TopTop
Begin typing your search above and press return to search.

അവര്‍ക്ക് ജപ്തി നോട്ടീസ്; കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മണ്ണില്‍ നിന്ന് വീണ്ടും

അവര്‍ക്ക് ജപ്തി നോട്ടീസ്; കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മണ്ണില്‍ നിന്ന് വീണ്ടും

സുഫാദ് ഇ മുണ്ടക്കൈ

കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത കഥകള്‍. ഒട്ടും കണ്‍കുളിര്‍മ്മയേകാത്ത കാഴ്ചകള്‍. ഒരിക്കല്‍ കണ്ടാല്‍ പിന്നീടൊരിക്കലും മറക്കാത്ത മുഖങ്ങള്‍. നിലവിളികള്‍. മരണങ്ങള്‍. സമരങ്ങള്‍... മാറ്റങ്ങളൊന്നുമില്ല കാസര്‍കോടിന്. പുതിയ ചര്‍ച്ചകളും പ്രതീക്ഷകളുമായി അവര്‍ പഴയതു പോലെ കാത്തിരിക്കുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ ജപ്തി നോട്ടീസും വന്നത്. രോഗവും ദുരിതങ്ങളുംകൊണ്ട് ജീവിതം വഴിമുട്ടിയ ആയിരങ്ങളാണ് പെരുവഴിയിലാകാന്‍ പോകുന്നത്. ഭൂരിഭാഗം പേരും ഭവനവായ്പയും, കാര്‍ഷികവായ്പയുമെല്ലാം എടുത്തത് ചികിത്സക്ക് വേണ്ടി മാത്രമാണ്. നിസ്സഹായത തീര്‍ത്ത അരക്ഷിതാവസ്ഥയില്‍ നിര്‍വ്വികാരരായിരിക്കുമ്പോഴും പ്രതീക്ഷകളെല്ലാം സര്‍ക്കാരില്‍ അര്‍പ്പിക്കുകയാണ് ഇവര്‍.

ചീമേനിയിലെ കണ്ണേട്ടന്‍
ചീമേനി പഞ്ചായത്തിലാണ് കണ്ണേട്ടന്‍ താമസിക്കുന്നത്. നല്ല വിളവും വരുമാനവും നല്‍കിയിരുന്ന രണ്ടേക്കര്‍ റബര്‍ തോട്ടം കിട്ടിയ വിലക്ക് വില്‍ക്കുമ്പോള്‍ കണ്ണേട്ടന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- തന്റെ മകന്‍ സുനില്‍ കുമാറിന്റെ അസുഖം എങ്ങനെയെങ്കിലും ഭേദപ്പെടുത്തണം. സര്‍വ്വസ്വവും ത്യജിച്ചിട്ടും, സകല സുഖസൗകര്യങ്ങളും വേണ്ടെന്ന് വച്ചിട്ടും നിരാശ മാത്രമായിരുന്നു ഫലം. കണ്ണേട്ടന് പറയാനുള്ളത് കേള്‍ക്കുക. "സ്ഥലം വിറ്റതിന് പുറമേയാണ് ബാങ്കുകളില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപ ഭവന വായ്പ എന്നു പറഞ്ഞ് എടുത്തത്. അതും തികയാതെ വന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന പൊന്ന് വിറ്റു. എന്നിട്ടും നാല് ലക്ഷത്തിലധികം കടമുണ്ട്, ബാങ്കിലെ പലിശ വേറെയും. ഇനിയും പൈസ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകാര് വീട് ജപ്തി ചെയ്യുമത്രേ. അല്ല, അവരെ കുറ്റം പറയാനൊന്നും പറ്റില്ല. നമ്മളോടുള്ള വിശ്വാസത്തിലല്ലേ അവര്‍ പൈസ തന്നത്. ഇവന് ബുദ്ധിമാന്ദ്യാണ്. അപസ്മാരോം ഉണ്ട്. മണിപ്പാലിലും കോഴിക്കോട്ടുമായി ഒരുപാടു കാലമായി ചികിത്സിക്കുന്നു. ഡോക്ടര്‍മാര്‍ പറയുന്നത് ശരിയാവും ശരിയാവും എന്നാണ്. പക്ഷേ, മുപ്പത്തിരണ്ട് വര്‍ഷായി വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല."


കണ്ണേട്ടനും മകന്‍ സുനില്‍കുമാറും

എങ്കിലും കണ്ണേട്ടന് പ്രതീക്ഷയുണ്ട്. വാര്‍ധക്യത്തിന് പോലും തളര്‍ത്താന്‍ കഴിയാത്ത ആത്മവീര്യത്തിന്നുടമയാണ് ഇയാള്‍. 'ഞാനിവിടെയടുത്ത് ചെങ്കല്‍പ്പണിക്കാണ് പോകുന്നത്. ഇവനേം കൂടെ കൂട്ടും. വീട്ടില്‍ ഭാര്യ കിടപ്പിലായിട്ട് വര്‍ഷങ്ങളായി. അതോണ്ട് ഇവനെ അവിടെ നിറുത്താന്‍ പറ്റില്ല. എനിക്കിപ്പോള്‍ വയസ്സ് അറുപത്തിയേഴായി, ഞങ്ങള്‍ടെ കാലം കഴിഞ്ഞാല്‍ ഇവനെന്ത് ചെയ്യും? ഈ കടങ്ങളൊക്കെ ഞാനെങ്ങനെ തീര്‍ക്കും...?'

വെള്ളൂരിലെ പ്രജിതയും ദിനേശിന്‍റെ അച്ഛനും
പ്രജിതയെ നിങ്ങള്‍ക്കോര്‍മ്മയില്ലേ? 2010 മെയ് 5ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍വച്ച് ചികിത്സ കിട്ടാത്ത ഒറ്റക്കാരണത്താല്‍ മരണപ്പെട്ട മൂന്നുവയസ്സുകാരിയെ? അന്ന് മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയായിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മറ്റൊരായുധമായിരുന്നു. നാടെങ്ങും ചര്‍ച്ചകള്‍. പ്രതിഷേധയോഗങ്ങള്‍. സഹതാപതരംഗം. അതിനിടയില്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി പി കെ ശ്രീമതി അവളുടെ വീട് സന്ദര്‍ശിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുന്നു എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു. കൂട്ടത്തില്‍ മറ്റൊരു വലിയ സമ്മോഹന വാഗ്ദാനം കൂടെ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് അവളുടെ അച്ഛന്‍ ശശി പറയുന്നത് ഇങ്ങനെ: 'മന്ത്രി വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചു. രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. അത് വലിയൊരു ആശ്വാസമായിരുന്നു. കാരണം മൂന്ന് വര്‍ഷത്തെ ചികിത്സ കൊണ്ട് അത്രക്ക് കടമുണ്ടായിരുന്നു. പിന്നീട് പണത്തിനായി സെക്രട്ടറിയേറ്റടക്കം എനിക്കറിയാവുന്ന സകല ഓഫീസുകളും കയറിയിറങ്ങി. നേതാക്കന്മാരെ പോയി കണ്ടു. ഒടുവില്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്നാണ് പറഞ്ഞത് മന്ത്രി പ്രഖ്യാപനം നടത്തി എന്നല്ലാതെ ഇവിടെ അതിനുള്ള കടലാസും കാര്യങ്ങളുമൊന്നും ശരിയാക്കിയിട്ടില്ല എന്ന്. അതോണ്ടെന്നെ അതിനി കിട്ടൂലാന്നും. അതിനിടയിലാണ് ഭാര്യക്കും സുഖല്ലാണ്ടായത്. അവളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഈ കടങ്ങള്‍ക്കെല്ലാം പുറമെ അവളെ ചികിത്സിക്കാനും മക്കളെ പഠിപ്പിക്കാനുമായി ഒരു പാട് പണം ആവശ്യമാണ്. അവള്‍ടടുത്ത് കൊറച്ച് സ്വര്‍ണ്ണണ്ടായിരുന്നു. അത് കൊണ്ടോയി ബാങ്കില്‍ പണയത്തിന് വച്ചു. ഇപ്പൊ അതിനാണ് ബാങ്കുകാര്‍ നോട്ടീസ് അയച്ചിട്ടുള്ളത്. സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. എന്നിട്ട് ഞങ്ങ കലക്ടറെ പോയി കണ്ടു. അവിടുന്ന് ഒരു കടലാസ് തന്നിട്ട് ബാങ്കില്‍ കൊണ്ടുപോയി കൊടുത്താല്‍ മതി എന്ന് പറഞ്ഞു. ബാങ്കില്‍ ചെന്നപ്പൊ അവര് പറയുന്നത് ഞങ്ങള്‍ക്ക് ഇത് വരെ ഇങ്ങനെയൊരു ഉത്തരവ് കിട്ടിയിട്ടില്ലെന്നും പത്ത് ദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം പലിശയടച്ച് പുതുക്കി വെക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ലേലം വിളിച്ച് പോകും എന്നുമാണ്. ഞങ്ങ ഇനി എന്ത് ചെയ്യാനാണ്. ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാന്‍ കൂലിപ്പണിക്ക് പോയാല്‍ കിട്ടുന്ന പൈസ മരുന്നിന് പോലും തികയില്ല.'


പ്രജിതയുടെ അച്ഛന്‍ ശശി

മൊറട്ടോറിയത്തെ ഇവര്‍ കാണുന്നത് ഒരാശ്വാസമായിട്ടല്ല. ഇവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ അത് തങ്ങളെ നോക്കിയുള്ള ഒരു കൊഞ്ഞനം കുത്തലാണ്. കഞ്ഞിക്ക് പോലും ഗതിയില്ലാത്തവരാണ് തങ്ങളെന്ന് അറിയാത്തവരല്ല അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍. കേവലം ചില മാസക്കാലത്തെ ആശ്വാസപ്രഖ്യാപനം കൊണ്ട് പലിശ കുന്നുകൂടുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഇവര്‍ക്ക് വേണ്ടത് അന്തിമമായ തീരുമാനങ്ങളാണ്, ശിഷ്ടകാലം മറ്റുള്ളവരെ പോലെ അന്തസായി ജീവിക്കാനുള്ള സാഹചര്യങ്ങളാണ്. അത് ആരുടേയും ഔദാര്യമായി കാണേണ്ടതില്ല.

വെള്ളൂരിലെ ദിനേശിന്റെ അച്ഛന്‍ കാന്‍സര്‍ പിടിപെട്ട് കിടക്കുന്ന സമയത്ത് ചികിത്സക്ക് പണം തികയാതെ വന്നപ്പോള്‍ മുട്ടാത്ത വാതിലുകളില്ലായിരുന്നു. 'ഞങ്ങ വെള്ളൂര്‍ സഹകരണ ബാങ്കില്‍ ചെന്ന് ചികിത്സക്ക് വേണ്ടി പണം വായ്പ തരുമോ എന്ന് ചോദിച്ചു. അപ്പൊ ബാങ്ക് സെക്രട്ടറി പറഞ്ഞു ചികിത്സക്ക് ഇവിടുന്ന് വായ്പയൊന്നും കൊടുക്കാറില്ല എന്ന്. ആ സമയത്ത് തന്നെയാണ് എന്റെ പെങ്ങള്‍ ഭവ്യക്ക് കല്യാണവും വന്നത്. പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ വിവാഹത്തിന് വായ്പ കൊടുക്കറുണ്ടെന്ന് അരോ പറഞ്ഞ് അറിഞ്ഞു. അപ്പൊ ഞങ്ങ അവിടെ പോയി, ഒരു ലക്ഷം രൂപ ലോണെടുത്തു. വീടിന്റെ ആധാരം കൊടുക്കേം ചെയ്തു. ഇപ്പൊ അവര് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങ എന്ത് ചെയ്യാനാണ്? അല്ലാത്ത കടം തന്നെയുണ്ട് മൂന്നാല് ലക്ഷം. എല്ലാം അച്ഛനെ ചികിത്സിക്കാന്‍ വേണ്ടി മാത്രം വാങ്ങിയതാണ്. സര്‍ക്കാര്‍ ബാങ്കിലെ കടം ഒഴിവാക്കി തന്നാല്‍ തന്നെ വലിയൊരു ആശ്വാസമാകും. എന്നാലും ബാക്കി കടങ്ങളൊക്കെ ഞങ്ങളെങ്ങനെ വീട്ടും?'

പെരിയ കോളനിയിലെ നന്ദനയുടെ അമ്മ ചന്ദ്രാവതി പറയുന്നു
'ഇവള്‍ക്ക് പതിനൊന്ന് വയസ്സായി. തലച്ചോറിന് വളര്‍ച്ചയില്ല. തല സ്‌കാന്‍ ചെയ്താലേ തുടര്‍ചികിത്സകളെ കുറിച്ച് പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു വയസ്സ് വരെ ന്റെ കുട്ടിക്ക് എന്തേലും അസുഖം ഉണ്ട് എന്ന് എനിക്ക് തോന്നീട്ടില്ല. അതിന് ശേഷം കുട്ടി നടക്കുന്നില്ല എന്ന് കണ്ടപ്പോളാണ് ഞങ്ങ കാഞ്ഞങ്ങാട് ഡോക്ടറെ കാണാന്‍ പോകുന്നത്. അപ്പൊ അവിടുന്നു പറഞ്ഞു, മംഗലാപുരം കൊണ്ട് പോകാന്‍. മംഗലാപുരത്ത് നിന്നാണ് പറഞ്ഞത് ഈ കുട്ടിക്ക് കാലിന് മാത്രമല്ല പ്രശ്‌നം, തലച്ചോറിന് വളര്‍ച്ചക്കുറവും ഉണ്ടെന്ന്. അപ്പോഴേക്കും ഇവള്‍ക്ക് മൂന്ന് വയസ്സായിരുന്നു. സ്‌കാന്‍ ചെയ്യാന്‍ കൊണ്ട് പോയപ്പൊ അവര്‍ പറഞ്ഞു, ഈ കുട്ടീനെ സ്‌കാന്‍ ചെയ്യാന്‍ പറ്റൂലാന്ന്. കാരണം കുട്ടി അനങ്ങാണ്ട് കിടക്കുന്നില്ല, അനങ്ങാണ്ട് കിടന്നാലേ സ്‌കാന്‍ ചെയ്യാന്‍ പറ്റൂന്ന്. ഇപ്പൊ ഇവള്‍ക്ക് പതിനൊന്ന് വയസ്സായി, ഇതുവരെസ്‌കാന്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. ഇപ്പൊ കുട്ടി വിറച്ചു വീഴും. തല നിറച്ചും സ്ടിച്ചാണ്. ഒരുപാട് ചികിത്സിച്ചു. അമ്മയുടെ പേരിലുള്ള ഈ വീട് പണയപ്പെടുത്തി. കയ്യിലുണ്ടായ സ്വര്‍ണ്ണമെല്ലാം ബാങ്കില്‍ കൊണ്ട് പോയി വച്ചു. അത് പലിശ അടക്കാന്‍ പണമില്ലാത്തതിനാല്‍ ലേലം ചെയ്തു പോയി. പിന്നീട് അയല്‍വാസികളുടെ സ്വര്‍ണ്ണം വാങ്ങി പണയം വച്ചു. അതിനും ബാങ്കുകാര് നോട്ടീസയച്ചിട്ടുണ്ട്. മാത്രമല്ല, ഞങ്ങക്ക് ജാമ്യം നിന്നവര്‍ക്ക് പോലും ബാങ്കുകാര്‍ ലോണ്‍ കൊടുക്കുന്നില്ല. ഇനി ഒന്നുമില്ല കയ്യില്. ഇവള്‍ടെ അച്ഛന്‍ കൂലിപ്പണി ചെയ്ത് എന്തെല്ലാം നോക്കണം. ഇവളുടെ മൂത്തത് ഒരു പെണ്‍കുട്ടിയാണ്. ഇപ്പൊ പത്താം ക്ലാസില്. നന്നായി പഠിക്കും. പക്ഷെ, ഞങ്ങ ഇനി അവളെ എങ്ങനെ പഠിപ്പിക്കും...?'

കയ്യൂരിലെ ഗോവിന്ദേട്ടന്‍
'സര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ ചെയ്തു പോരുന്നുണ്ട്. സൗജന്യ മരുന്ന് വിതരണം, രോഗികള്‍ക്ക് പെന്‍ഷന്‍ അങ്ങനെ പലതും. പക്ഷേ, ഇതെല്ലാം തുടങ്ങീട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിട്ടുള്ളൂ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ചികിത്സ നടത്തിയവര്‍ക്ക് ഭീമമായ തുകയാണ് കടബാധ്യതയുള്ളത്.'ഗോവിന്ദന്‍ ഇത് പറയുമ്പോള്‍ അകത്ത് അദ്ദേഹത്തിന്റെ ഭാര്യ കനകലത വേദന കൊണ്ട് പുളയുന്ന ശബ്ദം പുറത്തേക്ക് കേള്‍ക്കാമായിരുന്നു. 'അവള്‍ക്ക് തൊണ്ടയിലാണ് പ്രശ്‌നം. തൈറോയിഡ് സി. മണിപ്പാലിലും മംഗലാപുരത്തുമായി ഒരു പാട് കാലമായി ചികിത്സിക്കുന്നു. ഒരു പാട് പ്രാവശ്യം റേഡിയോ അയഡിന്‍ ചെയ്തു. ദിവസങ്ങളോളം ആശുപത്രികളില്‍ അഡ്മിറ്റായി. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ഒറ്റ ദിവസത്തേക്ക് തന്നെ മുപ്പതിനായിരത്തോളം രൂപയാണ് ചെലവ് വരുന്നത്. ഇത്രത്തോളം പണം മുടക്കാന്‍ പ്രാപ്തിയില്ല. ഞാനും എന്റെ മകനും കൂലിപ്പണിയെടുത്ത് കിട്ടുന്ന ഒരു മാസത്തെ പണം ഒരു ഇഞ്ചക്ഷന് പോലും തികയില്ല. അത് കൊണ്ടാണ് ഞങ്ങള്‍ക്ക് പലപല ആവശ്യങ്ങള്‍ പറഞ്ഞ് ബാങ്കുകളേയും മറ്റ് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളേയും സമീപിക്കേണ്ടി വന്നത്. അസുഖം മാറും എന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപ്പൊപ്പിന്നെ എന്ത് വില കൊടുത്തും ചികിത്സിക്കുക തന്നെ. ഇങ്ങനെ ഒരുപാട് പേരുണ്ടിവിടെ. ഇവിടത്തുകാര്‍ക്ക് ചിന്തിക്കുവാനും, ഇടതടവില്ലാതെ സംസാരിക്കുവാനും, ദാ ഇതു പോലെ ആരെങ്കിലും വന്നാല്‍ പറയാനും ഒരൊറ്റ കാര്യമേ ഉള്ളൂ. ഈ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും കഥകള്‍. ശരിക്ക് ഇത് കേള്‍ക്കുന്നവരെ പോലെതന്നെ ഞങ്ങള്‍ക്കും മടുക്കാറുണ്ട്. പക്ഷേ ഞങ്ങളും കൂടെ മിണ്ടാതിരുന്നാല്‍ പിന്നെ ഇതേക്കുറിച്ച് പറയാന്‍ ഒരൊറ്റ കുട്ടി പോലും ഉണ്ടാവില്ല. ഇപ്പൊ ബാങ്കിലെ പലിശ പെരുകി ഒരുപാടായി. മറ്റൊരു നിവൃത്തിയും ഇല്ലാത്തത് കൊണ്ടാണ് പലിശ പോലും അടക്കാന്‍ കഴിയാത്തത്. സര്‍ക്കാര്‍ എന്തെങ്കിലും ഒരു പരിഹാരം കാണാതിരിക്കില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.'

അതെ, ഈ പ്രതീക്ഷകള്‍ക്ക് ഇനിയും മങ്ങലേറ്റിട്ടില്ല. കോടതികള്‍ മുഴുവന്‍ കയറിയിറങ്ങി വാദിച്ച് ജയിച്ച് കിട്ടേണ്ട ഒന്നല്ല നഷ്ടപരിഹാരം. ഇത് നമ്മുടെ അധികാരവര്‍ഗ്ഗം എന്നാണ് മനസ്സിലാക്കുക? ഇത്ര ഉദാസീനമായ നിലപാടുകള്‍ ഇനിയെന്നാണ് ഇവര്‍ തിരുത്തുക?

*Views are personal


Next Story

Related Stories