TopTop
Begin typing your search above and press return to search.

'നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല', വിമര്‍ശകന് ഉണ്ണി മുകുന്ദന്റെ മറുപടി

നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല, വിമര്‍ശകന് ഉണ്ണി മുകുന്ദന്റെ മറുപടി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അന്നേ ദിവസം ക്ഷേത്രാങ്കണത്തില്‍ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോള്‍ അത് ഈ നാട്ടില്‍ നിന്നും കൊവിഡ്-19 എന്ന മഹാമാരി ഒഴിഞ്ഞു പോയതിന്റെ വിളംബരമായി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വര്‍ഷം നമുക്കു നഷ്ടപ്പെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം നമുക്ക് കൊണ്ടാടാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് ദീര്‍ഘമായൊരു കുറിപ്പായിരുന്നു ഉണ്ണിയുടേത്. ഏപ്രില്‍ 15 ന് പോസ്റ്റ് ചെയ്ത ഈ കുറിപ്പിനു താഴെ വന്നൊരു കമന്റും അതിന് ഉണ്ണി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

'ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്നു പറഞ്ഞാ പോരേ', എന്ന കമന്റാണ് ഉണ്ണിയെ ചൊടിപ്പിച്ചത്. കമന്റിട്ടയാള്‍ക്ക് ഉണ്ണി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; "നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാന്‍ എഴുതിയത്... അതുകൊണ്ട് രണ്ടു മൂന്നു വാക്കില്‍ ഒതുക്കാന്‍ പറ്റില്ല. ഇത് തൃശൂര്‍ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങള്‍ക്ക് അതിന്റെതായ മര്യാദ കൊടുക്കണം", ഇതായിരുന്നു ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്ന മറുപടി.

ഉണ്ണി മുകുന്ദന്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പ് താഴെ വായിക്കാം;നമസ്‌കാരം,

ലോകമെമ്പാടുമുള്ള പൂര പ്രേമികള്‍ക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണില്‍ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്‌കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂര്‍ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങള്‍ തീരുമാനം എടുത്തു.

എന്റെ അറിവില്‍ ഇത് രണ്ടാം തവണ ആണ് തൃശൂര്‍ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.

ഇന്നും നമ്മള്‍ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തില്‍ കൂടി ആണ്. ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുന്ന കൊവിഡ്-19 എന്ന മഹാമാരിയെ തുരത്താന്‍ ഉള്ള പോരാട്ടത്തില്‍ ആണ് നാം.

അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങള്‍ വരെ ഈ വിപത്തിനു മുന്‍പില്‍ അടിപതറി നില്‍കുമ്പോള്‍ 130 കോടി ജനങ്ങള്‍ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുന്‍ കരുതല്‍ എടുക്കാന്‍ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോള്‍ അത് വിജയം കാണുന്നതിന്റെ പിന്‍ബലം തന്നെ രാജ്യതാത്പര്യം മാത്രം മുന്‍ഗണയില്‍ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.

ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഈ വര്‍ഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തില്‍ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോള്‍ അത് ഈ നാട്ടില്‍ നിന്നും covid 19 എന്ന മഹാമാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വര്‍ഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം നമുക്ക് കൊണ്ടാടാന്‍ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാര്‍ത്ഥിക്കുന്നു".


Next Story

Related Stories