TopTop
Begin typing your search above and press return to search.

എന്‍ഡോസള്‍ഫാന്‍: കോടതി വിധിയില്‍ സന്തോഷിക്കാം, പക്ഷെ അതുകൊണ്ടും തീരുന്നില്ലല്ലോ ഇവരുടെ ദുരിതം

എന്‍ഡോസള്‍ഫാന്‍: കോടതി വിധിയില്‍ സന്തോഷിക്കാം, പക്ഷെ അതുകൊണ്ടും തീരുന്നില്ലല്ലോ ഇവരുടെ ദുരിതം

ജഢാധരിയുടെ ശാപവര്‍ഷത്താല്‍ നടക്കുന്ന അനിഷ്ടങ്ങളാണു നാട്ടിലെ വിചിത്ര ജന്മങ്ങളും, നാട്ടിന്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സകല ഐശ്വര്യങ്ങളുമെന്നു കരുതാനും മാത്രം നിഷ്‌ക്കളങ്കരും, അത്രകണ്ട് അഭ്യസ്തവിദ്യരുമല്ലാത്ത കാസര്‍ഗോട്ടെ ജനങ്ങള്‍; ആകശം മുഴുക്കെ പാറിനടന്നു വിഷമഴ പൊഴിച്ച യന്ത്രപ്പക്ഷിയെ തിരിച്ചറിഞ്ഞിട്ട് അധിക കാലമാകുന്നതിന് മുന്‍പേ തന്നെ ഇവിടുത്തെ അപൂര്‍വ്വ രോഗങ്ങളെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്ത് തുടങ്ങിയിരുന്നു. എന്നിട്ടും, ദശാബ്ദങ്ങള്‍ക്കിപ്പുറവും നീതിക്കായി തെരുവോരങ്ങളില്‍ അലയേണ്ടതും പട്ടിണി കിടക്കേണ്ടതുമായ ഗതികേട് ഈ ഇരകള്‍ക്കുണ്ടായി. തളര്‍ന്നിരുന്നപ്പോള്‍ കൈകളുയര്‍ത്താനും, താങ്ങി നിര്‍ത്താനും കൂടെ നിന്നവര്‍ക്ക് മുന്നില്‍ പോലും സമരമിരിക്കേണ്ടിവന്നു.

ഇപ്പോള്‍, വര്‍ഷങ്ങളുടെ മുറവിളികള്‍ക്കൊടുവില്‍ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ ആശ്വസിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത പുറത്തു വന്നു. കുറച്ചുകാലമായി പത്രങ്ങളില്‍ കാണുന്ന ഇരകളുടെ മരണവും, ആത്മഹത്യയും വായിച്ച് മടുത്തവര്‍ക്ക് വീണ്ടുമൊരു ഉണര്‍വ്വ് നല്‍കുന്ന വാര്‍ത്ത. ഇരകള്‍ക്ക് മൂന്നു മാസത്തിനകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ്. കടുത്ത അവഗണനയില്‍ മനം മടുത്ത്, പിന്നാമ്പുറങ്ങളില്‍ തളര്‍ന്നുറങ്ങിയ കാതുകള്‍ക്ക് വാര്‍ത്ത കുളിരേകുന്നതു തന്നെ. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.

ജില്ലയില്‍ എന്‍ഡോള്‍ഫാന്‍ ഇരകളെന്നു പറയുന്നവരൊന്നും, യഥാര്‍ത്ഥത്തില്‍ ഇരകളല്ലെന്നും, സംസ്ഥാന സര്‍ക്കാരിന് ഇവരെ സംരക്ഷിക്കേണ്ട യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും പറയുന്ന ഒരു സമൂഹത്തിന്റെ വായടക്കാന്‍ പോന്നതാണു സുപ്രീം കോടതിയുടെ ഉത്തരവ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടങ്ങളില്‍ വിള നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ അകറ്റാനായി ആകാശത്ത് നിന്ന് തളിച്ച കീടനാശിനി മഴപോലെ പെയ്ത്, പുഴയിലൂടെ, കാറ്റിലൂടെ, മണ്ണിലൂടെ ഒരുകൂട്ടം ആളുകളില്‍ കയറിയെന്നും, പതുക്കെ പതുക്കെ പല വൈകല്യങ്ങളോടും കൂടിയ മനുഷ്യ ജന്മങ്ങള്‍ പിറന്നു വീഴാന്‍ തുടങ്ങിയെന്നുമെല്ലാം കെട്ടുകഥകളായി മാത്രം കാണുകയും കേള്‍ക്കുകയും ചെയ്ത ഒരു വിഭാഗത്തിന്റെ മൗനം ഇരകളുടെയും, അമ്മമാരുടേയും നോവ് ഇത്തിരിയെങ്കിലും ശമിപ്പിക്കുക തന്നെ ചെയ്യും. നിരന്തരം വികസനത്തിനു പിറകേ പായുന്ന, ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് എന്‍േഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ വിലങ്ങ് തടിയാകുമെന്നും, അതിനാല്‍ അവരെക്കുറിച്ച് അധികം വര്‍ത്തമാനമൊന്നും വേണ്ടെന്നും പറയുന്ന ഒരു വിഭാഗം ജില്ലയ്ക്കകത്തുതന്നെയുണ്ട്.

പ്രഖ്യാപിച്ച തുക മൂന്നു മാസത്തിനകം വിതരണം ചെയ്യണമെന്നു കൂടി സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞിട്ടുണ്ടെന്നിരിക്കേ... എത്രത്തോളം പ്രാര്‍ത്തികമാകുമെന്നതു കണ്ടുതന്നെയറിയണമെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ പറയുന്നത്. ദുരിതങ്ങളില്‍ നിന്നും ശാപമോക്ഷം നല്‍കാനായി ഒരു സര്‍ക്കാര്‍ വരുന്നുവെന്ന് സ്വപ്‌നം കണ്ട്, പുതിയ ഭരണവും, പുത്തന്‍ ജീവിതവും സ്വപ്‌നം കണ്ടുറങ്ങിയ ഇരകള്‍ പലയാവര്‍ത്തിയെന്നപോലെ വീണ്ടും വഞ്ചിക്കപ്പെട്ട് കഴിയുന്നതിനിടയിലാണ് അനുകൂലമായ കോടതി വിധി. പല തവണ വഞ്ചനയെ മുഖാമുഖം കണ്ട് തളര്‍ന്ന ഇവിടുത്തെ അമ്മമാര്‍ക്ക് കോടതി വിധിയും വലിയ ആശ്വാസമൊന്നുമല്ല. രേഖകളിലും, കടലാസുകളിലുമൊതുങ്ങാത്ത കൃത്യമായ ഇടപെടലുകള്‍ക്ക് മാത്രമേ മുറതെറ്റിയിടിക്കുന്ന ഈ അമ്മമാരുടെ ഹൃദയ മിടിപ്പിനെ പൂര്‍വ്വ സ്ഥിതിയിലെക്ക് കൊണ്ടുവരാനാകൂ.

2013 ആഗസ്ത് മാസത്തിന് ശേഷം മുടങ്ങിയ മെഡിക്കല്‍ ക്യാമ്പുകള്‍ മുടങ്ങിയതോടെ ലിസ്റ്റില്‍ ഇടം നേടാനായി കാത്തിരിക്കുന്ന ആറായിരത്തിലധികം ജീവിതങ്ങളുണ്ടിവിടെ. ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടുണ്ടെങ്കിലും, നേരത്തേ പ്രഖ്യാപിച്ചിരുന്ന സൗജന്യ റേഷന്‍, ബി.പി.എല്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ തകിടം മറിഞ്ഞു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും, കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പേരില്‍ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളും, കൊണ്ടുവന്ന സൗകര്യങ്ങളും ഇരകള്‍ക്ക് ഉപകാരപ്പെടാതെ അനാഥമായി. സൗജന്യ സേവനദാദാക്കളെന്ന പേരില്‍ ആശുപത്രി ജീവനക്കാരില്‍ നിന്നും നേരിടുന്ന പുച്ഛവും, ആവശ്യസമയത്ത് ഒരിക്കലും ലഭ്യമാകാത്ത ആംബുലന്‍സ് തുടങ്ങിയ സേവനങ്ങളും ഒരുതരത്തിലുള്ള ചികിത്സാ നിഷേധം തന്നെയാണ്. പുറത്തേക്ക് തള്ളിയ കണ്ണുകളും, ഒരിക്കലും വായ്ക്കകത്ത് കയറ്റാനാകാത്ത നാക്കും, പേടിപ്പെടുത്തുന്ന തലകളും അങ്ങനെയങ്ങനെ.. വിചിത്ര ജന്മങ്ങളായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് അമ്മമാര്‍ ആശുപത്രി വരാന്തകളില്‍ വിങ്ങിപ്പൊട്ടും. മാറ്റിനിര്‍ത്തപ്പെടേണ്ടതെന്ന ചിന്തയാണോ അതോ സര്‍ക്കാര്‍ സേവനങ്ങള്‍ അങ്ങനെ സൗജന്യമായി അനുഭവിക്കേണ്ടന്ന വില കുറഞ്ഞ കാഴ്ചപ്പാടിനാലോ ആശുപത്രി ജീവനക്കാര്‍ ആ കാഴ്ചകള്‍ പലപ്പോഴും ഗൗനിക്കാറില്ല. ലഭ്യമാണെങ്കില്‍പോലും, സൗകര്യങ്ങള്‍ ലഭിക്കാതെ മടങ്ങുന്ന എത്രയോ രോഗികള്‍. 11 പഞ്ചായത്തുകളില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ തളിച്ചുള്ളൂ എന്ന കണക്കില്‍ അവിടങ്ങളില്‍ മാത്രമെ രോഗബാധിതരുണ്ടാകൂ എന്ന ചിന്ത ഇനിയെങ്കിലും അവസാനിപ്പിക്കണം. എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടില്ലാത്ത മടിക്കൈ പോലുള്ള പഞ്ചായത്തുകളില്‍ സമാന രോഗബാധിതരുണ്ടെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്നു കാണുമ്പോള്‍ വയ്യാത്ത കുഞ്ഞുങ്ങളെ താങ്ങിയെടുത്ത് അമ്മമാര്‍ കളക്‌ട്രേറ്റിലേക്ക് യാത്രയാകും. കളക്േ്രടറ്റിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശ്‌ന പരിഹാര സെല്‍ ഓഫീസിലേക്ക് ചെല്ലും. അമ്മമാരുടെ തോളത്ത് കിടക്കുന്ന ശേഷിയറ്റ കുഞ്ഞുങ്ങളെ നോക്കി ഉദ്യോഗസ്ഥര്‍ പിറുപിറുക്കും. ഇതിനെയൊക്കെ എന്തിനാ എപ്പോഴുമിങ്ങനെ കെട്ടിയെടുക്കുന്നതെന്നു മനസാക്ഷി കുത്തില്ലാതെ ചോദിക്കും. ഒറ്റയ്ക്ക് നിവര്‍ന്നൊന്ന് നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളെ വീട്ടിലിരുത്തി, എന്ത് ധൈര്യത്തിലാണ് ഈ അമ്മമാര്‍ പുറത്തേക്കിറങ്ങുക? കണ്ണൊന്ന് തെറ്റിയാലെന്തെങ്കിലും അപകടം സംഭവിച്ചാലോ എന്ന ഭയത്തില്‍ കണ്ണടച്ചൊന്ന് ഉറങ്ങാന്‍ പോലും പേടിയാണീ അമ്മമാര്‍ക്ക്.

കൃഷി മന്ത്രി ചെയര്‍മാനായ എന്‍ഡോസള്‍ഫാന്‍ സെല്‍ നിശ്ചലമായിട്ട് മാസങ്ങള്‍ കഴിയുന്നു. ഏതാണ്ട് ഒരു വര്‍ഷം പിന്നിടുന്ന സെല്‍ മീറ്റീംഗുകള്‍ ജനുവരിമാസം 17ന് ചേരാന്‍ പോകുന്നുവെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. കളക്ടര്‍ അധ്യക്ഷനായ സെല്‍ വിളിച്ച് ചേര്‍ത്തു കഴിഞ്ഞാല്‍ വിഷയം സജീവ ചര്‍ച്ചയാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ സമരസമിതി ഭാരവാഹികളും അമ്മമാരും.

ഇരകളുടെ പുനരധിവാസ ഗ്രാമം സ്വപ്‌നം എങ്ങുമെത്താതെ നില്‍ക്കുന്നു. അസുഖ ബാധിതരായ കുട്ടികളെയെല്ലാം ചേര്‍ത്ത് മുതലപ്പാറയില്‍ ഒരു പുനരധിവാസഗ്രാമം എന്നാണ് അധികൃതര്‍ നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്. മുതലപ്പാറയില്‍ പികെസി വക 25 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു പ്രദേശം ഇതിനായി കണ്ടെത്തിയതിലെ കല്ലുകടിയവിടെ നില്‍ക്കട്ടെ. പുനരധിവാസ ഗ്രാമത്തില്‍ സര്‍ക്കാര്‍ പറയും പോലെ കുഞ്ഞുങ്ങളെ മാത്രമായി അമ്മമാര്‍ പലരും വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെന്നും, ഇരകളുടെ കുടുംബങ്ങളെയാണ് പുനരധിവാസ ഗ്രാമത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും പലതവണ ഇവിടുത്തെ ജനങ്ങള്‍ പറഞ്ഞുകഴിഞ്ഞു. അമ്മമാരോട് മാത്രം ഇണങ്ങുന്നവരാണ് മിക്ക കുട്ടികളും. കുഞ്ഞൊന്ന് കണ്ണ് തുറന്ന് പിടിച്ചാല്‍, ഇടയ്‌ക്കൊന്ന് ചരിഞ്ഞാല്‍, തൂങ്ങിയ കൈവെച്ച് ചെറുതായൊന്നനക്കിയാല്‍ ആ ആംഗ്യങ്ങളുടെയെല്ലാം പൊരുളുകള്‍ ഈ അമ്മമാര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. ചര്‍ച്ചകള്‍ മാത്രമേ ഈ വിഷയത്തിലും നടന്നിട്ടുള്ളൂ. വിഷയത്തിലെ സങ്കീര്‍ണത ഇങ്ങനെ നീളുമ്പോള്‍, പുനരധിവാസ ഗ്രാമമെന്ന സ്വപ്‌ന പദ്ധതി തുടക്കത്തില്‍ നിന്നും ഒരണുവിട മുന്നോട്ട് പോയില്ല.

ബഡ്‌സ് സ്‌കൂളുകളുടെ കാര്യത്തിലും വലിയ പുരോഗതിയൊന്നും പറയാനില്ല. എം.പിയുടെ ഇടപെടലില്‍ നബാര്‍ഡിന്റെ ഫണ്ട് പാസായിട്ട് പത്ത് വര്‍ഷം കഴിയുന്നു. പലതിന്റെയും കെട്ടിടം പണി വരെ പൂര്‍ത്തിയായിട്ടില്ല. ഏതു പ്രായംവരെയുള്ള കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കും? ശാരീകവശതകളുള്ള ഈ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ യാത്രാസൗകര്യം എര്‍പ്പെടുത്തുമോ? പരിശീലനം കിട്ടിയ അധ്യാപകരെ നിയമിക്കുമോ? കുട്ടികള്‍ക്ക് ഭക്ഷണ സൗകര്യമൊരുക്കുമോ? ഹെല്‍പ്പര്‍മാരെ നിയമിക്കുമോ? അധ്യാപകര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വേതനം കൃത്യമായി കൊടുക്കുമോ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതിന് കാരണങ്ങളാണ്.

മികച്ച ചികിത്സയ്ക്കായി ജില്ലയില്‍ തന്ന ഒരു മെഡിക്കല്‍ കോളേജെന്നതും ഇവിടുത്തെ ദുരന്തബാധിതരുടെ സ്വപ്‌നങ്ങളിലൊന്നാണ്. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളോടടുത്ത് സ്ഥിതി ചെയ്യുന്ന ബദിയടുക്കയിലെ ഉക്കിനടുക്ക എന്ന സ്ഥലത്ത് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നിലവില്‍ അക്കാദമിക്ക് കെട്ടിടം മാത്രമാണ് പൂര്‍ത്തിയായത്. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ടെണ്ടര്‍ സംബന്ധിച്ച് നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അലംഭാവം കാണിച്ചതിനാലാണ് പണി നീണ്ടു പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ജില്ലയ്ക്കകത്തെ മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം അനിശ്ചിതത്വത്തിലേക്ക് നീങ്ങവേ എന്‍ഡോസള്‍ഫാന്‍ ഇരകളും വെട്ടിലാവുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സേവനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ ജനത കുഞ്ഞുങ്ങളേയും കൊണ്ട് മംഗലാപുരത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ അഭയം പ്രാപിക്കും. ലോണെടുത്തും, സ്വത്തുക്കള്‍ വിറ്റും നീളുന്ന ചികിത്സയ്‌ക്കൊടുവില്‍ പലരും ജപ്തി ഭീഷണിപോലും നേരിട്ട് തുടങ്ങി. പല കാരണങ്ങളാലും ഇരകള്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങി. പലരും ചികിത്സയുടെ പോരായ്മയില്‍ മരണപ്പെട്ടു.

കുമ്പടാണ്ടേയിലെ മാര്‍ട്ടിന്‍, സ്വര്‍ഗയിലെ കുമാരന്‍ മാഷ്, ഗോളിക്കട്ടയിലെ പ്രജിത, കര്‍മ്മം തൊടിയിലെ അഭിലാഷ്, പത്രങ്ങള്‍ ആഘോഷിച്ച സൈനബയുടെ മരണം, കനകത്തൊടിയിലെ രമേഷ്, കാറടുക്കയിലെ അവിനാശ്, ആത്മഹത്യ ചെയ്ത ബെള്ളൂരിലെ രാജീവി, ആത്മഹത്യ ചെയ്ത ജനുനായിക്ക്... റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ലിസ്റ്റില്‍ പേര്‍ ചേര്‍ക്കപ്പെടാത്തതുമായ കണക്കില്ലാത്ത മനുഷ്യ ജീവനുകള്‍. ബെള്ളൂര്‍, കാറടുക്ക, എന്‍മകജേ പഞ്ചായത്തുകളെ മരണം കാര്‍മേഘം പോലെ മൂടിക്കഴിഞ്ഞിരിക്കുന്നു. ഇടയ്ക്കുള്ള ഞരക്കവും, അടക്കിപ്പിടിച്ച തേങ്ങലും മാത്രമായിക്കഴിയുന്ന ഈ അരജീവിതങ്ങളെ ഇനിയും അകത്തളങ്ങളില്‍ ഒളിച്ചു കിടത്തരുത്. കൃത്യമായ ഇടപെടലുകളാണിവിടെ ആവശ്യം.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാസര്‍ഗോട്ടെ അമ്മമാര്‍ കുഞ്ഞുങ്ങളോടൊപ്പം സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തി. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും ഈ ഇരകള്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് തിരിക്കുകയാണ്. ജനുവരി മുപ്പതിന് 500 പേരടങ്ങുന്ന സംഘം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. അമ്മമാരും, വലിയ തോതില്‍ ശാരീരികാസ്വാസ്ഥ്യമില്ലാത്ത കുഞ്ഞുങ്ങളും മാര്‍ച്ചില്‍ അണി നിരക്കും. അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ വീണ്ടും മുദ്രാവാക്യം വിളിക്കും. ആ വിളികളെങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കട്ടെ.. കോടതി വിധിച്ച അഞ്ച് ലക്ഷം രൂപ ലിസ്റ്റില്‍ ഇടം പിടിച്ച 5837പേര്‍ക്കും എത്രയും പെട്ടെന്ന് തന്നെ ലഭിക്കട്ടെ. ലിസ്റ്റില്‍ ഉള്‍പ്പെടാനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആറായിരത്തോളം ജീവിതങ്ങള്‍ പരിഗണിക്കപ്പെടട്ടെ. എട്ട് വര്‍ഷത്തെ നിയമ പോരാട്ടം നടത്തി ഇരകള്‍ക്ക് നീതിയുടെ ഇത്തിരിവെട്ടം കാട്ടിക്കൊടുത്തവരില്‍ വീണ്ടും പ്രതീക്ഷിക്കുകയാണിവര്‍. വിഷമഴ വര്‍ഷിച്ച മണ്ണില്‍ പതുക്കെ പതുക്കെ കിളിര്‍ത്തു തുടങ്ങുന്ന പച്ചപ്പിനൊപ്പം ഈ ജീവിതങ്ങളും നിറം പിടിക്കട്ടെ. എങ്ങും, എവിടെയും അവഗണനമാത്രം പരിചയിച്ച ആ ജീവിതങ്ങളിലും വെളിച്ചം വരട്ടെ... ഉറക്കമില്ലാത്ത നൂറു നൂറ് അമ്മമാരുടെ നെഞ്ചില്‍ ആശ്വാസത്തിന്റെ ഒരു തരിയെങ്കിലും ഏറ്റുവാങ്ങിക്കൊണ്ടീ കുഞ്ഞുങ്ങള്‍ വിശ്രമിക്കട്ട..


Next Story

Related Stories