TopTop
Begin typing your search above and press return to search.

ഇരകളുടെ ലോകത്തെ മറ്റ് ചില വേട്ടക്കാര്‍; സുരേന്ദ്രനും അപ്പുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

ഇരകളുടെ ലോകത്തെ മറ്റ് ചില വേട്ടക്കാര്‍; സുരേന്ദ്രനും അപ്പുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

രാകേഷ് സനല്‍

പ്രകൃതിയുടേയും മനുഷ്യന്റെയും മേല്‍ ഒരുപോലെ പെയ്തിറങ്ങിയ വിഷമായിരുന്നു എന്‍ഡോസള്‍ഫാന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കാസറഗോഡന്‍ ഗ്രാമങ്ങളില്‍ ആ ദുരിതത്തിന്റെ ഇരകള്‍ പിറന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും ഈ മണ്ണില്‍ നിന്നും വിഷം മാഞ്ഞിട്ടുണ്ടെയെന്ന് സംശയം. എന്നോ കഴിഞ്ഞ കഥപോലെ ആ ദുഷിച്ച കാലത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നവരോട് പറയട്ടെ, ഇനിയൊരു അമ്പതുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ വിതച്ച നാശത്തിന്റെ ബീജങ്ങള്‍ ഈ മണ്ണും മനുഷ്യനും പേറേണ്ടി വരും. കെട്ടകാലത്തിന്റെ ആകുലതകളെ അടയാളപ്പെടുത്തിക്കൊണ്ട് കുത്തിനോവിച്ച മനസുമായി ഇപ്പോഴും ഒരു കൂട്ടം മനുഷ്യര്‍ ഇവിടങ്ങളില്‍ ജീവിക്കുന്നുണ്ടെന്നു കൂടി അറിയണം. അവരൊക്കെ ഇപ്പോഴും ഭരണകൂടത്തിന്റെ ദയ തേടുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇരകള്‍ക്കനുകൂലമായി ഇടപെട്ടിട്ടില്ല എന്നല്ല, മറിച്ച് ചെയ്തതിനേക്കാള്‍ കൂടുതലായി ഇനിയും പലതും ചെയ്യാനുണ്ടെന്ന് ഒരിക്കല്‍ ഓര്‍മപ്പെടുത്തുകയാണ് ഈ പരമ്പരയിലൂടെ...(കാസര്‍ഗോഡ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്)മുന്‍ഭാഗങ്ങള്‍ ഇവിടെ വായിക്കാം;
അമ്മമാര്‍ ഉറങ്ങാത്ത നാട്, 55-കാരി മകള്‍ക്ക് താങ്ങ് 80-നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയുംആ നോട്ടം കുറച്ചധികം നേരം നീണ്ടു നിന്നു. തൊണ്ടക്കുഴയില്‍ എന്തോ പിടയുന്നതുപോലെ, കണ്ണടയുടെ കനമുള്ള ചില്ലുകള്‍ക്കപ്പുറം കുഴിഞ്ഞിറങ്ങിയ കണ്ണുകളില്‍ നനവ് പടര്‍ന്നു കയറുന്നു, പിന്നെയത് പൊട്ടിയൊഴുകി താഴേക്കുരുണ്ടു... അതുവരെ ചേര്‍ന്നിരുന്ന ചുണ്ടുകള്‍ വിറയലോടെ അടര്‍ന്നു മാറി... എന്നാല്‍ അതിനിടയിലൂടെ വേച്ചു പുറത്തെത്തിയ വാക്കുകള്‍ക്ക് രൂപമില്ലായിരുന്നു...

ഇത് സുരേന്ദ്രന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരന്‍. ശേഷിയില്ലാതായിപ്പോയ കാലുകള്‍ കൊണ്ടു ജീവിതം ഇഴഞ്ഞു തീര്‍ക്കേണ്ടി വരുന്ന മറ്റൊരു എന്‍ഡോസള്‍ഫാന്‍ ഇര. എന്തിനെന്നറിയാത്ത ശിക്ഷയേറ്റു വാങ്ങിക്കൊണ്ട് ഭൂമിയിലേക്ക് പിറന്നു വീണ കാസര്‍ഗോഡെ പല ജന്മങ്ങളില്‍ ഒന്ന്. ദാരിദ്ര്യത്തിനിടയിലും മൂത്തമകന്‍ നടന്നു കാണാനായി സുരേന്ദ്രന്റെ മാതാപിതാക്കള്‍ പല ചികിത്സകളും നടത്തി നോക്കിയിരുന്നു, പക്ഷേ...

സുരേന്ദ്രനെപോലുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ മറ്റൊരു മുഖമാണ്. അവഗണിക്കപ്പെടുന്നവരുടെ മുഖം. സുരേന്ദ്രന്റെ കാര്യം തന്നെ നോക്കാം. അയാള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ പെട്ടിട്ടില്ല. ചികിത്സാസഹായമായി സര്‍ക്കാരിന്റെ പക്കല്‍ നിന്നും യാതൊന്നും കിട്ടിയിട്ടില്ല. അജാനൂര്‍ പഞ്ചായത്തില്‍ നാലുസെന്റ് ഭൂമിയിലെ ഒരു കൊച്ചുവീട്ടില്‍ പ്രായമായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന സുരേന്ദ്രന്‍ എപിഎല്‍ ലിസ്റ്റില്‍പെട്ടൊരാള്‍ കൂടിയാണ്!

എന്തുകൊണ്ട് സുരേന്ദ്രന്‍ എപിഎല്‍ ലിസ്റ്റില്‍ വന്നു എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം ഇതാണ്; സുരേന്ദ്രന്റെ അനിയന്‍ സുരേഷ് ബാബു ഗള്‍ഫുകാരനാണ്! ഗള്‍ഫുകാരന്റെ ചേട്ടന്‍ എപിഎല്‍ ലിസ്റ്റില്‍ പെടുന്നതില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണക്കാരും തെറ്റുകാണുന്നില്ലെന്നാണു സുരേന്ദ്രന്റെ മാതാവ് നാരായണി പറയുന്നത്. അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലം വീതം വച്ചുകൊടുത്തിടത്താണ് ഇളയമകന്‍ വീടുവച്ചിരിക്കുന്നത്. മൂത്തവനു നടക്കാന്‍ വയ്യ. കുടുംബത്തിന്റെ പ്രാരാബ്ദം തീര്‍ക്കാനാണ് അവന്‍ പോയത്. അവന്റെ വരുമാനമായിരുന്നു ഞങ്ങടെ ആശ്രയം. ഇപ്പോഴവന് സ്വന്തമായി ഒരു കുടുംബമുണ്ട്. കുടുംബവീട്ടില്‍ ഞാനും സുരേന്ദ്രനുമാണ് താമസം. നാലുസെന്റ് ഭൂമിയില്‍ ഒരു കൊച്ചുവീട്ടിലാണ് ഞങ്ങള്‍. ഈ കാണുന്നത് (സുരേഷ് ബാബുവിന്റെ വീട്) ഇളയവന്റെതാണ്. പക്ഷേ പഞ്ചായത്തുകാര് പറയുന്നത് ഈ വീട് ഞങ്ങളുടേതാണെന്നാണ്. ഇളയവന് പണ്ടത്തെപ്പോലെ എല്ലാ കാര്യങ്ങളും നോക്കാന്‍ പറ്റുമോ? അവനും ഭാര്യയും കുഞ്ഞുമുണ്ട്. അതിനിടയിലാണ് എന്റെയും സുരേന്ദ്രന്റെയും കാര്യം കൂടി നോക്കുന്നത്. പക്ഷേ ഉദ്യോഗസ്ഥന്മാര്‍ ഞങ്ങളെ കാണുന്നത് ഗള്‍ഫുകാരന്റെ വീട്ടുകാരായാണ്.
എന്‍ഡോസള്‍ഫാന്‍ കാരണമാണ് സുരേന്ദ്രന് ഇങ്ങനെ വന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞതാണ്. പക്ഷേ സര്‍ക്കാരിന്റെ ലിസ്റ്റില്‍ വന്നിട്ടില്ല. കുറെ നടന്നു. കളക്‌ട്രേറ്റിലുള്ള സെല്ലില്‍ പോയി പലതവണ പറഞ്ഞു നോക്കി, ഒന്നും നടന്നില്ല; നാരായണി പറഞ്ഞു നിര്‍ത്തിയിടത്തു നിന്നു സുരേഷ് ബാബു അയാള്‍ക്ക് പറയാനുള്ള ചില കാര്യങ്ങള്‍ വിശദീകരിച്ചു.

എന്റെ ചേട്ടന്‍ ഇങ്ങനെ അവഗണിക്കപ്പെടാന്‍ കാരണം ഞാന്‍ പിന്തുടരുന്ന രാഷ്ട്രീയമാണെന്നാണ് കരുതുന്നത്. ഇവിടെ ആരൊക്ക ലിസ്റ്റില്‍ വരണം എന്നു തീരുമാനിക്കുന്നത് പാര്‍ട്ടിക്കാരാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ കുടുംബങ്ങളില്‍ ഉള്ളവരെ അര്‍ഹതയുണ്ടെങ്കില്‍ കൂടി ഒഴിവാക്കുന്നുണ്ട്. ഞാനൊരു ബിജെപി പ്രവര്‍ത്തകനായതുകൊണ്ടു തന്നെയാകും എന്റെ ചേട്ടന് അര്‍ഹമായ സഹായങ്ങള്‍ കിട്ടാതെ വരുന്നത്. അമ്മയയ്ക്ക് വയസായി. എന്നിട്ടും പല ഓഫിസുകളിലും കയറിയിറങ്ങി. ഞാനാണെങ്കില്‍ നാട്ടിലില്ലാത്തൊരാളാണ്. കുടംബത്തിന്റെ ദാരിദ്ര്യം മാറ്റാനാണ് ഞാനാ മരുഭൂമിയിലേക്കു പോയത്. പണ്ടത്തെപ്പോലെയാണോ, ഇപ്പോള്‍ ഒരു ഗള്‍ഫുകാരന്റെ അവസ്ഥ. എന്നിട്ടും ഞങ്ങളെന്തോ വലിയ പണക്കാരാണെന്നാണു സിപിഎമ്മുകാര്‍ പറയുന്നത്. ഞാന്‍ ഗള്‍ഫുകാരനായതുകൊണ്ട് എന്നെ എപിഎല്‍ ലിസ്റ്റില്‍ പെടുത്താം. പക്ഷേ ചേട്ടനും അമ്മയും എങ്ങനെയാണ് അതേ ലിസ്റ്റില്‍ വരുന്നത്? അവര്‍ വേറെയാണ് താമസിക്കുന്നത്. പ്രത്യേകിച്ച് ഒരു വരുമാനവുമില്ല. ചേട്ടന് യാതൊന്നിനും കഴിവില്ല, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പോകാന്‍ മുട്ടിലിഴഞ്ഞു പോകണം. അമ്മയ്ക്ക് പത്തെണ്‍പതു വയസായി. എനിക്കോര്‍മ്മ വച്ച കാലം മുതല്‍ എന്റെ ചേട്ടനെ ഇങ്ങനെ കാണുന്നതാണ്. ആരൊക്കെയോ ചെയ്ത തെറ്റുകൊണ്ട് ആ പാവത്തിന്റെ ജീവിതം ഇങ്ങനെയായി. എന്നിട്ടും രാഷ്ട്രീയവൈരാഗ്യംവച്ച് പിന്നെയും എന്തിനാണ് ആ മനുഷ്യനെ ശിക്ഷിക്കുന്നത്?

സുരേഷ് ബാബു പറഞ്ഞതുപോലെ, ആരോ ചെയ്ത തെറ്റിന്റെ ഇരയാണ് സുരന്ദ്രനെ പോലുള്ളവര്‍. നിലത്തൂന്നിയ കൈകളുടെ ബലത്തില്‍ മുന്നോട്ടു നീങ്ങി സുരേന്ദ്രന്‍ മുറിയുടെ പുറത്തേക്കിറങ്ങിയിരുന്നു. എന്തോ പറയാനുള്ളപോലെ മുഖം വലിഞ്ഞു മുറുകുന്നു. ഏറെ നേരത്തെ പ്രയത്‌നം കൊണ്ടെന്നപോലെ ചുണ്ടുകള്‍ ചലിച്ചു.

എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമോ? മാസം പത്തുരൂപയങ്കിലും കിട്ടിയാല്‍ മതിയാരുന്നു. ആരുടെയും മുന്നില്‍ കൈനീട്ടണ്ടല്ലോ...

ദുര്‍ബലമായി തീര്‍ന്ന ആ ശരീരത്തിനുളളില്‍ നിന്നും പിന്നെ വാക്കുകളൊന്നും പുറത്തുവന്നില്ല.

സുരേന്ദ്രനില്‍ നിന്നും അപ്പുവിന്റെ അടുത്തേക്കു പോകാം.

പുതിയകണ്ടം യുപി സ്‌കൂളിനു മുന്നിലൂടെ പോകുന്ന റോഡിന്റെ വലുതവശത്തുള്ള, ഓടുമേഞ്ഞ ഒരിടത്തരം വീട്. കുറച്ചു കൂടി മുന്നോട്ടു മാറിയാണു കേരളത്തിലെ ഏക വിശ്വകര്‍മക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിജയനും സുധയും ഇവിടെ വാടകയ്ക്കു താമസിക്കുകയാണ്. ഇരുവരെയും കൂടാതെ ആ കുടുംബത്തിലുള്ളത് സുധയുടെ അമ്മയും ഇളയമകള്‍ കാര്‍ത്തികയും പിന്നെ അപ്പുവെന്ന വിഷ്ണുവുമാണ്. 22 കാരനായ അപ്പുവിനെ അമ്മൂമ്മ മടിയില്‍ കിടത്തി ആഹാരം കൊടുക്കുകയാണ്. അമ്മൂമ്മയോട് വല്ലാത്ത സ്‌നേഹമാണ് അപ്പുവിന്. അമ്മയും അച്ഛനും ജോലിക്കു പോകുമ്പോള്‍ അമ്മൂമ്മയാണ് അപ്പുവിനു കൂട്ട്.

ഒന്നും മിണ്ടില്ലെങ്കിലും എപ്പോഴും ഒരു ചിരിയുണ്ടാകും അപ്പുവിന്റെ മുഖത്ത്. എല്ലുകള്‍ക്ക് ബലക്കുറവാണ്. പല ചികിത്സകളും ചെയ്തു നോക്കി. എന്‍ഡോസള്‍ഫാന്‍ ബാധിതരായവരോടെല്ലാമെന്നപോലെ അപ്പുവിന്റെ കാര്യത്തിലും ഇനിയൊന്നും ചെയ്യാനില്ലെന്നാണു കാണിച്ച ഡോക്ടറര്‍മാരെല്ലാം പറയുന്നത്. ആയുര്‍വേദം തുടരുന്നുണ്ട്. ഫിസിയോതെറാപ്പിയും. കാസര്‍ഗോഡെ എല്ലാ അമ്മമാര്‍ക്കും അവസാനിക്കാത്ത ചില പ്രതീക്ഷകളുണ്ട്. എന്നെങ്കിലുമൊരിക്കല്‍ അവരുടെ കുഞ്ഞുങ്ങള്‍ ആഹ്ളാദത്തോടെ ഓടി നടക്കുന്നൊരു നല്ലകാലത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍.സര്‍ക്കാര്‍ ലിസ്റ്റില്‍ അപ്പുവും ഉണ്ട്. അഞ്ചുലക്ഷം രൂപ ധനസഹായവും കിട്ടി. പക്ഷേ അപ്പുവിന്റെ കഥയിലെ നിര്‍ഭാഗ്യം മറ്റൊന്നാണ്. അതേക്കുറിച്ച് സുധ പറയുന്നു; എന്റെ കുഞ്ഞിനെയോര്‍ത്ത് ഞാനിപ്പോള്‍ കരയാറില്ല. അവന്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു ബുദ്ധിമുട്ടല്ല, ഞങ്ങളുടെ നിധിയാണ് അപ്പു. പക്ഷേ ഇങ്ങനെയുള്ളൊരു കുഞ്ഞുമായി സ്വന്തം വീടും നാടും വിട്ട് ഓടിനടക്കേണ്ടി വരികയാണ് ഞാനും ഭര്‍ത്താവും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എനിക്കൊരു താത്കാലിക ജോലിയുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ വന്നതോടെ അതില്ലാതായി. ഭര്‍ത്താവിന്റെ വരുമാനം മാത്രമാണ് ഏകാശ്രയം. മകള്‍ കാര്‍ത്തിക എം എ കഴിഞ്ഞു. ഇപ്പോള്‍ ഐഇഎല്‍ടിഎസ് ക്ലാസ് എടുക്കാന്‍ പോകുന്നു. അവള്‍ക്കൊരു കല്യാണാലോചന വന്നാല്‍ എന്തു ചെയ്യുമെന്നാണ് ഇപ്പോള്‍ ഞങ്ങളുടെ ആധി.

കഴിഞ്ഞ ഓണക്കാലത്ത് നടന്നൊരു കൊലപാതകമാണ് ഞങ്ങളുടെ ജീവിതം തകര്‍ത്തത്. വീടിനു മുന്നില്‍ നടന്നൊരു കശപിശ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് ഒരു സിപിഎം പ്രവര്‍ത്തകനായിരുന്നു. പ്രതികളില്‍ ഒരാള്‍ ഭര്‍ത്താവിന്റെ അനന്തിരവനും. പക്ഷേ പാര്‍ട്ടിക്കാരുടെ പക ഞങ്ങളുടെ കുടുംബത്തോടായി. ജിവനു ഭീഷണിയായതോടെ നാടും വീടും വിട്ട് ഇങ്ങോട്ടു പോരുകയായിരുന്നു. എന്റെ കുഞ്ഞിന്റെ അവസ്ഥ ആ നാട്ടിലുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനങ്ങാന്‍ പോലുമാകാത്ത ഈ മോനെയും ഒരു പെണ്‍കുട്ടിയേയും കൂട്ടി ഞാനും ഭര്‍ത്താവും തീ തിന്നുകൊണ്ടാണ് ഇങ്ങോട്ട് പോന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഇപ്പോഴും ഭയമാണ്. ഇവിടെയീ വാടകവീട്ടില്‍ ജീവിതം അരിഷ്ടിച്ചു നീങ്ങുകയാണ്. എന്റെ കുഞ്ഞിനെയോര്‍ത്തെങ്കിലും ഞങ്ങളോട് ദയകാണിക്കാണമെന്നാണ് ജീവനെടുക്കാന്‍ നടക്കുന്നവരോട് അപേക്ഷിക്കുന്നത്. പ്രായമായൊരു അമ്മയയും ഈ മോളെയും പിന്നെയെന്റെ അപ്പുവിനെയും കൊണ്ട് എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ എങ്ങനെ സാധിക്കും? സുധ കണ്ണുനീര് തുടച്ചുകൊണ്ടുചോദിക്കുന്നു.

സുരേന്ദ്രന്റെയും അപ്പുവിന്റെയും കഥ ചില യാഥാര്‍ത്ഥ്യങ്ങളെ ഓര്‍മിപ്പിക്കുകയാണ്. ഇവിടെ ഇരകള്‍ ഇങ്ങനെയെല്ലാം കൂടി വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന യഥാര്‍ത്ഥ്യം. സുരേന്ദ്രനില്‍ തുടങ്ങി അപ്പുവില്‍ അതവസാനിക്കുന്നില്ല... രാഷ്ട്രീയത്തിന്റെ പേരില്‍ അവഗണിക്കപ്പെടുകയോ, വീണ്ടും വേദനപ്പിക്കപ്പെടുകയോ ചെയ്യുന്ന പലരുണ്ട് ഇവിടെ.

ജീവിതകാലം മുഴുവന്‍ ദുരിതം പേറാന്‍ വിധിക്കപ്പെട്ടവരാണ് ഓരോ എന്‍ഡോസള്‍ഫാന്‍ ഇരയും. അവരുടെ രക്ഷകര്‍ത്താക്കളാകട്ടെ അതിലേറെ വേദന തിന്നുന്നവരും. എന്നാല്‍ ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മനസിലാകാത്ത, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അനുഭവങ്ങളാണ് ഇവര്‍ക്ക് ദുരിതത്തിനുമേല്‍ ദുരിതമാകുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍, ഉദ്യോഗസ്ഥ അലംഭാവം എന്നിവ കാസര്‍ഗോഡെ ഒട്ടുമിക്ക എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും അര്‍ഹമായ അനൂകൂല്യങ്ങളോ സഹായങ്ങളോ ലഭിക്കാതിരിക്കാനുള്ള കാരണമാകുന്നു. മടിക്കൈയിലെ നന്ദനയെ പോലുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ നേരില്‍ കണ്ടാല്‍ ആരുടെ ഹൃദയവും തകര്‍ന്നുപോകുമെന്നിരിക്കെ തന്നെയാണ് ആ കുട്ടി ദുരിബാധിത ലിസ്റ്റില്‍ പെടാതെ പോകുന്നത്. അനിയന്‍ ഗള്‍ഫുകാരനായി പോയതുകൊണ്ടാണ് സുരേന്ദ്രനെ പോലുള്ളവര്‍ അവഗണിക്കപ്പെടുന്നത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് അപ്പുവിന്റെ അച്ഛനും അമ്മയും അവനെയും കൊണ്ട് നാടും വീടും വിട്ട് പോകേണ്ടി വരുന്നത്. ഒരുപക്ഷേ എന്‍ഡോസള്‍ഫാന്‍ എന്ന വിഷത്തെക്കാള്‍ മാരകമാണ് ഇത്തരം പ്രവര്‍ത്തികളുടെ പ്രത്യഘാതം.

ഭരണകൂടം പലതും ചെയ്യുന്നൂവെന്നു പറയുമ്പോള്‍ തന്നെയാണ് ഇത്തരം അവസ്ഥകളെക്കുറിച്ച് പറയേണ്ടി വരുന്നത്. പ്രാദേശിക രാഷ്ട്രീയവും ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും ഇരകള്‍ക്കു കിട്ടേണ്ട നീതി തടയുകയാണ്. നിര്‍മലയെ പോലുള്ള അമ്മമാര്‍ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ പോകുന്നത്, അവരുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം എന്തെങ്കിലും കിട്ടുമോ എന്നറിയാനാണ്. പക്ഷേ അതൊരു ശല്യമായി തോന്നുകയും മുഖം ചുളിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ നിര്‍മലമാരെ ആശ്വസിപ്പിക്കുകയല്ല കൂടുതല്‍ വേദനിപ്പിക്കുകയാണ്. അതുകൊണ്ടാണു കിലോമീറ്റുകള്‍ താണ്ടി വയ്യാത്ത കുഞ്ഞുങ്ങളുമായി കാസര്‍ഗോഡെ അമ്മമാര്‍ തിരുവനന്തപുരത്തെത്തി പട്ടിണി സമരം കിടക്കാനെത്തിയത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള ഇടതുക്ഷ സര്‍ക്കാരില്‍ ഈ അമ്മമാര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ തന്നെ ആ പ്രതീക്ഷകള്‍ക്ക് ബലം പകരുന്ന ചില നടപടികള്‍ ഉണ്ടാവുകയും ചെയയ്തു. പക്ഷേ യഥാര്‍ത്ഥ്യങ്ങള്‍ കരുതുന്നതിലും തീവ്രമാണ്. അതിനുള്ള ഉദ്ദാഹരണങ്ങളാണ് പിന്നില്‍ പറഞ്ഞിരിക്കുന്നത്. കാസര്‍ഗോഡെ ഒരുപാട് അമ്മമാര്‍ ഇപ്പോഴും ഉറക്കം വരാതെ ഇവിടെയുണ്ടെന്നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസിലാക്കണം. അതിനൊപ്പം ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഭരണകൂടത്തിനു മുന്നില്‍ അവതരിപ്പിക്കാനുണ്ട്. അതേ കുറിച്ച് അടുത്തഭാഗത്തില്‍...

തുടരുംചിത്രങ്ങള്‍: സജി ചുണ്ട
Next Story

Related Stories