TopTop
Begin typing your search above and press return to search.

ലെബനനിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കേരളത്തിന്റെ ചലച്ചിത്രോത്സവത്തിലേക്ക്; 'ഓള്‍ ദിസ് വിക്ടറി'യുടെ സംവിധായകന്‍ അഹ്മദ് ഘൊസീന്‍ സംസാരിക്കുന്നു

ലെബനനിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കേരളത്തിന്റെ ചലച്ചിത്രോത്സവത്തിലേക്ക്; ഓള്‍ ദിസ് വിക്ടറിയുടെ സംവിധായകന്‍ അഹ്മദ് ഘൊസീന്‍ സംസാരിക്കുന്നു

നല്ലൊരു ഭരണവും അതിലൂടെ മെച്ചപ്പെട്ട ജീവിതരീതികളും ആഗ്രഹിച്ച് ഭരണകൂടത്തിനും നിലവിലെ സംവിധാനങ്ങള്‍ക്കമെതിരെ ഒരു ജനതയുടെ പ്രതിഷേധത്തിന് വിപ്ലവത്തിന്റെ സ്വഭാവം കൈവന്നിരിക്കുകയാണ്. ഒന്നരമാസത്തിലേറെയായി അറബ് രാജ്യമായ ലെബനനില്‍ വിപ്ലവം പുരോഗമിക്കുകയാണ്. ഇതോടൊപ്പം മറ്റൊരു ഏഷ്യന്‍ രാജ്യമായ ഇന്ത്യയിലെ ഇങ്ങേയറ്റത്തെ കേരളത്തില്‍ ഒരു ചലച്ചിത്ര മേള നടക്കുന്നു. ലെബനീസ് ചലച്ചിത്ര സംവിധായകനായ അഹ്മദ് ഘൊസീന്റെ ആദ്യ ഫീച്ചര്‍ ചലച്ചിത്രമായ 'ഓള്‍ ദിസ് വിക്ടറി'യാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു ചിത്രം. 'ഞാന്‍ യുദ്ധത്തില്‍ ജീവിക്കുന്നു. എന്റെ വീട് തകര്‍ന്ന് പോയി' എന്നായിരുന്നു ഏതാനും നാള്‍ മുമ്പ് വെനീസ് ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇദ്ദേഹം വ്യക്തമാക്കിയിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന് യുദ്ധവുമായി ഏറെ അടുപ്പമുണ്ട്. 2006 കാലഘട്ടത്തില്‍ ഹെസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിനിടെ ലെബനനിലെ ഒരു ചെറിയ ഗ്രാമത്തിലെ താല്‍ക്കാലിക അഭയ സ്ഥാനമായ വീട്ടിലെത്തപ്പെടുന്ന അഞ്ച് പേരാണ് ചിത്രത്തിലുള്ളത്. ഈ വീടിന്റെ തന്നെ മുകളിലത്തെ നിലയില്‍ ഏഴ് സൈനികരും എത്തിച്ചേരുന്നു. മൂന്ന് ദിവസത്തെ ആകാംക്ഷകളും പ്രക്ഷുബ്ധത നിറഞ്ഞ അന്തരീക്ഷവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ജനകീയ മുന്നേറ്റത്തിന്റെ മുന്നണിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നേതാവാണ് അഹ്മദ് ഘൊസീന്‍. താനും തന്റെ കുടുംബവും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയമുള്ളവരാണെന്ന് അദ്ദേഹം അഴിമുഖത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. മുമ്പ് മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തനിക്ക് തുടര്‍ച്ചയായി വരുന്ന ഫോണ്‍കോളുകള്‍ വിപ്ലവത്തിന്റെ ഓരോ നീക്കങ്ങളും അറിയിച്ചുള്ളതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടറിലെ അദ്ദേഹത്തിന്റെ വാക്കുകളും അഴിമുഖം പ്രതിനിധി അഹ്മദ് ഘൊസീനുമായി നടത്തിയ അഭിമുഖവും ചേര്‍ത്ത് തയ്യാറാക്കിയത്. "നിരവധി ചലച്ചിത്രമേളകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്ന ഒരു മേള ആദ്യമായി കാണുകയാണ്. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന എന്റെ ചിത്രം ലെബനനിനിലെ ഒരു സംഭവ കഥയാണ്. ഏതാനും സിവിലിയന്മാര്‍ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിലും ശത്രുക്കള്‍ മുകളിലെ നിലയിലുമായി എത്തിച്ചേരുന്നു. ഈ കാലഘട്ടത്തിലെ ജനങ്ങള്‍ തന്നെയാണ് ചിത്രത്തിലുള്ളത്. ഇതൊരു ശബ്ദത്തിന്റെ അനുഭവം നല്‍കുന്ന ചിത്രമാണ്. കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. നമ്മളോരൊരുത്തരും ആഗ്രഹിക്കുന്നതുപോലെ വിജയം പ്രതീക്ഷിക്കുന്നുവെന്നാണ് ചിത്രത്തിന്റെ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഈ സിനിമ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഒരു ലൊക്കേഷനില്‍ തന്നെ നടക്കുന്ന കഥയായതിനാല്‍ കാഴ്ചക്കാരുടെ ക്ഷമയെ പരിഗണിക്കേണ്ടതുണ്ട്. വളരെ വെല്ലുവിളി നിറഞ്ഞതാണ് അത്. അടിക്കടി ക്യാമറ ഭാഗം മാറിക്കൊണ്ടിരിക്കേണ്ടതുണ്ടായിരുന്നു. മറ്റൊന്ന് നിങ്ങള്‍ ശ്രദ്ധിച്ചുകാണും ഈ ചിത്രത്തില്‍ ശബ്ദത്തിന്റെ വല്ലാത്തൊരു കളിയാണ് നടക്കുന്നത്. എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും പരസ്പരം വിശ്വസിച്ച് തന്നെ മുന്നോട്ട് പോകേണ്ടതുണ്ടായിരുന്നു. ഒരു ഷോട്ട്ഫിലിം ലോജിക്കിലുള്ള ചിത്രമായതിനാല്‍ ഇതിലെ അഭിനേതാക്കള്‍ക്കും വളരെയധികം വെല്ലുവിളികളുണ്ടായിരുന്നു. അതിനാല്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പായി ഒരു വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിലെ പല അഭിനേതാക്കളും ഷൂട്ടിംഗില്‍ ആദ്യമായി പങ്കെടുത്തവരാണ്. എന്റെ ഫോണ്‍ എപ്പോള്‍ ബല്ലടിച്ചാലും ഞാനത് എടുക്കും. കാരണം എന്റെ നാട്ടില്‍ ഒരു വിപ്ലവം നടക്കുകയാണ്. സമര മുന്നണിയിലുള്ള എന്റെ ചില സുഹൃത്തുക്കള്‍ ഒളിവിലാണ്. നാട്ടില്‍ നിന്നും അവരെക്കുറിച്ച് എന്തെങ്കിലും വാര്‍ത്തകള്‍ അറിയുന്നതിനായാണ് ഞാന്‍ ഫോണ്‍ ഇപ്പോള്‍ കൂടെക്കൊണ്ട് നടക്കുന്നത്. ഒരു മികച്ച ഭരണകൂടമാണ് ഞങ്ങളുടെ ആവശ്യം. എന്റെയീ സിനിമ ജനാധിപത്യരഹിത രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് എനിക്ക് ഉറപ്പാണ്. ഏത് രാജ്യത്തും അധികാരികള്‍ക്കെതിരെ ഒരു യുദ്ധം സംഘടിപ്പിക്കുമ്പോള്‍ അത് വിജയിക്കാനുള്ള സാധ്യതകള്‍ കുറവാണ്. നിങ്ങള്‍ക്കുള്ളിലുള്ളവര്‍ക്കെതിരായ യുദ്ധം കൂടിയാണ് അതെന്നതിനാലാണ് അത്. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ കൊലപ്പെടുത്താനാകുന്ന അധികാരത്തിലെ ചില പുഴുക്കുത്തുക്കളെ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് എന്റെ രാജ്യത്ത് സമരം നടക്കുന്നത്. മികച്ച രാജ്യങ്ങള്‍ കെട്ടിപ്പെടുക്കാന്‍ എല്ലാക്കാലത്തും ലോകത്തുടനീളം ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. ലെബനനിലെ ജനങ്ങള്‍ 45-60 ദിവസങ്ങളായി തെരുവിലാണ്. സമാധാനമാണ് അവരും ആഗ്രഹിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഡോക്യുമെന്ററിയായ മൈ ഫാദര്‍ ഈസ് സ്റ്റില്‍ കമ്മ്യൂണിസ്റ്റ് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഘൊസീസ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ അഴിമുഖം പ്രതിനിധിയുമായി പങ്കുവച്ചത്. ' ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അത് ഇപ്പോഴും നിലനില്‍ക്കുന്നു. എന്റെ കുടുംബവും ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണ്. എന്റെ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തെക്കുറിച്ച് മറ്റൊരു ഡോക്യുമെന്ററി കൂടി ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ലോകത്തിന്റെ എല്ലായിടങ്ങളിലും ഉയരുന്ന ഇടതുചിന്താഗതിയുടെ ഭാഗമാണ് ലെബനനിലെ കമ്മ്യൂണിസവും. സോഷ്യലിസം തിരികെ വരികയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെത്തിയുള്ള ഈ അനുഭവത്തില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇവിടുത്തെ സംസ്‌കാരവും വിദ്യാഭ്യാസവുമെല്ലാം ഞങ്ങള്‍ക്കും ലഭ്യമാകുന്ന കാലം ദൂരെയല്ലെന്ന് എനിക്ക് തോന്നുന്നു. അച്ഛനെക്കുറിച്ചുള്ള ആ ഡോക്യുമെന്ററി കുറെ ഓഡിയോകളില്‍ നിന്നുമുണ്ടായതാണ്. അദ്ദേഹം ഇപ്പോഴും കമ്മ്യൂണിസ്റ്റാണ്. ഇപ്പോഴും ഈ ലോകത്ത് നിരവധി കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരായ ആളുകള്‍ ജീവിച്ചിരിക്കുന്നുണ്ട്. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള അദ്ദേഹം എങ്ങനെയാണ് ഈ ആശയത്തിലേക്ക് ആകൃഷ്ടനായതെന്ന് എനിക്ക് അറിയില്ല. ഇപ്പോള്‍ ലെബനനില്‍ നടക്കുന്നത് ഒരു വിസ്മയിപ്പിക്കുന്ന വിപ്ലവമാണ്. അഴിമതിക്കെതിരായ വിപ്ലവം, തെറ്റായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരായ വിപ്ലവം. ഞങ്ങളുടേത് ശരിയായ ഒരു സിസ്റ്റം അല്ല. അവിടെയുള്ളത് ഒരു സെക്ടേറിയന്‍ സിസ്റ്റം ആണ്. സെക്ടേറിയനല്ലാത്ത, അഴിമതികളില്ലാത്ത ഒരു സര്‍ക്കാരിനെയാണ് ഞങ്ങള്‍ ഈ വിപ്ലവത്തിലൂടെ പ്രതീക്ഷിക്കുന്നത്. ആഭ്യന്തരയുദ്ധത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലെബനനിന് ലഭിച്ചത് അഴിമതിക്കാരായ ഒരുകൂട്ടം രാഷ്ട്രീയക്കാരെയായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? നാളെയോ മറ്റന്നാളോ കൊണ്ട് ഇതിനൊന്നും ഒരു മാറ്റം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു ദീര്‍ഘകാല പ്രക്രിയയാണ്. ഇപ്പോള്‍ 45-60 ദിവസമല്ലേ ആയിട്ടുള്ളൂ. നിലവില്‍ വിപ്ലവം വളരെ സമാധാനപരമാണ്. അതിനെയൊരിക്കലും ആഭ്യന്തരയുദ്ധമെന്ന് പോലും വിളിക്കരുത്. അത് ജനങ്ങളെ പരസ്പരം കൊല്ലുന്നതാണ്. ഇത് മഹത്തായ വിപ്ലവമാണ്. ഞങ്ങളുടെ നാട്ടില്‍ നിലനില്‍ക്കുന്ന ഉപമത, ഉപജാതി സംവിധാനങ്ങള്‍ക്കെതിരെ കൂടിയാണ് ഈ വിപ്ലവം. രാഷ്ട്രീയക്കാരെ ശുദ്ധരാക്കി തീര്‍ക്കാന്‍ ജനങ്ങള്‍ തന്നെ നേരിട്ട് ഇറങ്ങേണ്ടതുണ്ട്. കാരണം സെക്ടേറിയന്മാര്‍ ഒരു രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നത്.

രാഷ്ട്രീയക്കാരും സമ്പന്നരും ഉള്‍പ്പെടുന്ന മൂന്ന് ശതമാനം ആളുകള്‍ ബാക്കിയുള്ള 97 ശതമാനം ആളുകള്‍ക്ക് കൂടിയുള്ള വിഭവങ്ങള്‍ കൊള്ളയടിക്കുന്നതാണ് ഇവിടെ കാണുന്നത്. ധാരാളം പണം ഇത്തരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അവിടെ നിന്നുള്ള പത്രങ്ങള്‍ പറയുന്നു. ആ പണമെല്ലാം മോഷ്ടിക്കപ്പെട്ടയിടങ്ങളിലേക്ക് തന്നെ തിരികെയെത്തേണ്ടതുണ്ട്. ഓള്‍ ദിസ് വിക്ടറി എന്ന സിനിമ ശരിക്കും സംഭവിച്ചതാണ്. എങ്ങനെയാണ് അത് പറയേണ്ടതെന്ന് എനിക്കറിയില്ല. എന്റെ അമ്മയുടെ നാട്ടില്‍ അവധിക്കാലത്തിലെത്തുമ്പോള്‍ ഇതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ഞാന്‍ വര്‍ഷങ്ങളോളം താമസിച്ചിട്ടുണ്ട്. അവര്‍ അവിടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. തൊട്ടുമുകളിലത്തെ നിലയില്‍ പട്ടാളക്കാര്‍ താമസിക്കുന്നുണ്ട്. ഇതില്‍ ഒരു പുതിയ സിനിമാ ഭാഷയാണ് ശ്രമിച്ചിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച തന്റെ വൈറ്റ് നോയിസ് എന്ന ചിത്രം ഒരുവിധത്തിലും ഒരു യുദ്ധചിത്രമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അതില്‍ യുദ്ധമുണ്ട്. യുദ്ധത്തിനുള്ളില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ യുദ്ധത്തെക്കുറിച്ചാകുമ്പോള്‍ അതില്‍ രാഷ്ട്രീയം ഉണ്ടാകണമെന്നില്ല. ആ ചിത്രത്തിലെ കഥാപാത്രമായ മര്‍വാന്‍ ബെയ്റൂട്ടില്‍ നിന്നും എത്തിയിരിക്കുന്നത് കാണാതായ അച്ഛനെ അന്വേഷിച്ചാണ്. അദ്ദേഹത്തിന്റെ ഭാര്യ ബെയ്റൂട്ടില്‍ കാത്തിരിക്കുന്നുണ്ട്. യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടിട്ടുണ്ടാകുമോയെന്ന ആശങ്കകളാണ് ഈ ആക്ഷേപഹാസ്യത്തില്‍ പറഞ്ഞുവയ്ക്കുന്നത്. അതിനാലാണ് അതൊരു യുദ്ധസിനിമയല്ലെന്നും എന്നാല്‍ സിനിമയില്‍ യുദ്ധമുണ്ടെന്നും പറയുന്നത്.

യുദ്ധത്തെക്കുറിച്ചുള്ള സിനിമകള്‍ക്കല്ല താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മനുഷ്യരെക്കുറിച്ചുള്ള സിനിമകളാണ് ലക്ഷ്യമിടുന്നത്. ഇനിയൊരു യുദ്ധ പശ്ചാത്തലത്തിലുള്ള സിനിമ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. സമൂഹത്തിന് എന്തെങ്കിലും ചിന്തിക്കാനും പഠിക്കാനുമുള്ള തരത്തില്‍ പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വം ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കുണ്ട്. ആക്ഷേപഹാസ്യവും സര്‍റിയലുമായ ചിത്രങ്ങളാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഫോട്ടോ ക്രെഡിറ്റ്: സയ്ദ് ഷിയാസ് മിർസ


Next Story

Related Stories