TopTop
Begin typing your search above and press return to search.

ലിജോ ജോസ് മലയാള സിനിമയുടെ വഴിതെറ്റിക്കുന്നു, പിടിച്ചുകെട്ടവനെ..!

ലിജോ ജോസ് മലയാള സിനിമയുടെ വഴിതെറ്റിക്കുന്നു, പിടിച്ചുകെട്ടവനെ..!

നിങ്ങളിലാരാണ് ജല്ലിക്കട്ടിലെ പോത്താകാന്‍ ആഗ്രഹിക്കാത്തത്.? നിങ്ങളിലാരാണ് വീരനായ ജെല്ലിക്കെട്ടുകാരനായി കെട്ടുപൊട്ടിച്ചോടുന്ന പോത്തിന്റെ കൊമ്ബുകളില്‍ പിടിമുറുക്കാനാഗ്രഹിക്കാത്തത്..? സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിങ്ങളിലെല്ലാവരിലുമുണ്ട് ഈ പോത്തും ഈ പോത്തിന്റെ പിന്നാലെ പായുന്നവരും. തീര്‍ച്ചയായും ഭയം നിങ്ങളെ ഒരിരയാക്കിയതാണ്. നിങ്ങള്‍ക്കത് മനസിലാവുന്നില്ലെങ്കില്‍ നിങ്ങള്‍ പോത്തുമല്ല പുത്തനുമല്ല.! കാരണം നിങ്ങളെല്ലാവരും ജല്ലിക്കട്ടിലെ കാലന്‍ വര്‍ക്കിയും അയാള്‍ക്കൊപ്പമോടുന്ന മനുഷ്യരുമാണ്. 'പേടിച്ചോടുന്ന' മനുഷ്യര്‍.!

ഒരു മൃഗത്തിനു പിന്നാലെ പായുന്ന അനേകം മൃഗങ്ങള്‍. 'ദേ ലവന്‍മാര് രണ്ടു കാലില്‍ ഓടുന്നുണ്ടേലും മൃഗമാ... മൃഗം'. നിങ്ങളെക്കുറിച്ചാണ് ആ തീക്കുനയ്ക്കു മുന്നിലിരുന്നൊരാള്‍ ഇങ്ങനെ സൂചന തരുന്നത്.

അവസരം കിട്ടിയപ്പോഴെല്ലാം നിങ്ങളത് പുറത്തു കാണിച്ചിട്ടുണ്ട്. അതിനു മുന്നില്‍ ബലിയാടായവരുടേതു കൂടിയല്ലേ നമ്മുടെ ലോകവും ഇപ്പോള്‍ക്കാണുന്ന ബാക്കി ജീവിതവും. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് ലോകം മുഴുവന്‍ കയ്യടി കിട്ടുന്നത്. കാരണം ഈ സിനിമ മലയാളിയെക്കുറിച്ചു മാത്രമല്ല. അധികാരവും പകയും കാമവും കയ്യേറ്റവുമായി ചരിത്രത്തില്‍ തുടരുന്നവരെക്കുറിച്ചാണ്. അതെ.പണ്ട് പണ്ട് പാറകളിലും ചുവരുകളിലും തുടങ്ങി പലയിടങ്ങളിലായി വേട്ടമൃഗത്തിന്റെ രേഖകള്‍ വരച്ചിട്ട നിങ്ങളുടെ പൂര്‍വികരിലേക്കാണ്, അല്ലല്ല നിങ്ങളിലേക്കു തന്നെയാണ് ജല്ലിക്കട്ട് വെളിപ്പെടുന്നത്.

എസ്. ഹരീഷിന്റെ മാവോയിസ്റ്റെന്ന കഥയും കൊത്തി മറ്റൊരു വിതാനത്തിലേക്ക് പറന്ന ലിജോയുടെ ഉയരന്‍ കാഴ്ചയാണ് ജല്ലിക്കട്ടെന്ന ഉഗ്രന്‍ സിനിമയായി ഇവിടെ മാറിയത്. ഇതിന് മലയാളത്തില്‍ മുന്‍ മാതൃകകളില്ല. സിനിമയിലൊരിടത്ത് തെങ്ങിന്‍ മുകളില്‍നിന്നൊരു ചെത്തുകാരന്‍ താഴേയ്ക്ക് നോക്കുന്നതുപോലെ ഉയരങ്ങളില്‍ നിന്നൊരു സംവിധായകന്‍ മനുഷ്യ ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് നോക്കുകയാണ്. അയാളുടെ കാഴ്ചകളും കേള്‍വികളുമാണ് ഈ സിനിമ. ദൃശ്യം പോലെ തന്നെ ശബ്ദവും പ്രധാനമായ അപൂര്‍വ്വം സിനിമകളിലൊന്ന്. സ്വന്തം വെളിച്ചത്തില്‍ മാത്രം പേശികളുണ്ടാകുന്ന മാധ്യമമാക്കി സിനിമയെ മാറ്റുന്ന സംവിധായകനാണ് ലിജോ. മുമ്ബാരും ഇല്ലേ ഇവിടെ എന്നു ചോദിച്ചാല്‍ കെ.ജി.ജോര്‍ജെന്ന മറ്റൊരു വെളിച്ചത്തോടു ചേര്‍ത്തു പിടിക്കാം. അത്രമാത്രം.!

ആദാമിന്റെ വാരിയെല്ലില്‍ ക്ലൈമാക്‌സില്‍ കുതറിയോടുന്ന പെണ്ണുങ്ങളെ കാണിച്ചു കൊണ്ടാണ് കെ.ജി.ജോര്‍ജ് വിസ്മയപ്പെടുത്തിയതെങ്കില്‍ ആ വഴിയില്‍ കെട്ടു പൊട്ടിച്ചോടുന്ന പോത്തില്‍ ആരംഭിച്ച്‌ പല ലോക സ്വാതന്ത്യമൂര്‍ച്ചകളില്‍ സ്പര്‍ശിച്ചു കൊണ്ട്, ആള്‍ക്കൂട്ടത്തിന്റെ മൃഗീയ ചോദനകളെ ഇളക്കിവിട്ടു കൊണ്ട് ഇരുട്ടിലും വെളിച്ചത്തിലും ഉന്‍മാദിയാകുന്ന ഒരാളുടെ സിനിമയാണിത്. മലയാള സിനിമയുടെ ശില്‍പ ദാരിദ്ര്യത്തിനെതിരായ ലിജോയുടെ ഒരു കലിയിളക്കം തന്നെ. അല്ല കലയിളക്കം തന്നെയാണ് ജല്ലിക്കട്ട്.!

തുടക്കം മുതല്‍ അവസാനം വരെ കാണികള്‍ക്കു മുന്നില്‍ സംവിധായകന്‍ കാഴ്ചവെച്ച പ്രയോഗങ്ങള്‍ സിനിമയെന്ന മാധ്യമത്തെ അടിമുടി ഉലയ്ക്കുന്നുന്നതായി കാണാം. ലിജോയിലെ ഉന്മാദിയെ ഗിരീഷ് ഗംഗാധരന്റെ ക്യാമറാ വേഗങ്ങള്‍ ഉദ്വേഗത്താല്‍ വേട്ടയാടുകയായിരുന്നോ..! സംശയമുണ്ട്. കാരണം ഇടിവെട്ടുമ്ബോള്‍ കൂണുകള്‍ മുളയ്ക്കുന്നതു പോലെയായിരുന്നു ജല്ലിക്കട്ടിലെ ക്യാമറാ നോട്ടങ്ങളെല്ലാം തന്നെ.

ചിലരെ ഈ സിനിമ നിരാശരാക്കുന്നുണ്ട്. സത്യമായിട്ടും അതിലെനിക്കാഹ്ലാദമാണ്. ജല്ലിക്കട്ട് അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ കെട്ടു പൊട്ടിച്ചോടുന്ന എല്ലാറ്റിന്റെയും പിന്നാലെ പായുന്ന ആള്‍ക്കൂട്ടത്തില്‍പ്പെട്ടവര്‍ മാത്രമാണ് അവര്‍. ആ കൂട്ടത്തില്‍ നിങ്ങളുണ്ടെങ്കില്‍ നിങ്ങളാണ് ആ മൃഗം. ആ നിങ്ങളെക്കുറിച്ചാണ്, ആള്‍ക്കൂട്ടത്തെക്കുറിച്ചാണ് ഈ സിനിമ. ഓര്‍ത്തു നോക്കൂ.

കെട്ടു പൊട്ടിച്ച മീശയെ പണ്ടൊരിക്കല്‍ നിങ്ങളോടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അതെഴുതിയ എഴുത്തുകാരനെതിരെ നിങ്ങള്‍ ആക്രോശിച്ച്‌ പിന്തുടര്‍ന്നിട്ടുണ്ട്.!

ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിയെ കൂടെ കൂട്ടിയ കെവിന്റെ പിന്നാലെയോടി കഴിഞ്ഞ വര്‍ഷം നിങ്ങള്‍ കൊന്നിട്ടുണ്ട്.!

മതമില്ലാത്ത ജീവനെ ഒരിക്കല്‍ നിങ്ങള്‍ തെരുവില്‍ വെച്ച്‌ കത്തിച്ചിട്ടുണ്ട്.!

ബീഫ് സൂക്ഷിച്ചെന്നും പറഞ്ഞ് ഉത്തരേന്ത്യയിലൊരിടത്ത് അഖ്‌ലാക്കിനെ നിങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്.

പോട്ടെ ഇങ്ങേയറ്റത്ത് ലൂസി കളപ്പുരയെ വരെ നിങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.

അങ്ങനെ ഒറ്റപ്പെട്ടതും അല്ലാത്തതുമായ, വെളിപ്പെട്ടതും അല്ലാത്തതുമായ ഹിംസാത്മകവും അല്ലാത്തതുമായ എത്രയോ, എത്രയോ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ സ്വാതന്ത്ര്യത്തിനുമേലുള്ള കയ്യേറ്റങ്ങളായി ചരിത്രത്തിലുണ്ട്. വര്‍ത്തമാനത്തിലുണ്ട്. ആ ആള്‍/ ആണ്‍ കൂട്ടത്തില്‍ നിങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കീ സിനിമ മനസിലാവില്ല. അത് ഈ സിനിമയുടെ കുറ്റമല്ല. നിങ്ങളുടെ കുറവുകളാണ്.

സങ്കീര്‍ണ്ണമായ ഒരു കൂട്ടം ചരിത്രപാരമ്ബര്യങ്ങളുടെ കൂടിച്ചേരലാണ് ഏതൊരു വ്യവസ്ഥയുമെന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്നവരെല്ലാം ചരിത്രത്തിലെപ്പോഴും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേട്ടയുടെയെല്ലാം പ്രതിനിധാനങ്ങളാണ് ഈ സിനിമയിലെ ഭൂരിപക്ഷ ദൃശ്യങ്ങളും. പോത്താണ് കയറു പൊട്ടിച്ചോടുന്നതെങ്കിലും സമാന്തരമായ ദൃശ്യങ്ങളിലെല്ലാം പുതിയ സ്വാതന്ത്ര്യഗാഥയിലേക്ക് കുതറുന്ന മനുഷ്യരെയാണ് കാണിക്കുന്നത്. അതിനു നേര്‍ക്ക് കുരച്ചു കൊണ്ടിരിക്കുന്ന ആണുങ്ങളെയാണ് സിനിമ കാണിക്കുന്നത്. സ്വതന്ത്രമാവാനാഗ്രഹിക്കുന്നതിനെയെല്ലാം ഭീകരജീവികളാക്കുന്ന ഈ വ്യവസ്ഥയില്‍ നിന്നും ചുറ്റിലുമുള്ളതിനെയെല്ലാം മുന്നറിയിപ്പ് കൊടുത്ത് രക്ഷിക്കാനാഗ്രഹിക്കുന്ന ഭരണകൂടവും ആള്‍ക്കൂട്ടത്തോടൊപ്പം ജാഗ്രത്താവുന്നുണ്ട്. അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പള്ളിയും പട്ടക്കാരുമെല്ലാം അങ്ങനെതന്നെ. പുരുഷന്‍മാരെല്ലാം ഷട്ടറുകളിട്ട് പോത്തിനു പിന്നാലെ പായുമ്ബോള്‍ സിനിമയില്‍ പോത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് അവഗണിക്കുന്നവരെ ഒരിടത്ത് മാത്രം കാണിക്കുന്നുണ്ട്. അവര്‍ സ്ത്രീകളാണ്. അവര്‍ക്കു മാത്രമേ ഈ പോത്തിനെ നന്നായി മനസിലാവുകയുള്ളൂ. തങ്ങള്‍ക്കു മുന്നിലേക്ക് അപായസൂചനകളുമായി വരുന്ന ഈ മൃഗ ശിക്ഷകനെ, മുന്നറിയിപ്പുകാരനെ അവര്‍ക്ക് നന്നായി മനസിലാവും. ആണ്‍ വേട്ടയുടെ ചിത്രങ്ങളാണ് മനുഷ്യചരിത്രമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് പരിഹാസത്തില്‍ പൊതിഞ്ഞ സംഭാഷണങ്ങളാല്‍ തങ്ങളുടെ എതിരിടല്‍ സൂചിപ്പിച്ച്‌ വെന്തുപൊന്തുന്ന കപ്പയിലേക്ക് അവര്‍ ഉപ്പിടുന്നത്.!

ഹൈറേഞ്ചിലെ ഏലമലക്കാടുകളിലൂടെ കയറു പൊട്ടിച്ചോടുന്ന പോത്തും അതിനു പിന്നാലെ പായുന്ന ആള്‍ക്കൂട്ടവും. അതിലൊരു കിടിലന്‍ സിനിമയുടെ സാധ്യതയുണ്ടെന്ന് 'മാവോയിസ്റ്റ്' എന്ന കഥയില്‍ത്തന്നെ കഥാകൃത്ത് സൂചന നല്‍കുന്നുണ്ട്. ഏതു സമയവും ഓണ്‍ലൈനായ, ബാംഗ്ലൂരില്‍ നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയ സുധീര്‍ ഇളവെയില്‍ കായാന്‍ നിക്കറിട്ട് ടെറസിന്‍മേല്‍ നില്‍ക്കുമ്ബോഴാണ് തന്റെ പുരയിടത്തില്‍ക്കൂടി പൊടിപറത്തി വരുന്ന രണ്ട് മൃഗങ്ങളെയും ആരവവുമായി പിന്തുടരുന്ന ആള്‍ക്കൂട്ടത്തെയും കണ്ടത്. സുധീറിന്റെ ആ കാഴ്ചയുടെ അത്ഭുതത്തിനു ശേഷം കഥയില്‍ ഹരീഷ് ഇങ്ങനെയൊരു വാക്യമെഴുതിയിരുന്നു. 'വിദേശ സിനിമകളിലേതുപോലെ ഒന്നാന്തരം ദൃശ്യഭംഗി.'

സുധീര്‍ അപ്പോള്‍ത്തന്നെ മൊബൈലില്‍ ആ ദൃശ്യം പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അല്പസമയം കൊണ്ട് ഒരു പാട് പേര്‍ക്കത് ഇഷ്ടമായി. ഈ ചിത്രം കണ്ടതിനു പിന്നാലെ ഇന്ത്യയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അവന്റെ ഫ്രഞ്ചുകാരി സുഹൃത്ത് കമന്റിടുകയും ചെയ്യുന്നുണ്ട്. അതെ; ഹരീഷ് കഥയില്‍ തന്ന ആ സൂചനയില്‍ നിന്നുതന്നെയാവാം ഒരു പക്ഷെ ലിജോ ജോസ് പെല്ലിശ്ശേരി ഇങ്ങനെയൊരു സിനിമാ സാധ്യതയെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടാവുക. കഥയില്‍ സൂചിപ്പിച്ച ആ ഫ്രഞ്ചുകാരി സുഹൃത്ത് ലിജോയുടെ ജല്ലിക്കട്ടിന്റെ കാഴ്ചയ്ക്കു ശേഷം ''മലയാള സിനിമയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് '' കമന്റില്‍ അത്ഭുതം രേഖപ്പെടുത്തിയേക്കാം.!

അവസാനമായി ഇത്രയും കൂടി. നക്‌സലൈറ്റ് രാഷ്ട്രീയമുള്‍പ്പെടെയുള്ള പ്രത്യയശാസ്ത്രത്തെയും ജീവിതങ്ങളെയും നര്‍മ്മത്തിന്റെയും പരിഹാസത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് മാവോയിസ്റ്റ് എന്ന കഥ എസ്.ഹരീഷ് അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ്. ആ കഥയുടെ അവസാന നിമിഷങ്ങളിലൊന്ന്. 'അല്ലേലും പോത്തുകള്‍ ഭയങ്കരന്‍മാരാ' ഇറച്ചി വാങ്ങാന്‍ നിന്ന പ്രഭാകരന്‍ നേരമ്ബോക്കായി പറഞ്ഞു. 'പണ്ട് ഞങ്ങളുടെ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമണം അവര്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. കുറച്ചു പേര്‍ രാത്രി ആയുധങ്ങളുമായി പോലീസ് സ്റ്റേഷന്‍ വളഞ്ഞിരിക്കുവാരുന്നു.പെട്ടെന്ന് ടപ്പ് ടപ്പ് എന്ന് പട്ടാളം മാര്‍ച്ചു ചെയ്തു വരുന്ന ശബ്ദം.എല്ലാവരും തിരിഞ്ഞോടി. രാത്രി ചന്തയിലേക്കുള്ള പോത്തുകളെ ടാറിട്ട റോഡില്‍ക്കൂടി നടത്തിക്കൊണ്ടു വരുന്ന ഒച്ചയായിരുന്നു അത്.'

അത്ര ക്രൂരമായി തലതിരിച്ച്‌ കുത്തിനിര്‍ത്തിയ ചരിത്രത്തെ ലിജോ ജോസ് തൊട്ടിട്ടില്ല. അതെന്തുകൊണ്ടാവും.? കഥയെ, അതിന്റെ സൂക്ഷ്മമായ രാഷ്ട്രീയത്തെ കഥാ വായനയില്‍ത്തന്നെ സംവിധായകന്‍ ഉപേക്ഷിച്ചതെന്താവാം.? കഥയുടെ ഒരടര് മാത്രമേ അയാള്‍ തൊട്ടിട്ടുള്ളൂ. സാഹിത്യം സാഹിത്യത്തില്‍ത്തന്നെ അവസാനിക്കുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുകയാണോ ഈ സംവിധായകന്‍. സിനിമ മറ്റൊരു മാധ്യമമാണ്. അത് പലരും പറഞ്ഞു തീര്‍ക്കാറേയുള്ളൂ. അതിവിടെ ഒരാള്‍ ചെയ്തു കാണിച്ചിരിക്കയാണ്. എന്തായാലും സാഹിത്യത്തില്‍ നിന്ന് കെട്ടു പൊട്ടിച്ചോടിയ ഈ തീക്ഷ്ണസൗന്ദര്യം ഇന്നിന്റെ, നാളെയുടെ ചലച്ചിത്രസങ്കീര്‍ത്തനങ്ങളാണ്.ഈ സങ്കീര്‍ത്തനമെഴുതപ്പെട്ട കാലത്ത് അതിന്റെ ആദ്യ കാണികളിലൊരാളാവാന്‍ കഴിഞ്ഞതില്‍ ഞങ്ങളും ആഹ്ലാദിക്കട്ടെ.

ബിഗ് സല്യൂട്ട് ലിജോ ജോസ്.


Next Story

Related Stories