TopTop
Begin typing your search above and press return to search.

"തൊലിവെളുപ്പും കൊണ്ട് വീട്ടിലിരുന്നാ കാര്യം നടക്കത്തില്ല, ഇറങ്ങിയധ്വാനിക്കണം, എന്നാലേ വിശപ്പടക്കാന്‍ പറ്റൂ; പണിയെടുക്കണവന്റെ നിറം കറുപ്പായിരിക്കും"; മോളി കണ്ണമാലി കറുപ്പിന്റെ രാഷ്ട്രീയം പറയുന്നു

"തൊലിവെളുപ്പും കൊണ്ട് വീട്ടിലിരുന്നാ കാര്യം നടക്കത്തില്ല, ഇറങ്ങിയധ്വാനിക്കണം, എന്നാലേ വിശപ്പടക്കാന്‍ പറ്റൂ; പണിയെടുക്കണവന്റെ നിറം കറുപ്പായിരിക്കും"; മോളി കണ്ണമാലി കറുപ്പിന്റെ രാഷ്ട്രീയം പറയുന്നു

"ചട്ടേം മുണ്ടും അല്ലേല്‍ സാരി, അതാണെന്റെ വേഷം. ഗള്‍ഫി പോയപ്പ പോലും ഞാന്‍ സാരിയാണുടുത്തത്. സിനിമേലും ഒന്നങ്കി സാരി അല്ലെങ്കി ചട്ടേം മുണ്ടും. അതല്ലാതെ മോഡേണ്‍ ചെയ്തിട്ടുള്ളത് ഷെര്‍ലക് ടോംസ് എന്ന സിനിമേലാണ്. ഇതിപ്പം അതിനെക്കാളൊക്കെ അങ്ങ് പോയി....എന്താണ് പറയേണ്ടതെന്ന് എനിക്കറിയാമ്പാടില്ല. ഫോണ്‍ വിളിയോട് ഫോണ്‍ വിളിയാണ്. കടപ്പുറമായകൊണ്ട് റേഞ്ച് കിട്ടത്തില്ല. ഗള്‍ഫീന്നൊക്കെ ഒരുപാട്‌പേരു വിളിക്കുന്നുണ്ട്. എന്തേലും ഒന്നു പറഞ്ഞു വരമ്പളത്തേക്ക് റെയഞ്ച് പോകും. രാവിലെ മുതല് വിളിക്കണതാ, ചേച്ചി കിട്ടണില്ലെന്നാണ് എല്ലാവരും പറയണത്...ഞാനൊരിക്കലും ഫോണൊന്നും സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാറില്ല. മാതാവാണേ റെയ്ഞ്ച് കിട്ടാത്തകൊണ്ടാണ് കേട്ടാ... കുറച്ചു മുന്നേ ഒരു പെണ്‍കൊച്ച് ഗള്‍ഫീന്ന് വിളിച്ചാരുന്ന്. മിണ്ടിപ്പറഞ്ഞ് തൊടങ്ങിയപ്പോഴേക്കും കട്ടായി. ഞാന്‍ പിന്നെയൊരു വോയ്‌സ് മെസ്ലേജ് അയച്ചു, ഒന്നും തോന്നല്ലേ മോളെ... രാത്രി വിളിക്കാന്നും പറഞ്ഞ്..."

57 വര്‍ഷമായി തട്ടേലും സിനിമയിലുമൊക്കെയായി മോളി കണ്ണമാലി മലയാളിക്ക് മുന്നിലുണ്ടെങ്കിലും ഒരൊറ്റ കവര്‍ ചിത്രത്തിന്റെ പേരില്‍ ഇതുവരെയില്ലാത്ത തിരക്കും അന്വേഷണവുമാണ് മോളിക്ക് വന്നുകൊണ്ടിരിക്കുന്നത്. മോളീടെ ഭാഷേല്‍ പറഞ്ഞാല്‍, 'നല്ലൊരു അടിപൊളി ഫോട്ടോ കാരണം'. മനോരമയുടെ ആരോഗ്യം മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രമാണ് മോളി കണ്ണമാലിയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയിരിക്കുന്നത്. ശ്യാം ബാബു എടുത്ത ഫാഷന്‍ ലുക്കിലുള്ള മോളിയുടെ ഫോട്ടോ വൈറല്‍ ആണ്. ഫോണ്‍ താഴെവയ്ക്കാന്‍ നേരമില്ലാതെ മോളിയെത്തേടി വിളികള്‍ വരുന്നതിനു കാരണവും അതാണ്. വിളിക്കുന്നവരെല്ലാം സന്തോഷം പങ്കുവയ്ക്കുകയാണ്. ഇതെല്ലാം കേട്ട് മോളിയും ഹാപ്പി. പക്ഷേ, ഇതുകൊണ്ടൊന്നും തനിക്ക് തലക്കനം വയ്‌ക്കൊത്തൊന്നുമില്ല കേട്ടാ എന്നൊരു 'കൊട്ട്' ആ പൊട്ടിച്ചിരിക്കൊപ്പമുണ്ട്.

"ചേച്ചി, ഒരു ഫോട്ടോ ഷൂട്ട് ഉണ്ടെന്നു പറഞ്ഞ് അവര് വിളിക്കമ്പം ഇത്തരത്തിലൊന്നിനാണെന്നു എനിക്കറിയാമ്പാടില്ലായിരുന്നു. സാധാരണ പോലെ പോയി. സിനിമേലാണെങ്കിപ്പോലും ഞാന്‍ മേക്കപ്പ് ചെയ്യാറില്ല. അവര് തരണ വേഷമിടും, അത് ചെലപ്പം സാരിയാരിക്കും, ചട്ടയായിരിക്കും. ഷെര്‍ലക് ടോംസില്‍ മാത്രമാണ് ജീന്‍സ് ഇട്ടത്. അതിനു മുമ്പും അതൊന്നും ഞാനിട്ടിട്ടില്ല. മേക്കപ്പ് ചെയ്യാനിരുന്നപ്പളല്ലേ അവമ്മാരെ വിധം മാറിയത്. പോരേ പോരേന്നു ഞാന്‍ ചോദിക്കമ്പം പോരാ പോരാന്നാണ് അവര് പറയണത്. എന്റെ കഴുത്തേ കിടന്ന മാല വരെ ഊരിമാറ്റിയവന്മാര്. എന്താടാ ചെക്കാ ഈ ചെയ്യണേന്ന് ഞാന്‍ ചോദിച്ചപ്പളാണ്, അവര് പറയണത്, ഞങ്ങള് ചേച്ചിയെ അടിപൊളിയിക്കാന്‍ പോകുവാണെന്ന്... എന്നാ അക്കിക്കോന്ന് ഞാനും പറഞ്ഞ്.

അല്ലേ... മേക്കപ്പും ഉടുപ്പുമൊക്കൈ ഇട്ട് കഴിഞ്ഞിപ്പം എനിക്ക് തന്നെ അന്ധാളിപ്പായി. ഇത് ഞാന്‍ തന്നെയാണാ? അമ്മാതിരി ലുക്ക്. ആ മുടിയൊക്കെ കണ്ടില്ലേ... അത് വയ്പ്പല്ല കേട്ടാ...എന്റെ സ്വന്തം മുടിയാണ്. ആ ചെക്കന്മാര് അങ്ങനെയാക്കിയതാണ്. എല്ലാം കഴിഞ്ഞപ്പ ആ ശ്യാമ് (ഫോട്ടോഗ്രാഫര്‍) അങ്ങനെ നിന്ന്, ഇങ്ങനെ നിന്നൊക്കെ ഫോട്ടോയെടുക്കാന്‍ തുടങ്ങി. ആ ചെക്കന്‍ എന്തൊക്കെ ചെയ്യണതാണെന്ന് എനിക്ക് മനസിലായില്ല. കൊറേ തരത്തില്‍ ഫോട്ടോയെടുത്ത്. എടുത്ത ഫോട്ടോ എന്നെ കാണിച്ച്... ദേ... പിന്നേം ഞാന്‍ ഞെട്ടി... ഞാന്തന്നായാണാന്ന് പിന്നേം സംശയം.

രണ്ട് മൂന്നു ഫോട്ടോ ഫോണി സേവ് ചെയ്ത്, വീട്ടുകൊണ്ടുവന്ന് പിള്ളേര് കാണിച്ചപ്പം അവര്‍ക്കും അത്ഭുതം. ഇത് ഞങ്ങട അമ്മച്ചി തന്നെയാണാന്നാണ് അവരും ചോദിച്ചത്. എല്ലാര്‍ക്കും സന്തോഷം... പിന്നദേ...ഇതിപ്പം പുറത്ത് വന്നപ്പം ആള്‍ക്കാര് വിളിയോട് വിളി..."

കറുപ്പിന്റെ കരുത്ത് എന്ന ക്യാപ്ഷനിലാണ് മോളി കണ്ണമാലിയുടെ ചിത്രം 'ആരോഗ്യ'ത്തിന്റെ കവര്‍ ആയിരിക്കുന്നത്. കറുപ്പിന്റെ രാഷ്ട്രീയം ലോകത്ത് ചൂടു പിടിച്ച ചര്‍ച്ചയായിരിക്കുന്ന സമയം കൂടിയാണ്. കറുപ്പും വെളുപ്പും വച്ച് മനുഷ്യനെ വേര്‍തിരിക്കാന്‍ കഴിയുമോ ചേച്ചി... എന്നു ചോദിച്ചപ്പോള്‍, മറുപടി അല്‍പ്പം കനത്തിലായിരുന്നു.

"എന്റെ തൊലി കറുത്തതായിരിക്കും പക്ഷേങ്കി എന്റെ ഉള്ള് വെളുത്തതാ... നല്ല വെളുവെളുത്തത്.... പിന്നെന്തിനാണ് ഞാന്‍ വിഷമിക്കണത്. എനിക്ക് നല്ലൊരു ഹൃദയമുണ്ട്. എന്റെ ആശാന്മാരൊക്കെ തലേ കൈവച്ച് അനുഗ്രഹിച്ചിട്ടുള്ളതാ...കലാകാരിക്ക് കളറല്ല, കലയാണ് വേണ്ടത്. ഇന്നേവരെ എന്റെ തൊലിയുടെ നിറം കൊണ്ട് എനിക്കൊന്നും പറ്റിയിട്ടില്ല. ചെലവന്മാര് കളിയാക്കിയിട്ടുണ്ട്. പുച്ചം കാണിച്ചവര്‍ക്ക് അടച്ചു കൊടുത്തിട്ടുമുണ്ട്. എടാ...നിന്റെയൊക്കെ തൊലി വെളുത്തതായിരിക്കും, ഉള്ള് കറുത്തതാണ്... എന്റെ തൊലി കറുത്തതാണെങ്കിലും ഉള്ള് വെളുത്തതാടാ... ഞാനൊക്കെ എവിടേങ്കലും വീണ് കിടന്നാ ഓടിവരാന്‍ ആള്‍ക്കാര് കാണും... ദൈവോങ്കിലും കാണും... നീയൊക്കെ കിടന്നാ അവിടെക്കിടന്ന് ചാകത്തേയുള്ളൂ...വെളുത്തിരുന്നിട്ട് കാര്യമില്ലാടാ...മനസ് നന്നായിരിക്കണം... മനുഷ്യനായിട്ട് ജീവിക്കണം... പിന്നെ മിണ്ടത്തില്ല...

പണ്ട് കാര്‍ന്നോമ്മാര് പറയും, അഴക് വടിച്ച് കലത്തിലിട്ടാല്‍ ചോറ് ഉണ്ടാവത്തില്ലെന്ന്... അര്‍ത്ഥം മനസിലായാ....? തൊലിവെളുപ്പും കൊണ്ട് വീട്ടിലിരുന്നാ കാര്യം നടക്കത്തില്ല...ഇറങ്ങിയദ്ധ്വാനിക്കണം. എന്നാലെ വിശപ്പടക്കാന്‍ പറ്റൂ... പണിയെടുക്കണവന്റെ നിറം കറുപ്പായിരിക്കും. വെയിലും പൊടിയും കൊണ്ടാ കറുക്കും. അപ്പം കറുപ്പിലല്ലേ കാര്യം! അത് മനസിലാക്കാന്‍ ബുദ്ധിവേണം, ഹൃദയശുദ്ധി വേണം... അതില്ലാത്തവരാണ് വെളുപ്പും പൊക്കിപ്പിടിച്ച് വരണത്..."

ഇതാണ് മോളി കണ്ണമാലി പറയുന്ന കറുപ്പിന്റെ രാഷ്ട്രീയം.

"ആള്‍ക്കാര് നമ്മളെ സ്‌നേഹിക്കുമ്പം കിട്ടണ സുഖമുണ്ടല്ലാ... അതാണ് മോനേ ഈ ലോകത്തിലെ ഏറ്റവും വലിയ സുഖം..." സംഭാഷണം അവസാനിപ്പിക്കാന്‍ നേരത്ത് മോളി ചേച്ചിയുടെ വാക്കുകളാണ്... ഒരു കുശലം ചോദിക്കിലിന്റെ മൂഡില്‍ ജീവിതത്തെ കുറിച്ച് ചോദിപ്പം മോളിയുടെ വാക്കുകളിങ്ങനെയായിരുന്നു;

"ജീവിതോക്കെ ഇപ്പം കുഴപ്പമില്ലാതെ പോണുണ്ട്. ഒരു തമിഴ് സിനിമ ചെയ്യാന്‍ വേണ്ടി നാഗര്‍കോവില്‍ പോയിരുന്നു. പത്തു ദിവസത്തോളം അവിടെയുണ്ടായിരുന്നു. സെറ്റ് വര്‍ക്ക് ചെയ്യാനുള്ളത് കൊണ്ട് ഞാനിങ്ങോട്ട് തിരിച്ചു പോന്നാരുന്നു. പോന്നതിന്റെ പിറ്റേ ദിവസമല്ലേ കൊറോണ വന്നത്. പോന്നത് ദൈവാധീനമായി... ഇല്ലേ അവിടെക്കിടന്ന് ചത്തേനേ...."

ലോക്ഡൗണ്‍ കാലം എങ്ങനെയുണ്ടായിരുന്നെന്നു ചോദിപ്പോള്‍ മറുപടിയിങ്ങനെയും;

"കുഴപ്പമില്ലായിരുന്നു. മക്കളുമെല്ലാം കൂടെയുണ്ടായിരുന്നല്ലാ..., ഞങ്ങള് ഉള്ളത് വച്ച് കുടിച്ച് മാറി കിടക്കുമായിരുന്നു. നമ്മടെ ജീവിതം അതൊക്കെയല്ലേ. ഇത്രോം ദിവസായപ്പം വീട്ടി തന്നെ കുത്തിയിരുന്ന് വട്ടായി... ഇപ്പം എല്ലാം തുടങ്ങി വരണുണ്ട്..."

സിനിമയില്‍ വീണ്ടും മോളി ചേച്ചിയെ കാണാന്‍ കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോള്‍, ആ മാസ്റ്റര്‍ പീസ് ചിരിയാണ് കേട്ടത്... "വരണണ്ട്...വരണണ്ട്...."

ഒരു ചിരിയില്‍ ഈ സംഭാഷണം അവസാനിക്കുന്നു.


Next Story

Related Stories