TopTop
Begin typing your search above and press return to search.

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര- സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. അമ്പതിലേറെ സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഗാനരചയിതാവ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം. ടെലവിഷന്‍ പരമ്പരകളിലൂടെയായിരുന്നു അഭിനേതാവ് എന്ന നിലയില്‍ രവി വള്ളത്തോളിന്റെ അരങ്ങേറ്റം. പിതാവ് ടി എന്‍ ഗോപിനാഥന്‍ നായരുടെ തിരക്കഥയില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേക്ഷം ചെയ്ത വൈതരണി എന്ന സീരിയിലിലൂടെയാണ് രവി വള്ളത്തോള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.

1976 ല്‍ പുറത്തിറങ്ങിയ മധുരം തിരുമധുരം എന്ന ചിത്രത്തില്‍ ഗാനമെഴുതിയാണ് രവി വള്ളത്തോളിന്റെ സിനിമ ബന്ധത്തിന്റെ തുടക്കം. 1986 ല്‍ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥയും അദ്ദേഹത്തിന്റെതായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതിതിരുന്നാളിലൂടെയായിരുന്നു രവി വള്ളത്തോള്‍ സിനിമ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മിഷണര്‍,ഇടുക്കി ഗോള്‍ഡ്‌ തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മഹാകവി വള്ളത്തോള്‍ നാരായണ മോനോന്റെ അനന്തരവനും കവി കുറ്റിപ്പുറത്ത് കേശവന്‍ നായരുടെ ചെറുമകനുമാണ് രവി വള്ളത്തോള്‍. പിതാവ് ടി എന്‍ ഗോപിനാഥന്‍ നായര്‍ കവി, സാഹിത്യകാരന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ്.രവി വള്ളത്തോളും ഭാര്യ ഗീതാലക്ഷ്മിയും ചേര്‍ന്ന് മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ക്കായി തണല്‍ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തി വരുന്നുണ്ട്.


Next Story

Related Stories