തകള്‍

കെ എ ആന്റണി

ഇന്നു മറ്റൊരു ഹര്‍ത്താല്‍ ദിനം. പ്രശ്‌നം നോട്ടും സഹകരണവും ഒക്കെ തന്നെ. കടുത്ത പ്രതിഷേധം ആവശ്യപ്പെടുന്ന വിഷയം തന്നെ. എന്നു കരുതി ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രം ഒരു ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് പരിഹരിക്കപ്പെടുന്ന ഒരു പ്രശ്‌നമാണോ ഇതെന്നു ഹര്‍ത്താലിന് മുന്നിട്ടിറങ്ങിയവര്‍ രണ്ടാവര്‍ത്തി ചിന്തിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. കാരണം ഇക്കഴിഞ്ഞ ദിവസവും പ്രധാന മന്ത്രിജി തന്റെ മന്‍ കി ബാത്തില്‍ പറഞ്ഞത് ആകാശം ഇടിഞ്ഞു വീണാല്‍ പോലും മുന്നോട്ടു വെച്ച കാല്‍ താന്‍ പിന്നോട്ട് എടുക്കില്ലെന്ന മട്ടില്‍ തന്നെ. മന്‍ കി ബാത് എന്നാല്‍ ഒരു എളുപ്പ പണിയാണെന്നും മറു ചോദ്യങ്ങള്‍ ഇല്ലാത്ത, സ്വന്തം അഭിപ്രായങ്ങള്‍ (അത് എത്ര ക്രൂരവും അര്‍ത്ഥശൂന്യവും ആയിരുന്നാലും) ഒരു ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ എത്രമേല്‍ സൗകര്യപ്രദവും ആണെന്ന് മോദിജി ഇതിനകം തന്നെ തിരിച്ചറിഞ്ഞുവെന്നു തന്നെ വേണം കരുതാന്‍. ആ മോദിയെ വിരട്ടാന്‍ വേണ്ടി ഇങ്ങനെയൊരു ഹര്‍ത്താല്‍ വേണ്ടിയിരുന്നുവോയെന്ന് ഇപ്പോഴും ബലമായി തന്നെ സംശയിക്കുന്നു. ഒരു പക്ഷെ, ബാങ്കിനും എടിഎം കൗണ്ടറുകള്‍ക്കും മുന്‍പില്‍ ക്യൂ നിന്നു കാലു കഴച്ച,കേരളീയര്‍ക്ക് ഒരു ദിവസത്തെ വിശ്രമം അനുവദിച്ചതാകാം എന്ന് ചിന്തിച്ചു സമാധാനിക്കുക തന്നെ.

ഇന്നത്തെ ഹര്‍ത്താലില്‍ ബാങ്കുകളും എടിഎം കൗണ്ടറുകളും സുഗമായി പ്രവര്‍ത്തിക്കും എന്നു ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ തന്നെ ഉറപ്പു നല്‍കിയിട്ടുള്ളതിനാല്‍ സ്വന്തം വാഹനം ഉള്ളവര്‍ക്ക് ബാങ്കും എടിഎമ്മും ഇന്നും പ്രാപ്യമാണ്. കാലിനു വിശ്രമം സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാരനു മാത്രം. അതായതു നോട്ടു നിരോധിച്ച മോദിക്കെതിരെ കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുമ്പോള്‍ പാവങ്ങള്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന് സാരം.

സ്വന്തമായി വണ്ടിയില്ലാത്തതിനാലും ബാങ്ക് അകൗണ്ടില്‍ ഉള്ളത് വെറും 493 ഉലുവ ആയതിനാലും എനിക്ക് പതിവുപോലെ ഇന്നും വിശ്രമം. വെറുതെ ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയെ കുറിച്ച് ഓര്‍മ വന്നത്. മരണ വാര്‍ത്ത ടി വി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ കാസ്‌ട്രോയെക്കുറിച്ചു നല്ലതെന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചതാണ്. പലരുടെയും എന്നതുപോലെ എന്റെ തലയിലും മനസ്സിലും ഒക്കെ കയറിക്കൂടിയ രണ്ട് വലിയ വിപ്ലവകാരികളായിയിരുന്നു ഫിദലും ചെ ഗുവേരയും. ഇവരൊക്കെ എന്നിലേക്ക് എത്തിച്ചേര്‍ന്നത് 1977ല്‍ ആണെന്ന് മാത്രം. ഇവരെക്കുറിച്ചുള്ള പ്രാഥമിക അറിവിന് സച്ചി( കെ സച്ചിദാനന്ദന്‍) മാഷിനോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നു പറയേണ്ടതുണ്ട്. സത്യത്തില്‍ മാഷ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ചെ ഗുവേര എഴുതിയ ഫിദലിന് ഒരു ഗീതം (A song to Fidel) എന്ന കവിതയാണ് ആ രണ്ട് വിപ്ലവ സൂര്യന്മാരെക്കുറിച്ചും ക്യൂബന്‍ വിപ്ലവത്തെക്കുറിച്ചുമൊക്കെ കൂടുതല്‍ അന്വേഷിച്ചറിയാന്‍ പ്രേരകമായത്.ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഔട്ട് ലോ പോയറ്ററി എന്ന സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്. സ്പാനിഷ് ഭാഷയിലുള്ള ഒറിജിനല്‍ തപ്പിയില്ല. സ്പാനിഷ് വശമില്ലാത്തതു കൊണ്ടു തന്നെ.

എന്നാല്‍ നിലമ്പൂര്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേന രണ്ടു മാവോ വാദികളെ വെടിവച്ചുകൊന്നു എന്ന വാര്‍ത്ത എല്ലാം തകിടം മറിച്ചുകളഞ്ഞു. എന്റെ പ്രിയ ചങ്ങാതി ശിവാന്ദന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്. ഫിദലിനെക്കുറിച്ചു രണ്ടു നല്ല വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിക്കാന്‍ തുനിഞ്ഞ അയാളുടെ ശിരസ് നിലമ്പൂര്‍ വാര്‍ത്ത അറിഞ്ഞ നിമിഷത്തില്‍ കുനിഞ്ഞുപോയി എന്നാണ്. എന്നിട്ടും ശിരസ് കുനിച്ചു അയാള്‍ ഫിദലിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. എനിക്ക് എന്തുകൊണ്ടോ അതിനായില്ല.

മനസ് അത്രകണ്ട് കലുഷിതമായിരുന്നു. ചിന്തകളില്‍ ഇരുട്ട് നിറഞ്ഞു കത്തി. ഫിദലിനെയും ചെ ഗുവേരയെയും നെരൂദയെയുമൊക്കെ വായിച്ചു തുടങ്ങും മുന്‍പ് തന്നെ നക്‌സലൈറ്റുകള്‍ എന്റെ മനസ്സില്‍ കയറിക്കൂടിയിരുന്നു. വയനാടന്‍ ചുരത്തിനു താഴെ കണ്ണൂര്‍ ജില്ലയില്‍ പെട്ട ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു എന്റെ ജനനം. ഒരു നസ്രാണി കുടിയേറ്റ ഗ്രാമമായിരുന്നെങ്കിലും കുറിച്യര്‍ ആയിരുന്നു അയല്‍ക്കാര്‍. എന്റെ വീടിനു തൊട്ടു താഴെയുള്ള ഒറ്റയടി പാത കോലക്കാടു നിന്നും കടനമാലയിലേക്കും അവിടെ നിന്നും വായനാട്ടിലേക്കുള്ള പേര്യ ചുരത്തിലുള്ള ഇരുപത്തിയെട്ടാം മൈലിലേലേക്കും നയിക്കുന്ന ഒന്നായിരുന്നു. അക്കാലത്താണ് വര്‍ഗീസും അജിതയും ഒക്കെ ചേര്‍ന്ന നക്‌സലൈറ്റുകളെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ പത്രങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കാന്‍ തുടങ്ങിയത്. ഞങ്ങളുടെ നാട്ടില്‍ അക്കാലത്തു പ്രചാരത്തില്‍ ഉണ്ടായിരുന്നത് മലയാള മനോരമയും ദീപികയും മാത്രം. നക്‌സലൈറ്റ് കഥകള്‍ എല്ലാവിധ ചേരുവകകളും ചേര്‍ത്ത് രണ്ടു പത്രങ്ങളും വിളമ്പിയിരുന്നു. തലശ്ശേരി പുല്‍പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങള്‍, അഡിഗ, ചെക്കു കൊലപാതകങ്ങള്‍ അങ്ങനെ എല്ലാം വയനാടന്‍ മലയടിവാരത്തിലുള്ള ഞങ്ങളുടെ ഗ്രാമത്തിലേക്കും ആവശ്യത്തിലേറെ മസാല പുരട്ടി കടന്നു വന്നിരുന്ന കാലം. അന്ന് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു.

നേരെത്തെ സൂചിപ്പിച്ച ഒറ്റയടി പാതക്ക് ഇരുവശത്തുമായി ഞങ്ങളുടെ കുറെ തൈതെങ്ങുകള്‍ കായ്ച് നില്‍ക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ ആരോ തെങ്ങില്‍ നിന്നും കരിക്കുകള്‍ അടര്‍ത്തിയെടുക്കും. കരിക്കിന്റെ തൊണ്ടുകള്‍ തെങ്ങിന് ചുവട്ടിലോ അല്‍പ്പം അകലെയോ ആയി കിടക്കുന്നുണ്ടാവും.

വനത്തില്‍ കഴിയുന്ന വര്‍ഗീസും അജിതയുമൊക്കെയാണ് കരിക്കു മോഷ്ട്ടാക്കള്‍ എന്നായിരുന്നു അമ്മയുടെ വാദം. ഫോറസ്‌ററ് അത്ര അകലെ അല്ലാത്തതിനാല്‍ ഞാനും സഹോദരങ്ങളും അമ്മയുടെ സുഹൃത്തുക്കളും അയല്‍ക്കാരും ആയ കുറിച്യ സ്ത്രീകളും 'അമ്മ പറഞ്ഞതത്രയും വിശ്വസിച്ചു. അത് കൊണ്ട് തന്നെ രാത്രികാലങ്ങളില്‍ മൂത്രം ഒഴിക്കാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ പോലും എനിക്ക് വലിയ ഭയമായിരുന്നു.

വര്‍ഗീസ് കൊല്ലപ്പെടുകയും അജിതയും ഫിലിപ് എം പ്രസാദും ഒക്കെ അറസ്റ്റിലാവുകയും ചെയ്‌യുന്നത് വരെ ആ ഭയം രാത്രികാലങ്ങളില്‍ എന്നെ വേട്ടയാടിയിരുന്നു.

വര്‍ഗീസിലെയും അജിതയിലേയുമൊക്കെ നല്ല വശങ്ങള്‍ മനസ്സിലാക്കാന്‍ എനിക്ക് കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടിവന്നു. 1977 ല്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠനകാലത്തു വയനാട്ടിലേക്ക് നടത്തിയ ഒരു യാത്ര വയനാട്ടിലെ ആദിവാസികള്‍ക്ക് വര്‍ഗീസ് എന്ന വിപ്ലവകാരി യുവാവ് എങ്ങനെ അവരുടെ പെരുമന്‍ ആയി എന്ന് മനസിലാക്കി തന്നു. കുട്ടിക്കാലത്തു പത്രങ്ങളിലൂടെയും അല്ലാതെയും കേട്ടതത്രയും എത്രമാത്രം നിറം പിടിപ്പിച്ചവ ആയിരുന്നു എന്ന് അന്നും വര്‍ഗീസിനെ മനസില്‍ ദൈവമായി പ്രതിഷ്ടിച്ചിരുന്ന ചോമന്‍ മൂപ്പനും കൂട്ടരും പറഞ്ഞു തന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ഗീസിന്റേത് ഏറ്റുമുട്ടല്‍ കൊലപാതകം ആയിരുന്നില്ലെന്നും പിടികൂടിയ ശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും രാമചന്ദ്രന്‍ നായര്‍ എന്ന റിട്ടയേര്‍ഡ് പോലീസ് കോണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വാര്‍ത്ത ശേഖരിക്കാന്‍ വായനാട്ടില്‍ എത്തിയപ്പോള്‍ മാനന്തവാടിയിലെ ബേബി തങ്കപ്പന്‍ സ്റ്റുഡിയോ ഉടമ തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞതും രാമചന്ദ്രന്‍ നായര്‍ പറഞ്ഞത് ശരിവെക്കുന്നതായിരുന്നു. നിലമ്പൂരില്‍ എന്നതുപോലെ വര്‍ഗീസ് കൊലചെയ്യപ്പെട്ടപ്പോഴും പത്രലേഖകരെയോ ഫോട്ടോഗ്രാഫര്‍മാരേയോ പോലീസ് അടുപ്പിച്ചില്ല. ബേബി തങ്കപ്പന്‍ സ്റ്റുഡിയോയില്‍ നിന്നും പോലീസ് വിളിച്ചുകൊണ്ടുപോയ ആള്‍ എടുത്ത ഫോട്ടോയാണ് ഫിലിം റോള്‍ പോലീസ് സഹായത്തോടെ പണം നല്‍കി വാങ്ങി ഒരു പ്രമുഖ പത്രം അക്കലത്തു തങ്ങളുടെ എസ്‌കഌസീവ് ചിത്രമായി പ്രസിദ്ധപ്പെടുത്തിയത് എന്നായിരുന്നു തങ്കപ്പന്‍ ചേട്ടന്റെ വെളിപ്പെടുത്തല്‍വര്‍ഗീസ് വധം വീണ്ടും പൊന്തിവന്നപ്പോള്‍ ഇതേ പത്രവും നക്‌സലൈറ്റുകളെക്കുറിച്ചു പണ്ട് പറഞ്ഞതത്രയും വിഴുങ്ങുകയും വര്‍ഗീസിന്റെയും കൂട്ടരുടെയും വീര ഗാഥകള്‍ ഉദ്‌ഘോഷിക്കുകയും ചെയ്തു. കമിഴ്ന്നുവീണാലും കാല്‍ പണം എന്ന മട്ടില്‍).

സച്ചിദാനന്ദനെ പോലെ തന്നെ ഫിദലിനെയും ചെ ഗുവരേയും ക്യൂബന്‍ വിപ്ലവത്തെയും മാത്രമല്ല മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ എന്ന നാടകത്തിനും പുരോഗമന വായനക്കും (പ്രതേകിച്ചു ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ സാഹിത്യവും ചരിത്രവും രാഷ്ട്രിയവും) ഒക്കെ ഏറെ പ്രചാരം നല്‍കിയ ഒരു പ്രസ്ഥാനവും നക്‌സലൈറ് മൂവ്‌മെന്റിനൊപ്പം കേരളത്തില്‍ വളര്‍ന്നു വന്നിരുന്നു. എന്നാല്‍ മഠത്തില്‍ മത്തായി വധത്തെ തുടര്‍ന്ന് ഉണ്ടായ ഉല്‍മൂലന സിദ്ധാന്ത തര്‍ക്കം സാംസ്‌കാരിക വേദിയുടെ പിരിച്ചുവിടലിലും കേരളത്തിലെ നക്‌സലൈറ് മൂവ്‌മെന്റിന്റെ പിളര്‍പ്പിനും തകര്‍ച്ചക്കും വഴിവെച്ചു.

മാവോയിസ്റ്റുകള്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചയാണ് എന്ന് കരുതുന്നവര്‍ ധാരാളം ഉണ്ട്. എന്നാല്‍ ഇത് ഒട്ടും ശരിയല്ല. പഴയ നക്‌സലൈറ്റ് ആദര്‍ശങ്ങള്‍ കൊണ്ടുനടക്കുന്ന ചിലരൊക്കെ മാവോ പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന വസ്തുതയും നിരാകരിക്കുന്നില്ല.

മാവോയിസ്റ്റുകള്‍ ആരാണ് എന്നതല്ല അവര്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം എന്ന് തോന്നുന്നു.

ഇന്ത്യയില്‍ ഒഡീഷ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മാവോയിസ്റ്റ് സാന്നിധ്യം കൂടുതല്‍ ഉള്ളതെന്നാണ് പ്രതിരോധവകുപ്പ് തന്നെ പറയുന്നത്. ഇവടങ്ങളിലെ ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും ഇടയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആദിവാസികളുടെയും ഗ്രാമീണരുടെയും ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് മാവോയിസ്റ്റുകള്‍ പറയുന്നതെങ്കിലും ഭരണകൂടങ്ങളോ പൊലീസോ അത് അംഗീകരിക്കുന്നില്ല. ഈ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റു മേഖലകളില്‍ നിന്നും മിക്ക ദിവസങ്ങളിലും ഏറ്റുമുട്ടല്‍, കൂട്ടക്കൊല എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലൂടെ സുലഭം തന്നെ.മവോയിസ്റ്റുകള്‍ എന്തിനു കാട്ടില്‍ വന്നുവെന്നു ഇക്കഴിഞ്ഞ ദിവസം മഹാനായ ഒരു മുന്‍ പത്രപ്രവര്‍ത്തകന്‍ ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ ചോദിക്കുന്നത് കേട്ടു. അടുത്തിടെ കര്‍ണാടകത്തില്‍ അഞ്ഞൂറ് കോടി രൂപ മുടക്കി ഒരു ഖനി മുതലാളി നടത്തിയ വിവാഹ ദൂരത്തിനെക്കുറിച്ചു ഈ മഹാനും വായിച്ചിരിക്കും. ടിയാന്‍ അടക്കം ഇന്ത്യയിലെ ഖനി മുതലാളിമാരൊക്കെ എന്തിനാണ് വനത്തില്‍ കയറുന്നത് എന്ന് എന്റെ മാന്യ സുഹൃത്ത് ഒരിക്കലെങ്കിലും ചോദിച്ചിട്ടുണ്ടോ ? ഓരോ രാജ്യത്തിന്റെയും സമ്പത്തു മാത്രമല്ല ജീവവായുവും സംരക്ഷണ കവചവും കൂടിയാണ് ആ രാജ്യത്തെ വനം. ഈ വന മേഖലയെ ഇല്ലാതാക്കുകയാണ് നമ്മുടെ ഖനി മുതാളിമാര്‍. അതിനായി അവര്‍ വനത്തില്‍ നിന്നും വന മേഖലകളില്‍ നിന്നും ആദിവാസികളെയും ഗ്രാമീണരെയും ആട്ടിപ്പായിക്കുന്നു. അതിനെതിരേ മാവോയിസ്റ്റുകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ വെറും ഭരണകൂട വിരുദ്ധ നീക്കമായി വായിക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ നമ്മളോടും വരും തലമുറയോടും കാണിക്കുന്ന കൊടിയ അപരാധം ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ഇതര സംസ്ഥാനങ്ങളിലെ കാര്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. കേരളത്തിലേക്കും നിലമ്പൂരിലേക്കും തന്നെ മടങ്ങാം. കേരളത്തിലെ വന മേഖലകളില്‍ മാവോയിസ്‌റ് സാന്നിധ്യം ഉണ്ടെന്നത് ഒരു പുതിയ വാര്‍ത്തയല്ല. ഖനികള്‍ ഇല്ലാത്ത കേരളത്തിലെ വന മേഖലകള്‍ കേന്ദ്രികരിച്ചു എന്തിനാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ ധാരാളം. കേരളത്തിലെ വനങ്ങളും പ്രകൃതി സമ്പത്തിനാല്‍ അനുഗ്രഹീതം ആണെന്നത് മാത്രമല്ല കേരളത്തിലെ ആദിവാസി സമൂഹം പാര്‍ക്കുന്നത് വനത്തിനുള്ളിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലുമാണ്. അവര്‍ ഇന്നും ചൂഷണത്തില്‍ നിന്നും വിമുക്തര്‍ അല്ലെന്ന കാര്യം പകല്‍ പോലെ വ്യക്തവുമാണ്. ആദിവാസി പ്രേമം ചുരത്തുന്ന സിപിഎം പോലുള്ള ഇടതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളില്‍ പോലും ഇന്നും ആദിവാസിയുടെ ജീവിതം അത്യന്തം ദുരിത പൂര്‍ണം തന്നെ. ആര്‍ക്കും വേണ്ടാത്ത( വോട്ടിന്റെ കാര്യത്തില്‍ ഒഴിച്ച്) അവര്‍ക്കുവേണ്ടി കൂടിയാണ് കേരളത്തിലെ മാവോയിസ്റ്റുകള്‍ പൊരുതുന്നത് എന്ന് പറയേണ്ടിവരും.

അവരുടെ പോരാട്ടത്തിന്റെ ശരി തെറ്റുകള്‍ എന്തുമാകട്ടെ. ബൊളീവിയന്‍ കാടുകളെ തന്റെ വിപ്ലവത്തിന് താവളമാക്കിയ ചെ ഗുവേരയെ വാഴ്ത്തിപ്പാടുന്നവര്‍ എന്തിനു കാട് ഒളിത്താവളം ആക്കിയതിന്റെ പേരില്‍ മാത്രം രണ്ടു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അവരെ പിടികൂടി നിയമത്തിന്റെ വഴിക്കു കൊണ്ടുവരികയല്ലായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഏറ്റുമുട്ടല്‍ കൊലപാതകം എന്ന് പോലീസ് പറയുമ്പോഴും മരിച്ചവരുടെ ദേഹത്ത് തുളച്ചുകയറിയ വെടിയുണ്ടകളുടെ എണ്ണവും യാതൊരു വിധ പരിക്കും ഏല്‍ക്കാത്ത പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന തരത്തിലുള്ള ഒരു വ്യാജ ഏറ്റുമുട്ടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസ് പറയുന്നത് മാത്രം വിഴുങ്ങുന്നത് ഒരു ഭരണകൂടത്തിനും നല്ലതല്ല. മുത്തങ്ങയില്‍ സായുധ കലാപം നടക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ്. സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്തിയിലുള്ള പോലീസ് സംഘം തങ്ങളുടെ ഭൂമി പ്രശനം ഉന്നയിച്ചു വന ഭൂമി കൈയേറിയ ആദിവാസികളെ അടിച്ചും വെടിവെച്ചും ഒതുക്കിയത്. അന്ന് പ്രതിപക്ഷത്തിരുന്നു വലിയ കോലാഹലം ഉയര്‍ത്തിയവരായിരുന്നു തങ്ങളെന്ന് ഇന്ന് ഭരണത്തില്‍ ഇരിക്കുന്നവര്‍ എന്തേ മറന്നു പോകുന്നു?

'നിങ്ങള്‍ എന്നെ ശിക്ഷിച്ചോളു. പക്ഷെ ചരിത്രം എന്നെ കുറ്റക്കാരന്‍ അല്ലെന്ന് വിധിക്കും' എന്ന ഫിദലിന്റെ വാക്കുകള്‍ കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇനിയെങ്കിലും ഓര്‍ക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories