TopTop
Begin typing your search above and press return to search.

അമ്മമാര്‍ ഉറങ്ങാത്ത നാട്

അമ്മമാര്‍ ഉറങ്ങാത്ത നാട്

രാകേഷ് സനല്‍

സ്വര്‍ഗ*ത്തിലെ കോടങ്കരി തോട്ടില്‍ ഇരട്ടത്തലയന്‍ ഞണ്ടിനെ കണ്ടതില്‍ പിന്നെ, ജഢാധാരിക്കാവില്‍ ശീല്‍ക്കാരശബ്ദങ്ങള്‍ ഇല്ലാതായതില്‍ പിന്നെ, കവുങ്ങിന്‍ തോട്ടങ്ങളിലെ പച്ചപ്പടര്‍പ്പുകള്‍ നശിച്ചു പോയതില്‍ പിന്നെ, ഭൂമി തുരന്നല്‍ പോലും ഒരു മണ്ണിരയെ കാണാനില്ലാതായതില്‍ പിന്നെ, കൊരട്ട* മരത്തിന്റെ പൂവുകള്‍ തേയിലക്കൊതുകുകള്‍ തിന്നുമെന്ന വലിയ നുണ പ്രചരിച്ചതില്‍ പിന്നെ, ഹൂങ്കാരശബ്ദമുള്ള യന്ത്രത്തുമ്പി വിഷം ചീറ്റി പറക്കാന്‍ തുടങ്ങിയതില്‍ പിന്നെ എന്‍മകജെയിലേയും മുള്ളേരിയായിലേയും മടിക്കയിലേയുമൊന്നും അമ്മമാര്‍ ഉറങ്ങിയിട്ടില്ല. കൊല്ലമിത്ര കടന്നുപോയിട്ടും ഇന്നും കാസര്‍ഗോഡുള്ള പല അമ്മമാരും ഉറങ്ങുന്നില്ല...

ഇതൊരു കഥയുടെ തുടക്കമല്ല, ഒരുപക്ഷേ അജ്ഞേയമായ കഥയായി തോന്നിയേക്കാവുന്ന, വലിയൊരു സത്യം. എന്‍ഡോസള്‍ഫാന്‍ എന്ന പാപത്തിന്റെ ഇനിയുമവസാനിക്കാത്ത ദുരിതസത്യങ്ങള്‍...

ലോകം കണ്ട ഏറ്റവും വലിയ നശീകരണം നാഗസാക്കിയിലും ഹിരോഷിമയിലുമാണ് നടന്നത്. അതിനോട് തുലനം ചെയ്യാവുന്ന ഒന്നാണ് കേരളത്തിലെ കാസര്‍ഗോട്ടെ ഈ ദുരന്തം.

കാരണം ഈ നാട്ടില്‍ ഇനിയും നിരവധി വര്‍ഷങ്ങളിലേക്ക് ബാക്കി കിടക്കുകയാണ് എന്‍ഡോസള്‍ഫാന്‍ വിതച്ച അപകടം...

തളിര്‍ത്തു തുടങ്ങിയ പുല്‍നാമ്പുകള്‍
കാസര്‍ഗോഡിന്റെ പ്രകൃതിക്ക് ഇപ്പോള്‍ നല്ല മാറ്റമുണ്ട്. മണ്ണില്‍ പച്ചപ്പിന്റെ ഭംഗി തിരികെ വന്നിരിക്കുന്നു. കോടങ്കരി തോട്ടില്‍ മീനുകളെയും ഞണ്ടുകളെയും കണ്ടുതുടങ്ങി. പാമ്പിന്റെയും തവളകളുടെയും അനക്കങ്ങളുണ്ട്. ഇതൊന്നുമില്ലാതിരുന്ന നാടായിരുന്നു ഒരു കാലത്ത് കാസര്‍ഗോഡ്. ഇപ്പോള്‍ പ്രകൃതി തിരികെ വരികയാണ്. മനുഷ്യന്‍ ചെയ്ത പാപത്തിന്റ വിഷലിപ്തരൂപമായി നിന്നിരുന്ന കൊരട്ടമരങ്ങള്‍ക്കു പകരം റബര്‍മരങ്ങള്‍ വളരാന്‍ തുടങ്ങി.

പക്ഷേ വിധിക്കപ്പെട്ടുപോയ മനുഷ്യജീവിതങ്ങളെ മറച്ചു പിടിക്കാന്‍ ആര്‍ക്കുമായില്ല, ഒന്നിനുമായില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതം എത്രമേല്‍ നാശമാണ് കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ വിതച്ചതെന്നതിന് ഇനിയുമൊരു വിവരണം വേണമെന്നില്ല. എന്നാല്‍ വീണ്ടും വീണ്ടും പലരാല്‍ അതാവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍, വിഷമഴയുടെ ഇരകളായി മാറുന്ന മനുഷ്യജീവികള്‍ക്കുമേല്‍ ഭരണകൂടശ്രദ്ധ പതിയാന്‍ വേണ്ടിയാണ്. ഒന്നും ചെയ്തിട്ടില്ലെന്നല്ല, ചെയ്യാന്‍ ഏറെയുണ്ട് ബാക്കിയെന്നാണു പറയുന്നത്.ഒന്നും അവസാനിച്ചിട്ടില്ല
എന്‍ഡോസള്‍ഫാനോ അതൊരു പഴയ കഥയല്ലേ എന്നു ചോദിക്കുന്നവരുണ്ട്. കാസര്‍ഗോഡിന്റെ ടൂറിസം സാധ്യകള്‍ക്കു മേലുള്ള കരിനിഴലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്നും, ഇനിയുമതേക്കുറിച്ചു പറയുന്നത് ഈ നാടിനു തന്നെയാണ് മോശമെന്ന് ഉപദേശിക്കുന്നവരുമുണ്ട്. പക്ഷെ അവരാരും ഈ അമ്മമാരെ കണ്ടു കാണില്ല, അവരുടെ വേദന അറിഞ്ഞു കാണില്ല.

മടിക്കൈയിലെ കരിമ്പാറത്തട്ടിനുമേല്‍ അലസമായി മൂടിയിട്ടിരിക്കുന്ന, അങ്ങിങ്ങായി പിഞ്ഞിപ്പോയ പച്ചവിരിപ്പിനു നടുവിലൂടെ നടന്നാണു ചെങ്കല്‍ക്കട്ടകള്‍ കൊണ്ടു കെട്ടിയ ചെറിയ വീട്ടിലേക്ക് ചെല്ലുന്നത്. ആ വീട്ടിലൊരു അമ്മയുണ്ട്; നിര്‍മല. വിശ്വസിക്കുമോയെന്നറിയില്ല, ആ അമ്മ ശരിക്കൊന്നുറങ്ങിയിട്ട് 12 വര്‍ഷത്തോളമായിരിക്കുന്നു! നന്ദനയെന്ന എന്‍ഡോസള്‍ഫാന്‍ ബാധിതയായ കുട്ടിയുടെ അമ്മയാണ് നിര്‍മല. എപ്പോഴും എടുത്തുകൊണ്ട് നടക്കണം നന്ദനയെ. മിണ്ടാന്‍ കഴിയില്ല, ഇരിക്കാനോ നടക്കാനോ കഴിവില്ല. 12 വയസിന്റെ വളര്‍ച്ച തോന്നിക്കാത്ത രൂപം. ശ്വാസംമുട്ടലും കഫക്കെട്ടും വിട്ടൊഴിയാതെ കൂടെയുണ്ട്. നന്ദനയ്ക്ക് ആകെയറിയാവുന്നത് കരയാന്‍ മാത്രമാണ്.

ക്വാറിയിലാണ് നന്ദനയുടെ അച്ഛന് പണി. ആ കുടുംബത്തിന്റെ ഏകാശ്രയം. പകലുമുഴുവന്‍ ജോലി ചെയ്ത് തളര്‍ന്നു വരുന്ന ആ പിതാവിനും രാത്രി വിശ്രമിക്കാനുള്ളതല്ല, നന്ദനയെ കൈയില്‍ കോരിയെടുത്ത് കൊണ്ടുനടക്കണം. അച്ഛനെക്കാളും അമ്മയെക്കാളും ആ വീട്ടില്‍ നന്ദനയെ സ്‌നേഹിക്കുന്നൊരാള്‍ അവളുടെ ചേട്ടനാണ്. കോളേജ് വിട്ടുവന്നാല്‍ പിന്നെ ഒരിടത്തേക്കും പോകാതെ നന്ദനയെ കൊണ്ടു നടന്നോളും ചേട്ടന്‍. അച്ഛന്റെയും ചേട്ടന്റെയും കൈകകളില്‍ നന്ദനയുള്ളപ്പോള്‍ മാത്രമാണ് നിര്‍മല വിശ്രമിക്കുക.

ഈ വര്‍ഷമാദ്യം തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരത്തില്‍ പങ്കെടുക്കാന്‍ നന്ദനയെ കൂട്ടി നിര്‍മലയും വന്നിരുന്നു. അന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകയായ മുനീസയോടൊപ്പാണ് നിര്‍മലയും നന്ദനയും കഴിഞ്ഞത്.

ആ രാത്രികളിലെല്ലാം ഉറങ്ങാതെ കുട്ടിയേയും കൊണ്ട് നടക്കുകയാണു നിര്‍മല. ഒരു രാത്രി ഞാന്‍ അവര്‍ക്കൊപ്പം ഉണര്‍ന്നിരുന്നു. മുനീസയ്ക്ക് ഞങ്ങള്‍ ബുദ്ധിമുട്ടായല്ലേ? നിര്‍മല എന്നോടു സങ്കടത്തോടെ ചോദിച്ചു. എനിക്ക് കരച്ചില്‍ വന്നു. ഒരു രാത്രി ഉറങ്ങാന്‍ കഴിയാത്തതിന് എനിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍, ഈ വര്‍ഷങ്ങളത്രയും തന്റെ മകളെയും തോളിലിട്ട് ഉറങ്ങാതെ നടക്കുന്ന ഈ അമ്മയുടെ കാര്യമോ? മുസീന പറഞ്ഞതാണ്.

ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട അമ്മമാരാണ് കാസര്‍ഗോഡുള്ളത്. ഈ കുഞ്ഞുങ്ങളെ അതുകൊണ്ടാണ് ഇവിടുത്തെ അമ്മമാരെ ഏല്‍പ്പിച്ചത്; കളിയായിട്ടോ കാര്യമായിട്ടോ മുനീസ ഇങ്ങനെ പറഞ്ഞത്?

ഇനിയൊന്നും ചെയ്യാനില്ലെന്നാണു കാണിച്ച ഡോക്ടര്‍മാരെല്ലാം പറയുന്നത്. ശരിയായിരിക്കാം ഇനിയെന്ത് ചെയ്യാനാണ്. തലച്ചോറിനാണ് പ്രശ്‌നം. അതൊരിക്കലും മാറില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇവള്‍ ഭാരമല്ല. ഞങ്ങളുടെ സ്വത്താണ്. ഈ കാസര്‍ഗോട്ടെ ഏതൊരമ്മയോടു ചോദിച്ചാലും അങ്ങനെയേ പറയൂ. പണി ചെയ്ത് ക്ഷീണിച്ചു വന്നാലും നന്ദനയുടെ അച്ഛന്‍ ആദ്യം മോളെ കൈയിലെടുക്കുകയാണ് ചെയ്യുന്നത്. എന്റെ മോന്‍ കോളേജുവിട്ടു വന്നാലും വേറെ ഒരിടത്തേക്കും പോകില്ല, അവന് അനിയത്തിയെന്നു പറഞ്ഞാല്‍ ജീവനാണ്. പക്ഷേ... നിര്‍മല ഒരു നിമിഷം സംസാരം നിര്‍ത്തി.

ആരുടെ കുറ്റം കൊണ്ടാണ് എന്റെ കുഞ്ഞിന് ഈ ഗതി വന്നതെന്നറിയില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഞങ്ങളുടെ അവസ്ഥ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. എന്റെ മോള്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ പെട്ടിട്ടില്ല. ചികിത്സാസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ അറിഞ്ഞു. പലവട്ടം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സെല്ലില്‍ പോയി അന്വേഷിച്ചു. രണ്ടാംനിലയിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. വയ്യാത്ത മോളെയുംകൊണ്ടു പടികള്‍ കയറി മുകളിലെത്തണം. ഒരു ദിവസം സെല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചത്; ഇതിനെയും കൊണ്ടെന്തിനാണ് ഇപ്പോഴും ഇങ്ങനെ വരുന്നതെന്നാണ്. തോളില്‍ കിടക്കുന്ന മോളെ നോക്കിയായിരുന്നു ആ ചോദ്യം. എന്റെ മകളെ കാണുന്നത് ആ സാറിനെ പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന തോന്നല്‍ ആദ്യം ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പിന്നീടതു മാറി. എന്റെ കുഞ്ഞിനെ ഞാനെന്തിന് വീടിനുള്ളില്‍ അടച്ചിടണം. ലോകം കാണട്ടെ എന്റെ കുഞ്ഞിനെ. എന്നെപ്പോലൊരു അമ്മയുടെ ദുഖം എന്താണെന്നു മനസിലാക്കട്ടെ; നിര്‍മല പറയുന്നു.

സിമന്റ് പൂശാത്ത ചെങ്കല്‍ ഭിത്തിയില്‍ ചേട്ടന്‍ വരച്ച പൊട്ടന്‍ ദൈവത്തിന്റെ ചിത്രങ്ങളിലേക്കെന്നപോലെ നോക്കി നന്ദന ചിരിക്കുന്നു.ഇങ്ങനെയൊരു ചിരി ഈ കുഞ്ഞിന്റെ മുഖത്തു നിന്നു കാണാന്‍ ഞങ്ങളെല്ലാം എത്രമാത്രം കൊതിക്കുന്നുണ്ടെന്നോ! എത്രയൊക്കെ ശ്രമിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല നിര്‍മലയ്ക്ക്.

നിര്‍മലയെ പോലുള്ള മറ്റു ചില അമ്മമാരെക്കുറിച്ചു കൂടി അറിയണം.

ഈ ഉമ്മയുടെ പേര് സലീമ. മൂത്തമകളുടെ നിക്കാഹിന്റെ ദിവസം സലീമ ഇളയ മോളെ മരുന്നു കൊടുത്ത് ഉറക്കി കിടത്തിയിട്ടാണ് നിക്കാഹ് നടക്കുന്നിടത്തേക്ക് പോയത്. കേള്‍ക്കുന്നവര്‍ക്ക് ക്രൂരതയെന്നു തോന്നാം. ആ ഉമ്മ അതു ചെയ്തതാണ്. ഹൃദയം പൊട്ടുന്ന വേദനയോടെ. ഇല്ലെങ്കില്‍ സെറിന കാരണം നിക്കാഹ് തന്നെ മുടങ്ങിയേക്കാം. മാനസികവിഭ്രാന്തിയുണ്ട് സെറീനയ്ക്ക്. എന്‍ഡോസള്‍ഫാന്റെ മറ്റൊരു ക്രൂരത. ശീരികമായി മാത്രമല്ല, മാനസികമായും തളര്‍ത്തി കളയുന്ന വിഷമാണത്. സെറീനയെപോലെ എത്രയോ കുട്ടികള്‍.

ചില സമയങ്ങളില്‍ വല്ലാതെ ബഹളം വയ്ക്കും സെറീന. നിക്കാഹിന്റെ സമയത്ത് അവളുടെ മനസ് താളം തെറ്റിയാല്‍? അതോര്‍ത്താണ് സലീമ ആ 'ക്രൂരത' കാട്ടിത്. പക്ഷേ ആ ഉമ്മയ്‌ക്കോ, ജീവിതത്തിലേ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിട്ടും സെറീനയുടെ ചേച്ചിക്കോ അന്നത്തെ ദിവസം ഒരു ഉരുള ചോറുപോലും ഉണ്ണാന്‍ തോന്നിയില്ല. അത്രയ്ക്കു പ്രിയപ്പെട്ടതൊന്നാണ് ഒന്നും അറിയാതെ പൂട്ടിയിട്ട മുറിയ്ക്കുള്ളില്‍ ഉറങ്ങി കിടക്കുന്നത്.

കല്യാണത്തിനു മുന്നോടിയായി വീട് വൃത്തിയാക്കുന്ന കൂട്ടത്തില്‍ പഴയസാധനങ്ങളെല്ലാ വാരിയിട്ട് കത്തിക്കുകയായിരുന്നു സലീമ. അവിടേയ്ക്ക് സെറീനയും വന്നു. എന്തിനാണു തീ കത്തിക്കുന്നതെന്ന് അവള്‍ക്ക് അറിയണം. പഴയതെല്ലാമാണ് കത്തിക്കുന്നതെന്നു പറഞ്ഞു സലീമ അകത്തേക്കു പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ സെറീന ഒരു കാല്‍ തീയില്‍ ചവിട്ടി നില്‍ക്കുകയാണ്. സലീമയുടെ നെഞ്ചുകാളി. അവരോടിവന്നു കുഞ്ഞിന്റെ കാല് തീയില്‍ നിന്നും മാറ്റി. പാദം വെന്തിരിക്കുന്നു.

നീ എന്തിനാ മോളെ ഇങ്ങനെ ചെയ്‌തേ? കരഞ്ഞുകൊണ്ട് സലീമ ചോദിച്ചു.

ഈ കാല് പഴയതായി. അതാ കത്തിച്ചു കളഞ്ഞത്. എനിക്കു പുതിയ ഒരു കാല് മതി; ഒട്ടും വേദനയില്ലായിരുന്നു സെറീനയുടെ ശബ്ദത്തില്‍...

ഇങ്ങനെയുള്ള സെറീനമാരും അവരെയോര്‍ത്ത് നെഞ്ചില്‍ തീയുമായി നടക്കുന്ന ഉമ്മമാരും ഇനിയുമുണ്ട് കാസര്‍ഗോഡ്, ഇപ്പോഴും...ആരെങ്കിലും ഒരുങ്ങി നടക്കുന്നതു കണ്ടാല്‍ അപ്പോള്‍ തന്നെ അതുപോലെ തനിക്കും ആകണം എന്നാണ് നീഷ്മയുടെ വാശി. മുപ്പത് വയസായെങ്കിലും ഒരു കുട്ടിയെപ്പോലെ. മകളെ കുറിച്ച് രോഹിണിയുടെ ആവലാതിയും അതാണ്. കണ്‍മഷി, മുല്ലപ്പൂ, ചെരിപ്പ്, നല്ല ഉടുപ്പ്; ഇതൊക്കെയാണ് നീഷ്മ എപ്പോഴും ആഗ്രഹിക്കുന്നത്. അവള്‍ക്കെപ്പോഴും ഒരുങ്ങി നടക്കണം. ആരെങ്കിലും ഒരു പൂവോ പൊട്ടോ വച്ചിരിക്കുന്നതു കണ്ടാല്‍ അതും വേണം.

നീഷ്മയ്ക്ക് അച്ഛനില്ല. അത്മഹത്യ ചെയ്യുകയായിരുന്നു. നിഷ്മയുടെ മുന്നില്‍വച്ചായിരുന്നു അവളുടെ അച്ഛന്‍ ജീവിതം ഒരു കുരുക്കില്‍ അവസാനിപ്പിച്ചത്. ആ കാഴ്ചയുടെ ആഘാതവും നീഷ്മയുടെ മനസിനെ കൂടുതല്‍ തളര്‍ത്തി. ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ വേദനയായി രോഹിണിക്ക് അതോടെ ജീവിച്ചിരിക്കുന്ന മകള്‍. എപ്പോഴാണവളുടെ മനസിന് ചൂടുപിടിക്കുന്നതെന്നു പറയാന്‍ കഴിയില്ല. അതൊരുപക്ഷേ ആരെങ്കിലും ഇട്ടിരിക്കുന്ന ഒരുടുപ്പ് കണ്ടാവാം, അല്ലെങ്കില്‍ ഒരു ചെരിപ്പ്. ജീവിക്കാന്‍ രോഹിണി ജോലിക്കു പോണം. പക്ഷെ മകളെ തനിച്ചാക്കി പോകാന്‍ സാധിക്കില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. ജോലിക്കോ മറ്റെന്തിങ്കിലും കാര്യങ്ങള്‍ക്കോ അവര്‍ക്കു പുറത്തുപോകാന്‍ പറ്റില്ല. ആണ്‍തുണയില്ലാത്ത വീടുകളുമുണ്ട്. എങ്ങനെയവര്‍ ജീവിക്കും?

എന്‍ഡോള്‍ഫാന്‍ തളര്‍ത്തിക്കളഞ്ഞ 23 കാരിയ സമീറയുടെ ജീവിതത്തില്‍ വിധി കാത്തുവച്ചിരുന്നത് ഇരട്ടപ്രഹരമായിരുന്നു. എല്ലാ ഉമ്മമാരേയും പോലെയല്ല സമീറയുടെ ഉമ്മ ഐഷ. ആ ഉമ്മയ്ക്കുള്ളത് താളം തെറ്റിയൊരു മനസാണ്. പേടി...പേടിയാണ് ഐഷയ്ക്ക്. സമീറാനെയും തന്നെയും ആരെങ്കിലും പിടിച്ചുകൊണ്ടുപോകുമോയെന്ന പേടി. ഈ രണ്ടു ജന്മങ്ങളല്ലാതെ മറ്റാരുമില്ല ആ വീട്ടില്‍. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്നേ മരിച്ചു. എങ്ങനെയാണ് ആ ഉമ്മയും മകളും കഴിയുന്നതെന്നു ചോദിച്ചാല്‍, ഉത്തരമില്ല. ഇപ്പോള്‍ താമസിക്കുന്ന വീട് ചില സുമനസുകള്‍ നിര്‍മിച്ചു കൊടുത്തതാണ്. ഒരിക്കല്‍ ചിലര്‍ ചേര്‍ന്ന് പണം പിരിച്ച് കുറെ പലവ്യഞ്ജനങ്ങളും അരിയും വാങ്ങി വീട്ടില്‍ എത്തിച്ചു കൊടുത്തു. ദിവസങ്ങള്‍ കഴിഞ്ഞ് അതേ ആളുകള്‍ അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് വാങ്ങിക്കൊടുത്ത സാധനങ്ങള്‍ അങ്ങനെ തന്നെയിരിക്കുന്നു! സര്‍ക്കാരില്‍ നിന്നും കിട്ടിയ പതിനയ്യായിരത്തോളം രൂപ സമീറയുടെ പേരിലുള്ള അക്കൌണ്ടില്‍ കിടപ്പുണ്ട്. ഒരു രൂപപോലും എടുത്തിട്ടില്ല.

മനസ് നേരെ നില്‍ക്കുന്ന അവസരങ്ങളില്‍ ഐഷ അടുത്ത വീടുകളില്‍ പണിക്കുപോകും. പാത്രം കഴുകിയും വീടു തുടച്ചുമൊക്കെ കിട്ടുന്ന പണം ഐഷ സൂക്ഷിച്ചുവയ്ക്കും. ഏതെങ്കിലും ഒരു ദിവസം സമീറാനെയു കൂട്ടി കാഞ്ഞങ്ങാട് പട്ടണത്തില്‍ പോയി മകള്‍ക്കിഷ്ടമുള്ള ഉടുപ്പ് വാങ്ങിക്കൊടുക്കും. അത്രയ്ക്ക് ഇഷ്ടമാണ് ആ ഉമ്മയ്ക്ക് സമീറയെ...

ഉറങ്ങുന്നതുവരെ പാട്ടുകേട്ടു കേള്‍ക്കണം ശിവന്യക്ക്. അതു നിര്‍ബന്ധമാണ് ഈ പന്ത്രണ്ടുകാരിക്ക്. ദിവ്യ അതൊരിക്കലും മുടക്കിയിട്ടില്ല. മകളുടെ കരച്ചില്‍ സഹിക്കില്ല ദിവ്യക്ക്. ഒറ്റമകളാണ് ശിവന്യ. രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നു ദിവ്യ പറയുന്നു. ഇവളാണ് എന്റെയയെല്ലാം, എന്റെ ഏറ്റവും വലിയ സ്വത്ത്. ഒരേയൊരു പ്രാര്‍ത്ഥനയെ ദൈവത്തോട് എനിക്കിപ്പോള്‍ ഉള്ളൂ; മരിക്കും മുമ്പ്, ഒരേയൊരു തവണ എന്റെ മോള് അമ്മേ എന്ന് എന്നെയൊന്നു വിളിക്കണം...

ജനിച്ച നാള്‍ മുതല്‍ ഒരേ കിടപ്പിലാണ് ഉണ്ണികൃഷ്ണന്‍, വിട്ടുമാറാത്ത വേദനയാണവന്റെ കൂട്ട്. ഒരുപക്ഷേ അവന്റെ മനസ് ആഗ്രഹിക്കുന്നുണ്ടാവും അമ്മയുടെ തലോടല്‍. പക്ഷേ കാഞ്ചനയ്ക്ക് സ്വന്തം കുഞ്ഞിന്റെ കണ്ണീരോ വേദനയോ മനസിലാകുന്നില്ല. എന്നോ താളം വിട്ടുപോയ ഒരു മനസിന്റെ ഉടമയാണ് ആ അമ്മയും. ഉണ്ണികൃഷ്ണന് അച്ഛനില്ല. മരിച്ചു പോയി.

പ്രായമായി കിടക്കുന്ന അമ്മയേയും എന്‍ഡോസള്‍ഫാന്‍ ഇരയായ മുപ്പത്തിയഞ്ചു വയസായിട്ടും ഒന്നിനും ആവതില്ലാത്ത മകന്‍ സതീശനെയും ഒരുപോലെ നോക്കേണ്ടി വരുന്ന സീത. എന്‍ഡോസള്‍ഫാന്‍ ഇരയായി ആറുവയസായിട്ടും കിടപ്പു തന്നെയായ മകന്‍ മിഥുന്‍ മോഹനെ ഒര്‍ത്തു വെന്തു നീറുന്ന, സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ഹരിജന്‍ കോളനിയിലെ സുമതി...

ഇനിയുമുണ്ട് ഇതുപോലുള്ള അമ്മമാരും അവരുടെ മക്കളും ഈ കാസര്‍ഗോഡ്...ഈ ജീവിതങ്ങളൊക്കെ ബാക്കി കിടക്കുമ്പോള്‍ നമുക്കെങ്ങനെ പറയാന്‍ കഴിയും എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നോ കഴിഞ്ഞ കഥയാണെന്ന്? ഈ മനുഷ്യജീവനുകള്‍ ഇപ്പോഴും ദുരിതത്തില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് ഈ നാടിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചു മാത്രം നമുക്ക് സംസാരിക്കാന്‍ കഴിയുക?

നാളെ ശീലാബതിയുടെ കഥ

ചിത്രങ്ങള്‍: സജി ചുണ്ട


* എന്‍മകജെ പഞ്ചായത്തിലെ ഒരു സ്ഥലത്തിന്റെ പേരാണ് സ്വര്‍ഗം. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന സ്വര്‍ഗം അന്നാട്ടുകാര്‍ക്കും കന്നഡക്കാര്‍ക്കും സ്വര്‍ഗയാണ്.
* കശുമാവിനു പ്രാദേശികമായി പറയുന്ന പേരാണ് കൊരട്ട.
*ആര്‍ട്ടിക്കിളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അമ്മമാരുടെ അനുവാദത്തോടെ പകര്‍ത്തിയതാണ്.
* സ്ലൈഡര്‍ ഇമേജ് ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ആര്‍ട്ടിക്കളുമായി നേരിട്ട് ബന്ധമില്ല

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)


Next Story

Related Stories