TopTop
Begin typing your search above and press return to search.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എന്ന അധിക ബാധ്യത

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എന്ന അധിക ബാധ്യത

എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നം കേരളത്തിൽ വേണ്ടരീതിയിൽ ചർച്ചചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ ഒരു പുനർവിചിന്തനം ആവശ്യമാണ്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഒന്നായി എതിർത്തിരുന്നതാണ് എൻഡോസൾഫാൻ വിരുദ്ധ സമരവും അതോടൊപ്പം എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നവും. ഇതൊരു പൊതു ചര്‍ച്ചയുടെ ഭാഗമായത് പ്രദേശവാസികളുടേയും ഡോക്ടർ മോഹൻ കുമാർ, ശ്രി പദ്രെ, റഹ്മാൻ തുടങ്ങിയ നിരവധി മനുഷ്യരുടേയും പ്രയത്നം കൊണ്ട് കൂടിയാണ്.

കേരളത്തിൽ ഇത്രയും ശക്തമായി പ്രതിരോധിക്കപ്പെട്ട ഒരു പരിസ്ഥിതിസമരം വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എൻഡോസൾഫാൻ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്കേണ്ട നഷ്ട പരിഹാരം ഈടാക്കാൻ ട്രിബ്യൂണൽ രൂപികരിക്കണം എന്ന ആവശ്യം തള്ളിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ട്രിബ്യൂണൽ അധിക ബാധ്യത ഇതിന്റെ പിന്നിൽ പ്രവര്‍ത്തിക്കുന്നവർക്ക് ഉണ്ടാക്കും എന്നാണ് കോടതിയുടെ നിരീക്ഷണം. ഈ വിധി ഇങ്ങനെ ആയതിന്റെ ഗുണഭോക്താക്കൾ സര്‍ക്കാരും പ്ലാന്‍റേഷൻ കോർപ്പറേഷനും ആണ്.

എൻഡോസൾഫാൻ മുലമാണ് ഈ ദുരന്തം ഉണ്ടായത് എന്ന് ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. പതിനെട്ട് പഠനങ്ങള്‍ എൻഡോസൾഫാൻ പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്, ഇതിൽ 2004ല്‍ സി ഡി മായി എന്ന കൃഷിശാസ്ത്രജ്ഞന്‍ നിലവിലുള്ള പഠനങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഈ പ്രദേശത്തെ മനുഷ്യരുടെ ദുരന്തത്തിന് കാരണം എൻഡോസൾഫാൻ ആണ് എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നിരീക്ഷണത്തിൽ എത്തി. കേരള സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത് ഈ റിപ്പോർട്ട്‌ ആണ്. സി ഡി മായിയുടേത് ഒഴികെ എല്ലാം തന്നെ പരോക്ഷമായിട്ടെങ്കിലും ദുരന്തത്തിന് കാരണം എൻഡോസൾഫാൻ ആണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്, എന്നാൽ ഈ നിരീക്ഷണങ്ങൾ അപ്പാടെ തിരസ്കരിക്കപ്പെട്ടു. കൃത്യമായി പറഞ്ഞാൽ എൻഡോസൾഫാൻ പ്രയോഗം ഒരു തരത്തിലുള്ള ദുരന്തവും ഉണ്ടാക്കിയിട്ടില്ല എന്നതാണ് ഭരണകൂട നിലപാട്.സർക്കാർ ഈ റിപ്പോർട്ട്‌ അംഗീകരിച്ചത് കൊണ്ട് കൂടിയാണ് എൻഡോസൾഫാൻ ബാധിതര്‍ക്കു വേണ്ടത്ര നഷ്ട പരിഹാരം കിട്ടാതെ പോകുന്നതും ദുരന്ത ബാധിതർ ഉൾപ്പെടുന്ന പതിനൊന്ന് പഞ്ചായത്തുകളും പിന്നോക്കം നില്‍ക്കുന്നതും. ഇന്നും എത്ര പേർ എൻഡോസൾഫാൻ മൂലം ദുരിതം അനുഭവിക്കുന്നു എന്ന് കൃത്യമായ ഒരു കണക്കും സര്‍ക്കാരിന്റെ കൈവശം ഇല്ല എന്നതാണ് വസ്തുത. 2010ൽ സാമുഹിക ക്ഷേമവകുപ്പ് നടത്തിയ സർവേ പ്രകാരം 2,836 പേർ ആണ് ദുരന്തബാധിതർ. എന്നാൽ ഈ കണക്കുകൾ ശരിയല്ല എന്ന് ഇതേ കാലയളവിൽ എൻഡോസൾഫാൻ ബാധിത പഞ്ചായത്തുകളിൽ ഒന്നായ കാറഡുക്ക പഞ്ചായത്ത്‌ നടത്തിയ കണക്കുകൾ തെളിയിച്ചിരുന്നു. പഞ്ചായത്ത് നടത്തിയ സർവേയിൽ സർക്കാർ രേഖയിൽ ഇല്ലാത്ത 100ല്‍ അധികം പേരെ കണ്ടെത്തിയിരുന്നു.

ഇത്രയൊക്കെ ദുരന്തം ഉണ്ടായിട്ടും ഈ പഞ്ചായത്തുകളിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശോചനീയാവസ്ഥ അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും അംഗവൈകല്യം ഉള്ളവരുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാനും ഫിസിയോ തെറാപ്പി അടക്കമുള്ള സേവനങ്ങൾ നല്കുന്നതിനും വേണ്ട ആശുപത്രികൾ. ഇന്നും ദേശീയ ശരാശരിയേക്കാൾ മുകളിൽ നില്‍ക്കുന്ന ഇവിടത്തെ അംഗവൈകല്യം ഉള്ളവരുടെ എണ്ണം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. സര്‍ക്കാരിനെ ഈ വിഷയത്തിൽ ഉപദേശിക്കേണ്ട കേന്ദ്രങ്ങൾ മൌനം പാലിക്കുകയാണ്. വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വികലാംഗ കമീഷണറെ നേരിട്ടു കണ്ട ഈ ലേഖകനോട് അദ്ദേഹം പറഞ്ഞത് കമ്മീഷന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ്. 1995ലെ വികലാംഗ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടു കമ്മീഷന്‍ ഇടപെടണം എന്നതായിരുന്നും ഞാൻ കൊടുത്ത അപേക്ഷയിൽ പറഞ്ഞിരുന്നത്. കുറഞ്ഞ പക്ഷം അംഗവൈകല്യം ഉണ്ടായവര്‍ക്ക് സർക്കാർ ചെലവിൽ സൌജന്യമായി സഹായ ഉപകരണം വിതരണം ചെയ്യണം എന്ന ആവശ്യത്തെ പോലും നിരാകരിക്കുകയാണ് ഉണ്ടായത്. ഇന്നും ഈ പ്രദേശത്തെ അംഗവൈകല്യത്തിന്റെ തോത് നിർണ്ണയിക്കാനോ അതിന് വേണ്ട സഹായങ്ങൾ ചെയ്യാനോ സര്‍ക്കാരും ആരോഗ്യ വകുപ്പും തയ്യാറായിട്ടില്ല. ഇരകൾ അടങ്ങുന്ന പ്രാദേശിക ജനങ്ങൾ അവരുടെ കഷ്ടപ്പാടില്‍ നിന്നും അനുഭവത്തിൽ നിന്നും രൂപം നല്കിയ ബഡ്സ് സ്കൂൾ പോലെയുള്ള സംവിധാനങ്ങൾക്ക് കിട്ടുന്ന സഹായം അല്ലാതെ മറ്റൊന്നും സര്‍ക്കാരിന്‍റേതായി ഇവിടങ്ങളിൽ നടപ്പിലാക്കിയിട്ടില്ല.

സർക്കാർ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം വിതരണം ചെയ്ത പണം പ്ലാന്റേഷൻ കോര്‍പ്പറേഷൻ മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ച 27 കോടി രൂപയിൽ നിന്നാണ്. അല്ലാതെ സര്‍ക്കാരിന്റെയോ പ്ലാന്റേഷൻ കോര്‍പ്പറേഷന്റെയോ പ്രത്യേക പദ്ധതി പ്രകാരം ഒന്നും അല്ല. സത്യത്തിൽ ഇനി വിതരണം ചെയ്യാൻ പണം ഇല്ല എന്നതാണ് വസ്തുത. മത്രവുമല്ല നാളിതുവരെ പ്രകൃതി ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിയമപരമായി പ്രഖ്യാപിച്ചിട്ടില്ല. പകരം സർക്കാർ നല്കുന്ന പ്രത്യക സഹായം എന്ന നിലയ്ക്കാണ് നല്കുന്നത്. ഭോപാൽ ദുരന്തത്തിന് ഇരയായവര്‍ക്കും ഇന്നും നീതി കിട്ടിയിട്ടില്ല എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ ഹൈക്കോടതി പരാമർശത്തിൽ പുതിയതായി ഒന്നും തന്നെ ഇല്ല എന്ന് പറയാം. അധിക ബാധ്യത ഉണ്ടാകുന്നു എന്ന കോടതിയുടെ പരാമര്‍ശം തിരുത്തപ്പെടേണ്ടതാണ്.

ഇന്നും ഈ ദുരന്തത്തിന് കാരണം എൻഡോസൾഫാൻ അല്ല എന്ന് പറയാനാണ് കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ താല്പര്യം. DYFI ഹൈക്കോടതിയിൽ ഹർജി കൊടുത്തിട്ടുണ്ട് എങ്കിലും ഇടതു പാർട്ടികളുടെ പ്രഖ്യാപിത നയം എൻഡോസൾഫാന് അനുകൂലമാണ്. കാരണം കീടനാശിനിയുടെ പിന്നിൽ ഉള്ള ശാസ്ത്രയുക്തിക്ക് കിട്ടുന്ന മേല്‍ക്കോയ്മയെ മറികടക്കാൻ സംഘടനപരമായി ഇടതുപാർട്ടികൾക്കും പിന്നെ ഇതിന്റെ പിന്നിലെ ഭരണകൂട അധികാരത്തിന്റെ ഭാഗമായാതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും ഒരിക്കലും ഇരകളോടൊപ്പം നില്‍ക്കാൻ കഴിയില്ല. അധികാരത്തിന്റെ ഭാഗമാതിനാൽ കോടതിയിൽ നിന്നും പരിഹാരം ഒന്നും തന്നെ എൻഡോസൾഫാൻ ഇരകൾക്ക് കിട്ടും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. മാത്രവുമല്ല രാജ്യത്തെ കീടനാശിനി കമ്പനികളുടെ താല്പര്യത്തിന് എതിരായ ഒരു തീരുമാനമായിരിക്കും അത്. അങ്ങനെ വന്നാൽ മറ്റ് സംസ്ഥാനങ്ങളിലും ഈ വിധി മാറ്റം ഉണ്ടാക്കും. പഞ്ചാബ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിന് സമാനമായ ദുരന്തം ഉണ്ടായിട്ടുണ്ട്.കാസര്‍ഗോട്ടെ പ്ലാന്റേഷൻ കോര്‍പ്പറേഷന്റെ 25 വര്‍ഷത്തെ വരവ് ചിലവ് കണക്കുകൾ ഒരു പഠനത്തിന്റെ ഭാഗമായി പരിശോധിച്ചപ്പോൾ മനസിലായ വസ്തുത, വൻതോതിൽ കശുവണ്ടിതൊട്ടങ്ങളിൽ എൻഡോസൾഫാൻ പ്രയോഗിച്ചിട്ടും പ്ലാന്റേഷൻ കോര്‍പ്പറേഷന് കശുവണ്ടിത്തോട്ടങ്ങളിൽ നിന്നും വരുമാനം ഉണ്ടായില്ല എന്നതാണ്. പ്ലാന്റേഷൻ കോര്‍പ്പറേഷനെ നിലനിര്‍ത്തിയിരുന്നത് റബർ കൃഷിയായിരുന്നു. എന്നാൽ റബർ തോട്ടങ്ങളിൽ എൻഡോസൾഫാൻ പ്രയോഗിച്ചതായി രേഖകള്‍ ഒന്നും ഇല്ലതാനും. മാത്രവുമല്ല കശുവണ്ടിയുടെ ഉത്പാദനം ഓരോ കൊല്ലം കൂടുംതോറും കുറയുകയും ചെയ്തു. പിന്നെ എന്തിനായിരുന്നു ഈ കീടനാശിന് പ്രയോഗം എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പ്ലാന്റേഷൻ കോര്‍പ്പറേഷൻ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഹിന്ദുസ്ഥാൻ ഇന്‍സെക്ടിസൈഡ് എന്ന കമ്പനിയിൽ നിന്നാണ് ഈ കീടനാശിനി വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ വൻതോതിൽ ഉള്ള അഴിമതി ഇതിൽ ഉണ്ടോ എന്നും സംശയിക്കാൻ കഴിയില്ല. കൂടാതെ എൻഡോസൾഫാൻ വൻവിലയുള്ള ഒരു കീടനാശിനിയും ആയിരുന്നുന്നില്ല.

കേരളത്തിൽ വൻതോതിൽ കീടനാശിനീ പ്രയോഗം നടപ്പിലാക്കാൻ എൻഡോസൾഫാൻ മൂലം കഴിഞ്ഞു എന്നതാണ് ഇതിന്റെ വിജയം. നമ്മുടെ കാര്‍ഷിക നയത്തിന്റെ ഒരു മാതൃകയായിരുന്നു പ്ലാന്റേഷൻ കോര്‍പ്പറേഷന്റെ കീടനാശിനി പ്രയോഗം എന്ന് പറയാം. കേരളത്തിൽ കീടനാശിനി പ്രയോഗം ഒരു നയമായി മാറ്റാൻ ഇതുമൂലം കഴിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എൻഡോസൾഫാൻ ഇരകൾ എന്നാൽ തെറ്റായ ഒരു നയത്തിന്റെ ഇരകൾ കൂടിയാണ് എന്ന് മനസ്സിലാക്കണം. എന്നാൽ ദുരന്തത്തിന്റെ കാരണത്തെ പറ്റി നിലനില്ക്കുന്ന ഭരണകൂട നിലപാട്‌ ഇരകളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്. ഹൈക്കോടതി വിധിയും ഒരുതരത്തിൽ സർക്കാർ നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്. അതായത് വ്യക്തിയധിഷ്ഠിതമായ കേവല സഹായം എന്ന നിലയ്ക്കാണ് എൻഡോസൾഫാൻ ഇരകൾക്ക് നീതി കിട്ടുന്നത് അല്ലാതെ ഒരു ദുരന്തത്തിന്റെ ഇരകൾ എന്ന നിലയ്ക്കല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാംNext Story

Related Stories