Top

ഡബ്ല്യുസിസിക്കെതിരെ നടൻ സിദ്ദീഖ്; 'സാമൂഹ്യമാധ്യമങ്ങളിലെ ഒച്ചപ്പാടുകളല്ലാതെ ആക്രമിക്കപ്പെട്ട നടിക്കായി എന്തു ചെയ്തു'

ഡബ്ല്യുസിസിക്കെതിരെ  നടൻ സിദ്ദീഖ്;

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) നെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ രൂപികരിച്ച വനിതാ സംഘടന ഇരയായ നടിക്ക് വേണ്ടി എന്താണ് ചെയ്തതെന്നും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുിന്റെ (എഎംഎംഎ) ഭാരവാഹികൂടിയായ സിദ്ദിഖ് ചോദിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിന്റെ പേരെടുത്ത് പറയാതെ, എന്നാൽ അദ്ദേഹത്തെ പ്രതിരോധിച്ച് കൊണ്ടായിരുന്നു സിദ്ദീഖിൻ്റെ പ്രതികരണം. എറണാകുളം റൂറൽ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സോഷ്യൽ മീഡിയയിൽ ഒച്ചപ്പാടുണ്ടാക്കുകയല്ലാതെ ഇരയ്ക്ക് വേണ്ടി ഡബ്ല്യുസിസി എന്താണ് ചെയ്തത്? നിയമ സഹായം ഉൾപ്പെടെ കാര്യങ്ങൾക്ക് അവർ ഇടപെട്ടോ, അതോ സംഭവത്തിന്റെ സത്യം കണ്ടെത്തിയോ? തനിക്ക് ലഭിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെങ്കിൽ, ആക്രമിക്കപ്പെട്ട പെൺകുട്ടി തന്നെ ഒരു സഹായവും ചെയ്യാത്തതിന് വനിതാ കൂട്ടായ്മയോട് എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയോട് താരസംഘടനയായ എഎംഎംഎ അനാസ്ഥ കാട്ടിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം, കേസിൽ പ്രതിയാക്കപ്പെട്ട നടൻ 85 ദിവസം റിമാൻഡ് ചെയ്യപ്പെട്ടു. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റത്തിന് തെളിവില്ല. കേസ് അന്വേഷിക്കുന്ന പോലീസിന്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടു എന്നാണ് ഇതിനർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുറ്റം തെളിയിക്കപ്പെട്ടാൽ, കുറ്റാരോപിതനായ നടനുമായുള്ള തന്റെ നിലപാടിലും മാറ്റം വരും. എന്നാൽ അതുവരെ ഒരു സുഹൃത്തും സഹപ്രവർത്തകനുമായ അദ്ദേഹത്തോടൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് സിദ്ദിഖ് പറഞ്ഞു. കേസിൽ അറസ്റ്റിലായ വ്യക്തി നടന്റെ പേര് വെളിപ്പെടുത്തിയതുകൊണ്ടാണ് അദ്ദേഹത്തെ പ്രതിചേർത്തത്. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് മാസങ്ങൾക്ക് ശേഷം നടന്റെ പേര് കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നു. എന്നും അദ്ദേഹം പറയുന്നു.

താര സംഘടന ഇരയ്ക്ക് ഒപ്പമല്ലെന്ന ധാരണ സൃഷ്ടിച്ചത് മാധ്യമങ്ങളാണെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ എ‌എം‌എയും എല്ലായ്പ്പോഴും ആക്രമിക്കപ്പെട്ട പെൺകുട്ടിയോടൊപ്പം നിൽക്കും. സംഭവത്തിന് ശേഷം താൻ പലതവണ നടിയുമായി വ്യക്തിപരമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories