TopTop
Begin typing your search above and press return to search.

'ഉണ്ണിയാര്‍ച്ച തേപ്പാണ്' എന്ന് പാണന്‍മാരെ കൊണ്ട് ഒന്ന് കൂടി പറയിപ്പിക്കരുത്; വൈകിയ വേളയില്‍ ചന്തുവിന് ഒരു കത്ത്

ഉണ്ണിയാര്‍ച്ച തേപ്പാണ് എന്ന് പാണന്‍മാരെ കൊണ്ട് ഒന്ന് കൂടി പറയിപ്പിക്കരുത്; വൈകിയ വേളയില്‍ ചന്തുവിന് ഒരു കത്ത്

പ്രിയപ്പെട്ട ചന്തുവിന്,

ഇത് ഞാനാണ് ഉണ്ണിയാര്‍ച്ച. പുത്തൂരം ഉണ്ണിയാര്‍ച്ചയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം വിവാഹത്തോടെ ആറ്റുമണമേല്‍ ഉണ്ണിയാര്‍ച്ചയായി മാറിയവള്‍, ഒരു കാലത്ത് താങ്കളുടെ കാമുകിയായിരുന്നവള്‍.

നമ്മുടെ കാലത്ത് ആങ്ങള എന്ന വാക്കിന് പകരം ഈ കാലത്ത് കുട്ടികള്‍ ഉപയോഗിക്കുന്നത് 'ബ്രോ' എന്ന വാക്കാണ്.ആ വാക്ക് പരിചയമില്ലാത്തത് കൊണ്ട് തല്‍കാലം ഞാന്‍ ചന്തുവിനെ പേര് വിളിക്കാം. ബ്രോ എന്ന പുതിയ വാക്കിനേക്കാള്‍, തെക്കൂന്നു വടക്കോട്ട് വന്ന, 'തേപ്പ്' എന്ന വാക്കാണ് ഇപ്പോള്‍ എന്റെ പുതിയ പ്രശ്‌നം. തേപ്പ് എന്ന വാക്ക് ഇവിടെ പ്രചാരത്തില്‍ ആയപ്പോള്‍ ന്യൂ ജനറേഷന്‍ പാണന്‍മാര്‍ പാടി നടക്കുന്നത്, 'ഉണ്ണിയാര്‍ച്ച ചന്തുവിനെ തേച്ചു' എന്നാണ്. അതു കൊണ്ടാണ് ഈ വൈകിയ വേളയില്‍ ഒരു സ്വയം വിലയിരുത്തലാകാം എന്നു കരുതിയത്.

പുത്തൂരം തറവാട് മുഴുവനായി സ്ത്രീവിരുദ്ധം ആണെന്ന് ഞാന്‍ പറയുന്നില്ല, ആയിരുന്നെങ്കില്‍ പെണ്ണായ ഞാന്‍ ആയുധം എടുക്കില്ലായിരുന്നല്ലോ. താങ്ക്‌സ് ടു നിങ്ങളുടെ മാമന്‍(എന്റെ അച്ഛന്‍) കണ്ണപ്പ ചേകവര്‍. ആയുധം എടുക്കാന്‍ കിട്ടിയ സ്വാതന്ത്ര്യം, ജീവിതം തിരഞ്ഞെടുക്കാന്‍ തറവാട്ടില്‍ പെണ്ണുങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല എന്ന കാര്യം അതിനൊപ്പം പറയേണ്ടതുണ്ട്. കളിപ്പാട്ടത്തിന് വേണ്ടി ആരോമലിനോട് പോരടിച്ചിരുന്ന എനിക്ക് സ്വന്തം ജീവിതത്തിന് വേണ്ടി പോരാടിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയില്ല.

നമ്മള്‍ പുത്തൂരം തറവാട്ടുകാര്‍ ജീവിച്ചതും, വളര്‍ന്നതും പോരും, അങ്കവും കണ്ടാണ്. സ്‌നേഹം പോലും നമ്മള്‍ അളന്നത് ചങ്കൂറ്റത്തിന്റെ അളവുകോല്‍ കൊണ്ടാണ്. നിങ്ങളെ കാണുന്നതിന് ഒരുപാട് മുന്‍പ് പരിചയമുള്ള കുഞ്ഞിരാമേട്ടനോട് തോന്നിയതിനെക്കാള്‍ സ്‌നേഹം നിങ്ങളോട് തോന്നിയതിന് കാരണം നിങ്ങളുടെ മെയ് വഴക്കവും, അടവുകളിലെ പൂര്‍ണതയും തന്നെയായിരുന്നു. സ്‌നേഹം ആ അളവ് കോലില്‍ അളക്കാനാണ് ഞാന്‍ പഠിച്ചതെന്ന് തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. പക്ഷേ ബാല്യത്തിലെ അരക്ഷിതാവസ്ഥയും, അനാഥത്വവും നിറഞ്ഞ ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായി നിങ്ങള്‍ എന്നില്‍ തിരഞ്ഞത് ഒരു വൈകാരിക ബന്ധമാണെന്നു തിരിച്ചറിയാന്‍ ഞാന്‍ അല്പം വൈകി. അത് തിരിച്ചറിഞ്ഞപ്പോഴേക്കും ആരോമല്‍ എന്ന സഹോദരന്‍ എന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് തീറെഴുതി കൊടുത്തിരുന്നു.

വിവാഹശേഷം കുഞ്ഞിരാമന്റെ വീട്ടിലെ കഷ്ടപ്പാടുകളും എന്റെ ഇഷ്ടക്കേടുകളും ഞാന്‍ നിങ്ങളോട് തുറന്നു പറഞ്ഞതാണ്. ആ നേരത്ത് ഏതോ മാമൂലുകളില്‍ കുടുങ്ങിപ്പോയ നിങ്ങളുടെ മനസ്സ് എന്തു കൊണ്ടോ എന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ നിങ്ങളോട് പറഞ്ഞില്ല.

നിങ്ങളെ വിവാഹ ശേഷവും ഞാന്‍ ഉള്ളു കൊണ്ട് സ്‌നേഹിച്ചിരുന്നു, ചന്തു ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ തുമ്പോലാര്‍ച്ചയുമായുള്ള വിവാഹം ആലോചിച്ചതും അതിനാണ്. അതിന് നിങ്ങള്‍ക്ക് കഴിയില്ല എന്നു ബോധ്യമായപ്പോഴാണ് വീണ്ടും എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പക്ഷേ അപ്രതീക്ഷിതമായ കുഞ്ഞിരാമേട്ടന്റെ മടങ്ങിവരവ് എല്ലാം തകര്‍ത്തു കളഞ്ഞു. ആ സമയത്ത് എന്റെ മുന്നില്‍ രണ്ട് മാര്‍ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നെങ്കില്‍ നമ്മള്‍ രണ്ടാളും കുറ്റക്കാരാകുക, അല്ലെങ്കില്‍ നിങ്ങളെ കുറ്റക്കാരനാക്കുക. ഞാന്‍ ആദ്യത്തേത് തിരഞ്ഞെടുത്തിരുന്നെങ്കില്‍ കുഞ്ഞിരാമേട്ടന്‍ അല്ലെങ്കില്‍ ചന്തു, രണ്ടില്‍ ഒരാള്‍ അവിടെ പോരാടി മരിച്ചേനെ. ആ സമയത്ത് ഞാന്‍ തെറ്റായ ഒരു തീരുമാനം എടുത്തു എന്ന് പിന്നീടൊരിക്കലും തോന്നിയിട്ടില്ല. ആരോമല്‍ പോരിന് വരുമ്പോള്‍ താല്പര്യം ഇല്ല എന്നു പറഞ്ഞു ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പലപ്പോഴും നിങ്ങള്‍ ഒഴിഞ്ഞു മാറിയിട്ടില്ലേ? അത്രയേ ഞാനും ചെയ്തുള്ളൂ.

ഒന്നോര്‍ത്താല്‍ ചന്തു എന്നെ സ്‌നേഹിക്കുന്നതിന്റെ നൂറ് ഇരട്ടി കുഞ്ഞിരാമേട്ടന്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്. അല്ലെങ്കില്‍ ചന്തുവുമായുള്ള എന്റെ അടുപ്പം നേരിട്ട് അറിയാവുന്ന കുഞ്ഞിരാമേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകുവോ? എല്ലാം പോട്ടെ ദുരൂഹ സാഹചര്യത്തില്‍ നമ്മളെ രണ്ടാളെയും കണ്ടിട്ട് യാതൊരു പ്രശ്‌നവും ഉണ്ടാക്കാതിരിക്കുമോ? സ്‌നേഹത്തിന്റെ നിറകുടമായ ആ മനുഷ്യന്‍ എല്ലാം വിഷമങ്ങളും ഉള്ളില്‍ കടിച്ചമര്‍ത്തി സഹിച്ചതിനെ നിങ്ങള്‍ ഭീരുത്വം എന്നാണ് വിളിച്ചത്. കുഞ്ഞിരാമേട്ടന്റെ സ്ഥാനത്ത് ചന്തു ആയിരുന്നെങ്കില്‍, സ്വന്തം ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടാല്‍ എന്താകും ആ രാത്രി സംഭവിക്കുക?

എല്ലാം കഴിഞ്ഞു അങ്കത്തിന് ആരോമല്‍ ആങ്ങളയുടെ തുണക്കാരനായി തറവാട്ടിലേക്ക് ചന്തു മടങ്ങി വന്നപ്പോള്‍ വീണ്ടും എന്റെ ഉള്ളിലെ സ്വപ്നങ്ങള്‍ പൂവണിഞ്ഞതാണ്. നഷ്ടപെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടി എന്നൊരു തോന്നലായിരുന്നു. വാക്ക് നല്‍കിപ്പോയി എന്ന ന്യായം പറഞ്ഞ് ആരോമല്‍ തകര്‍ത്ത എന്റെ മോഹങ്ങള്‍ ആരോമലിന്റെ ജീവന്‍ രക്ഷിക്കാന്‍ കൊടുത്ത വേറൊരു വാക്കിലൂടെ തിരിച്ചു പിടിക്കാം എന്ന് ഞാന്‍ കിനാവ് കണ്ടു.

പക്ഷെ വിധി അവിടെയും എന്നെ തോല്‍പ്പിച്ചു. ആരോമലിനെ ചന്തു ചതിച്ചില്ല എന്ന് വാദത്തിന് വേണ്ടിയെങ്കിലും ഞാന്‍ എങ്ങനെ വിശ്വസിക്കും? കുഞ്ഞുന്നാള്‍ മുതല്‍ ആരോമല്‍ ചന്തുവിനെ ഉപദ്രവിച്ചിട്ടേയുള്ളൂ, ദ്രോഹിച്ചിട്ടേയുള്ളൂ. ഞാന്‍ ഉള്‍പ്പടെ ചന്തുവിനെ സ്‌നേഹിച്ച എല്ലാവരെയും ചന്തുവില്‍ നിന്ന് അകറ്റിയ ആളാണ് ആരോമല്‍. അങ്ങനെ ഒരാളോട് അങ്കത്തിനു ഇടയില്‍ ചന്തു മാറ്റുച്ചുരിക മറന്നുവെന്നു പറഞ്ഞതും, ആയുധത്തില്‍ കള്ളം കാണിച്ചതും യാദൃശ്ചികത എന്ന് വിശ്വസിക്കാന്‍ കഴിയുമോ? അങ്ങനെ വിശ്വസിച്ചാല്‍ കൂടി വീരരില്‍ വീരനായ ആരോമലിന് അപകട മരണം സംഭവിച്ചു എന്ന് പറഞ്ഞാല്‍ ഞാന്‍ എങ്ങനെയാണ് വിശ്വസിക്കേണ്ടത്? ആരോമലിനെ കീഴ്‌പ്പെടുത്താന്‍ ചന്തുവിന് മാത്രമേ കഴിയൂ എന്ന് വേറെ ആര്‍ക്കും അറിയില്ലെങ്കിലും എനിക്കറിയാം.

'ചന്തു ചതിച്ചു'

എന്ന ആരോമലിന്റെ മരണ മൊഴിയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒന്നും ആ നേരത്ത് എന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല.

'ബ്‌ളഡ് ഈസ് തിക്കര്‍ ദാന്‍ വാട്ടര്‍.'

എന്നാണല്ലോ. സഹോദരന്റെ ഘാതകനായ ഒരാളെ സ്‌നേഹിക്കാന്‍ ഉണ്ണിയാര്‍ച്ചയ്ക്ക് പിന്നീടൊരിക്കലും കഴിഞ്ഞില്ല. അങ്ങനെ ഞാന്‍ ചെയ്തിരുന്നെങ്കില്‍ പാണന്‍മാര്‍ പാടി പുകഴ്ത്തി മഹിമയൊന്നും പുത്തൂരം തറവാടിന് ഉണ്ടാകില്ലായിരുന്നു. ഉണ്ണിയാര്‍ച്ചയുടെ മനസില്‍ ചന്തുവിനോടുള്ള എല്ലാ സ്‌നേഹവും അന്നേ തീര്‍ന്നതാണ്.

വര്‍ഷങ്ങളായി ഞാന്‍ ചന്തുവിനെ മറന്ന് ജീവിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ വിധി വീണ്ടും മക്കളുടെ രൂപത്തില്‍ ചോദ്യവുമായി മുന്നില്‍ വന്ന് നില്‍ക്കുന്നു. ആരോമലുണ്ണി എന്ന എന്റെ മകന്‍ അമ്മാവന്റെ മരണത്തിന് പകരം ചോദിക്കണം എന്നാണ് പറയുന്നത്. എന്ത് പറഞ്ഞാണ് ഞാന്‍ അവനെ തടയേണ്ടത്? തറവാടിന് വന്നു ചേര്‍ന്നു എന്നു പറയുന്ന കളങ്കം തീര്‍ക്കാന്‍ അവന്‍ മുന്നോട്ട് ഇറങ്ങുമ്പോള്‍ അനുഗ്രഹിച്ച് അയയ്ക്കുകയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല. പഠിച്ച അടവുകള്‍ മറന്നു തുടങ്ങിയെങ്കില്‍, സ്വയം രക്ഷിക്കാനായി പുതിയ അടവുകള്‍ കരുതിക്കോളൂ. അല്ലാണ്ട് ഈ മത്സരത്തില്‍ കൂടി തോറ്റിട്ട്,

'ഉണ്ണിയാര്‍ച്ച തേപ്പാണ്.'

എന്ന് പാണന്‍മാരെ കൊണ്ട് ഒന്ന് കൂടി പറയിപ്പിക്കരുത്.

എന്ന്

സ്‌നേഹപൂര്‍വം

ഉണ്ണിയാര്‍ച്ച

ആറ്റുമണമേല്‍(മുന്‍ പുത്തൂരം)


Next Story

Related Stories