TopTop
Begin typing your search above and press return to search.

ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയോ ആടുജീവിതം? ഡ്രീം പ്രൊജക്റ്റ് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ പൃഥ്വിരാജും സംഘവും

ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയോ ആടുജീവിതം? ഡ്രീം പ്രൊജക്റ്റ് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ പൃഥ്വിരാജും സംഘവും

പ്രതിസന്ധികള്‍ക്കൊടുവില്‍ ജോര്‍ദാന്‍ മരുഭൂമിയില്‍നിന്നുള്ള ചിത്രീകരണം പൂര്‍ത്തിയാക്കി ആടുജീവിതം ടീം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് നിയന്ത്രണങ്ങള്‍മൂലം തടസപ്പെട്ടിരുന്നു. പിന്നീട് 58 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചു. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്. നേരത്തെ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ റദ്ദാക്കിയിരുന്നു.

ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നിരുന്നു. ഇതിനിടെ ചിത്രീകരണ സംഘത്തിന്റെ വിസാ കാലാവധി അവസാനിക്കാനായതും ആശങ്കയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ കഴിയാതെ അകപ്പെട്ടു പോയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് മെയില്‍ അയക്കുകയായിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും , പിന്നാല നടനും എം.പിയുമായ സുരേഷ് ഗോപിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും പ്രശ്നത്തില്‍ അദ്ദേഹം സജീവമായി ഇടപെടുകയും ചെയ്തു. ഏപ്രില്‍ 8- നു തീരുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ് ഗോപിയെ എംബസി അധികൃതര്‍ അറിയിച്ചു.

ബെന്യാമിന്‍ രചിച്ച നോവലിലെ നജീബ് ആവാന്‍ വേണ്ടി പൃഥ്വിരാജ് കടുത്ത ഭക്ഷണ നിയന്ത്രണങ്ങളും നിഷ്ഠകളും പാലിച്ചിരുന്നു. ശരീരഭാരം പകുതിയോളം കുറച്ചതും മെലിഞ്ഞ രൂപത്തിലേക്കെത്തിയതും ആരാധകരെയും പ്രേക്ഷകരെയും അമ്പരപ്പിച്ചിരുന്നു. ജോര്‍ദാനിലെ ചിത്രീകരണം പൂര്‍ത്തിയായ വിവരം പൃഥ്വിരാജാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായേക്കും ആടുജീവിതം.


Next Story

Related Stories