TopTop
Begin typing your search above and press return to search.

'മോഹന്‍ലാലിനോട് അവന്‍ പറഞ്ഞു, ഒരു പന്തയം വെച്ചതായിരുന്നു ചേട്ടന്‍ ക്ഷമിക്കണം '; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് അശോകന്‍

മോഹന്‍ലാലിനോട് അവന്‍ പറഞ്ഞു, ഒരു പന്തയം വെച്ചതായിരുന്നു ചേട്ടന്‍ ക്ഷമിക്കണം  ; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് അശോകന്‍

പത്മരാജന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1987-ല്‍ ഇറങ്ങിയ തൂവാനത്തുമ്പികള്‍ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്. അതിലെ ജയകൃഷ്ണനേയും ക്ലാരയേയും രാധയേയുമെല്ലാം ഇന്നും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, സുമലത എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ പാര്‍വ്വതി, അശോകന്‍, സുകുമാരി, ബാബു നമ്പൂതിരി തുടങ്ങിയ വന്‍താരനിരയാണ് അണിനിരന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിനിടിയില്‍ നടന്ന രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ നടന്‍ അശേകന്‍. സിനിമാക്കഥകളും വിശേഷങ്ങളും പങ്കുവെക്കാനായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് അശോകന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നത്.

''മോഹന്‍ലാലിന്റെ ക്ഷമയെക്കുറിച്ച് കൂടുതല്‍ പേര്‍ക്ക് അറിയില്ല. വടക്കുംനാഥ ക്ഷേത്രത്തില്‍ ഷൂട്ടു ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ആളുകള്‍ സ്ഥലത്തെത്തിയിരുന്നു. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു.

ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈയില്‍ വലിച്ചുകൊണ്ട് ഒരു തള്ള്. തോളില്‍ കയ്യിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു. മോഹന്‍ലാല്‍ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹന്‍ലാല്‍ ഓടാന്‍ തുടങ്ങിയവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത്, നീയാണോ അവിടെ കിടന്ന് ബഹളം വച്ചതെന്ന് ചോദിച്ചു. അവന്‍ നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ പറഞ്ഞു, ചേട്ടാ ക്ഷമിക്കണം ഞാനിത് മനപൂര്‍വം ചെയ്തതല്ല, കൂട്ടുകാരുമായി പന്തയം വെച്ചാണ് വന്നത് . ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി. അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.അങ്ങനെയൊരു അനുഭവമുണ്ടായി. ഭയങ്കര കംഫര്‍ട്ടബിള്‍ ആയി അഭിനയിക്കാനാകും അദ്ദേഹത്തിനൊപ്പം'' - അശോകന്‍ പറയുന്നു

മോഹന്‍ലാലും ചിത്രത്തിന്റെ വിതരണക്കാരായ ഗാന്ധിമതി ഫിലിംസ് ബാലനും നടന്‍ ബാബുനമ്പൂതിരിയുമൊക്കെ വീഡിയോയില്‍ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്.


Next Story

Related Stories