TopTop

ജോളി ചിറയത്തിന് മികച്ച നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം

ജോളി ചിറയത്തിന് മികച്ച നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം

ജയ്പൂരിലെ പിങ്ക് സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജോളി ചിറയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം. കോട്ടയം കെ ആര്‍ നാരായണന്‍ ഇന്റസ്റ്റിറ്റിയൂട്ടിലെ അരുണ്‍ എം എസ് സംവിധാനം ചെയ്ത 'സൈക്കിള്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം ജോളി ചിറയത്ത്‌ അഴിമുഖവുമായി പങ്കുവച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾ വളരെ ശ്രമകരമായി ചെയ്തൊരു സിനിമയാണിത്. അവാർഡിന് സിനിമ അയച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. വളരെ സന്തോഷം തോന്നുന്നു - ജോളി പറഞ്ഞു.

സ്വന്തമായി ചെയ്യുന്ന ഫീച്ചർ സിനിമയുടെ സ്ക്രിപ്റ്റിൻ്റെ പണിപ്പുരയിലാണെന്ന്, വൈകാതെ സ്വതന്ത്ര സംവിധായികയായി രംഗത്തെത്തുമെന്ന് സൂചന നൽകിയ ജോളി ചിറയത്ത് പറഞ്ഞു. ഇരുപത്തിയെട്ട് മലയാള സിനിമകളിൽ ജോളി ചിറയത്ത് ഇതുവരെ അഭിനയിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി - ഷോര്‍ട്ട് ഫിലിം ചലച്ചിത്ര മേളയില്‍ മത്സരേതര വിഭാഗത്തിൽ സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയും സഹസംവിധായികയുമാണ് ആണ് ജോളി ചിറയത്ത്. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നവാഗതനായ എം സി ജോസഫിൻ്റെ 'വികൃതി' എന്ന സിനിമ നാളെ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിൽ ജോളി അഭിനയിക്കുന്നുണ്ട്. സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഉൾട്ട' എന്ന സിനിമയാണ് ജോളിയുടേതായി ഇനി പുറത്തുവരാനുള്ളത്.


Next Story

Related Stories