TopTop
Begin typing your search above and press return to search.

നിക്കോളാ വോക്കര്‍ - ടെലിവിഷനിലെ ഇസബെല്‍ ഹ്യൂപ്പെ

നിക്കോളാ വോക്കര്‍ - ടെലിവിഷനിലെ ഇസബെല്‍ ഹ്യൂപ്പെ

ഇന്‍റര്‍നെറ്റും ഡിജിറ്റല്‍ വിഡിയോയും ചേര്‍ന്ന് നടത്തിയ സാങ്കേതിക വിപ്ലവത്തിനു ശേഷമുള്ള ടെലിവിഷന്‍ കാഴ്ചയുടെ സവിശേഷത തന്നെ അതിനെ ഭൌമാതിര്‍ത്തികളിലേക്കോ സാംസ്കാരിക മേഖലകളിലേക്കോ പരിമിതപ്പെടുത്താനാവില്ല എന്നതാണ്. ടൊറന്‍റുകളും സബ് സീന്‍ അഗ്രഗേറ്ററുകളുമെല്ലാം ചേര്‍ന്ന് ഭാഷകളെ അപ്പാടെ അതിലംഘിക്കുന്ന ദൃശ്യസാധ്യതകളിലേക്ക് ടെലിവിഷന്‍ പ്രേക്ഷകരെ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. നെറ്റ്ഫ്ലിക്സും പ്രൈമും പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ സജീവമായതോടെ ലോകമെങ്ങും കാണുന്ന ഷോകളുടെ കാലമെത്തിയിരിക്കുകയാണ്.

അമേരിക്കയിലേയും യൂറോപ്പിലേയും ടെലിവിഷന്‍ സീരീസുകളും ചെറുചിത്രങ്ങള്‍ക്കുമെല്ലാം കേരളത്തിലുള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സും നാര്‍ക്കോസും പ്രിസണ്‍ ബ്രെയ്ക്കുമെല്ലാം ഹോളിവുഡ് ചിത്രങ്ങള്‍ പോലെത്തന്നെ ചര്‍ച്ചയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദേശഭാഷാ ടെലിവിഷനിലെ ജനപ്രിയ ഷോകളെക്കുറിച്ച് രാജീവ് രാമചന്ദ്രന്റെ പംക്തി ആരംഭിക്കുകയാണ്- സീസണ്‍ ഫിനാലെ.

സീസണ്‍ - 1 എപ്പിസോഡ് -1

നിക്കോളാ വോക്കര്‍ - ടെലിവിഷനിലെ ഇസബെല്‍ ഹ്യൂപ്പെ

നിക്കോള വോക്കര്‍ എന്ന ബ്രിട്ടീഷ് നടിയെ ഞാനാദ്യം കാണുന്നത് സാലി വെയ്ന്‍ റൈറ്റിന്‍റെ ആംഗ്രി ഫെമിനിസ്റ്റ് പൊലീസ് പ്രൊസീഡ്യറല്‍, സ്‌കോട്ട് ആന്‍ഡ് ബെയ്‌ലി (ITV) യിലെ ഹെലന്‍ ബാര്‍ട്‌ലെറ്റായാണ്. ആദ്യ കാഴ്ചയില്‍ തന്നെ അവരുടെ കടുത്ത ആരാധകനായതാണ്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി കണ്ടിട്ടുള്ള മിക്ക ബ്രിട്ടീഷ് ടെലിവിഷന്‍ ഷോകളിലേക്കും നയിച്ചത് നിക്കോളാ വോക്കറാണെന്ന് സംശയമില്ലാതെ പറയാം. ഏറ്റവുമൊടുവില്‍ കൊലാറ്ററലിലെ (BBC 2) സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ വികാരിയെ കൂടി കണ്ടപ്പോള്‍ ടെലിവിഷനില്‍ എനിക്കേറ്റവും പ്രിയപ്പെട്ട നടിയാരെന്ന കാര്യത്തിലും സന്ദേഹമില്ലാതായി.

നിര്‍മമം എന്ന വാക്കിന്റെ ജീവരൂപമാണ് നിക്കോളയുടെ മുഖഭാവമെന്ന് തോന്നാറുണ്ട്. വിളറിയ കടലാസ്സില്‍ പെയ്ന്റ് ചെയ്ത പോലെ വെള്ളാരം കണ്ണുകളും നെഞ്ചിനകത്തെവിടെ നിന്നോ വരുന്ന പതിഞ്ഞ ശബ്ദവുമുള്ള ഈ സ്ത്രീക്ക് എങ്ങനെയാണ് ഒരു നടിയെന്ന നിലയില്‍ നിലനില്‍ക്കാനാവുന്നതെന്ന അത്ഭുതമാണ് അവരെ സൂക്ഷമായി ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്. "ഇപ്പോഴാണ് ഞാനെന്റെ മുഖ(ഭാവ)ത്തിനൊത്ത് വളര്‍ന്നത്. എനിക്ക് ചെറുപ്പം മുതലേ ഉള്ളത് ഈ വിശ്രമഭാവമാണ്, ഞാനെന്തോ അഗാധമായ ചിന്തയിലാണെന്നോ അല്ലെങ്കില്‍ എന്തോ വലിയ പ്രശ്‌നത്തിലാണെന്നോ തോന്നിപ്പിക്കുന്ന ഒരു ഭാവം. ഇപ്പോള്‍ അമ്പത് വയസ്സോളമായപ്പോള്‍ ഞാനതിനോട് നീതി പുലര്‍ത്തുന്നുണ്ടെന്ന് തോന്നുന്നു", തന്റെ മുഖത്തെക്കുറിച്ച് അവര്‍ക്ക് പറയാനുള്ളതിതാണ്. കാണുമ്പോള്‍ തന്നെ എന്താ പ്രശ്‌നം എന്ന് ചോദിക്കാന്‍ തോന്നുന്ന ആ മുഖം തന്നെയാണ് അവരെ അതീവ സങ്കിര്‍ണമായ ഡിറ്റക്ടീവ് വേഷങ്ങള്‍ക്കു യോജിച്ച നടിയാക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് സീരീസുകളിലാണ് നിക്കോള വോക്കര്‍ പൊലീസ് വേഷത്തിലെത്തിയത്. ഏറെ പ്രശസ്തമായ സ്പൂക്‌സിലെ (BBC-1) അനലിസ്റ്റ് റൂത്ത് എവെര്‍ഷെഡ്, ടച്ചിംഗ് ഈവിളിലെ (ITV) സൂസന്‍ ടെയ്‌ലര്‍, എ മദേഴ്‌സ് സണ്‍ (ITV)ലെ സ്യൂ അപ്ടണ്‍, പ്രിസണേഴ്‌സ് വൈവ്‌സിലെ (BBC-1) ജോ ഫൊന്‍ടെയ്ന്‍, റിവറിലെ (BBC-1) ജാക്കി സ്റ്റീവി, അണ്‍ഫോര്‍ഗോട്ടണിലെ (ഐടിവി) കസാന്ദ്ര സ്റ്റിയൂഅര്‍ട്ട് എന്നിങ്ങനെ വോക്കര്‍ വ്യക്തിമുദ്ര പതിപ്പിച്ച അപസര്‍പ്പക വേഷങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ്. അന്വേഷകയുടെ വേഷത്തിനു പുറത്തും നിക്കോള വോക്കര്‍ കൈകാര്യം ചെയ്തിട്ടുള്ള മറ്റെല്ലാ കഥാപാത്രങ്ങളും അതീവ സൂക്ഷ്മമായ പെരുമാറ്റം ആവശ്യപ്പെടുന്നവയാണെന്ന് കാണാം. ഒട്ടും ഉച്ചത്തിലല്ലാതെയുള്ള പതിഞ്ഞ ചലനങ്ങളുമായാണ് അവര്‍ ഓരോ കഥാപാത്രങ്ങളേയും വ്യതിരിക്തമാക്കുന്നത്. ശബ്ദഘോഷങ്ങളില്ലാത്ത അഭിനയ രീതിയെ തന്റെ പരിമിതിയായി മാറാനനുവദിക്കാതെ സാധ്യതയായി വികസിപ്പിച്ചെടുക്കുന്ന അസാമാന്യമായി പ്രതിഭയെയാണ് നിക്കോളയുടെ പ്രകടനത്തില്‍ നമുക്ക് കാണാനാവുക.

അതീവ സങ്കീര്‍ണമായ മനോനിലയാണ് സ്‌കോട്ട് ആന്‍ഡ് ബെയ്‌ലിയിലെ ഹെലന്‍ എന്ന കഥാപാത്രത്തിനുള്ളത്. ശിശുപീഡകനും തുടര്‍കൊലയാളിയുമായ പിതാവിന്റെ കയ്യാളായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഭൂതകാലത്തില്‍ നിന്ന് കരകയറാനാകാതെ തകര്‍ന്നു തരിപ്പണമാകുന്ന ഒരു മധ്യവയസ്‌ക. ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറിലെ മേക്കപ്പ്കൗണ്ടറില്‍ സെയില്‍സ് വുമണായി ജോലിനോക്കുന്ന ഹെലനെ തേടി കഥാനായികമാരായ പൊലീസുകാര്‍- ജാനെറ്റ് സ്‌കോട്ടും റെയ്ച്ചല്‍ ബെയ്‌ലിയും - എത്തുന്നത് അവളുടെ ഭൂതകാലത്തിന്റെ സെല്ലാറില്‍ നിന്ന് കുഴിച്ചെടുത്ത നിരവധി അസ്ഥികൂടങ്ങളുമായാണ്. മേക്കപ്പ് കൗണ്ടറിലെ കച്ചവടക്കാരിയുടെ മുഖമിനുക്കുകള്‍ ഒന്നൊന്നായി അടര്‍ന്നടര്‍ന്നുപോകുന്ന പോലെയുള്ള തകര്‍ച്ചയാണ് ആ കഥാപാത്രത്തിന് പിന്നീടുണ്ടാവുന്നത്. ഒടുവില്‍ ചിത്തഭ്രമത്തിനടുത്തെത്തി തന്റെ അച്ഛന്റെ ചെയ്തികള്‍ക്കെല്ലാം സാക്ഷ്യം പറഞ്ഞിട്ടും നിയമത്തില്‍ നിന്ന് രക്ഷനേടാനാവാതെ സമനില നഷ്ടപ്പെടുന്ന ഹെലന്‍ ജീവനൊടുക്കുകയാണ്. ആത്മഹത്യക്കു മുമ്പ് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടറെ കാറില്‍ തട്ടിക്കൊണ്ടുപോകുന്ന അതിദീര്‍ഘമായ ഒരു സീക്വന്‍സുണ്ട്. അവിസ്മരണീയമായ നിയന്ത്രണത്തോടെയാണ് പിന്‍ സീറ്റില്‍ നിക്കോളാ വോക്കറിന്റെ ഹെലന്‍ പെരുമാറുന്നത്. ലെസ്ലി ഷാര്‍പ്പും അമേലി ബുള്‍മോറും സുരാനി ജോണ്‍സുമെല്ലാം അവരവരുടെ കഥാപാത്രങ്ങളെ അവിസ്മരണിയമാക്കിയിട്ടുള്ള ഈ സീരീസില്‍ പക്ഷെ കാലത്തെ അതിജീവിക്കുക, നിക്കോളയുടെ ഹെലന്‍ ബാര്‍ട്‌ലെറ്റാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

സ്‌കോട്ട് ആന്‍ഡ് ബെയ്‌ലിക്കു മുമ്പ് വന്നതാണെങ്കിലും ലൂതറിന്റെ (BBC-1) ആദ്യ സീസണിലെ ലിന്‍ഡ ഷാന്‍ഡിനെ കാണുന്നത് ഹെലന് ശേഷമാണ്. ഷണ്ഡനും തുടര്‍ക്കൊലയാളിയുമായ ഒരു ടാക്‌സി ഡ്രൈവറുടെ വിശ്വസ്തയല്ലാത്ത ഭാര്യയാണ് ലിന്‍ഡ. ഭര്‍ത്താവിനെ വഞ്ചിക്കുന്നതിലുള്ള കുറ്റബോധത്തില്‍ ജീവിക്കുന്ന ലിന്‍ഡ, ഒടുവില്‍ പൊലീസ് കസ്റ്റഡിയിലുള്ള അയാളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയാണ്. നോര്‍മല്‍സി എന്ന അവസ്ഥയുടെ അതിര്‍വരമ്പിലുള്ള കഥാപാത്രം തന്നെയാണ് വോക്കര്‍ ലൂതറിലും അവതരിപ്പിച്ചിട്ടുള്ളത്. ഒരു തരത്തില്‍ ലിന്‍ഡയുടെ വളര്‍ച്ചയോ തുടര്‍ച്ചയോ ആകാവുന്ന കഥാപാത്രമാണ് ഹെലന്‍ എന്ന് കാണാം. പ്രത്യക്ഷമായും പരോക്ഷമായും ഇരുകഥാപാത്രങ്ങളിലും ഒരു പോലുള്ള ഉള്‍ഛായ കാണാമെങ്കിലും ലിന്‍ഡയും ഹെലനും തമ്മില്‍ അസാധ്യമെന്ന് തോന്നിപ്പിക്കുന്ന അന്തരമുണ്ടാക്കാന്‍ നിക്കോളാ വോക്കര്‍ എന്ന നടിക്ക് കഴിയുന്നുണ്ട്. ലൂതറിലും ഒറ്റ എപ്പിസോഡില്‍ മാത്രം വരുന്ന നിക്കോള സീരീസിലുടനീളം തന്റെ നിഴല്‍ വീഴ്ത്തുന്നത് ഇതുകൊണ്ടു മാത്രമാണ്.

റിവറില്‍ നിക്കോള അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് സാര്‍ജന്റ് ജാക്കി സ്റ്റീവന്‍സന്‍ എന്ന സ്റ്റീവി, കഥാകാലത്ത് ജീവനോടെയില്ല. സ്റ്റീവിയുടെ മരണം അന്വേഷിക്കുന്ന അവരുടെ പാര്‍ട്ണര്‍ ഡിസിഐ ജോണ്‍ റിവറിന്റെ മനസ്സിലാണ് ആ കഥാപാത്രമുള്ളത്. വോക്കറുടെ ചിന്താധീനമായ സ്ഥായീഭാവത്തിന്റെ നേര്‍വിപരീത ദിശയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് സ്റ്റീവി. സ്വന്തം കുടുംബവും സഹോദരങ്ങളുമെല്ലാം ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് റിവറിനെ എത്തിക്കുകയാണ് മരണാനന്തരം സ്റ്റീവി. അന്തര്‍മുഖത്വമില്ലാത്ത, ഉറക്കെ സംസാരിക്കുന്ന ഉല്ലാസവതിയായ സ്റ്റീവിയായും നിക്കോള കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

ക്രിസ് ലാങിന്റെ അണ്‍ഫോര്‍ഗോട്ടണിലെ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ കസാന്ദ്ര (കെയ്‌സി) സ്റ്റ്യൂഅര്‍ട്ടിന് സ്റ്റീവിയില്‍ നിന്നുള്ള വ്യത്യാസം അവരുടെ ഉള്‍ക്കാഴ്ചയാണ്. അന്വേഷണ സംഘത്തിന് നേതൃത്വം കൊടുക്കുന്ന, സ്‌റ്റേഷന്‍ മേധാവിയെന്ന നിലയില്‍ ആധികാരികത സ്ഫുരിപ്പിക്കുന്ന കഥാപാത്രം. പക്ഷെ കെയ്‌സി തികച്ചും ശാന്തയായ പൊലീസുദ്യോഗസ്ഥയാണ്, ധാര്‍മ്മികതയുടെ ദിശാസൂചിയാല്‍ നിയന്ത്രിക്കപ്പെടുകയും നന്മ-തിന്മകളുടെ നിരന്തര സംഘര്‍ഷത്തിനിടയില്‍ പലപ്പോഴും സന്ദേഹിയാവുകയും ചെയ്യുന്ന, കാണികളുടെ സ്‌നേഹം പിടിച്ചു പറ്റുന്ന റോള്‍. ഇനി എന്തിന് ശിക്ഷ എന്ന സംശയത്താല്‍, ജീവിതം ശിക്ഷിക്കപ്പെട്ടവരെന്ന് തോന്നുന്ന ഭൂതകാലകുറ്റവാളികളെ അവരുടെ പാട്ടിനുവിടുന്ന കെയ്‌സി അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ എളുപ്പമുള്ള കഥാപാത്രമേയല്ല. വോക്കറോടൊപ്പം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് കൊമേഡിയന്‍ സഞ്ജീവ് ഭാസ്‌കറുടെ പ്രകടനം കൂടിയാണ് അണ്‍ഫോര്‍ഗോട്ടണ്‍ എന്ന ഭൂതകാലാന്വേഷണ പരമ്പര ശ്രദ്ധേയമാകുന്നത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന കുറ്റകൃത്യങ്ങള്‍ കാലത്തിന്റെ ശവക്കുഴികളില്‍ നിന്ന് പൊങ്ങിവരുന്നതോടെ മറവികളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ജീവിതങ്ങള്‍ അപ്പാടെ നിലംപൊത്തുന്നതാണ് സീരീസിന്റെ പ്രമേയം.കൊലാറ്ററലിലെ സ്വവര്‍ഗ്ഗാനുരാഗിയായ വനിതാ വികാരി, ജെയ്ന്‍ ഒലിവര്‍ എല്ലാ അര്‍ത്ഥത്തിലും പൊതുവഴിയില്‍ നിന്ന് മാറി നടക്കുന്ന കഥാപാത്രമാണ്. വനിതാവികാരിയെ ലെസ്ബിയനായി അവതരിപ്പിക്കുന്നുവെന്ന് മാത്രമല്ല അവരുടെ പങ്കാളിയായ യുവതി അനധികൃത കുടിയേറ്റക്കാരി കൂടിയാണ് ഇവിടെ. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ പശ്ചാത്തില്‍ നിര്‍ത്തി കുടിയേറ്റവും അഭയാര്‍ത്ഥിപ്രശ്‌നവും മനുഷ്യക്കടത്തുമെല്ലാം വിഷയമാക്കിയാണ് കൊലാറ്ററല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാഠപുസ്തക നിലവാരത്തിലുള്ള ഇടതുപക്ഷ ഗീര്‍വാണമാണ് സീരീസിന്റെ തിരക്കഥ മുഴുവന്‍ എന്ന അതിനിശിതമായ പരിഹാസമാണ് മുഖ്യധാരാ വിമര്‍ശകരില്‍ നിന്നുണ്ടായത്. കഥയില്‍ കുറഞ്ഞ സമയം മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമെങ്കിലും ജെയ്ന്‍ ഒലിവര്‍ എന്ന വികാരിക്ക് ആഖ്യാനത്തില്‍ ലഭിക്കുന്ന പ്രാധാന്യം ചെറുതല്ല. കഥാപാത്രത്തിന്റെ ആന്തരികഗൗരവം തന്നെയാവണം നിക്കോളാ വോക്കറിനെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ദ സ്പ്ലിറ്റിലെ (BBC -1) ഹന്നാ സ്റ്റേണ്‍ എന്ന അഭിഭാഷകയായാണ് നിക്കോള വോക്കറെ ഏറ്റവുമവസാനം നമ്മള്‍ കാണുന്നത്. സ്വന്തം കുടുംബസമവാക്യം സമതുലിതമാക്കാന്‍ പാടുപെടുന്നതിനിടയില്‍ നിരവധി വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹന്ന വൈവിധ്യമാര്‍ന്ന വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു മുതിര്‍ന്ന സ്ത്രീയാണ്. വോക്കറിന്റെ സ്വന്തം കൈയ്യൊപ്പു പതിഞ്ഞിട്ടുള്ള മറ്റൊരു കഥാപാത്രം.

ടെലിവിഷന്‍- ചലച്ചിത്ര നടനായ ബര്‍ണബി കേ ആണ് വോക്കറുടെ ഭര്‍ത്താവ്. ഏക മകന് സ്പൂക്കിസിലെ കഥാപാത്രത്തിന്‍റെ ഓര്‍മ്മക്ക് ഹാരി എന്നാണ് പേരിട്ടിരിക്കുന്നത്. നാടകത്തിന് (The Curious Incident of the Dog in the Night-Time) ഒലീവിയര്‍ പുരസ്‌കാരം നേടിയിട്ടുള്ള നിക്കോളാ വോക്കര്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ നടിയെന്ന് ഇത്രത്തോളം പറയാവുന്ന മറ്റൊരാളില്ല. എക്സ്ട്രീം-മിഡ് ക്ലോസ് ഷോട്ടുകളിലെ അവരുടെ മുഖാവിഷ്‌കാരമാണ് അതിന്‍റെ ഏറ്റവും മികച്ച സാക്ഷ്യപത്രം. വര്‍ത്തമാനകാല ലോക സിനിമയിലെ ഏറ്റവും മികച്ച നടി ഫ്രഞ്ചുകാരിയായ ഇസബെല്‍ ഹ്യൂപ്പെയാണ് എന്നു പറയാന്‍ ഞാന്‍ രണ്ടാമതൊന്നാലോചിക്കില്ല. ആ കണക്കില്‍, ടെലിവിഷനിലെ ഇസബെല്‍ ഹ്യൂപ്പെയാണ് നിക്കോളാ വോക്കറെന്ന് പറഞ്ഞാല്‍ അത് ഇരു കൂട്ടര്‍ക്കുമുള്ള അംഗീകാരമായി വായിക്കപ്പെടണമെന്നാണ് ആഗ്രഹം .

(അടുത്ത ലക്കം- ഇന്‍വെസ്റ്റിഗേറ്റീവ് ഫെമിനിസ്റ്റ്)


രാജീവ് രാമചന്ദ്രന്‍

രാജീവ് രാമചന്ദ്രന്‍

ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണലിസ്റ്റ്, വെരിഫിക്കേഷന്‍ സ്പെഷ്യലിസ്റ്റ്, ഓഡിയോ - വിഷ്വല്‍ ട്രാന്‍സ്ലേറ്റര്‍

Next Story

Related Stories