TopTop
Begin typing your search above and press return to search.

12 ദിവസം കൊണ്ട് 18 കോടി; ഫോറന്‍സിക് ഇനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍

12 ദിവസം കൊണ്ട് 18 കോടി; ഫോറന്‍സിക് ഇനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍

കൊവിഡ് 19 എന്ന അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരുന്നില്ലെങ്കില്‍ 2020 മലയാള സിനിമ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് സൂപ്പര്‍ ഹിറ്റ് വര്‍ഷമാകുമായിരുന്നു. തിയേറ്റുകളില്‍ ഉണ്ടായിരുന്ന സിനിമകളും റിലീസ് ചെയ്യാന്‍ തയ്യാറെടുത്തിരുന്നവയും അത്രയറെ പ്രതീക്ഷകളായിരുന്നു നല്‍കിയത്. വിചാരിക്കാത്തൊരു ട്വിസ്റ്റ് പോല ലോക് ഡൗണ്‍ വന്നതോടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപനത്തിനും മുന്നേ സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം കേരളത്തിലെ തിയേറ്ററുകള്‍ അടച്ചിരുന്നു. ഇത് പ്രധാനമായും തിരിച്ചടി നല്‍കിയത് ടൊവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിന് ആയിരുന്നു. മികച്ച േ്രപക്ഷക പ്രതികരണവും ബോക്‌സ് ഓഫീസ് കളക്ഷനും നേടി കുതിച്ചുകൊണ്ടിരുന്ന ഫോറന്‍സിക് മലയാളത്തിലെ മറ്റൊരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡിലേക്ക് അടുക്കുമ്പോഴായിരുന്നു അവിചാരിതമായ തടസം നേരിടണ്ടി വന്നത്.

റിലീസ് ചെയ്ത് മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ തന്നെ ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന നേട്ടം ഫോറന്‍സിക് നേടിയിരുന്നു. കൊറോണയും ലോക് ഡൗണും ഇല്ലായിരുന്നുവെങ്കില്‍ തന്റെ ആദ്യ അമ്പത് കോടി ചിത്രമായും മാറിയേനെ ഫോറന്‍സിക് ടൊവിനോയ്ക്ക്.

ഫോറന്‍സിക്കിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് അനുഭവിക്കാന്‍ കഴിയാതെ പോയതിന്റെ നിരാശ പ്രേക്ഷകര്‍ക്കുമുണ്ട്. കാണാന്‍ കാത്തിരുന്നവരും വീണ്ടു കാണാനായി തയ്യാറെടുത്തിരുന്നവരുമായ വലിയൊരു ശതമാനം പ്രേക്ഷകര്‍ക്കു മുന്നിലാണ് ലോക് ഡൗണ്‍ വില്ലനായത്. വീണ്ടും തിയേറ്റുകള്‍ സജീവമായി വരുന്ന സമയം വരെ കാത്തിരിക്കുകയായിരുന്നു എല്ലാവരും.

ആ കാത്തിരിപ്പ് ഇനി വേണ്ടയെന്നാണ് ഫോറന്‍സിക് അണിയറക്കാര്‍ പറയുന്നത്. ചിത്രം ഉടന്‍ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌പോമുകളില്‍ എത്തും. ആമസോണ്‍ പ്രൈമില്‍ അടുത്ത് തന്നെ ഫോറന്‍സിക് സ്ട്രീമിംഗ് വരുമെന്ന് സംവിധായകന്‍ അഖില്‍ പോള്‍ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനിലും ടെലിവിഷനിലും സിനിമ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും താമസിയാതെ തന്നെ പ്രേക്ഷകര്‍ക്ക് ഈ സൗകര്യങ്ങളില്‍ സിനിമ ആസ്വാദിക്കാന്‍ കഴിയുമെന്നും അഖില്‍ പോള്‍ അഴിമുഖത്തോട് പറഞ്ഞു.

' ഓഗസ്റ്റ് എങ്കിലുമാകാതെ തിയേറ്ററുകള്‍ സജീവമായി വരാന്‍ സാധ്യതയില്ല. അതുവരെ കാത്തിരിക്കുകയെന്നത് പോസിറ്റീവ് ആയിട്ടുള്ള തീരുമാനമാണെന്നു തോന്നുന്നില്ല. പൈറസിയുടെ ഉപദ്രവം ശക്തമാണ്. കേസ് നല്‍കിയിട്ടുണ്ട്. പക്ഷേ, അതിന്റെ നടപടികള്‍ ആയി വരുമ്പോഴേക്കും സമയം പോകും. അതിനാല്‍ ലോക് ഡൗണ്‍ കഴിഞ്ഞ് തിയേറ്ററുകള്‍ തുറക്കുന്നതുവരെ കാത്തിരിക്കുക ബുദ്ധിയല്ല. ആയൊരു സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ചാനലുകളിലും സിനിമ എത്തിക്കാനുള്ള തീരുമാനം എടുക്കുന്നത്': അഖില്‍ പറയുന്നു.

അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടായെങ്കിലും ഫോറന്‍സിക് അതിനകം തന്നെ ലാഭം നേടിയിരുന്നുവെന്നും അഖില്‍ പറയുന്നു. വലിയൊരു വിജയത്തിലേക്കുള്ള കുതിപ്പ് തടസപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ക്ക് അടക്കം നേട്ടം നല്‍കാന്‍ ഫോറന്‍സിക്കിന് കഴിഞ്ഞിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. 'സിനിമ പ്രോഫിറ്റ് ആണ്. മൂന്നാമത്തെ ആഴ്ച്ചയിലേക്ക് കടക്കുമ്പോഴായിരുന്നു തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം വരുന്നത്. അപ്പോഴേക്കും സിനിമ മുടക്കു മുതല്‍ തിരിച്ചു പിടിച്ചു കഴിഞ്ഞിരുന്നു. 12 ദിവസം കൊണ്ട് കേരളത്തില്‍ നിന്നും 15 കോടിയും പുറത്തു നിന്നും മൂന്നു കോടിയും സ്വന്തമാക്കാന്‍ കഴിഞ്ഞൂ. അവസാന ദിവസങ്ങള്‍ ലോകം കൊറോണ ഭീതിയിലേക്ക് മാറിത്തുടങ്ങിയ സമയമായയിരുന്നു. അതുകൊണ്ട് തന്നെ ഗള്‍ഫ് മേഖലകളിലടക്കം പല തിയേറ്ററുകളിലും ഷോ നടന്നിരുന്നില്ല. എന്നിട്ടും മികച്ചൊരു കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. തീയേറ്റര്‍ കളക്ഷന്‍ അല്ലാതെ, മറ്റ് ബിസിനസുകളും നല്ല രീതിയില്‍ തന്നെയാണ് നടന്നത്. ഇത്രയും ദിവസങ്ങള്‍ക്കൊണ്ടു തന്നെ നിര്‍മാതാക്കള്‍ക്ക് മുടക്കിയ തുക തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞിരുന്നു'; അഖില്‍ ചൂണ്ടിക്കാണിക്കുന്നു.

250 തിയേറ്റുകളിലാണ് ഫോറന്‍സിക് ആകെ റിലീസ് ചെയ്തത്. ലോക് ഡൗണ്‍ വരുമ്പോള്‍ കേരളത്തില്‍ 150 തിയേറ്ററുകളില്‍ ഫോറന്‍സിക് പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഇതേ തീയറ്റേറുകള്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാനും തയ്യാറായിരുന്നു. 'കേരളത്തില്‍ ആദ്യ ആഴ്ച്ച 164 തീയേറ്റുകളായിരുന്നു. രണ്ടാമത്തെ ആഴ്ച്ചയില്‍ 170 തിയേറ്റുകള്‍. മൂന്നാമത്തെ ആഴ്ച്ചയില്‍ 150 തീയേറ്റുകളില്‍. സ്റ്റഡി കളക്ഷന്‍ ആയിരുന്നു എല്ലാ തിയേറ്റുകളിലും. ഏറ്റവും ചുരുങ്ങിയത് 25 കോടിയെങ്കിലും സിനിമ തിയേറ്ററര്‍ കളക്ഷനായി നേടുമായിരുന്നു. മൂന്നാമത്തെ ആഴ്ച്ചയിലും പ്രേക്ഷകരില്‍ നിന്നും ആവേശപൂര്‍വമായ പിന്തുണയായിരുന്നു സിനിമയ്ക്ക് ഉണ്ടായിരുന്നത്. 50 ദിവസം ഉറപ്പായിരുന്നു. ആ തരത്തിലൊരു മഹാവിജയം നഷ്ടപ്പെട്ടുപോയി. എങ്കിലും വലിയ നിരാശയില്ല. ഇത്രയും നേടാന്‍ കഴിഞ്ഞല്ലോ. ടൊവിനോയുടെ കരിയറില്‍ ഏറ്റവും മികച്ച കളക്ഷന്‍ സ്വന്തമാക്കുന്ന സിനിമയാണ് ഫോറന്‍സിക് എന്നു തോന്നുന്നു. ആഗോള തലത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ടൊവിനോ ചിത്രവും ഫോറന്‍സിക് ആണ്. ലോകം മുഴുവന്‍ വലിയ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ലാഭനഷ്ടങ്ങളുടെ കണക്ക് പറയുന്നത് ശരിയല്ല. എങ്കിലും ഫോറന്‍സിക് പ്രേക്ഷകരെയെന്നപോലെ ആ സിനിമയുണ്ടാകാന്‍ പ്രയത്‌നിച്ചവരെയും നിരാശപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും സിനിമ നിങ്ങളുടെ മുന്നില്‍ എത്തുമ്പോള്‍ അവിടെയും വലിയൊരു വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്; അഖില്‍ പോള്‍ പറയുന്നു.


Next Story

Related Stories