TopTop
Begin typing your search above and press return to search.

ആരാണ് മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത്? ഇപ്പോഴും തുടരുന്ന ദുരൂഹത

ആരാണ് മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത്? ഇപ്പോഴും തുടരുന്ന ദുരൂഹത

തോമസ് ഗിബ്ബണ്‍സ് നെഫ്ഫ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

2014 ജൂലൈ 17നാണ് മലേഷ്യന്‍ യാത്രാ വിമാനം എം.എച്ച് 17 (ബോയിംഗ് 777) ഉക്രൈന്‍ അതിര്‍ത്തിയില്‍ വച്ചുണ്ടായ മിസൈലാക്രമണത്തില്‍ തകര്‍ന്നു വീണത്. ആംസ്റ്റര്‍ഡാമില്‍ (നെതര്‍ലാന്റിന്റെ തലസ്ഥാനം) നിന്നും മലേഷ്യയിലെ ക്വാലാ ലംപൂരിലേക്കു പോവുകയായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാവരും തന്നെ അപകടത്തില്‍ കൊല്ലപ്പെട്ടു. സംഘര്‍ഷ മേഖലയില്‍ നിന്നു പതിച്ച മിസൈലിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി ഉക്രൈന്‍ ഭരണകൂടവും റഷ്യയും പരസ്പരം പഴി ചാരുന്നതല്ലാതെ യത്ഥാര്‍ഥ വസ്തുത ഇനിയും പുറത്തു വന്നിട്ടില്ല. ഉപഗ്രഹ ചിത്രങ്ങളടക്കം വ്യക്തമായ പല തെളിവുകളും ലഭിക്കാത്ത സാഹചര്യത്തില്‍ അര്‍ദ്ധ സത്യങ്ങളും അഭ്യൂഹങ്ങളും മാത്രമാണ് ഇപ്പോഴും അന്തരീക്ഷത്തിലുള്ളത്. പല അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തു വന്നെങ്കിലും അവയെല്ലാം പക്ഷപാതപരമാണെന്ന് ആരോപിച്ച് എതിര്‍പക്ഷം തള്ളിക്കളയുകയാണ്. ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകളിലൊന്നും തന്നെ സംഭവത്തിനുത്തരവാദിയായി ഒരാളെപ്പോലും എടുത്തു പറയുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

വിമാനം തകര്‍ത്ത മിസൈല്‍ ആക്രമണത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ പങ്ക് സ്ഥിരീകരിക്കുന്നൊരു റി.പ്പോര്‍ട്ട് ഏറ്റവുമൊടുവിലായി പുറത്തു വന്നിരിക്കുന്നത് അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ പേരില്‍ പ്രശസ്തമായ ഏലിയറ്റ് ഹിഗ്ഗിന്‍സിന്റെ ബെല്ലിംഗ്ക്യാറ്റെന്ന വെബ് പോര്‍ട്ടലിലാണ്.

മലേഷ്യന്‍ വിമാനം തകര്‍ക്കാനുപയോഗിച്ച ബക്ക് (Buk) മദ്ധ്യദൂര മിസൈല്‍ റഷ്യയില്‍ വികസിപ്പിച്ചതാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇത്തരം മിസൈലുകള്‍ റഷ്യന്‍ സൈന്യം സ്വയം മുന്‍കയ്യെടുത്ത് റഷ്യന്‍-ഉക്രൈന്‍ അതിര്‍ത്തിയില്‍ എത്തിച്ചിരുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. വിമാനത്തെ ചെറുക്കാന്‍ പര്യാപ്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുമായി മൂന്നു ബറ്റാലിയന്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് നീങ്ങിയിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ലെ വേനല്‍ക്കാലത്തായിരുന്നു സൈന്യത്തിന്റെ ഈ നീക്കം. ആ സമയത്തെടുത്ത വിവിധ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളും വിശ്വസനീയമായ മറ്റു പല രേഖകളും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.മിസൈല്‍ പ്രയോഗിച്ചത് ഉക്രൈന്‍ വിമതരാണെന്നു കരുതിയാല്‍ തന്നെ അത് അതിര്‍ത്തിയിലെത്തിച്ച റഷ്യന്‍ സൈന്യത്തിനു ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിസൈല്‍ അതിര്‍ത്തിയിലെത്തിച്ചത് ഉന്നത തലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണെന്നും വ്യക്തമാക്കുന്നു. ബക്ക് മിസൈലുകള്‍ ഉക്രൈനിലെത്തിക്കണമെന്നൊന്നും ഒരുപക്ഷേ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായി പറഞ്ഞിട്ടുണ്ടാകില്ല. പക്ഷേ വിമതരെ സഹായിക്കാന്‍ റഷ്യന്‍ വ്യോമസേനയുടെ പക്കലുള്ള സൈനികോപകരണങ്ങള്‍ ഉക്രൈനിലെത്തിക്കണമെന്നു (സൈന്യത്തോടൊപ്പമോ, അല്ലാതെയോ) ഉന്നത തലത്തില്‍ തീരുമാനിച്ചിരുന്നു. മലേഷ്യന്‍ വിമാനം തകര്‍ക്കുന്നതിലേക്കു നയിച്ചതും ആ തീരുമാനമാണ്- ബെല്ലിംഗ്ക്യാറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 ഒക്‌ടോബറില്‍ നെതര്‍ലാന്റ് സുരക്ഷ വിഭാഗം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലും മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മ്മിത മിസൈലാണെന്ന കാര്യം കണ്ടെത്തിയിരുന്നു. ഉക്രൈന്‍ വിമതര്‍ കയ്യടക്കി വച്ചിരുന്ന പ്രദേശത്തു നിന്നുമാണ് മിസൈല്‍ പ്രയോഗിക്കപ്പെട്ടതെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. വിമാനം തകര്‍ത്തത് റഷ്യന്‍ പിന്തുണയുള്ള ഉക്രൈന്‍ വിമതരാണെന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനു ബലം പകരുന്നതായിരുന്നു ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍. എങ്കിലും ദാരുണമായ ദുരന്തത്തിന് ഉക്രൈന്‍ ഭരണകൂടത്തെ തന്നെയാണ് റിപ്പോര്‍ട്ട് ആത്യന്തികമായി കുറ്റപ്പെടുത്തിയത്. അതിനോടകം യുദ്ധക്കളമായി മാറിയിരുന്ന രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിയിലെ വ്യോമ മേഖല അടയ്ക്കാതിരുന്നതിനായിരുന്നു വിമര്‍ശനം.

നെതര്‍ലാന്റ് പുറത്തു വിട്ട റിപ്പോര്‍ട്ട് തികച്ചും രാഷ്ട്രീയ പ്രേരിതവും പക്ഷപാതപരവുമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. നെതര്‍ലാന്റ് സുരക്ഷ വിഭാഗം റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ച അതേ ദിവസം തന്നെ റഷ്യയും അവര്‍ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടു. പ്രസ്തുത മിസൈല്‍ നിര്‍മ്മിച്ച അല്‍മ്മാസ് ആന്‍ടി എന്ന സ്ഥാപനമാണ് റഷ്യയുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മലേഷ്യന്‍ വിമാനം തകര്‍ക്കാനുപയോഗിച്ചിരിക്കുന്നത് വളരെ പഴയ തരം മിസൈലാണെന്നും അതുപയോഗിക്കുന്നത് ഉക്രൈന്‍ സൈന്യമാണെന്നുമായിരുന്നു കമ്പനി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മിസൈല്‍ പ്രയോഗിച്ചത് ഉക്രൈന്‍ സൈന്യം തമ്പടിച്ച മേഖലയില്‍ നിന്നായിരുന്നുവെന്നും ആ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു.നെതര്‍ലാന്റ് സുരക്ഷ വിഭാഗത്തിനു ശേഷം ഇപ്പോള്‍ അവിടുത്തെ ക്രിമിനല്‍ അന്വേഷണ സംഘവും സംഭവം അന്വേഷിച്ചു വരുകയാണ്. എന്നാല്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ മുന്‍ അന്വേഷണം നേരിട്ട പല പ്രതിസന്ധികളും പുതിയ സംഘവും അനുഭവിക്കുന്നുണ്ട്. വിമാനം വെടിയേറ്റു വീണ ദിവസത്തെ പല റഷ്യന്‍ ഉപഗ്രഹ ചിത്രങ്ങളും ഇനിയും കണ്ടെടുക്കാനായിട്ടില്ലെന്നു അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ചീഫ് പ്രോസിക്യൂട്ടര്‍ വെസ്റ്റര്‍ബെക്ക് സമ്മതിക്കുന്നു. സംഭവവുമായി ബന്ധമുള്ള പലരും തങ്ങളുടെ നിരീക്ഷണത്തിലാണെങ്കിലും അന്വേഷണം അവസാനിപ്പിക്കാന്‍ കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

തങ്ങളുടെ അന്വേഷണത്തില്‍ റഷ്യ വേണ്ട വിധം സഹകരിക്കുന്നില്ലെന്ന പരാതിയും നെതര്‍ലാന്റിനുണ്ട്. ഫെബ്രുവരി ആദ്യം മ്യൂണിച്ചില്‍ വച്ച് നടന്ന സുരക്ഷ ഉച്ചകോടിയില്‍ കണ്ടപ്പോള്‍ റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ഗി ലവറോവുമായി നെതര്‍ലാന്റ് മന്ത്രി ബെര്‍ട്ട് കോയെന്‍ഡേസ് ഇതു സംബന്ധിച്ച ആശങ്ക പങ്കു വയ്ക്കുകയും കൂടുതല്‍ സഹകരണം തേടുകയും ചെയ്തിരുന്നു.


Next Story

Related Stories