TopTop
Begin typing your search above and press return to search.

ഇനിയൊരു ജാഥ തുടങ്ങരുത്; ഇവരുടെ കണ്ണീര്‍ ഒപ്പിയിട്ടല്ലാതെ

ഇനിയൊരു ജാഥ തുടങ്ങരുത്; ഇവരുടെ കണ്ണീര്‍ ഒപ്പിയിട്ടല്ലാതെ

പ്രകൃതിയുടേയും മനുഷ്യന്റെയും മേല്‍ ഒരുപോലെ പെയ്തിറങ്ങിയ വിഷമായിരുന്നു എന്‍ഡോസള്‍ഫാന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കാസറഗോഡന്‍ ഗ്രാമങ്ങളില്‍ ആ ദുരിതത്തിന്റെ ഇരകള്‍ പിറന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും ഈ മണ്ണില്‍ നിന്നും വിഷം മാഞ്ഞിട്ടുണ്ടെയെന്ന് സംശയം. എന്നോ കഴിഞ്ഞ കഥപോലെ ആ ദുഷിച്ച കാലത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നവരോട് പറയട്ടെ, ഇനിയൊരു അമ്പതുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ വിതച്ച നാശത്തിന്റെ ബീജങ്ങള്‍ ഈ മണ്ണും മനുഷ്യനും പേറേണ്ടി വരും. കെട്ടകാലത്തിന്റെ ആകുലതകളെ അടയാളപ്പെടുത്തിക്കൊണ്ട് കുത്തിനോവിച്ച മനസുമായി ഇപ്പോഴും ഒരു കൂട്ടം മനുഷ്യര്‍ ഇവിടങ്ങളില്‍ ജീവിക്കുന്നുണ്ടെന്നു കൂടി അറിയണം. അവരൊക്കെ ഇപ്പോഴും ഭരണകൂടത്തിന്റെ ദയ തേടുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇരകള്‍ക്കനുകൂലമായി ഇടപെട്ടിട്ടില്ല എന്നല്ല, മറിച്ച് ചെയ്തതിനേക്കാള്‍ കൂടുതലായി ഇനിയും പലതും ചെയ്യാനുണ്ടെന്ന് ഒരിക്കല്‍ ഓര്‍മപ്പെടുത്തുകയാണ് ഈ പരമ്പരയിലൂടെ...(കാസര്‍ഗോഡ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്)മുന്‍ഭാഗങ്ങള്‍ ഇവിടെ വായിക്കാം; അമ്മമാര്‍ ഉറങ്ങാത്ത നാട്, 55-കാരി മകള്‍ക്ക് താങ്ങ് 80-നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയും, ഇരകളുടെ ലോകത്തെ മറ്റ് ചില വേട്ടക്കാര്‍; സുരേന്ദ്രനും അപ്പുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, എന്‍ഡോസള്‍ഫാന്‍ ഇര രാജീവിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ലീലാകുമാരി അമ്മയുടെ കഥ ഒരിക്കല്‍ കൂടി പറയാം;

കാസര്‍ഗോഡ് പെരിയയില്‍ 1983 ലാണ് ലീലാകുമാരി അമ്മ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായി എത്തുന്നത്. 1992ല്‍ അവര്‍ അവിടെയൊരു വീട് നിര്‍മിക്കാന്‍ തുടങ്ങി. സഹായത്തിന് ഗോവയിലുള്ള സഹോദരന്‍ വന്നു. പെരിയയിലെ താമസം തുടങ്ങി അധികമാകും മുന്നേ ജേഷ്ഠന് പല അസുഖങ്ങളും വന്നുപെട്ടു. പെട്ടെന്നൊരു ദിവസം അദ്ദേഹം മരിച്ചു.

ജേഷ്ഠന്റ വേര്‍പാട് ലീലാകുമാരിയമ്മയെ ദുഃഖിപ്പിച്ചതിലേറെ ചിന്തിപ്പിച്ചു. തന്റെ സഹോദരനുണ്ടായതുപോലെ, പ്രദേശത്തെ പലര്‍ക്കും കാരണമെന്തന്നറിയാതെ വരുന്ന അസുഖങ്ങള്‍ പതിവാകുന്നു. ഓരോ വീട്ടിലും രോഗികള്‍ ഉണ്ടാകുന്നു. മനുഷ്യന്‍ മാത്രമല്ല, ഇഴജന്തുക്കളില്‍ പോലും മാറ്റങ്ങള്‍. ആ സ്ത്രീയുടെ മനസിലൂടെ പലപല ചോദ്യങ്ങള്‍ കടന്നു പോയി. ഒടുവില്‍ അവര്‍ ചെന്നെത്തിയത് പെരിയയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന കീടനാശിനിയിലായിരുന്നു. മരുന്നു തളിക്കുന്നിടത്തെ കിണറുകളില്‍ ചത്തു പൊന്തിയ മീനുകള്‍, കുളങ്ങളില്‍ ചത്തു കിടക്കുന്ന തവളകള്‍... കാണുന്നതെല്ലാം ഏതോ വലിയ അപകടത്തിന്റെ സൂചനകളാണ്. ഹെലികോപ്റ്ററുകളില്‍ കൊണ്ടു വന്നു തളിക്കുന്നത് മരുന്നോ അതോ വിഷമോ?

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അവരുടെ കശുമാവിന്‍ തോട്ടങ്ങളില്‍ മരുന്നെന്ന പേരില്‍ തളിക്കുന്നത് മനുഷ്യനെയും മണ്ണിനെയും ഒരുപോലെ ഇല്ലാതാക്കുന്ന വിഷമാണെന്ന തീരുമാനത്തില്‍ എത്തിയ ഉടനെ ഹോസ്ദുര്‍ഗ് കോടതിയില്‍ പിസികെയെ എതിര്‍കക്ഷിയാക്കി ലീലാകുമാരിയമ്മ കേസ് ഫയല്‍ ചെയ്തു. 19996 ല്‍ ഫയല്‍ ചെയ്ത കേസില്‍ രണ്ടുവര്‍ഷത്തിനിപ്പുറം വിധി വന്നു- പെരിയയിലെ തോട്ടങ്ങളില്‍ കീടനാശിനി സ്‌പ്രേ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

വിധി വന്നു ദിവസങ്ങള്‍ക്കിപ്പുറം. ഓഫിസിലേക്കു പോകുന്ന വഴിയില്‍, കുതിച്ചെത്തിയ ഒരു ലോറി ലീലാകുമാരിയമ്മയ്ക്കു ശിഷ്ടജീവിതത്തിലേക്ക് രണ്ടു സ്‌ട്രെച്ചറുകള്‍ സമ്മാനിച്ചു. ബോധപൂര്‍വമൊരുക്കിയ സമ്മാനം!

ലീലാകുമാരിയമ്മയുടെ കഥ പലതവണ കേട്ടതും കേട്ടു മറന്നതുമായിരിക്കാം. കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നത് ആരോ ചമച്ച കഥയാണെന്നു ചില കോണുകളില്‍ നിന്നും പ്രചാരണങ്ങള്‍ ഇപ്പോഴും നിലയ്ക്കുന്നില്ലെന്നു കാണുമ്പോള്‍ ലീലാകുമാരിയമ്മയെ പോലുള്ളവരെ ഓര്‍മിച്ചുകൊണ്ടേയിരിക്കണം.

ഒരു കീടനാശിനിയും മരുന്നല്ല, വിഷം തന്നെയാണ്. എന്‍ഡ്രിനാനും ഫ്യൂറിഡാനുമൊക്കെ എന്തുപേരിലാണ് ഇവിടെയെത്തിയത്? മനുഷ്യന് ജീവനൊടുക്കാനുള്ള വിഷമായിട്ടു മാറാന്‍ എത്രനാള്‍ വേണ്ടി വന്നു. 'വിഷം' വില്‍പ്പന ആഗോള വിപണിയില്‍ കോടികള്‍ കൈമറിയുന്ന ബിസിനസാണ്. യഥാര്‍ത്ഥത്തില്‍ കശുമാവിന്‍ പൂക്കളെ തിന്നുന്ന തേയിലക്കൊതുകുകള്‍ ഉണ്ടായിരുന്നോ? പക്ഷെ എന്‍ഡോസള്‍ഫാന്‍ എന്ന രാസവിഷം അതിന്റെ ബൃഹത്തായ വിപണി ഇന്ത്യയില്‍ കണ്ടെത്തിയിരുന്നതുകൊണ്ട് കാസര്‍ഗോഡെ കശുമാവിന്‍ തോട്ടങ്ങളില്‍ അവ വ്യാപകമായി ഉപയോഗിക്കാന്‍ തടസങ്ങളൊന്നുമുണ്ടായില്ല. കമ്മിഷന്‍ കിട്ടിയാല്‍ വിഷം കുടിക്കാന്‍ പോലും തയ്യാറാകുന്നവരുടെ സഹായം കൂടി ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമായി. ഇപ്പോഴും എന്‍ഡോസള്‍ഫാനാണോ കാസര്‍ഗോഡെ ദുരിതജീവിതങ്ങള്‍ക്കു കാരണമെന്നു സംശയം ഉന്നയിക്കുന്നവര്‍ക്ക് അന്വേഷിച്ചാല്‍ ഉത്തരം കിട്ടാന്‍ വിഷമം ഉണ്ടാകില്ല. ലീലാകുമാരിയമ്മയുടെ കേസും ഡോ. ഷാന്‍ഭാഗിന്റെ സ്റ്റഡി റിപ്പോര്‍ട്ടുമൊക്കെ യാഥാര്‍ത്ഥ്യങ്ങളുടെ തെളിവാണ്. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി ഡോ. രവീന്ദ്രനാഥ് ഷാന്‍ഭാഗ് എന്‍മകജെയില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും മനസിലായത് തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാനില്‍ അതിഭയങ്കരമായ തോതില്‍ വിഷാംശം ഉണ്ടെന്നായിരുന്നു. മറ്റൊരു ദുരന്തസത്യം കൂടി അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു; എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുന്നത് നിര്‍ത്തിയാല്‍ പോലും അതിന്റെ അംശങ്ങള്‍ വളരെ ഉപദ്രവകരമായ രീതിയില്‍ വരുന്ന അമ്പതുകൊല്ലങ്ങളെങ്കിലും ഈ മണ്ണില്‍ കാണുമെന്ന്.

കാസര്‍ഗോഡ് ഇപ്പോഴും ജനിക്കുന്ന ജനിതകവൈകല്യമുള്ള കുട്ടികള്‍ ആ പ്രവചനത്തിന്റെ ദൃഷ്ടാന്തങ്ങളാണ്...എന്‍ഡോസള്‍ഫാന്‍ അതിഭയങ്കരമായ വിഷമായിരുന്നു. മനുഷ്യനെയോ പ്രകൃതിയേയോ വകവയ്ക്കാതെയാണ് കശുമാവിന്‍ തോട്ടങ്ങളില്‍ അതു തളിച്ചത്. ഇന്നും അതേ വിഷം ഒരു ജനതയെ കാര്‍ന്നു തിന്നുന്നുണ്ട്. കൈകഴുകി മാറി നില്‍ക്കുന്നവരുടെ വിരല്‍ത്തുമ്പുകളില്‍ ഇപ്പോഴും വിഷത്തുള്ളികള്‍ കാണാം. എന്നാല്‍ കുറ്റവാളികള്‍ ഒരുകാലത്തും പിടിക്കപ്പെടാന്‍ പോകുന്നില്ല; ഇരകള്‍ രക്ഷപ്പെടാനും...

ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ നടന്ന രാസാക്രമണം അല്ല എന്‍ഡോസള്‍ഫാന്‍ തളിക്കല്‍. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും കൃഷി-പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ക്കിടയിലും പണം മാത്രമാണ് വലുതെന്നു ചിന്തിക്കുന്നവരുണ്ടായിരുന്നു. അവര്‍ക്ക് ഒറ്റയ്ക്കായി ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. നേരിട്ടോ അല്ലാതെയോ ഭരണകൂടം ഈ കുരുതിയില്‍ പങ്കെടുത്തിരിക്കാം. ഒരു പങ്കും ഇല്ലെന്നിരിക്കട്ടെ. എങ്കിലും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഓരോ പൗരന്റെയും ജീവനും സ്വത്തിനും മേല്‍ ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധനം വന്ന് 16 വര്‍ഷങ്ങള്‍ക്കിപ്പുറവും ജില്ലയിലെ ദുരിതബാധിതരുടെ ആവലാതികള്‍ അവസാനിക്കാത്തിടത്ത് തങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായി നിര്‍വഹിക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു വ്യക്തം. തങ്ങളുടെ ടേമില്‍ ഇരകളെ പറഞ്ഞു പറ്റിച്ചവര്‍ അടുത്ത ഭരണക്കാര്‍ വരുമ്പോള്‍ ഇരകള്‍ക്കു വേണ്ടി കണ്ണീരൊഴുക്കുന്ന നാടകങ്ങളാണ് ഇക്കാലമത്രയും മുറതെറ്റാതെ നടന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ ആഴ്ച ബെള്ളൂരിയില്‍ രാജീവി എന്ന എന്‍ഡോസള്‍ഫാന്‍ ഇരയുടെ ആത്മഹത്യ വാര്‍ത്ത വന്നതിനു പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും സര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്തുവന്നത്. അഞ്ചുവര്‍ഷക്കാലം യുഡിഎഫ് സര്‍ക്കാര്‍ എന്തു ചെയ്തു എന്നു ചോദിച്ചാല്‍ സുധീരനും ചെന്നിത്തലയ്ക്കും പറയാന്‍ മറുപടിയുണ്ടാവില്ല. കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തെത്തി കുറെ അമ്മമാര്‍ അവരുടെ രോഗബാധിതരായ മക്കളുമായി പട്ടിണി സമരം കിടന്നപ്പോള്‍ ഇതേ ചെന്നിത്തല സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. സുധീരന്‍ ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ കൂടുതല്‍ അധികാരത്തോടെയും ഉണ്ടായിരുന്നു. വാക്കു പറഞ്ഞു പറ്റിച്ച മുഖ്യമന്ത്രിയുടെ പേര് ഉമ്മന്‍ ചാണ്ടി എന്നായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഒന്നുപോലും ചെയ്തുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ജില്ല ആശുപത്രിയുടെ നിലവാരം പോലും ഇല്ലാത്തവയാണെങ്കിലും ജില്ലകള്‍ തോറും ഒന്നിലേറെ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാക്കിയവര്‍ കാസര്‍ഗോഡ് ഒരു മെഡിക്കല്‍ കോളേജ് കൊണ്ടുവന്നില്ല. ഉമ്മന്‍ചാണ്ടി ഇട്ട തറക്കല്ലില്‍ നിന്നും എത്രത്തോളം പൊങ്ങിയിരുന്നു കാസര്‍ഗോഡുകാരുടെ പ്രതീക്ഷകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്? സര്‍ക്കാരിന്റെ നേട്ടങ്ങളാക്കി പത്രത്തില്‍ കൊടുത്ത പരസ്യത്തില്‍ മോഡലുകളാക്കി രണ്ടു എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ കാണിച്ചിരുന്നു. ആ കുട്ടികള്‍ക്കുപോലും സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടുണ്ടായിരുന്നില്ല എന്നറിയണം. ചെന്നിത്തലയും സുധീരനുമൊക്കെ ഇപ്പോള്‍ നടത്തുന്ന പ്രകടനങ്ങള്‍ അവരെ സ്വയം പരിഹാസ്യരാക്കുകയാണെന്നു തിരിച്ചറിയുക.

ഏതെങ്കിലും ഒരു രാഷ്ട്രീയത്തെ കുറ്റപ്പെടുത്തി പറയുന്നതല്ല. ഇക്കാലമത്രയും രാഷ്ട്രീയനാടകങ്ങളും ഉദ്യോഗസ്ഥ അവഗണനകളും സഹിച്ചുപോരേണ്ടി വരുന്ന കുറെ മനുഷ്യരുടെ ഭാഗത്തു നില്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും തോന്നാവുന്ന രോഷം മാത്രമാണത്. ഈ രോഷവും ചോദ്യം ചെയ്യലുകളും സമൂഹം ഏറ്റെടുക്കുന്നില്ല എന്നതാണ് കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലെ ദുരിതജന്മങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണം. ഭരണകൂടത്തില്‍ നിന്നും ഇവര്‍ക്കുള്ള കൃത്യമായ മറുപടി നേടിക്കൊടുക്കാന്‍ ഒരു സംഘടനയ്‌ക്കോ സമരസമതിക്കോ മാത്രമായി കഴിയണമെന്നില്ല. കാസര്‍ഗോഡ് കേരളത്തിന്റെ പരിച്ഛേദം തന്നെയാണ്. തല വളര്‍ന്നും നാവു തളര്‍ന്നും കിടക്കപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ ജീവിതം തീര്‍ന്നുപോകുന്ന കുഞ്ഞുങ്ങള്‍ നമ്മളുടേതുകൂടിയാണെന്നു കരുതുന്ന വലിയൊരു സമൂഹത്തിന്റെ പിന്തുണ അവരുടെ പോരാട്ടങ്ങള്‍ക്ക് കൂടിയേ തീരൂ. ഒപ്പം ഭരണകൂടത്തിന്റെയും.മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തിന്റെ ചുരുങ്ങിയ കാലത്തിനിടയില്‍ പല സന്ദര്‍ഭങ്ങളിലായി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കാര്യക്ഷമമായി അതു ചെയ്യുന്നുണ്ടോ എന്നതാണ് സംശയം.

പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ ആദ്യ നൂറുദിന പരിപാടിയില്‍ പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പയ്ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മൊറട്ടോറിയം പ്രഖ്യാപിക്കല്‍ നടന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ബാങ്ക് വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുകൊണ്ട് വായ്പ എടുത്തവര്‍ക്ക് കിട്ടുന്ന ഗുണം എന്താണ്. മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുന്ന കാലത്തോളം ബാങ്കിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ ഉണ്ടാവില്ല. അതായത് മൂന്നോ നാലോ മാസത്തേക്ക് ജപ്തിപോലുള്ള നടപടികളിലേക്കൊന്നും തിരിയില്ല. അതു കഴിഞ്ഞാല്‍? അഞ്ചാം മാസം കാശ് തിരിച്ചടയ്ക്കാന്‍ ബാങ്കുകാര്‍ പറയുന്നത് മൊറട്ടോറിയത്തിന്റെ കാലയളവിലെ പലിശ കൂടി ചേര്‍ത്തല്ലേ? മുതലും പലിശയും ചേര്‍ത്ത് വായ്പ അടച്ചു തീര്‍ക്കാന്‍ കുറച്ചു സാവകാശം ചെയ്തു കൊടുക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ ഈ മൊറട്ടോറിയം പ്രഖ്യാപനം. മൂന്നോ നാലോ മാസത്തെ സാവകാശം കിട്ടിയാല്‍ കടം അടച്ചു തീര്‍ക്കാന്‍ ശേഷിയില്ലാത്ത പാവങ്ങള്‍ക്ക് ഇതിലെന്തു ഗുണം? ചികിത്സ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പയ്ക്കാണ് സര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നത്. ഏതു ബാങ്കാണ് ചികിത്സ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കുന്നത്? വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുപോലും പണം നല്‍കാത്തവരാണോ ചികിത്സിക്കാന്‍ നല്‍കുന്നത്. വീടും പണ്ടങ്ങളും ഭൂമിയുമെല്ലാം പണയം വച്ചാണ് ഇവിടെയുള്ളവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ വായ്പകള്‍ എടുത്തിട്ടുള്ളത്. എടുത്തതിനേക്കാള്‍ പെരുകുകയാണവരുടെ കടം. തിരിച്ചടയ്ക്കാന്‍ വഴിയറിയില്ല. ബാങ്കുകളാകട്ടെ സ്വകാര്യാവിശ്യത്തിനു വായ്പ എടുത്തവരെന്ന ലേബലില്‍ മാത്രം ഇവരെ കണ്ട് നടപടികളുമായി മുന്നോട്ടു പോകും. സര്‍ക്കാര്‍ ഇവിടെ ഇടപെടല്‍ നടത്തേണ്ടത് മൊറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ടല്ല എന്നാണു പറഞ്ഞു വരുന്നത്. സഹായം ചെയ്യാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ മറ്റൊരു വഴി തേടാം. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ധനസഹായം നല്‍രകിയിട്ടില്ല. അതു വാങ്ങിയെടുക്കാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ കൈക്കൊള്ളണം. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും കിട്ടേണ്ട സഹായധനവും വാങ്ങിയെടുക്കണം. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ ഈ പണം വാങ്ങിയെടുക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടു നാളുകളായി. 25 കോടിയെങ്കിലും ഈ വിധത്തില്‍ കിട്ടിയാല്‍ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാനാകും.

അതിനു മുമ്പ് കാസര്‍ഗോഡ് എത്ര എന്‍ഡോസള്‍ഫാന്‍ ബാധിതരുണ്ട് എന്ന് കൃത്യമായ കണക്ക് ഉണ്ടാക്കണം. 11 പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ തളിച്ചുള്ളൂ എന്ന കണക്കില്‍ അവിടങ്ങളില്‍ മാത്രമെ രോഗബാധിതരുണ്ടാകൂ എന്ന മൂഢത്വം ഇനിയെങ്കിലും അവസാനിക്കണം. മടിക്കൈയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നില്ല. പക്ഷേ നന്ദനയെ പോലുള്ള കുട്ടികള്‍ എങ്ങനെ അവിടെ ജനിച്ചു? വെള്ളത്തിലൂടെയും കാറ്റിലൂടെയും വളരെ വേഗം പടരുന്ന വിഷമായിരുന്നു എന്‍ഡോസള്‍ഫാന്‍. പതിനൊന്നു പഞ്ചായത്തുകളില്‍ ആകാശത്തു നിന്നും ഈ വിഷം തളിച്ചെങ്കില്‍ അതവിടെ മാത്രം ബാധിക്കുകയല്ല ചെയ്യുക എന്ന് സാമാന്യബോധത്തോടെ ചിന്തിച്ചാല്‍ മനസിലാകും.

എത്ര രോഗികള്‍ ഉണ്ടെന്നു മനസിലാക്കണമെങ്കില്‍ വേണ്ടത് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക എന്നതാണ്. 2013ലാണ് അവസാനമായി എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചതെന്നോര്‍ക്കണം! മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നെങ്കില്‍ മാത്രമാണ് രോഗബാധിതരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തപ്പെടുക. സര്‍ക്കാരിന്റെ ഔദ്യോഗിക ലിസ്റ്റില്‍ പെടാതെ പോയ, അര്‍ഹതപ്പെട്ടവരായ നിരവധി പേരുണ്ട്. അവരെയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിലൂടെയാകും സാധ്യമാവുക.

മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സാന്നിധ്യം കൂടി സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഒരു ചികിത്സയും സാധ്യമാകാത്തവിധം ക്രൂരമാണോ എന്‍ഡോസള്‍ഫാന്‍ നല്‍കിയിരിക്കുന്ന രോഗങ്ങളെന്ന് കണ്ടുപിടിക്കണം. വൈദ്യശാസ്ത്രം എത്രയേറെ വികസിച്ചിരിക്കുന്നു. കാസര്‍ഗോഡിനെ രക്ഷിക്കാന്‍ അതിനു കഴിയില്ലേ?

മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനൊപ്പം ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ സെല്‍ പുനരുജ്ജീവിപ്പിക്കണം. പേരിനെന്തോ പ്രവര്‍ത്തനം നടക്കുന്നതല്ലാതെ കളക്‌ട്രേറ്റില്‍ സ്ഥിതി ചെയ്യുന്ന സെല്ലുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ സെല്ലിന്റെ പ്രവര്‍ത്തനം തീര്‍ത്തും അവതാളത്തിലായിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സെല്‍ അംഗങ്ങള്‍ തങ്ങള്‍ക്ക് ഇതിലൊന്നും യാതൊരു ഉത്തരവാദിത്വമോ ഇരകളോട് അനുഭാവമോ ഇല്ലെന്ന തരത്തിലുള്ള പ്രകടനമായിരുന്നു നടത്തിയത്. ഈ അവഗണന ഇനി ഉണ്ടാകരുത്. എത്രയും വേഗം സെല്‍ പുനരുജ്ജീവിപ്പിക്കണം. സെല്ലില്‍ ഭരണഉദ്യോഗസ്ഥ വിഭാഗത്തില്‍ നിന്നുള്ളതുപോലെ സെല്‍ അംഗങ്ങളായി സമരസമിതി പ്രവര്‍ത്തകരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തണം. പ്രാദേശികമായ വിഷയങ്ങള്‍ സംസാരിക്കാനും അടിയന്തരാവശ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഇത്തരം അംഗങ്ങള്‍ക്കു കഴിയും.

ഈ ആവശ്യങ്ങള്‍ക്കൊപ്പം ചെയ്യേണ്ടതാണ് ബഡ്‌സ് സ്‌കൂളുകളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കല്‍. പലതരം അസുഖങ്ങളാലും മാനസികബുദ്ധിമുട്ടുകളാലും വലയുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകളുടെ അവസ്ഥ എന്താണെന്നു കൂടി മുഖ്യമന്ത്രി മനസിലാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി? ആസ്ബസ്‌റ്റോസ് ഷീറ്റിട്ട മേല്‍ക്കുരകളുള്ള ചെറിയ കെട്ടിടങ്ങളാണ്, ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ പേറി, പ്രാഥമികാവശ്യങ്ങള്‍ക്കുപോലും പരസഹായം തേടേണ്ട, ഇരുന്നിടത്തു നിന്നു നിരങ്ങാന്‍ പോലും കഴിവില്ലാത്ത കുട്ടികള്‍ക്കുള്ളതെന്ന് ഈ സര്‍ക്കാരെങ്കിലും കാണാതെ പോകരുത്. ബഡ്‌സ് സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ എംപിയുടെ ഇടപെടല്‍ വഴി നബാര്‍ഡ് ഒരുകോടി രൂപ വീതം അനുവദിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. പത്തോളം സ്‌കൂളുകളാണുള്ളത്. ഇതില്‍ നാലെണ്ണം മാത്രമാണ് പണി പൂര്‍ത്തിയായിട്ടുള്ളത്. പണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ വീഴ്ച്ചയെന്നു മുഖ്യമന്ത്രി പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും വേണം. പെരിയയില്‍ ഒരു സ്‌കൂളിന്റെ ഉത്ഘാടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ കെട്ടിടം ഉണ്ടായതുകൊണ്ട് മാത്രം എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് കരുതരുത്. ഏതു പ്രായംവരെയുള്ള കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കും? ശാരീകവശതകളുള്ള ഈ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ യാത്രാസൗകര്യം എര്‍പ്പെടുത്തുമോ? പരിശീലനം കിട്ടിയ അധ്യാപകരെ നിയമിക്കുമോ? കുട്ടികള്‍ക്ക് ഭക്ഷണസൗകര്യമൊരുക്കുമോ? ഹെല്‍പ്പര്‍മാരെ നിയമിക്കുമോ? അധ്യാപകര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വേതനം കൃത്യമായി കൊടുക്കുമോ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതിന് കാരണങ്ങളാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഒരു പുനരധിവാസ ഗ്രാമം എന്നത് ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. അഞ്ചോ ആറോ കൊല്ലങ്ങള്‍ക്കു മുന്നേ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ്. ബോഡിക്കാനത്ത് മുതലപ്പാറയില്‍ പികെസി വക 25 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. പികെസിക്ക് ഏക്കര്‍ കണക്കിനു ഭൂമി വേറെയുണ്ടായിട്ടും പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലം ഏറ്റെടുത്തതിന്റെ കാരണം തത്കാലം ചോദിക്കുന്നില്ല. ഇപ്പോഴുള്ള സ്ഥലത്തു നിന്നും ഏകദേശം മൂന്നര കിലോമീറ്ററിനപ്പുറത്ത് ചന്ദ്രഗിരി പുഴയോട് ചേര്‍ന്ന കൃഷിക്കുകൂടി യോജിച്ച ഭൂമി ഉണ്ടായിരുന്നുവല്ലോ എന്നു ചോദിച്ചത് നാട്ടുകാരനായ ഒരാളായിരുന്നു. ആ പാവങ്ങളെ സഹായിക്കാനാണെങ്കില്‍ അങ്ങനയല്ലായിരുന്നോ ചെയ്യേണ്ടതെന്ന സംശയം തത്കാലം നിവര്‍ത്തിക്കപ്പെടാന്‍ സാധ്യതയില്ല. സ്ഥലം മുന്‍പേര്‍ ഏറ്റെടുത്തുപോയതുകൊണ്ട് ഇനി മറ്റൊരിടം കണ്ടെത്തുക സാധ്യമല്ലെന്നു പറഞ്ഞത് ഈ സര്‍ക്കാരിലെ കൃഷിമന്ത്രിയായതുകൊണ്ട് പ്രതീക്ഷകള്‍ക്കും ഇനി സ്ഥാനമില്ല. ഇപ്പോഴുള്ള സ്ഥലം മോശം ആണെന്നല്ല. ഒരു ടൗണ്‍ഷിപ്പിന് യോഗ്യമാണ്. പക്ഷെ പുനരധിവാസ ഗ്രാമം എന്ന സങ്കല്‍പ്പത്തിന് ഒരു ടൗണ്‍ഷിപ്പാണോ യോജിക്കുന്നത്? കുട്ടികളുടെ സംരക്ഷണം, മാതാപിതാക്കള്‍ക്ക് തൊഴില്‍ ഇതെല്ലാമാണ് പുനരധിവാസ ഗ്രാമത്തില്‍ ഒരുക്കുക. കൈത്തൊഴിലുകള്‍ക്കൊപ്പം കൃഷിക്കു കൂടി സാഹചര്യമുള്ള ഭൂമിയായിരുന്നു കണ്ടെത്തിയതെങ്കില്‍ നന്നായിരുന്നു. അതെന്തുമാകട്ടെ, ഇനിയും പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കരുത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗബാധിതരെല്ലാം മരിച്ചശേഷം ഇങ്ങനെയൊരു ഗ്രാമത്തിന്റെ ആവശ്യമില്ല. ഈ പറഞ്ഞതിന്റെ വൈകാരികത മനസിലാക്കി തന്നെ മുഖ്യമന്ത്രി ഇടപെടണം.മുഖ്യമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട മറ്റൊരിടം ഉക്കിനടുക്കയില്‍ നിര്‍മാണം തുടങ്ങിയ മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കുകയാണ്. കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കാന്‍ എന്‍ഡോസള്‍ഫാന്‍ കലക്കി ഹെലികോപ്റ്ററില്‍ നിറച്ചിരുന്നത് ഉക്കിനടുക്കയിലായിരുന്നു. എന്‍ഡോസള്‍ഫാന്റെ വിഷപ്രയോഗത്തില്‍ തേനീച്ചകള്‍ കൂട്ടത്തോടെ ചത്തതും ഇവിടെയാണ്. എന്‍ഡോസള്‍ഫാനെതിരേ കാസര്‍ഗോഡെ ആദ്യത്തെ ജനകീയ സമരം തുടങ്ങുന്നതും ഇവിടെയാണ്. അതേ ഉക്കിനടുക്കയില്‍ 2013 നവംബര്‍ 30 ന് ശിലാസ്ഥാപനം നടത്തിക്കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാക്കു നല്‍കിയത് 2015 ല്‍ 300 കിടക്കകളുള്ള ആശുപത്രി തയ്യാറാകുമെന്നും ആദ്യത്തെ മെഡിക്കല്‍ സ്റ്റുഡന്റ് ബാച്ച് പഠിച്ചു തുടങ്ങുമെന്നുമാണ്. ദുരിതബാധിതരായവരെയും കൊണ്ട് തിരുവനന്തപുരത്തോ മംഗലാപുരത്തോ വെല്ലൂരോ പോകണ്ടേി വരില്ല എന്നു കുറെ പാവങ്ങള്‍ വിശ്വസിച്ചുു. വഞ്ചനയുടെ മറ്റൊരു കഥ. ഉക്കിനടുക്കയില്‍ ചെന്നാല്‍ വ്യക്തമാകുമത്.

ഇപ്പോഴത്തെ മുഖ്യമന്ത്രിയോടു പറയാനുള്ളതും അതാണ്; വാക്കു പറഞ്ഞു വഞ്ചിക്കരുത്. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കാസര്‍ഗോഡ് ഒരു മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. അതെന്തായെന്നുപോലും അറിയില്ല. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളാകട്ടെ പരിമിതികള്‍ ഏറെയുള്ളതും. വിദഗ്ധ ചികിത്സ സൗകര്യങ്ങളൊന്നുമില്ല. ആശുപത്രികളുടെ വികസനത്തിനു ഫണ്ടുകള്‍ അനുവദിക്കപ്പെട്ടിട്ടും ലാപ്‌സായി പോയി. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നല്‍കിയിരുന്ന നിര്‍ദേശമായിരുന്നു ദുരിതബാധിത മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ആക്കണമെന്നത്. ദുരിതബാധിത പഞ്ചായത്തുകളായി പ്രഖ്യാപിക്കപ്പെട്ട 11 പഞ്ചായത്തുകളിലായി 12 പിഎച്ച്സികളായിരുന്നു ഉള്ളത്. അഞ്ചിടങ്ങളില്‍ പിഎച്ച്സികള്‍ സിഎച്ച്സികളായെങ്കിലും ബാക്കിയെട്ടിടത്തും ഒരു നടപടിയും ഉണ്ടായിട്ടില്ല. പെരിയ, മുളിയാര്‍, പനത്തടി, ബദിയടുക്ക എന്നിവിടങ്ങളിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാകട്ടെ ആവിശ്യത്തിനുള്ള ഭൗതികസൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്നവയും. കാസര്‍ഗോഡിന് ഏറെ ആവശ്യമായ ന്യൂറോളജിസ്റ്റിന്റെ സേവനം ജില്ലയില്‍ ഉണ്ടോയെന്നുപോലും സംശയമാണ്. ആരോഗ്യരംഗത്ത് കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്തേണ്ട ജില്ലയായിട്ടും കാലങ്ങളായി തുടരുന്ന അനാസ്ഥ എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല.

പികെസിക്കാര്‍ കശുമാവുകള്‍ പിഴുതി മാറ്റി റബര്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുപോലെ രോഗം പിടിച്ച മനുഷ്യര്‍ ചത്തൊഴിയട്ടെ എന്നു വിചാരിക്കുന്നവരുണ്ടോ? എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റ് വലുതാക്കാതെ നോക്കേണ്ടത് ആവശ്യമാണെന്നു പരസ്യമായി പറഞ്ഞവര്‍ കാസര്‍ഗോഡ് തന്നെയുണ്ട്. ഇരകളുടെ എണ്ണം കൂടുന്നത് നാണക്കേടായി തോന്നുന്നവര്‍.

പക്ഷെ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചുകൊണ്ട് ഒരു ജനതയോടൊപ്പം നിന്നുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുകയാണ്; ഇനിയെങ്കിലും ഈ പാവങ്ങളെ കൈവിടരുത്.

രാഷ്ട്രീയനേതാക്കന്‍മാര്‍ക്ക് ജാഥ തുടങ്ങാനുള്ള ഒരു സ്ഥലം മാത്രമല്ല കാസര്‍ഗോഡ്, ഇത് കേരളത്തിന്റെ ഭാഗം തന്നെയാണ്...

മേധ പട്കര്‍ ഒരിക്കല്‍ പറഞ്ഞകാര്യം അവര്‍ത്തിച്ചുകൊണ്ട് തത്കാലം നിര്‍ത്തുന്നു.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories